വിത്ത് ജീവിതം
മണ്ണിന്റെ
ഇരുട്ടറയ്ക്കുള്ളിൽ
അടിമയായ് ശ്വാസം കിട്ടാതെ,
എത്ര നാൾ കിടന്നു പിടഞ്ഞു.
എന്നെ ചവിട്ടി മെതിച്ച്
എത്രയോ പേർ
ഇതുവഴി കടന്നുപോയി
എന്റെ തന്നെ
കണ്ണീർ വീണ് നനഞ്ഞ്
മുള പൊട്ടി.
എല്ലാം സഹിച്ച്
ജീവിച്ചത് എന്തിനെന്നോ;
ഒരുനാൾ മരമായി
സ്വാതന്ത്ര്യത്തിന്റെ ആകാശത്തോളം
വളർന്നു വരുമെന്ന്
നല്ല ബോധ്യമുണ്ടായിരുന്നതിനാൽ.
ചില്ലകളിൽ ചേക്കേറി
സ്വാതന്ത്ര്യ ഗീതം
ഉച്ചത്തിൽ പാടുന്ന കുയിലുകൾ.
എത്രയോ നാൾ
അടക്കിവെച്ച സ്വപ്നങ്ങളാണ്
മനോഹരങ്ങളായ പൂക്കളായി
വിടർന്ന് പുഞ്ചിരിക്കുന്നത്.
പ്രകൃതിക്ക് ഞാൻ ശ്വാസം
തണലിൽ ഏവർക്കും ആശ്വാസം
വിത്ത് ജീവിതം സഫലമായതിൽ
ഒരു ദീർഘനിശ്വാസം.
ഒരു കോടാലി മൂർച്ചയുടെ
വെട്ടി തിളങ്ങുന്ന
കൊലച്ചിരിയിൽ
ഒടുവിൽ,
എന്റെ ആയുർ രേഖ വേരുകൾ
ദ്രവിച്ചു തുടങ്ങുന്നു.
പരിസ്ഥിതി സ്നേഹത്തിന്റെ
ആട്ടുതൊട്ടിലിൽ കിടത്തിയാട്ടി
നിങ്ങൾക്കെന്റെ
പച്ച ഓർമ്മകളെ
ഇനി പാടിയുറക്കാം.