പാർക്കിൽ
നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നം
എത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാം
ഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരം
മിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽ
എത്ര പേർ നോട്ടങ്ങളാൽ പൂവിട്ടീപൂവനത്തിൽ
കൈകൾ വീശാതെ യാത്രാമൊഴിയും പകരാതെ
മറഞ്ഞോൾക്കായിക്കണ്ണീർപൊഴിച്ച യുവാവൊരാൾ
ഇരുന്നതിതേ ബെഞ്ചിൻ മൂലയിലായിരിക്കാം
മിഴിനീരുപ്പാലാണോ ദ്രവിച്ചൂ പലകകൾ.
തങ്ങളിലിണങ്ങാത്ത രണ്ടുപേർ ദാമ്പത്യത്തിൻ
ചങ്ങലമുറിക്കുവാൻ വന്നതുമിതേ പാർക്കിൽ
ബെഞ്ചിൽ രണ്ടറ്റത്തായി അകന്നേഇരുന്നവർ
അവർതൻ ഹൃദയങ്ങൾപോലെ ദൂരസ്ഥരായി.
ഒറ്റക്കീ ബെഞ്ചിൽ ഏകാന്തതപെറ്റതാംകവി
വിഭ്രമക്കുരുക്കിൽ വീണസ്വസ്ഥനായ ഭ്രാന്തൻ.
മക്കളാൽ പരിത്യക്തനായൊരു വൃദ്ധൻ പിന്നെ
ശമ്പളക്കണക്കുകൾ കൂട്ടുന്ന ഗുമസ്തനും
അപ്പുറത്താ ബെഞ്ചിന്മേൽ നോക്കുകയവിടതാ
വൃദ്ധദമ്പതികളാം രണ്ടുപേരിരിക്കുന്നു.
നാല്പതാണ്ടുകൾ മുന്നം തുടുത്ത പനീർപൂക്കൾ
പോലവരിതേ ബെഞ്ചിൽ ഇരുന്നിട്ടുണ്ടാവണം.
എത്ര വിജൃംഭണങ്ങൾ
കത്തിത്തീർന്നതീപാർക്ക് അവിടെയസ്വസ്ഥർ
നാമൊത്തിരിക്കുകയല്ലോ
ഒട്ടുമേ രഞ്ജിക്കാത്തരണ്ടുപേർ നാമെന്നാലും
നമ്മളിലൊരേയസ്വസ്ഥതകൾ മുളക്കുന്നു.
ഒത്തിരിക്കുക എല്ലാം പകരാൻ ശ്രമിക്കുക
അത്രമാത്രമേ നമ്മൾക്കീ ഭൂവിൽ ചെയ്യാനാവൂ