മഹാഗുരു
ദുരിതങ്ങളെ വിസ്മൃതിക്കേകിടാന്‍
സുകൃതസ്വപ്‌നങ്ങളില്‍ തീര്‍ത്ഥം തെളിക്കുവാന്‍
ഭൂജാതനായ് ഗുരു ഇവിടെ നവോത്ഥാന-
തേര്‍ തെളിക്കാന്‍ മാനവര്‍ തന്റെ വീഥിയില്‍
അവശര്‍ അവര്‍ണ്ണര്‍ അധഃസ്ഥിതര്‍ കോടികള്‍
അകലങ്ങളില്‍ വീണടിഞ്ഞ മോഹങ്ങളും
കരുണയും കനിവുമാ ഗ്രീഷ്മശിഖരങ്ങളില്‍
ഉടലറ്റുപോയി വസന്തം കിനാവുകള്‍
പ്രണയത്തിനുറവയായ് വന്നു നീ മാനവ-
ഹൃദയത്തിനീണമായ് രാഗതാളങ്ങളായ്
ദൈവങ്ങളെ പ്രതിഷ്ഠിച്ചെത്ര പിന്നെയും
സര്‍വ്വാവകാശം വിളമ്പീ അവര്‍ണ്ണനില്‍
ഒരു നല്ലകാലം മനോജ്ഞസ്വപ്‌നങ്ങളും
പിറവികൊണ്ടായിരം പൂക്കള്‍ വിരിയവെ
തരളചിത്തങ്ങള്‍ക്കു സാന്ത്വന ഗീതമായ്
നവസംസ്‌കൃതികള്‍ക്കു ജീവിതം സാക്ഷിയായ്!
അണയാത്ത ദീപം വസന്തം മനസിന്റെ
നിറചാരുതയ്ക്കു മഴവില്ലു തീര്‍ത്തുനീ
ഗുരുവേ നീ താരകത്തിന്‍ പ്രഭ ചിന്തവേ-
വഴി മാറി നിന്നു ചരിത്രം അന്നുര്‍വ്വിയില്‍!
എത്ര സൗവര്‍ണ്ണകാലങ്ങളെപ്പുല്‍കി നീ
വിശ്വചക്രവാള സീമകള്‍ക്കപ്പുറം
നീയാം സുഗന്ധം ഒഴുകട്ടനന്തമായ്
ജീവന്റെ ചില്ലയില്‍ കാലപ്പകര്‍ച്ചയില്‍.
9946334996