അകമേ പെയ്യും മഴ ചാറ്റൽ
ഉള്ളിൽ മഴ നനയും
പോലെയാണത്.
പോടുന്നെനെ
ഉണർവെടുക്കും
കുളിർമ പോലെയും
നിന്നിലൂടെ നടന്ന്
നടന്നാണ് ഞാൻ
ഭൂമിയുടെ
ആഴവും പരപ്പും
അർത്ഥവും ആവേശവും
അറിഞ്ഞറിഞ്ഞ്
മഞ്ഞ് പോലെ
ഉരുകാൻ പഠിച്ചത്.
അതെന്ത്
കൊണ്ടെന്നറിയില്ല.
ജീവിതം ഓരോ
പാഠങ്ങൾ
പഠിപ്പിക്കുമ്പോഴും
നീയെനിക്ക്
പുസ്തകമായി
തുറന്നു തന്നിരുന്നത്.
അതിലെ
ഓരോ താളുകളിലും
നീയും ഞാനും
കവിതകളായി
മാറിയത്.
ഒരിക്കലും
അടച്ചു വെക്കാൻ
തോന്നാത്ത
എന്തോ ഒന്ന്
നമ്മളെ പോലെ
ആ പുസ്തക
താളുകൾക്കുണ്ടായിരുന്നു.
ജീവിതം,
അറിയും തോറും
നനവൂറും
മഴയിതൾ പോലെ
എത്ര നനുത്തത്..!!
ഉണ്ടായിരുന്നു ;
സങ്കടങ്ങളുടെയും
വിഷാദങ്ങളുടെയും
നീറ്റലാട്ടങ്ങളിൽ
വെന്തുരുകിയ
പിൻകാലം.
അന്യോന്യം
കാണാകാഴ്ചകളിൽ
അനന്താഴങ്ങളിൽ
അറിയുന്നൊരറിവുകളായി
മേഘ മൽഹാറായി
പെയ്ത കാലം.
അപ്പോഴൊക്കെയും
മഴ പെയ്തു പെയ്തു
കൊണ്ടേയിരുന്നു.
ഇരുണ്ടതും
നേർത്തതുമായ
മഴനാരുകൾ
അകം നിറച്ചു
കൊണ്ടേയിരുന്നു.
അതി ലോലമായി
കൺതടങ്ങളിലൂടൊഴുകും
മൃദുലമാമൊരു
ലാവണ്യമഴ പോലെ.
നമ്മുടെ ലോകത്ത്
ചിത്ര ശലഭങ്ങളും
ആകാശ പറവകളും
അനേകായിരം
മൺചെരാതുകളും
നിറഞ്ഞ
പ്രകാശവലയമായിരുന്നു.
നിറക്കൂട്ടുകളുടെ
തീർത്ഥകണം
ഋതുക്കളായി.
പാരിജാതം പൊഴിയും
വഴിത്താരകൾ
വിളക്ക് മാടങ്ങളായി.
നീയെന്ന
സ്നേഹക്കടലിന്
അലതിരകളായി
ഞാനും.
കാണാം,
അകലേ
പ്രണയനുരകൾ
പതഞ്ഞൊഴുകും
മഴ കൂടാരം.
അവിടെ,
നീയും ഞാനുമൊരു
കവിതയായി
പെയ്തിറങ്ങുന്നു..
സ്വപ്നത്തിന്റെ
തൂവൽ സ്പർശം പോലെ
നൈർമ്മല്യത്തിന്റെ
ആർദ്രഗീതം പോലെ
നമ്മൾ
തോരാമഴയിൽ
ഒട്ടിനിൽക്കുന്നു..