വാണിജ്യ സിനിമയിലെ ക്ളാസ് ടച്ച്

സിനിമയില്‍ 44 വര്‍ഷങ്ങള്‍ പിന്നിടുന്ന സംവിധായകന് ജോഷി സപ്തതിയിലെത്തി നില്‍ക്കുകയാണ്. മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റ്മേക്കര്‍മാരിലൊരാളായ ജോഷിയുടെ ചലച്ചിത്രാനുഭവ വഴികള്‍.

മലയാള സിനിമയിലെ ഒരു സംവിധായകന് 70 വയസ് പൂര്‍ത്തിയാക്കുന്നു എന്നതും തന്റെ പ്രവര്‍ത്തന മേഖലയില്‍ 44 വര്‍ഷങ്ങള്‍ പിന്നിടുന്നു എന്നതും കേവലം കണക്കുകള്‍ മാത്രമാണ്. അതിനപ്പുറം കര്‍മ്മരംഗത്ത് അദ്ദേഹം മറ്റുളളവരില്‍ നിന്ന് വിഭിന്നമായി എന്ത് ചെയ്തു എന്നതാണ് വിലയിരുത്തപ്പെടേണ്ടത്. അത്തരമൊരു അപഗ്രഥനത്തിലേക്ക് കടക്കും മുന്‍പ് ചരിത്രപരമായ ചില സവിശേഷതകളെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്.
അഞ്ച് തലമുറകൾ കടന്ന
സിനിമാ ജീവിതം
അഞ്ച് തലമുറകളിലുടെ കടന്ന് പോയ ഒന്നാണ് ജോഷി എന്ന ചലച്ചിത്രകാരന്റെ സിനിമാ ജീവിതം. പ്രേംനസീര്‍ മുതല്‍ ആസിഫ് അലി വരെ…ജോഷി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി ആക്ഷനും കട്ടും പറയാത്ത നടന്മാരില്ല. അഞ്ച് തലമുറകളെ മുന്‍നിര്‍ത്തി സിനിമകള്‍ ഒരുക്കുകയും അതെല്ലാം തന്റെ വിജയത്തിന്റെ പട്ടികയില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു എന്നതാണ് ജോഷിയുടെ പ്രത്യേകത.
അദ്ദേഹം സിനിമ എടുത്തത് അവാര്‍ഡുകള്‍ മോഹിച്ചല്ല. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടിയല്ല. 200 രൂപ കൊടുത്ത് തീയറ്ററില്‍ കയറുന്ന പ്രേക്ഷകന് മനസ് നിറഞ്ഞ് ആസ്വദിക്കാന്‍ കഴിയണം എന്ന മിനിമം അജണ്ട മാത്രമായിരുന്നു എന്നും ജോഷിക്ക്. അതില്‍ അദ്ദേഹം എക്കാലവും വിജയിച്ചുപോന്നു.

സമകാലികരായ ഐ.വി.ശശി അടക്കമുള്ള പല വലിയ സംവിധായകരുടെയും പ്രഭാവം കുറഞ്ഞപ്പോഴും ഒരേ പ്രതാപത്തോടെ നാല് പതിറ്റാണ്ടായി തല ഉയര്‍ത്തി നിന്ന ജോഷി ന്യൂജന്‍ സിനിമാക്കാര്‍ക്കൊപ്പവും താന്‍ അജയ്യനാണെന്ന് തെളിയിച്ച് മുന്നേറുകയാണ്. ഇക്കൊല്ലം 70 -ാം വയസിലെത്തുന്ന അദ്ദേഹത്തിന്റെ ബുദ്ധിക്കും ചിന്തയ്ക്കും ഭാവനയ്ക്കും നിത്യയൗവ്വനമാണെന്ന് പറയാതെ വയ്യ.
പല വമ്പന്‍ സംവിധായകരും കാലത്തിനൊത്ത് മാറുന്നില്ല എന്ന പരാതിയില്‍ പ്രേക്ഷകര്‍ കയ്യൊഴിഞ്ഞപ്പോള്‍ ഏറ്റവും പുതിയ ആഖ്യാനരീതിയില്‍ റോബിന്‍ഹുഡ് എന്ന സിനിമയൊരുക്കി സിനിമാ പ്രേമികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും ഞെട്ടിച്ചു കളഞ്ഞു ജോഷി.
