അമ്മയ്ക്കായി…
ക്ഷമിക്കൂ കുഞ്ഞേ*, നിന്നെയറിയാന്‍ വൈകിപ്പോയി
ഇത്തിരിക്കുഞ്ഞനാം നിന്നെ കണ്ടിട്ടും കണ്ടില്ല ഞാന്‍
കുന്നുകളിടിച്ചപ്പോള്‍ കുളങ്ങള്‍ വറ്റിച്ചപ്പോള്‍
കാടുകള്‍ തെളിച്ചപ്പോള്‍ തീരങ്ങള്‍ തകര്‍ത്തപ്പോള്‍
കണ്ടതില്ല ഞാന്‍ നിന്റെ കൂരകള്‍ തകര്‍ന്നതും
സോദരരെല്ലാമൊന്നായ് മണ്ണടിഞ്ഞതും കുഞ്ഞേ!
ദുര മൂത്തവന്‍ മര്‍ത്യന്‍ ആശയാലന്ധനായവന്‍
പണത്തിന്‍മീതെയൊരു പരുന്തുമില്ലെന്നവന്‍.
ദൃശ്യനല്ലെന്നാലും നീ കേള്‍ക്കുന്നു കാണുന്നെല്ലാം
സ്വാര്‍ത്ഥനാം മനുഷ്യന്റെ ക്രൂരതക്കിര നിങ്ങള്‍
ക്ഷമിച്ചൂ നിങ്ങള്‍ ഭൂമിയോളവുമതിന്മേലും
‘മാറുമീ മര്‍ത്യന്‍’, എന്നു മനപ്പായസമുണ്ടു
ആനയുമമീബയുംവൈറസും മനുഷ്യനും
നാഗവും മണ്ഡൂകവും തുമ്പിയും മയൂരവും
സര്‍വരും സമം, ആരും മേലല്ല കീഴേയല്ല
എന്നുകാണുമീ സത്യം? മദത്താലന്ധനാം നരന്‍ .
റോക്കറ്റും ബോംബും പിന്നെ മിസ്സൈലുംഫൈറ്റര്‍ജെറ്റും
കൂപമണ്ഡൂകം നരന്‍ ലോകനായകനെന്നോ?
ഇത്തിരിപ്പോന്നനിനക്കീവകയെല്ലാം വെറും
കളിക്കോപ്പുകളെന്നതറിഞ്ഞില്ലല്ലോ പാവം
അളമുട്ടിയ നിനക്കെന്തുണ്ട് നോക്കാന്‍ ? നിന്റെ
പ്രതികാരാഗ്‌നിയിലെല്ലാം ചാമ്പലാവട്ടേയെന്നോ!
കണ്ടാലുമറിയാതെ കണ്ണടച്ചിരുട്ടാക്കും
കൊണ്ടാലേ പഠിക്കുമീ നരജന്മം ഹാ കഷ്ടം!
പണമേറെയായ്, പിന്നെ പഠനം ഗവേഷണം
ദീര്‍ഘനാള്‍ പണിപ്പെട്ട് കിട്ടിയ വാക്സിന്‍ കണ്ട്
പിന്നെയുമര്‍മാദിക്കാന്‍ കോപ്പു കൂട്ടീടുന്നൊരീ
അജ്ഞനാം മനുഷ്യനോടോതി നീ നിശബ്ദമായ്
‘ഇനിയും പഠിച്ചില്ലേ? ഹന്ത കഷ്ടമീ നരന്‍
മമ രൂപവും ‘ജീനും’ മാറിയതറിഞ്ഞില്ലേ?
ഇനിയും മാറ്റം വരും, മാറുമീ നീയും ഞാനും
മാറ്റത്തിന് മാത്രം മാറ്റമില്ലറിയില്ലേ?”
നരനും കൊറോണയും രൂപിയുമരൂപിയും
ദൃശ്യരൂമദൃശ്യരും ചേര്‍ന്നതീ മണ്ണിന്‍ ജീവന്‍
ഇല്ല നീ ഞാനില്ലെങ്കില്‍, ഇല്ല ഞാന്‍ നീയില്ലെങ്കില്‍
മര്‍ത്യന്റെയകക്കണ്ണു നീ തുറപ്പിച്ചൂ കോവിഡ്.
നാമെല്ലാമൊരമ്മതന്‍ മക്കള്‍ ഭൂമാതാവിന്റെ
സമ്പത്തും വാത്സല്യവും സമമായര്‍ഹിക്കുന്നോര്‍
അന്യോന്യം കണ്ടും കേട്ടും താങ്ങായും തണലായും
ഒന്നിച്ചു പാര്‍ക്കാം നമുക്കമ്മയെ സംരക്ഷിക്കാം.