ശ്രീനാരായണഗുരു

ബ്രാഹ്മണ മേധാവിത്വശക്തിയും ഭരണവും,
അബ്രാഹ്മണര്‍ക്കന്നു നിഷിദ്ധം കല്‍പ്പിച്ചപ്പോള്‍,
വഴിയെ നടക്കുവാന്‍ തേവരെ പൂജിക്കുവാന്‍
കഴിയാ പാവം ജനം തീണ്ടാപ്പാടകന്നപ്പോള്‍…
മാമലയാം മരുത്വാമലതന്നുള്ളിലായ്
മാസങ്ങളും പിന്നെ വര്‍ഷങ്ങളും,
ആരോരുമില്ലാത്ത പിള്ളത്തടം തന്നില്‍,
ആശ്രയം ദൈവതമായി കഴിഞ്ഞവന്‍….
അരുവിപ്പുറത്തും കൊടിതൂക്കിമലയിലും
അരിയതപം ചെയ്തു സിദ്ധിയും നേടിനാന്‍,
നെയ്യാറില്‍ മുങ്ങിത്തപ്പി ശിലയൊന്നെടുത്തൊരു-
പീഠത്തില്‍ വച്ചു പ്രതിഷ്ഠിച്ചു ശിവാംശമായ്..
പ്രണമിക്കുന്നു പിന്നെ പൂജിക്കുന്നു പീഡിതര്‍
പ്രണവാക്ഷരപൊരുളാകുമാശിവയോഗിയെ,
ഈശ്വരനായും പ്രതിരൂപമായും പരമാത്മാ,
ഈയുഗപുരുഷനായും മാറിയല്ലോ ഭവാന്‍.
അയിത്തമനാചാരമന്ധവിശ്വാസങ്ങളെ
ആട്ടിയകറ്റിയങ്ങകവും തെളിച്ചവന്‍,
ഭക്തരാം സഹസ്രങ്ങളിന്നും ഭജിക്കുന്നു
ഭക്തപരായണനാകിയ ദേവനെ….
ഈശനെതൊഴുവാന്‍ തന്നു പൂജിക്കാനമ്പലങ്ങളും,
സ്വാതന്ത്ര്യം സ്വമേധയാ നടക്കാന്‍ വഴി തന്നു,
ജാതിയോ മതമോ വേണ്ടാ സവര്‍ണ്ണദൈവവും വേണ്ട
ആരിലും കനിയുന്നൊരീശ്വരന്‍ മാത്രം മതി….
നേരിന്നു നേരായി നിജകര്‍മ്മമെല്ലാം-
ധീരത്വമാര്‍ന്നന്‍പൊടു ചെയ്തുദേവന്‍
ഉച്ചനീചത്വവും മതവൈരവും വേണ്ടാ പിന്നെ,
ഉത്തംഗ ശ്രേണികളിലൂന്നതാനായീടുക….
സമത്വം പരസ്പരം നമുക്കായൊരുക്കുക
മാതൃരാജ്യത്തിന്‍ തവമക്കളാം നാമെല്ലാരും
എന്നുരുള്‍ ചെയ്ത ഗുരുദേവപെരുമാളി-
നെന്നെന്നേക്കുമായിട്ടെന്നുടെ പ്രണാമങ്ങള്‍..

Author

Scroll to top
Close
Browse Categories