പൂർണ്ണയുടെ കണ്ണുനീർ
സഹ്യാദ്രിതൻ പ്രിയപുത്രിയാം പൂർണ്ണ * ഞാൻ
‘ദൈവത്തിൻ സ്വന്തം നാടിൻ ‘സ്വന്തമാം പുഴയിവൾ
വാടുന്ന പാടത്തിനും ഉരുകും തീരത്തിനും
ദാഹനീർകുടവുമായവിരാമമൊഴുകുന്നോൾ
മണ്ണിനെ മണ്ണാക്കുന്ന ജീവജാലങ്ങൾക്കെല്ലാം
കുളിരും പനിനീരും കൃത്യമായ് ചുരത്തുവോൾ
കൈരളീ മനോഹരിക്കതിചാരുതയേകും
വെള്ളിയരഞ്ഞാൺ ഞാനെന്നൊരുപാട്പേർ പാടി
അദ്വൈതമരുളിയ ശങ്കരാചാര്യർ തന്റെ
കളിത്തൊട്ടിലായ് നീന്തൽകുളമായ് ലസിച്ചവൾ,
ആലുവാമണപ്പുറം ശിവനെ പ്രതിഷ്ഠിച്ച
ഭാർഗ്ഗവരാമൻ പിന്നെ വില്വമംഗലം സ്വാമി,
മലയും ആറും ചേർന്നൊരൂര് തേടിയെത്തിയ
ശ്രീയേശുദേവൻ ശിഷ്യൻ വിശുദ്ധ തോമാശ്ലീഹാ,
പലമതസാരവുമേകമെന്ന സത്യം
പാരിനെ പഠിപ്പിച്ച ഗുരുശ്രീനാരായണൻ
കണ്ടെത്തിയിവളുടെ നന്മയും നൈർമ്മല്യവും
അദ്വൈതാശ്രമം സ്ഥാപിച്ചാലുവാപുഴക്കരെ.
മാറ്റുവിൻ ചട്ടങ്ങളെന്നോതിയ മഹാകവി
ആശയഗംഭീരനാം സ്നേഹഗായകനാശാൻ
സംരംഭകനായി ‘ടൈൽവർക്സ്’ സ്ഥാപിച്ച പ്പോൾ
വെള്ളവും മണ്ണും നൽകി കൂടെനിന്നതുമിവൾ.
എത്രയോ ധന്യാത്മാക്കൾക്കാതിഥേയയായീ ഞാൻ
പൂർണ്ണയെന്ന പേരിനെ പൂർണ്ണമായുൾക്കൊണ്ടവൾ
അവർക്കായ് കുടിനീരും കുളിനീരുമേകുവാൻ
ദിവ്യമാം നിയോഗമുണ്ടായതെൻ സുകൃതംതാൻ
സർവ്വർക്കുമഭയമായ് സർവ്വംസഹയായി
സർവ്വതും കണ്ടും കേട്ടും യാത്ര ഞാൻ തുടരുന്നു.
എത്ര നാളിനിയുമീ സ്വാർത്ഥനാം മനുഷ്യന്റെ
പീഡനമതിജീവിച്ചൊഴുകാനെനിക്കാവും?
ഇരിക്കും കൊമ്പറുക്കു ന്നു കൂപമണ്ഡൂകം നരൻ
അമ്മയെപ്പോലും വിറ്റിട്ടർമാദിപ്പവൻ പാപി
എന്ത് കുറ്റം ഞാൻ ചെയ്തതീവിധം പിച്ചിച്ചീന്താൻ?
നാടിനും നാട്ടാർക്കുമായ് ദാഹനീരെത്തിച്ചതോ!
കോടികൾക്കന്നം നൽകാൻ മണ്ണിനെ പൊന്നാക്കുവാൻ
നിങ്ങൾ ചൊന്നിടത്തെല്ലാം ചെന്നതോ മമ പാപം?
അണക്കെട്ടുകളെന്നെ ബന്ധനസ്ഥയാക്കീട്ടും
തീരങ്ങൾ കൈയ്യേറി വൻ സൗധങ്ങൾ വന്നപ്പോഴും
കാളകൂടവും കണ്ടാലറയ്ക്കും മാലിന്യവും
നിത്യവുമെൻമാറിലേക്കൊഴുക്കിവിടുമ്പോഴും
പൊരിവെയിലേറ്റും ഘോരമഴയിൽ കലങ്ങിയും
തട്ടിയും തടഞ്ഞുമെൻ മേനി തളർന്നപ്പോഴും
കുന്നുകളിടിച്ചെന്റെ വേരുകൾ തകർത്തിട്ടും
കൈവഴിയൊന്നൊന്നായി മണ്ണിട്ട് തടഞ്ഞിട്ടും
കണ്ടിട്ടും കാണാത്തപോൽ കണ്ണുനീരടക്കി ഞാൻ
ഉള്ളിലെ രോഷാഗ്നിയിൽ എരിയുമ്പോഴും സ്വയം.
ശക്തിയും സൗന്ദര്യവും സമ്പത്തും ക്ഷയിച്ച ഞാൻ
എത്രനാളിനിയോടും നാടിനും നാട്ടാർക്കുമായ്
കാലാവസ്ഥയോ മാറി, ജൈവവൈവിധ്യം മാഞ്ഞു
തെന്നലോ കൊടുങ്കാറ്റായ്, വേനലോ കനലായി
ഇടവപ്പാതിയും തുലാവർഷവും കനവായി
മലർവാടികൾ മരുഭൂമിയായ് മാറിപ്പോയി
‘പൂർണ്ണ’യായെനിക്കിനി പുനർജ്ജനിക്കാനാമോ?
പൂർണമായെനിക്കെന്നെ നാടിനായ് നല്കാനാമോ?
ഇല്ലെങ്കിലെന്തിനു ഞാൻ ‘പെരിയ’ ആറാകണം?
“മേഘജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം”?