ഓർമ്മ പൂത്ത മണം
ഓർമ്മയുണ്ടോയെന്നു ചോദിക്കുന്നു,
ഓർക്കാപ്പുറത്തു നിന്നൊരാൾ?
കാലമെത്ര കടന്നു കണ്ടിട്ടെന്ന്,
കാത്തിരുന്നു മുഷിഞ്ഞവനെപ്പോലെ.
സത്യമാണല്ലോ, പുതുക്കാത്ത സൗഹൃദം
പോയകാലത്തെ തിരിച്ചുവിളിക്കുന്നു.
നമ്മളന്യോന്യം മറന്നവരല്ലെന്നു
നമ്മെ പുതുക്കിയൊരോർമ്മ മണക്കുന്നു.
വർഷങ്ങളേറെ കടന്നു പോയതായ്,
ചുറ്റിലും സൃഷ്ടിച്ച മാറ്റങ്ങൾ ദൃഷ്ടാന്തം.
എത്ര പരിഭവപ്പെട്ടവരാണു നാം
വിശ്വാസഹത്യകൾക്കപ്പുറമിപ്പുറം.
വൈദ്യുത ദീപങ്ങൾ കത്തും നിലാവത്തു
വിദ്യകൾ കാട്ടിത്തെരുവിലലഞ്ഞവർ.
എത്ര വിദൂരത്തിലാണു നാമെങ്കിലും
എത്രയടുപ്പത്തിലാണു ഹൃദയങ്ങൾ.
ഓർമ്മയുണ്ടോയെന്നൊരൊറ്റ ചോദ്യത്തിൽ,
ഏതോ നിലാവു പരന്നപോൽ മാനസ്സം.
നമ്മൾ നടന്ന വഴികൾ, തേഞ്ഞ ചെരുപ്പുകൾ,
ഏറും വിശപ്പിൽ വിയർപ്പിൽ കുളിച്ചവർ,
നീറും വിരക്തികൾ നീട്ടിപ്പിടിച്ചവർ.
ഇല്ലായ്മകൾക്കും ചിറകു തുന്നിച്ചവർ,
വല്ലാത്തൊരസ്വസ്ഥതയ്ക്കുള്ളിൽ കുടുങ്ങിയോർ.
എല്ലാ ദുരിതക്കൊടുങ്കാട്ടിലൂടെയും,
തുല്യരായ് പങ്കിട്ടു യാത്രപോകുന്നവർ.
ഓർക്കുവാനുണ്ടു കിനാവിന്റെ തീരത്തു
പാർപ്പു തുടങ്ങിയ കാലപ്പെരുമകൾ.
ഒറ്റത്തുരുത്തിലായ് വീർപ്പുമുട്ടുമ്പൊഴും,
ചിത്തത്തിലെപ്പൊഴും പൊട്ടിച്ചിരിക്കുന്നു.
വെച്ചാശ്രയത്തിലെ നീളൻ നിഴലുപോൽ,
ഒച്ചയില്ലാതെയിഴഞ്ഞ നിമിഷങ്ങൾ.
9447479905