പ്രേംനസീറിനെയും രവികുമാറിനെയും സുധീറിനെയും മധുവിനെയും ജയനെയും സോമനെയും സുകുമാരനെയും വച്ച് സിനിമയെടുത്ത് ഹിറ്റാക്കിയ ജോഷി പിന്നീട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ്ഗോപിയെയും ജയറാമിനെയും ദിലീപിനെയും പൃഥ്വിരാജിനെയും ജയസൂര്യയെയും ആസിഫ് അലിയെയും വച്ച് പടമെടുത്ത് വിജയിപ്പിച്ചു. അടുത്തിടെ ജോജു ജോര്‍ജിനെയും ചെമ്പന്‍ വിനോദിനെയും വച്ച് ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് കളക്ഷന്‍ റിക്കാര്‍ഡുകള്‍ മറികടന്നു എന്ന് മാത്രമല്ല മികച്ച സിനിമ എന്ന അഭിപ്രായം നേടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ജോഷി ഒരുക്കിയ പാപ്പന് തീയറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

സമാനതകളില്ലാത്ത
ന്യൂഡല്‍ഹി
മമ്മൂട്ടി തന്റെ കരിയറില്‍ പൂര്‍ണ്ണ മായും ഔട്ടായെന്ന് പ്രചരിപ്പിക്കപ്പെട്ട കാലത്താണ് ന്യൂഡല്‍ഹി എന്ന സമാനതകളില്ലാത്ത സിനിമയിലൂടെ ജോഷി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. ക്ളാസ് കമേഴ്സ്യല്‍ മൂവി എന്ന് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ സത്യജിത്ത്റായ് വിശേഷിപ്പിച്ച ന്യൂഡല്‍ഹി ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജോഷി തന്നെ സംവിധാനം ചെയ്ത് വിജയിപ്പിച്ചു.
മലയാള താരസംഘടനയായ അമ്മ മുഴുവന്‍ അഭിനേതാക്കളെയും അണിനിരത്തി ട്വന്റ ി ട്വന്റി എന്ന പടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്ക്കും സ്വീകാര്യതയുളള ഒരു സംവിധായകന് വേണ്ടിയുളള അന്വേഷണമായി. ഐക്യകണേ്ഠന എല്ലാ താരങ്ങളും പിന്തുണച്ചത് ജോഷിയെ ആയിരുന്നു. ആ സിനിമയാകട്ടെ വന്‍വിജയം നേടുകയും ചെയ്തു.
പിന്നീട് പല സന്ദര്‍ഭങ്ങളിലും വീണുവെന്ന് ദോഷൈകദൃക്കുകള്‍ പ്രചരിപ്പിച്ചുവെങ്കിലും ഫീനിക്സ് പക്ഷിയെ പോലെ താത്കാലിക പരാജയങ്ങളില്‍ നിന്ന് കൂടുതല്‍ ശക്തിയോടെ ഉയര്ത്തെണിക്കുന്ന ജോഷിയെയാണ് കേരളം കണ്ടത്.
