നിന്നെ ഓർത്തുള്ള എൻ്റെ ആകുലതകൾ
ഒട്ടും അവസാനിക്കുന്നില്ല പകലന്തിയോളം,
എൻ്റെ വേവലാതികൾ.
ഒന്നു പറക്കമുറ്റിയിരുന്നെങ്കിലെന്ന് ശൈശവത്തിൽ.
ഇഴഞ്ഞു നടക്കുമ്പോൾ എഴുന്നേറ്റു നടക്കാറായോ, യെന്ന ആശങ്ക.
എഴുന്നേറ്റ് തത്താപിത്താ നടത്തത്തിൽ വീണേക്കുമോയെന്ന ഭയം.
സ്ക്കൂളിൽ വിട്ടേച്ചു പോരുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നോ?
സൈക്കിളിൽ സൂക്ഷിച്ചു പോകണേയെന്ന താക്കീത്.
കൗമാരം എത്ര അപകടകാരിയാണ് ?
പ്രണയം, അനാവശ്യ കൂട്ടുകെട്ട്, സംഘടനാ പ്രവർത്തനം???
ഒരിക്കലും തീരാത്ത ആകുലതകൾ.
വിദൂരതയിൽ നിന്നൊരു ഫോൺവിളി,
എപ്പോഴും കാത്തിരുപ്പു തന്നെ.
ഒരിണയെ കണ്ടെത്താൻ, പൊരുത്തപ്പെടുത്താൻ,
എത്ര ശ്രമിച്ചാലും തീരാത്ത സംശയങ്ങൾ.
ഒന്നിനെക്കുറിച്ചുള്ള കരുതൽ,
അത് അതിരു കടക്കുന്നതായി തോന്നൽ.
ജീവിതം തന്നെ തലമുറയ്ക്കായ് തുറന്നിട്ടിരിക്കുന്നു.
അതിനെ ആശങ്കയെന്നോ, ആകുലതയെന്നോ, കരുതൽ എന്നോ വിളിക്കാം.
മാതൃത്വം അത്രമേൽ തുളുമ്പുന്ന വിങ്ങലാണ്.
അതു തന്നെയാണ് കരുതൽ.
എത്ര ചേർത്തു പിടിച്ചാലും കൊതിതീരാത്ത വികാരം.