ഗുരുപഥം

കേരളക്കരയുടെ
താരകമായിട്ടൊരു
മാനവനുയിർക്കൊണ്ടു
വാനവർക്കാരോമലായ് !

‘നാണു’വാം ചെല്ലപ്പേരിൽ
വാണവൻ വലുതാകെ ,
ക്ഷീണത്വമറിയാതെ –
യണികൾക്കൂർജ്ജം നൽകി !

അജ്ഞതയകറ്റുവാൻ
വിജ്ഞാനമല്ലോ മാർഗം
ജിജ്ഞാസുക്കളായ് നിങ്ങ

-ളജ്ഞത വെടിയണം!

ഗുരുവാം നാരായണൻ
ഉരുവിട്ടതാം വാക്കു –
ശരമായ് തറച്ചവ –
രൊരു മെയ്യായി നിന്നു!

തീണ്ടലുമയിത്തവും
വേണ്ടയി ധരണിയി-
ലിണ്ടലുണ്ടാക്കും മദ്യം
ഉണ്ടാക്കാതൊരു കാലം !

കല്ലുമാലകളിട്ടോർ
തെല്ലുമേയില്ലാതായീ
പൊന്നണിഞ്ഞവർക്കൊപ്പം
വന്നിരുന്നില്ലാത്തോരും !

ചെമ്പഴന്തിയിലു ,മരുവിക്കരയിലും
വമ്പർ തൻ കൊമ്പൊടിച്ചി –
ട്ടിമ്പമായ് വസിച്ചവൻ
കുമ്പിടാം മനുജരേ…. !

കാലമെത്രയോ മാറി
കോലവും കെട്ടൂ മർത്യ –
മാലിന്യ മലീമസ –
മലസം മുഖമുദ്ര!

മാർഗദർശിയാം മഹാ-
നർക്കനാ,യിരുട്ടിനെ –
യില്ലായ്മ ചെയ്യും നൂനം
വല്ലായ്മ വേണ്ടേ വേണ്ട!

ഗുരവേ നമിപ്പു ഞാ-
നിരിപ്പൂ നവയുഗ –
ത്തിരിനാളമാം നിന്റെ –
യൊരു ദർശനത്തിനായ് !

Author

Scroll to top
Close
Browse Categories