പുതിയ
ചലച്ചിത്രസംസ്കാരം

ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ വരവോടെ ജോഷിയുടെ ചലച്ചിത്രജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയായി. ഇംഗ്ളീഷ് നോവലുകളെ അധികരിച്ച് ഡെന്നീസ് ഒരുക്കിയ തിരക്കഥകള്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. കേരളത്തിന്റെ അന്തരീക്ഷവും സംസ്കാരവും അതിലേക്ക് സമര്‍ത്ഥമായി വിലയിപ്പിക്കാനും കോര്‍ ഐഡിയ അഥവാ പ്ലോട്ട് മാത്രം സ്വീകരിച്ച് സിനിമയെ തനത് ശൈലിയില്‍ പുതുക്കി പണിയാനും പ്രതിഭാധനനായ ഡെന്നീസിന് കഴിഞ്ഞു. നിറക്കൂട്ടും ന്യൂഡല്‍ഹിയും ശ്യാമയും നായര്‍ സാബും അടക്കമുളള ജോഷി ചിത്രങ്ങള്‍ ഇതിവൃത്തപരമായും ആഖ്യാനസംബന്ധിയായും വലിയ കുതിച്ചു ചാട്ടങ്ങള്‍ നടത്തി. വാണിജ്യസിനിമയുടെ പരമ്പരാഗതമായ രസക്കൂട്ടുകളും ചട്ടക്കുട്ടുകളും പുതുക്കി പണിത സിനിമയായിരുന്നു നിറക്കൂട്ട്. നിറക്കൂട്ടില്‍ നറേറ്റീവിന്റെ ഏകതാനതയെ നിരാകരിച്ച് ഒരു കഥാവസ്തു രണ്ട് പേരുടെ വീക്ഷണകോണില്‍ വ്യത്യസ്തമായ തലത്തില്‍ അവതരിപ്പിച്ചുകൊണ്ട് വാണിജ്യസിനിമയ്ക്കും മധ്യവര്‍ത്തി സിനിമയ്ക്കും ഇടയില്‍ നില്ക്കുന്ന മാന്യമായ ഒരു ചലച്ചിത്രസംസ്കാരം തന്നെ രൂപപ്പെടുത്താന്‍ ജോഷിക്ക് കഴിഞ്ഞു. ഇതില്‍ ഡെന്നീസ് ജോസഫിന്റെ പങ്ക് പരമപ്രധാനമാണ് എന്ന് പറയാമെങ്കിലും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനുളള ജോഷിയുടെ കഴിവും ശ്രദ്ധേയമാണ്. അതിഭാവുകത്വവും കടുത്ത ചായക്കൂട്ടുകളും യുക്തിരഹിതമായ ചിന്താധാരകളും കഥാസന്ദര്‍ഭങ്ങളും ഉപരിപ്ലവ സ്വഭാവമുളള രംഗങ്ങളും ഉപരിതലസ്പര്‍ശിയായ സംഭാഷണങ്ങളുമെല്ലാം പാടെ മാറ്റി നിര്‍ത്തിക്കൊണ്ട് യാഥാര്‍ത്ഥ്യബോധമുളള ത്രില്ലര്‍ സിനിമകള്‍ ഒരുക്കാന്‍ ജോഷിക്ക് സാധിച്ചു.
പുതിയ
ദൃശ്യഭാഷ
ഇന്ന് വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന വാക്കാണ് മേക്കിംഗ്. ഫിലിം മേക്കിംഗ് എന്നതിന്റെ ലഘുരൂപം.
വാണിജ്യസിനിമയില്‍ മേക്കിംഗ് എന്ന പദത്തിന് അര്‍ത്ഥവും ആഴവും നല്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രകാരനാണ് ജോഷി. ചെമ്മീന്‍ ഒരുക്കിയ രാമു കാര്യാട്ടും കെ.ജി.ജോര്‍ജും മറ്റും മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായിരുന്നുവല്ലോ?

ദൃശ്യനിര്മ്മിതിയിലും വിന്ന്യാസത്തിലും ജോഷി സ്വീകരിച്ച ശൈലി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഫ്രെയിം കോംപസീഷന്, കളര്‍ടോണ്‍, ലൈറ്റിംഗ് പാറ്റേണ്‍, നുതനവും കൃത്യവും ഔചിത്യപൂര്‍ണ്ണവുമായ ക്യാമറാ ചലനങ്ങള്‍, ക്യാരക്ടര്‍ മുവ്മെന്റ്സ് എന്നിവയിലൂടെ പുതിയ ഒരു ദൃശ്യഭാഷ തന്നെ രൂപപ്പെടുത്താന്‍ ജോഷിക്ക് സാധിച്ചു. മുന്‍പ് സൂചിപ്പിച്ച കളളനും പോലീസും സിനിമയ്ക്ക് അന്നേ വരെ അപരിചിതമായ ഒന്നായിരുന്നു സാങ്കേതിക മികവും സൗന്ദര്യശാസ്ത്രപരമായി ഉയര്‍ന്ന തലത്തില്‍ നില്ക്കുന്നതുമായ ഈ ദൃശ്യപരിചരണം. ആദ്യന്തം ബഹളമയമായ അടിപ്പടങ്ങളില്‍ നിശ്ശബ്ദത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചലച്ചിത്രഭാഷയില്‍ തികഞ്ഞ അവഗാഹമുളള ജോഷി തെളിയിച്ചു. ദൃശ്യവിന്ന്യാസത്തിലെ അവധാനതയും മിതത്വവും ജോഷിക്ക് കരതലാമലകം പോലെ അനായാസം നിലനിര്‍ത്താന്‍ സാധിച്ചു.

