ശോണിതം
സൂര്യരശ്മികൾ മഴയുമായിഴുകി-
ക്കൊണ്ടേഴുനിറങ്ങളിലെഴുതിയ
കവിതയാം മാരിവില്ലിനേറ്റം
പ്രിയമാം വർണ്ണം, അതാരെ..
തണൽ നീളും വഴിത്താരയിലി-
തളൂർന്നു വീണു ചിതറിയ
വാകപ്പൂവുകൾക്കുമീ പ്രിയമാം
വർണ്ണം നൽകിയതാരെ..
സാഗരവും തിരമാലകളും സാക്ഷി-
യായി കൈകോർത്തു നടന്ന
സാന്ധ്യമേഘത്തിനുമീ പ്രിയമാം
വർണ്ണം നൽകിയതാരെ..
പറയാനായി വെമ്പി നിന്നിരുന്ന
വാക്കുകളെല്ലാമേ ഒളിപിച്ച
ഇളം ചൊടികൾക്കുമീ പ്രിയമാം
വർണ്ണം നൽകിയതാരേ..
വാക് ശരങ്ങൾ തറയ്ക്കുമ്പോളും
വികാര സാഗരം അലതല്ലുമ്പോളും
പെയ്യും മിഴികൾക്കുമീ പ്രിയമാം
വർണ്ണം നൽകിയതാരേ..
ഒടുവിൽ നീ മറഞ്ഞപ്പോളെൻ
ഹൃത്തിൽ നിന്നും പൊടിഞ്ഞ
ചുടു ചോരയ്ക്കുമീ പ്രിയമാം
വർണ്ണം നൽകിയതാരെ..
അറിയുന്നു ഞാനിന്നറിയുന്നു
നിനക്കും നീ കോറിയിട്ട ഓർമ്മ
ബിന്ദുക്കൾക്കുമെല്ലാം ഈ പ്രിയമാം
വർണ്ണം നൽകിയത് ആരെന്ന്…