കൃഷ്ണകിരീടം

കൃഷ്ണേ,
മഹാമൗനത്തിന്റെ താഴ്വരയിൽ,
എന്റെ കൃഷ്ണകിരീടമുടയുവാൻ നേരമായ്.
ഒട്ടു നേരം ചേർന്നിരിക്കൂ പ്രിയംവദേ,
ദുഷ്ടതയെല്ലാം വെടിഞ്ഞിരിപ്പാണു ഞാൻ.
നിന്റെ ഇങ്കിതങ്ങളിലൊക്കെയുമെന്നുടെ
പൗരുഷം,
വിണ്ടലം കീറിപ്പിളർക്കുവാൻ കരുത്തിൻ,
പർവ്വതാഗ്രങ്ങളിലേറിക്കൊടി കെട്ടി.
ശങ്കവെടിയുവാനേതിരുൾക്കാട്ടിലും,
നിന്നനുരാഗ വഴിയിൽ നടന്നവൻ.
കാട്ടുപൂവിന്റെ സുഗന്ധത്തിലാറാടി,
കൂട്ടി വരുവാനുറച്ചു പോകുമ്പൊഴും,
കാട്ടിൽ, കുറുകെ കിടന്ന സഹോദരൻ,
തോറ്റു തരാതേറെ നേരം ബന്ധിച്ചതും,
നീറ്റലൊടുങ്ങാതെ നിന്നെ കിനാക്കണ്ടു,
കൂറ്റൻ മരത്തിലെ പൂവു പറിച്ചതും,
ഓർക്കുമ്പൊഴൊക്കെ ഭയന്നു വിറയ്ക്കുന്നു.
നിന്റെ ഗന്ധം, ചിരി, മായികവശ്യത,
നിന്നെ മണത്തു നടന്നു കൊതിച്ചവൻ.
നിന്റെ വിഷാദം, പ്രതികാരദാഹങ്ങൾ,
കുത്തിയൊഴുകിയ കണ്ണുനീർ ചാലുകൾ,
എന്നെ വിവശനാക്കിയിരുന്നല്ലോ.
മുറ്റിയ കാമത്തിലെത്തിയ കീചകൻ,
ദു:ഷ്ടത മാത്രം നിറച്ച ദുശ്ശാസ്സൻ,
എത്ര നിസ്സാരം ഞാൻ കൊന്നു,
നിനക്കായി.
നിഷ്‌ക്കളങ്കം നിൻ ചിരിക്കിലുക്കത്തിന്റെ,
ഉൾപ്പൊരുൾ, യുദ്ധത്തിലേക്കു നയിച്ചു.
എത്രശക്തർ വന്നു മുന്നിൽ നിൽക്കുമ്പൊഴും,
നിന്റെ മുഖം മാത്രമായിരുന്നു എന്റെയുള്ളിൽ.
ഓരോ കുതിപ്പിലും, നിന്റെ വിഷാദങ്ങൾ,
വാശിയിൽ വീര്യവും, ലക്ഷ്യവും തേടി.
യുദ്ധമൊടുങ്ങി, സത്യവും ശക്തിയും ചോർന്നു.
ദു:ഖമടങ്ങാതെ, ഒറ്റയ്ക്കിരിക്കുമ്പോൾ,
കൃഷ്ണേ, നിനക്കെന്തു നേട്ടം?
നിന്നുടെയാശകളെല്ലാം നടപ്പാക്കി വെന്തു നിൽപ്പാണു ഞാനിപ്പോൾ.
നൊന്ത നിണപ്പാടിലെത്രയോ സങ്കടം,
എന്റെ നിരാശ്രയ ബോധം.
നിന്റെയഭീഷ്ടങ്ങളെല്ലാം നിറവേറ്റിയില്ലേ?
എല്ലാം നിനക്കായ് മാത്രം ചെയ്തവൻ,
രണ്ടാമതൊന്നു ജനിക്കാൻ കൊതിക്കുന്നു,
അന്ത്യനാളിൽ ഞാൻ നിനക്കായ്.
ഒന്നാം സഹോദരനായിത്തീരുവാൻ,
വന്നു വേൾക്കുവാൻ, പ്രിയേ, പാഞ്ചാലീ.
ഈ മഹായാനത്തിലും നിൻ കാൽകൾ,
ഒട്ടുമിടറാതെ, ഉറ്റുനോക്കുന്നു ഞാൻ.

Author

Scroll to top
Close
Browse Categories