ചടുലതയും ഉദ്വേഗവും തീവ്രസംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും എല്ലാം സമന്വയിക്കുന്ന സിനിമകളില്‍ പച്ചയായ ജീവിതത്തിന്റെ മിന്നാട്ടങ്ങളും മനുഷ്യപ്രകൃതത്തിന്റെയും മനുഷ്യമനോഭാവങ്ങളുടെയും തിരയിളക്കങ്ങളും സമര്‍ത്ഥമായി തുന്നിച്ചേര്‍ക്കാനും ഈ ചലച്ചിത്രകാരന് സാധിച്ചു.
ശ്യാമ എന്ന ചിത്രം പരിശോധിച്ചാല്‍ പതിവ് ജോഷി സിനിമകളുടെ ചായക്കൂട്ടുകളൊന്നും തന്നെയില്ലാത്ത ഒന്നായിരുന്നു അത്. മീഡിയോകര്‍ സിനിമകളുടെ ആഖ്യാനരീതിയില്‍ അസാധാരണമായ കൈയടക്കത്തോടെയും കയ്യൊതുക്കത്തോടെയും പക്വതയോടെയുമാണ് ജോഷി ഈ ചിത്രത്തിന്റെ പരിചരണം നിര്‍വഹിച്ചിട്ടുളളത്.

കുട്ടനാടന്‍ ജീവിതപശ്ചാത്തലത്തില്‍ ഒരുക്കിയ ‘സംഘം’ പതിവ് ത്രില്ലര്‍ ഗണത്തില്‍ നിന്ന് വിഭിന്നമായി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ ജീവിതം മനോഹരമായി ആലേഖനം ചെയ്ത സിനിമയാണ്.
എസ്.എന്‍. സ്വാമി, എ.കെ.സാജന് എന്നീ എഴുത്തുകാരെയും ഈ കാലയളവില്‍ ജോഷി സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുകയുണ്ടായി.ധ്രുവം എന്ന ചിത്രം അതിന്റെ കഥാപശ്ചാത്തലവും കഥാപരിസരവും കൊണ്ട് മാത്രമല്ല ജോഷിയുടെ ആവിഷ്കാര മികവ് കൊണ്ട് കൂടിയാണ് ശ്രദ്ധേയമായത്.
ഡെന്നീസുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഒരുക്കിയ ജോഷി പത്മരാജനുമായി ചേര്‍ന്ന് ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രം ഒരുക്കിയപ്പോള്‍ സവിശേഷമായ പത്മരാജന് ടച്ചിനൊപ്പം ജോഷി ടച്ചും സമന്വയിക്കുകയാണുണ്ടായത്. എന്നാല്‍ ഇതര ജോഷി ചിത്രങ്ങള്‍ പോലെ ആ സിനിമ ഒരു വന്‍വിജയമായില്ല.
