എന്റെ അമ്മ
( യശ:ശരീരനായ ഡോ:എ .പി .ജെ അബ്ദുള്‍കലാം എഴുതിയ എന്റെ അമ്മ (MY MOTHER)
എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം )
കടല്‍ത്തിരമാലകള്‍ , സ്വര്‍ണ്ണമണല്‍ത്തരികള്‍ ,
തീര്‍ത്ഥാടകന്റെ വിശ്വാസം ,
രാമേശ്വരം പള്ളിത്തെരുവ്
ഇതെല്ലാം ഒന്നില്‍ അലിഞ്ഞതാണ് –
എന്റെ അമ്മ
സ്വര്‍ഗ്ഗീയ രക്ഷാകവചങ്ങളുമായി
ദേവദൂതികയായി എന്നരികിലെത്തി !
വെല്ലുവിളികളുടെയും
നാശനഷ്ടങ്ങളുടെയും
യുദ്ധഭൂമികയായിരുന്നു ആ നാളുകള്‍ .
പാഠങ്ങള്‍ ഹൃദിസ്ഥമാക്കാന്‍
ക്ഷേത്രപരിസരത്തേക്കും
അറബിപഠനത്തിന്
മദ്രസയിലേക്കും
മൈലുകള്‍ താണ്ടി.
റെയില്‍വേസ്റ്റേഷനിലേക്ക്
ഒരു മണല്‍ക്കൂനതന്നെ ചവിട്ടേണ്ടിയിരുന്നു .
പത്രക്കെട്ടുകള്‍ കാത്തിരുന്നു
സൂര്യോദയം കഴിഞ്ഞ്
സ്‌കൂളില്‍ പോയിരുന്നു
ഏതാനും മണിക്കൂറുകൾ –
രാത്രിപഠനത്തിനു മുന്‍പുള്ള
വൈകുന്നേരങ്ങളും
തിരക്കേറി .
ജീവിതവ്യാപാരങ്ങളില്‍
എല്ലാം ഒരുകുരുന്നുബാലന്റെ
ഉരുകുന്ന വ്യഥകൾ
ദുരിതക്കയങ്ങളെ മറികടക്കാന്‍
ദിവസത്തില്‍ അഞ്ചുതവണ
മുട്ടുമടക്കി നിസ്‌ക്കരിച്ചു അമ്മ
കുട്ടികള്‍ക്ക് കരുത്തായി .
ഞങ്ങളാഗ്രഹിയ്ക്കുന്ന നന്മകള്‍മാത്രം –
അമ്മ ഞങ്ങള്‍ക്കായി പകര്‍ന്നു.
ദൈവവിശ്വാസംപകര്‍ന്നു തന്നു .
ഓര്‍ക്കുന്നു ഞാൻ പത്താം വയസ്സിലെ
പൗര്‍ണ്ണമിരാത്രി.
അമ്മയുടെ മടിത്തട്ടില്‍ രോഗബാധിതനായ –
ഞാന്‍ മയങ്ങുകയായിരുന്നു .
എന്റെ ലോകത്തില്‍ അപ്പോള്‍ അമ്മ മാത്രമായിരുന്നു
അര്‍ദ്ധരാത്രിയില്‍ ഞാനുണര്‍ന്നപ്പോള്‍
എന്റെ കാല്‍മുട്ടുകളിലേക്ക് പതിയുന്ന –
കണ്ണുനീര്‍ത്തുള്ളികള്‍ !
എന്റെ വേദന അമ്മ അത്രയ്ക്ക് അറിഞ്ഞിരിക്കുന്നു .
നിന്റെ രക്ഷാകരങ്ങളുടെ ലാളനയാല്‍
എന്റെ വേദന പതുക്കെ അലിയുന്നു !
നിന്റെസ്‌നേഹം, നിന്റെ സംരക്ഷണം , നിന്റെ വിശ്വാസം
എന്റെ കരുത്തായിരുന്നു .
ഈ ലോകത്തെ ശക്തിയോടെ നിര്‍ഭയം നേരിടാന്‍
കരുത്തു പകര്‍ന്നുതന്നു എനിയ്ക്ക് അമ്മ
വീണ്ടും മഹാദൈവ സന്നിധിയില്‍
എന്റെ അന്ത്യവിധിനാളില്‍ കണ്ടുമുട്ടുകതന്നെ ചെയ്യും
എന്റെ പ്രിയപ്പെട്ട അമ്മേ !