വൈക്കത്ത് ഒരു സായാഹ്നം

(വൈക്കം, 1923 ജൂലൈ 15; വൈക്കം സത്യഗ്രഹം ഓര്‍ത്തുകൊണ്ട് )

ഇത് വൈക്കം, ഇത് വെറും
സ്ഥലമല്ല, കാലമാ, –
ണൊരുണര്‍ന്ന മിഴി, ഒരു
ചൊടിയാര്‍ന്ന ചുവ,ടൊരു
പുതുമഹാകാവ്യത്തി-
നാദ്യത്തെയക്ഷരം.

ഇവിടത്തെ മണ്ണിന്റെ
തരികളോരോന്നിലും
നിറയുന്നു ശബ് ദങ്ങള്‍,
കണ്ണുകള്‍, കാതുകള്‍,
ഉയരുന്നു മുഷ്ടികള്‍,
കായലിന്‍ നീരില്‍ നി-
ന്നടിയില്‍ നുരയിട്ടു
പൊന്തുന്നിതോര്‍മ്മകള്‍,
കുളവാഴ പോല്‍ പൂത്തു
നിറയുന്നു വാക്കുകള്‍.

ഇത് വൈക്കം, ആദ്യമായ്
ഗാന്ധി അഹിംസ തന്‍
ദൃഢതയാല്‍ ജാതി –
പ്പിശാചിനെ വെന്നിടം;
ഇത് ഗുരു മര്‍ത്ത്യര്‍ തന്‍
സമത തന്നദ്വൈത-
മുരുവിട്ടു പീഡിതര്‍-
ക്കമൃതൂട്ടിയോരിടം ;
ഇത് വര്‍ണ്ണഭേദങ്ങ-
ളില്ലാതെ സ്വാതന്ത്ര്യ –
ഭടരൊത്തുകൂടി-
പ്പൊരുതി വിടര്‍ന്നിടം;
ഇത് മാധവന്‍ ശംഖ-
മൂതിയ കാഹളം
ബാധിരമാം ചെവിയിലും
ജാഗ്രത നിറച്ചിടം .

ഇത് വൈക്കം, അന്ധര്‍ തന്‍
മിഴി തുറപ്പിച്ചു കൂ-
രിരുളില്‍ പുതഞ്ഞോര്‍ക്കു
പുലരിയായോരിടം
ഇത് കവി ആശാന്റെ
കുയില്‍ പാടുവതു കേട്ടു
പുലയനും ചിറകുകള്‍

മുളച്ചിടം, ചണ്ഡാലി
ബുദ്ധയായോരിടം,
വിത്തു വിതച്ചിടം.
പെരിയോര്‍ ചുഴലിയായ്
വീശിയടിച്ചിടം,
ദുരധികാരത്തിന്റെ
കുതിരപ്പടകളാല്‍
തലയറുക്കപ്പെട്ട
പ്രതിരോധസേനകള്‍
ദളവാക്കുളത്തിന്റെ
ചോരയില്‍ നിന്നുയിര്‍-
ത്തെഴുനേറ്റു പിന്നെയും
വഴി വീണ്ടെടുത്തിടം.

യജമാനര്‍ അതുവരെ
മൃഗങ്ങളായ് കണ്ടവര്‍
മനുജരായ്, പൗരരായ്,
തലയുയര്‍ത്തിപ്പിടി-
ച്ചിതിലേ നടക്കുന്ന
കാലൊച്ച ഇന്ത്യ തന്‍
ഹൃദയമിടിപ്പായ്,
തുലാവര്‍ഷ ഭേരിയായ്!

ഒരടി വെച്ചീടുകില്‍
തന്‍ വില്ലുവണ്ടിയില്‍
വിരിമാറുമായി വ-
ന്നെത്തുമയ്യന്‍കാളി.
ഒരടി കൂടി: കുറൂര്‍,
കുഞ്ഞാപ്പി, കേളപ്പന്‍,
ഒരടി: ബോധേശ്വരന്‍,
ബാഹുലേയന്‍, വെയ്ക്കു-
കൊരടി കൂടി: തോഴര്‍
കണ്ണു തുറക്കുവാന്‍
അവരവര്‍ തന്‍ കണ്ണു
കെടുനിയമത്തിന്നു
ബലി നല്‍കി രാമനും
തേവനും, അകാലത്തെ
മൃതി കൊണ്ടു കാലത്തെ
വെന്ന ശങ്കുപ്പിള്ള,
പെരിയ വേലുക്കുട്ടി-
യരയന്‍, കുമാരനും
പുതിയ ചാന്നാര്‍ഗീത-
യോതിയ ഗോവിന്ദ,-
നതിധീരനാം ഗാന്ധി-
ദാസര്‍ മുത്തുസ്വാമി…
മുള പൂത്ത പോല്‍ , കതിര്‍-
ക്കുല വായ്ച്ച പോല്‍ , എത്ര
സഫല ജന്മങ്ങളീ
മണ്ണിന്‍ സുഗന്ധമായ്!
ചുവടുകളൊക്കെയും
നൃത്തമായ്, രണഭേരി
ഇടി പോല്‍ മുഴങ്ങീ
അടിമ തന്‍ തൊണ്ടയില്‍.

ഒരു തുടക്കം; വേണ-
മിനിയുമിക്കാലത്തി-
ലൊരു തുടക്കം, മിഴി
പൂട്ടാതിരിക്കുക!
ഇരുള്‍ പിന്നെയും വന്നു
പൊതിയുന്നു നാടിനെ,
ഇനിയുമുയിര്‍ക്കാന്‍
ശ്രമിപ്പൂ സവര്‍ണ്ണത.
പുതുതായി മതിലുകള്‍
ഉയരുന്നു, വഴികളെ-
പ്പുതുതായി മീളുവാന്‍
കല്‍പ്പിപ്പു കാലവും.
അരുതേയുറക്കം,
തിളങ്ങുന്നു പിന്നെയും
ഇടിമിന്നല്‍ പോല്‍ ചാട്ട-
വാര്‍, തകര്‍ക്കാനേറെ-
യിനിയും വിലക്കുകള്‍,
ഗുരുവിനെയോര്‍ത്തിട്ടു
കരുണയാല്‍ കത്തിക്ക-
യാത്മദീപത്തിനെ,
തിരികെപ്പിടിക്കുക
മൈത്രിയാല്‍ ബുദ്ധനെ

Author

Scroll to top
Close
Browse Categories