നിങ്ങൾ എപ്പോഴും മറക്കുന്ന എന്നെക്കുറിച്ച്
ഒരു നിലാവിന്റെ തുമ്പത്ത് ഞാനുണ്ടായിരുന്നു.
ഉടലുരുകി വീണ നക്ഷത്രമായി.
എല്ലാ തിളപ്പിലും തിളച്ചുമറിഞ്ഞ്,
എല്ലാ തണുപ്പിലും കോച്ചിവിറച്ച്,
ഇന്നലത്തെ പകലിലും സൂര്യനു കീഴിൽ,
നിഴൽ വിരിച്ച് പടർന്ന്,
എന്റെതായ തണൽ തീർത്തിരുന്നു.
എന്നിട്ടും നിങ്ങൾ കണ്ടതേയില്ല.
പുലർകാലത്ത് തണുപ്പകറ്റാൻ തീ കായുന്നവർക്കിടയിൽ,
ചായക്കടയിലെ പൊതുവർത്തമാനത്തിനരുകിൽ,
കവലയിലെ പാർട്ടി സമ്മേളനത്തിനിടയിൽ,
ബസ് യാത്രയിൽ വേർപ്പുമണങ്ങൾക്കൊപ്പം,
ഏകാന്തനെങ്കിലും ഏവർക്കുമൊപ്പമുണ്ടായിരുന്നു.
എന്നിട്ടും എന്നെ ആരും തിരിച്ചറിഞ്ഞതേയില്ല.
ഉൽസവപറമ്പിൽ വൈരാഗ്യ ബുദ്ധികൾ കത്തി വീശി നടക്കുമ്പോൾ,
സെക്രട്ടറിയേറ്റ് നടയിലെ തൊഴിൽ സമരങ്ങളിൽ,
മുഷ്ടി ചുരുട്ടി നിൽക്കുമ്പോൾ,
ലാത്തിവീശിയെത്തും പോലീസുകാരുടെ,
ചീറും തെറികൾക്കു മുന്നിൽ,
വായനശാലയിൽ ഗാന്ധിജയന്തിക്ക്,
യോഗമാരംഭിക്കും മുമ്പ്,
ആരും തിരിച്ചറിയാതെ ഞാൻ ഒറ്റത്തുരുത്തായി നിന്നു.
വിദ്യാലയത്തിലെ ബെഞ്ചു പങ്കിട്ടവർ,
കണ്ടിട്ടും കാണാതെ മുങ്ങി,
ബാറിലെ വീര്യദ്രവപാനസംഘങ്ങൾ തീഷ്ണനേത്രങ്ങളുഴിഞ്ഞു.
ദേവാലയത്തിലെ അന്നദാനപ്പുര ഭക്തി കവിഞ്ഞു നിറഞ്ഞു,
ആമാശയത്തിലെ ആറാം നൊയമ്പുമായ്,
ആരവത്തിൽ കേറി നിൽക്കെ,
ആരും തിരിഞ്ഞു നോക്കാതെ ഞാൻ,
ആകെ പരിക്ഷീണനായി.
ആറിത്തണുത്ത ജലാശയത്തിൽ
എന്റെ രൂപത്തെ നോക്കിയിരിക്കെ,
ആരും തിരിച്ചറിയാത്ത ഞാൻ,
എന്നെ തിരിച്ചു ചോദിച്ചു.