മരുഭൂമികൾ ഉണ്ടാവുന്നത്
കൈ പിടിച്ച് ഒന്നിച്ചൊപ്പം
നടക്കുമ്പോഴാണ്,
പൂ വിരിഞ്ഞതും കായ വന്നതും
നിലാവുദിച്ചതുമെല്ലാം
താനേ പറഞ്ഞു പോവുന്നത്.
ഒന്നിച്ചൊരൊറ്റ
ഒഴുക്കായി തന്നെത്തന്നെ
മറന്നു പോവുന്നത്.
പിന്നീടെപ്പോഴോ
അറിയാതെ തമ്മിൽ
കോർത്ത കൈവിരൽത്തുമ്പ്
ഊർന്നു വീഴും,
ഒരേ യാത്രയുടെ ഇരുപുറങ്ങളിൽ
രണ്ടു കാഴ്ചയാവും,
പിന്നെയുമേതോ തിരിവിൽ
മുന്നിലും പിന്നിലുമാവും
ഒപ്പമല്ലല്ലോ എന്നോർത്തു
തെല്ലു നിൽക്കും.
മറുപാതി ഒപ്പമെത്തട്ടെയെന്ന്
വിചാരിക്കും….
ഒന്നു നിൽക്കാൻ,
മിണ്ടിപ്പറയാൻ ഖേദം തോന്നും,.
പിന്നെയാ ദൂരം കടൽദൂരമാവും
നിലാവും പൂവും കൊഴിയും
വസന്തം മറയും,കൊടും വേനലാവും,
വരണ്ടു വീണു പൊള്ളി
മരുഭൂമിയാവും.