ഒറ്റയായ് പോയവർ

ശൂന്യമായ് തീര്‍ന്ന വരാന്ത; കത്രിക-
കൊണ്ടു മുറിച്ച കടലാസു തുണ്ടുകള്‍
മുറിയ്ക്കുളളിലീറനായ് നിശ്വാസ ഗന്ധം;
നിലം തൂത്തു വാരും മഴക്കാല മേഘം,
കണ്ണട, പേന, ചെരുപ്പ്, മഷിക്കൂട്; –
സര്‍വ്വവും മണ്ണായി മാറാതെ ബാക്കിയായ്
ജനല്‍പ്പാളി കാറ്റില്‍ത്തുറക്കുമ്പോ –
ളെന്നോ പടര്‍ത്തിയ ചിത്രങ്ങള്‍; ഏതോ
നിറക്കൂട്ടെടുക്കുവാനപ്പുറം പോയതാവാം
തിരിച്ചെത്തുമിപ്പോളയാള്‍ എന്ന ചിന്തയില്‍
ലോകവും !
ചുറ്റിലും വീശുന്ന കാറ്റില്‍ ഈ രാത്രിയില്‍
ഓര്‍മ്മയെക്കെട്ടിപ്പിടിച്ചു കരഞ്ഞു ഞാന്‍ …
ഒറ്റയ്ക്കു പോയവരേക്കാളുമെത്രയോ –
ഒറ്റയായ് പോയവരത്രേ അധികവും!

Author

Scroll to top
Close
Browse Categories