ഒന്നെന്ന തത്ത്വം

ഗുരുത്വം, ഗുരോ ത്വന്മഹത്വം വരത്വം
സ്ഫുരിക്കുന്നിതോരോന്നിലും ത്വൽ പ്രയജ്ഞം
ശരിക്കേറ്റു,മർത്ഥംഗ്രഹിച്ചും പഠിക്കേ
വിളക്കുള്ളിലാളുന്നു, ദീപ്രോജ്വലത്തായ്

നരത്വം സുരത്വസ്വരൂപ പ്രഭാവം
വരിക്കാൻ ജ്വലിച്ചൂ, തപസ്സാൽ തപിച്ചൂ
സമത്വം രചിക്കാൻ, രുചിക്കാൻ സമൂഹം
മഹത്തത്ത്വ,മൊന്നെന്ന പാഠം ചമച്ചൂ

കവിത്വം ഭവത്തത്ത്വബോധ പ്രഘോഷ
പ്രചാരത്വമാർഗ്ഗത്തിനുള്ളോരു പാങ്ങായ്
രചിച്ചെത്ര!യെല്ലാം വിരിഞ്ഞൊട്ടുപൂവിൽ
വിരിഞ്ഞോരു പൂക്കൾ
വിചാരാർക്കദീപ്തം

ലഘുത്വംസ്വരൂപം, സദാ വശ്യഹൃദ്യം
ഗുരുത്വം പറഞ്ഞോരരുൾ വാക്കിൽ നിത്യം
ഗ്രഹിച്ചെത്ര ഭാഷ, മനുഷ്യന്റെ ചിത്തം
ഗ്രഹിക്കുന്ന വാക്കിങ്കലെത്തിപ്പിടിക്കാൻ…

സ്തുതിസ്‌തോത്രഗീതാദി സർവം പ്രബോധ
പ്രദം, ത്വൽപ്രസാദം വിഭാവം വിശാലം
വളർന്നീടു വായിച്ചുവായിച്ചുതന്നെ,
വിവേകം വരിച്ചീടു, ചിന്തിക്കയാലും

മനത്തത്ത്വവും തേ, പ്രദീപ്ത പ്രതിഷ്ഠാ
മതത്തിൽ തെളിഞ്ഞൂ, വചസ്സാൽ ചൊരിഞ്ഞൂ
മനസ്സിങ്കൽരൂപം, അതേനീ,യതേഞാൻ
വരച്ചിട്ടു കണ്ണാടിയിൽ, കല്ലിനാലും

ഗുരുത്വം കവിത്വം, ശിവശ്ശക്തിയോഗം സ്മരിപ്പിക്കുമമ്മാറ് ശ്രേഷ്ഠം,ലയത്വം
ലസിക്കുന്നതങ്ങിൽ മഹദ്ദർശനംപൂ
ണ്ടതിൽ പ്രാണനായ് ചേർന്നി,തദ്ധ്യാത്മധർമ്മം.

പ്രണാമം, പ്രമാണം മഹദ്വാക്യമര്‍മ്മം
പ്രഹർഷംതരുംചിന്ത കർമ്മോർജ്ജ ശക്തി
പ്രചോദിച്ചതിന്മേൽ പ്രവർത്തിക്കെ, ബോധ
പ്രവാഹം വിവേകിക്കിതൊന്നെന്ന സത്യം.

9446530279

Author

Scroll to top
Close
Browse Categories