മരണപ്പെട്ടവന്റെ മുറി

മരണപ്പെട്ടവന്റെ മുറിയിലേക്കു ഞാനിന്നുപോകും
നിറഞ്ഞമാറാലകൾ പറിച്ചുമാറ്റുകയോ
മാറ്റാതിരിക്കുകയോ ചെയ്യും

വലതുകാൽവച്ചുതന്നെകയറും
വലതുകണ്ണു തുടിച്ചേക്കാം
ഇടംനെഞ്ചു പക്ഷേശാന്തമായിരിക്കും.

മേശപ്പുറത്തു കനത്തുകിടക്കുന്ന പൊടിപടലത്തിൽ
ഞാനെന്റെയും അദ്ദേഹത്തിന്റെയും പേരെഴുതും
ചുറ്റുപാടും മിഴിച്ചുനോക്കും;
നിറംമങ്ങിപ്പഴകിയ ചുവരുകളിലെവിടെയെങ്കിലും
കാച്ചെണ്ണയുടെ മെഴുക്കുണ്ടോയെന്ന്.

കട്ടിലിന്നോരത്തിലറിയാതിരിക്കും
തലയിണയിലെ, എന്റെ കണ്ണീർപ്പാടുകൾ തിരിച്ചറിയും
കിടക്കയിലേക്കു കടപുഴുകിവീഴും
ഉറക്കെക്കരയും.

ഉന്മാദിനിയെപ്പോലെഴുന്നേറ്റ്
അലമാര വലിച്ചുതുറക്കും
ചിലന്തിവലക്കണ്ണികളെ പൊട്ടിച്ചുകൊണ്ട്
ഒരുകൂനതുണിത്തരങ്ങൾ
കമഴ്‌ന്നുവീഴും

ധൂളിയുയരും ധൂമംപോലെ
അതിനു കർപ്പൂരത്തിന്റെയും
എള്ളെണ്ണയുടെയും ഗന്ധമായിരിക്കും
എഴുതിരിവിളക്കു തെളിഞ്ഞുകത്തും
അതിലൊരുനാളംപോലൊരു നവോഢയും

അവളൊരുദിവസംമാത്രമണിഞ്ഞമന്ത്രകോടി
ഇന്നെന്റെ കാൽക്കൽക്കിടന്നുതേങ്ങും, നിശ്ശബ്ദമാകും.
ശവക്കച്ചയായതെന്നെയാരോപുതപ്പിക്കും
ഒരു പുന:സമാഗമത്തിന്റെയനുഭൂതി
ഞാൻ നുണയുമായിരിക്കും.

Author

Scroll to top
Close
Browse Categories