കുട്ടികള്‍ വൃദ്ധസദനത്തില്‍ പഠിച്ചത്

പഠനയാത്രക്കു പോകുന്നു കുട്ടികള്‍-
സഹ പഠിതാക്കളും, ഗുരുനാഥരും.
പല വിഭാഗങ്ങളില്‍പ്പഠിക്കുന്നവര്‍
ഒരുമിക്കുന്നോരയനമദ്ധ്യാപനം.
വിവിധ ദേശങ്ങളില്‍പ്പോയി രണ്ടുനാള്‍
വിവരണങ്ങള്‍ കുറിമാനമാക്കിയും,
നദികളും സേതു, യന്ത്രശാലാദികള്‍
വനികയും പാഠ്യ ഭാഗമായ്ക്കണ്ടവര്‍.
പരിധിയിലൊരു വൃദ്ധ സദനവും
പരമമാമതും കാണുവാനാഗ്രഹം!
അറിവിനായര്‍ഭകര്‍ക്കനാഥാലയം
നിയത പാഠമായില്ല പഠിക്കുവാന്‍..?
പഠനയാത്രികരെത്തി വൃദ്ധാലയ-
നടു തളത്തിലന്തേവാസികളൊത്തും…..,
അശരണരാമവരുടെയാത്മജര്‍
അശനമേകാതുപേക്ഷിച്ചകന്നവര്‍
ജനനിമാര്‍, വയോ വൃദ്ധരവരുടെ-
ജനിതരായ ചെറു സുതരെന്നപോല്‍….,
കുശലഭാഷണം ചോദിച്ചു കുട്ടികള്‍
സരസ സമ്പര്‍ക്ക സാരം ഗ്രഹിക്കയായ്
വിധിവിഹിതമഗതികളായവര്‍,
കഥയറിയുകില്‍ സാമൂഹ്യപാഠമായ്
മതരഹിതരായ് മാനുഷരൊന്നുപോല്‍
കഴിയുമീവൃദ്ധ ധാമം ഗുരുകുലം…!
ഇവിടെയുണ്ടുസഭാവേദി, സംസ്‌കൃത-
മനസുകള്‍ പകരും ദയാ വായ്പുകള്‍
ഇവിടെ സാഹിതീ സൗഹൃദ സംഗമം
മനസാല്‍ വൃദ്ധരെ ബാലരാക്കുന്നിടം!
ഇവര്‍ വയോധികരാം തായ താതരും
ഇവര്‍ അനാഥരല്ലിവിടെ, സനാഥരാം….
പതിത കാലമേ, ജീവിത രഥ്യയില്‍
പഥികരായോരിളയിരിക്കാമിഹ!
ജനയിതാക്കളിലാശ്രയം പുത്രരാല്‍
ഹനനമല്ലോ; അവനിയിലാകുലം?
ഇതു മനസ്സിലായ് ഛാത്രകരാവൃദ്ധ-
സദനത്തിന്‍ വിട കൊണ്ടു ചൊല്ലിയിദം,
പഴമ ചൊല്ലുവാന്‍ മുത്തശ്ശരില്ലാത്ത-
പതനമാണിന്നണു കുടുംബങ്ങളില്‍…?

Author

Scroll to top
Close
Browse Categories