ആകാശദീപം

കാലമാം ചക്രവാള സീമകൾ താണ്ടി നീ;
ആകാശദൂതുമായി പോയതെവിടേക്ക്?
ഇവിടെ നിന്‍ പാദമുദ്രകള്‍ പതിഞ്ഞൊരീമണ്ണും;
കളി ചിരി നിറഞ്ഞീ വീടും നാടും വിട്ട്
ജീവിത നാടക രംഗപടം മാറ്റി
എങ്ങ് മറഞ്ഞൊരെന്‍ പൂങ്കുയിലേ നീ
എന്തെന്ത് മോഹന സ്വപ്നങ്ങള്‍ നല്‍കി നീ;
എന്തേ തിടുക്കത്തിലെങ്ങു പോയി
ഇനി നീയില്ലാ ഇനി വരില്ലാ
ഇനി നിന്നോര്‍മ്മകള്‍ നിത്യം സത്യം.
ഹൃദയവാതായനങ്ങള്‍ കടന്ന് നീയെന്‍
ചാരത്തണയുമെന്നാശ്വാസമോടെ;
നിത്യതയുടെ തീരത്ത് കണ്ടുമുട്ടും വരെ
നിന്നോര്‍മ്മതന്‍ മഴവില്‍ക്കാവില്‍
മിഴിനീര്‍ക്കാവടിയാടിയാടി
ജീവിതമാമല താണ്ടി
ഓമനേ ഞാന്‍ വരുമൊരു നാളില്‍
നിന്‍ ചാരത്തണയുന്ന നേരം;
സ്വാഗതമോതി, ആനയിച്ചിടില്ലേ വേഗം
സ്വര്‍ഗ്ഗവാതില്‍ തുറക്കില്ലേ നിത്യം.
വെന്തുരുകുന്ന മനസ്സതോടെ
നെഞ്ചുരുകി തെരയുന്നതെങ്കിലും
മറവി ദുഃഖത്തിന്‍ മുറിവുണക്കുന്നു;
മറവിയിലാണ്ടു ചരിക്കുന്ന ലോകവും എന്ന
സാന്ത്വന ചിറകിലേറി യീ
ശിഷ്ടജീവിത സംഘര്‍ഷ വീഥിയില്‍
കരുതി മുന്നേറുവാന്‍ സ്വയം ശക്തി നേടി
പൊരുതി നീങ്ങട്ടെ മരണമെത്തുംവരെ

Author

Scroll to top
Close
Browse Categories