കടലുപ്പുകൾ കരളിലലിയുമ്പോൾ
എന്റെ വീട്ടിലെ
അടച്ചിട്ട മുറിയിലെ
ഇരുട്ടിനെയാണ്
എനിക്കേറെയിഷ്ടം.
സംസാരിക്കാൻ
ആരുമില്ലാതാകുമ്പോൾ
വായന
മരവിക്കുമ്പോൾ
ചിന്തകൾ
നിശ്ചലമാകുമ്പോൾ
ഞാനെന്റെ
മനസ്സിനെ
എന്റെ മുറിയിലെ
ഇരുട്ടിലേക്ക്
തുറന്നു വിടും.
മൗനനൊമ്പരങ്ങളുടെ
അഴുക്ക് ചാലുകൾ
ഇരുട്ടിന്റെ
ആഴങ്ങളിൽ
സാന്ത്വനത്തിന്റെ
ഓശാന പാടും.
കണ്ണുകൾ
കരുതലിന്റെ
കാവൽമാടങ്ങളാകും.
ചിന്തകൾ
പ്രത്യാശ പൂക്കുന്ന
വരികളാകും.
അഭയത്തിന്റെ
മടിത്തട്ടിൽ
ഞാനെന്നെ
എടുത്തിരുത്തുമ്പോൾ
ഈ ഇരുട്ട്
ശക്തിജ്വാലയായ്
എന്നിലേക്ക്
ഒഴുകിയിറങ്ങുകയാവും….
ഓരോ നിമിഷവും
അടർന്നു വീഴുന്ന
മനസിന്റെ
മേഘപാളികളെ
ഈ ഇരുട്ടിൽ
തളച്ചിടുമ്പോഴാണ്
ഞാൻ
ഞാനാകുന്നതും
ഞാനാകുന്ന എന്നെ
നിങ്ങളറിയുന്നതും
സ്നേഹത്തോടെ
ആശ്ലേഷിക്കുന്നതും.