ഓണക്കുമ്മാട്ടി
മേലാമ്മാരേ മാനികളേ
കുമ്മാട്ടിയ്ക്കുരി എണ്ണ പോരാ
മാളികയേറിന മങ്കമാരേ
കുമ്മാട്ടിയ്ക്കൊരു തോര്‍ത്തു പോരാ
കുണ്ടന്കെണറ്റില് കുറുവടി പോയാല്‍
കുമ്പിട്ടെടുക്കണ കുമ്മാട്ടി
ഏറിയ മാനത്തു കോഴി മൊളഞ്ഞാല്
എത്തിപ്പിടിക്കണ കുമ്മാട്ടി
എടവപ്പാതീലും മഴയില്ലാണ്ടായാല്
ഇടിവെട്ടിപ്പെയ്യണ കുമ്മാട്ടി
കര്‍ക്കടം പോയാറെ കാറു പോയില്ലെങ്കില്‍
കാറ്റായിട്ടൂതണ കുമ്മാട്ടി
വരളണ പാടത്ത് വറ്റാത്ത ചെറയീന്ന്
വടംകെട്ടിത്തേവണ കുമ്മാട്ടി
മട പൊട്ടി മാലോകം മുടിയാന്ത്രം കാണുമ്പൊ
മട കെട്ടി മൂടണ കുമ്മാട്ടി
വെളയാപ്പാടം വെട്ടിയൊരുക്കി
വെള്ളി വെതയ്ക്കണ കുമ്മാട്ടി
കൊയ്തു മെതിച്ച് പത്തായത്തില്
പൊന്നു പൊലിയ്ക്കണ കുമ്മാട്ടി
കാലം കരയുമ്പൊ കരകാണാപ്പാടത്ത്
കോലെടുത്താടണ കുമ്മാട്ടി
നോവും വേവും ക്നാവും നിനവും
നാടകമാക്കണ കുമ്മാട്ടി
ആ കുമ്മാട്ടിയ്ക്കെണ മുണ്ടു പോരാ
കോലോത്തോരേ കോല്ക്കാരേ
ആ കുമ്മാട്ടിയ്ക്കെലയൂണ് പോരാ
മേലോത്തോരേ മേലോരേ
പറയച്ചേരീന്നു പറപ്പറകൊട്ടി
കുമ്മാട്ടിയോര്മ്മ വരണുണ്ടേയ്
പൊലയക്കുണ്ടീന്ന് പൊലച്ചെണ്ട വീക്കി
കുമ്മാട്ടിക്കേഴ്വി വരണുണ്ടേയ്
പണിയക്കുഴിയീന്ന് പിണിത്താളം താക്കി
കുമ്മാട്ടിക്കുലം വരണുണ്ടേയ്
ചെമ്മാനക്കുന്നീന്ന് ചെപ്പുമൊഴക്കി
കുമ്മാട്ടിച്ചേരി വരണുണ്ടേയ്
കാറ്റേ കടലേ കാരിയമായേ
കുമ്മാട്ടിത്താളത്തില് താളമിട്
കാണായ്മകളേ കാലപ്പൊരുളേ
കുമ്മാട്ടിപ്പാട്ടൊത്ത് കൂത്താട്
9447060178