ഇനി
ഓരോ സ്പന്ദഗണിതത്തിലും
(അല്ല!-അതെന്‍ നേത്രപടലത്തില്‍
വെറുമൊരു
ഫുല്ലപുഷ്പഛവിയാര്‍ന്ന
നറുനിലാത്തുള്ളിയായ്
നിറനിറെ നിരനിരെ നീളുന്ന
നിത്യമായ്
സ്വരരഹിതതൂമന്ദസ്മിതമധുര-
സാരമായ്).
ഇനിയതു നിലയ്ക്കാ പ്രവാഹമായ്
വീണയില്‍
തളിരിടുമാനന്ദഭൈരവീരാഗമായ്!
നേരമായ്ക്കാലമായ്
നീലഗഗനമായ്
നീളുന്ന നീളമായ്
സാരരഹിതമാം സാരമായ്
സംസാരധാരയായ്!
തൂവെയില്‍ത്തുള്ളിയായ്
മാമയിലാട്ടമായ്;
നാവേറു പാടുന്ന
നാവില്‍ച്ചിദാനാന്ദ-
ജീവാമൃതത്തിന്‍
മൃദുമൃദുസ്പന്ദമായ്!
ഇനിയുമിഴ നെയ്യുമെ-
ന്നകമുരളി പെയ്യുമൊരു
ഗണിതഗഹനത്തിന്‍
രാഗം
നിരന്തരം
നിത്യമെന്നതിനു നിറമാളും!
ഇനിനിര നീളുന്നു
തീരാതെ തീരാതെ
തളിരായ് വിരിയുന്നു.
പനിമതിയതു പുതു-
നിലാത്തുള്ളിയായ്
തൂവുന്നു;
അവിടെ
അവിടെ
ദിനകരന്‍
നിത്യന്‍
നിരന്തരം
ചിത്രമെഴുതുന്നു
കാലം മൂകം
കിലുങ്ങുന്നു!
ഇനിയുടെ കോല-
മകം പുറമതിരെഴാ
ശീലുകള്‍
പുതുപുതുധാരാവിശേഷമായ്!