ഭൂതകാലത്തിലെ ഒറ്റമുറി
ഒറ്റയടിക്ക് കൊല്ലാനാകില്ല
ഒരു സ്വപ്നത്തെയും..,
ഉള്ളു വേദനിപ്പിക്കാതെ
തകരില്ലതൊരിക്കലും ,
നിരാശയുടെ കെട്ടുറപ്പിൽ
ജീവിതവണ്ടിയുരുളുമ്പോൾ
വഴിയിൽ വച്ചു പിന്നെയും
സ്വപ്നങ്ങൾ കൈകാണിച്ചു
യാത്രക്കാരാകുന്നുണ്ട്..,
ഞാനൊരു കവിയാണ്…
അവയെ നോക്കിചിന്തിച്ചു….
പിന്നെ കടലാസുകളിൽ പകർത്തി
കാലത്തോട് പരിഭവം പറയും,
നേരങ്ങൾ മറിഞ്ഞവ പിന്നെ
പരാതികളായി പരിണമിക്കുന്നുണ്ട്,
ഇന്നത്തെ യാത്രയൊതുങ്ങിയത്
സ്വപ്നങ്ങൾക്ക് വേലികെട്ടിയ
ആകാശം കാണുന്നയെന്റെ
കുടിലിൽ ഞാൻ തലചായ്ക്കുന്നു…
ആത്മദുഃഖത്തിന്റെ
വേലിയേറ്റങ്ങളിൽ
അമാവാസി മാത്രമായി
തിരിച്ചറിയാനാവാത്ത മനസ്സിൽ
നിറയെ ഇരുളിന്റെ മുഖങ്ങൾ,
മരിച്ചുപോയവരെല്ലാം
ബാക്കിവച്ചിട്ടുപോയ
തീവ്രമായ വേദനയിൽ നിന്നും
കിനാവുകൾ ഭൂതകാലത്തിന്റെ
വാതിലുകൾ തുറക്കുന്നു…
അവിടെ മറ്റൊരു ഇരുൾമുറി,
വെളിച്ചം കടക്കാത്ത
അധികാരത്തിലേക്ക്
നഷ്ടങ്ങളുടെ സഞ്ചികൾ
ഉത്തരമില്ലാതെ തൂങ്ങിക്കിടക്കുന്ന
ഒറ്റമുറിയുടെ വാതിലിലാരോ
മോക്ഷത്തിന്റെ ഇരുമ്പുപാളികളിൽ
ഇനിയാർക്കും പ്രവേശനമില്ലെന്ന്
എഴുതിമറച്ചിരിക്കുന്നു….
നിലച്ചഘടികാരത്തിലെ
ദൈവം മരിച്ച സമയമെന്നെ
തുറിച്ചുനോക്കുന്നു…. ഞാനും….!
ചുവരിൽ നിറയെ
മരിച്ചസ്വപ്നങ്ങളുടെ ചിത്രം
ബാല്യം കൗമാരം യൗവ്വനം
ഒടുവിൽ വാർദ്ധക്യത്തിലും ..
കാലചക്രത്തിന്റെ
ചില്ലുപാളികൾക്കിടയിൽ
പല പ്രായത്തിലും നേരത്തിലും
പൊഴിഞ്ഞുവീണവയും
മറവിയിൽ കുഴിച്ചിട്ടു സ്വയം
കൊന്നവയും ഓർമ്മയിലെത്തി
എന്നെ നോക്കി ചിരിക്കുന്നു..
ഇരുളിൽ തെളിവിന്
കരയുന്ന കണ്ണുകൾ മാത്രം,
ഒടുവിലെ നിമിഷത്തിന്റെ
ഭീതിയിലുള്ള നോട്ടവും ..
മരണത്തിന്റെ തൊട്ടുമുൻപുള്ള
നിമിഷം നമ്മൾ തുല്യമാണെന്ന്
സന്തോഷവും സങ്കടവും
സമാധാനം കൊള്ളുന്നുണ്ട്..
ഏകന്റെയാത്മാക്കളിൽ നിന്നും
വെഞ്ചരിച്ച മരണത്തെ
ഇനിയും സന്തോഷമാണെന്ന്
ചൊല്ലി പിന്നെ ചിരിക്കുന്നുണ്ട്…
വേദനയുടെ അതിരുകളിൽ
താഴിട്ടു പൂട്ടിയ നിത്യനഷ്ടത്തിന്റെ
വേരുകൾ തെളിയിച്ച പാത,
എനിക്കൊപ്പം അതിലൂടെ
പുറത്തേക്കു പോകുന്നു…
ഞാൻ മറവിയിലുറങ്ങുന്നു…
ഭൂതകാലത്തിന്റെ ഒറ്റമുറിയിൽ
ആരും തുറക്കാത്ത മനസ്സിൽ
ഇന്നത്തെ സ്വപ്നങ്ങൾ വച്ചു
ഞാൻ പിന്നെയും പൂട്ടുന്നു..
മറവിയുടെ താക്കോലുകൾ
ഏറെയും സമ്പാദ്യങ്ങളാകുന്നു ….
എന്നിലും നിന്നിലും പരസ്പരം
അവ കുമിഞ്ഞു കൂടുന്നു….,
വാടകയില്ലാത്ത ചിന്തകളിലെ
ഒറ്റമുറിയിൽ ഞാനും ജീവിക്കുന്നു…
9961582667