ലോഹിതദാസിന്റെ കടന്നു വരവോടെ ജോഷി അദ്ദേഹവുമായി ചേര്‍ന്ന് മൂന്ന് സിനിമകള്‍ ഒരുക്കി. അതുവരെയുളള പ്രമേയ പരിസരങ്ങളില്‍ നിന്നും മൂല്യസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യതിചലിച്ച കുട്ടേട്ടന് എന്ന ചിത്രം വിപണനവിജയം കൈവരിച്ചില്ലെങ്കിലും ജോഷി-ലോഹിതദാസ് കൂട്ടിലെ ഒരു രസികന്‍ സിനിമയായിരുന്നു. പതിവ് മുന്‍വിധികള്‍ പാടെ മാറ്റി വച്ച് യാഥാത്ഥ്യബോധത്തിന്റെ അടിത്തറയില്‍ ഒരുക്കിയ ചിത്രം. ഇതേ കൂട്ടുകെട്ടില്‍ പിന്നീട് വന്ന കൗരവറും മഹായാനവും ജോഷിയില്‍ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറം കടന്ന് വളര്‍ന്ന സിനിമകളായിരുന്നു. ഗൗരവമേറിയ ചലച്ചിത്രസങ്കല്‍പ്പങ്ങളും തന്റെ വ്യൂഫൈന്‍ഡറിന് വഴങ്ങുമെന്ന് ജോഷി ആവര്‍ത്തിച്ച് തെളിയിച്ചു.
ഇക്കാലത്ത് എം.ടിയുടെ രചനയില്‍ അംഗുലീമാലന് എന്നൊരു ചരിത്രസിനിമയ്ക്ക് ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ അത് യാഥാര്‍ത്ഥ്യമായില്ല.
പൊതുവേദികളില്‍ ഇല്ല
അഭിമുഖങ്ങളുമില്ല
മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍
കുറച്ച് സംസാരം കൂടുതല്‍ പ്രവര്‍ത്തി എന്നതാണ് അദ്ദേഹത്തിന്റെ രീതി. പൊതുവെ മിതഭാഷിയായ അദ്ദേഹം പൊതുവേദികളില്‍ സംസാരിക്കാറില്ല. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാറില്ല. അര്‍ത്ഥശൂന്യമായ അവകാശവാദങ്ങളില്‍ ജോഷി വിശ്വസിക്കുന്നില്ല. തനിക്ക് പറയാനുളളത് തന്റെ സിനിമകളിലുടെ പറയുന്നുവെന്ന് വിശ്വസിക്കുന്നു എക്കാലത്തെയും ഈ മാസ്റ്റര്‍ ഡയറക്ടര്‍.
മദ്യപിക്കാത്ത, പുകവലിക്കാത്ത, പരദൂഷണങ്ങളിലും കുതികാല്‍വെട്ടിലും തത്പരനല്ലാത്ത സ്വന്തം കര്‍മ്മത്തില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്ന സവിശേഷ വ്യക്തിത്വമാണ് .
ഓരോ ദിവസവും പുറത്തിറങ്ങുന്ന സിനിമകള്‍ കഴിയുന്നതും ആദ്യഷോ തന്നെ തീയറ്ററുകളില്‍ പോയി കാണുന്ന പതിവ് നാല് പതിറ്റാണ്ടുകളായി അദ്ദേഹം മുടക്കിയിട്ടില്ല. ഭാഷാഭേദമെന്യേ എല്ലാത്തരം സിനിമകളും അദ്ദേഹം തന്റെ വീട്ടിലെ ഹോം തീയറ്ററില്‍ കാണുന്നു. പരമാവധി അപ്ഡേറ്റ് ആയിരിക്കുക എന്നതാണ് ജോഷിയുടെ തിയറി.
കേരളത്തിലെ ആദ്യകാല തീയറ്ററുകളായ വര്‍ക്കല വാസു-ഗൗരി തീയറ്ററുകള്‍ ജോഷിയുടെ കുടുംബവകയാണ്. യഥാക്രമം അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് തീയറ്ററിനും നല്‍കിയിരിക്കുന്നത്.
സംവിധാനം ചെയ്ത സിനിമകളില്‍ 95% വും ഹിറ്റുകളാക്കിയ ജോഷി നാല്‍പ്പത് വര്‍ഷമായി ഒരേ പ്രഭാവത്തോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു എന്നത് ചെറിയ കാര്യമല്ല.
എന്താണ് ജോഷിയെ ഇതര വാണിജ്യസിനിമാ സംവിധായകരില്‍ നിന്നുംവ്യത്യസ്തനാക്കുന്നത്? ജോഷിയുടെ സിനിമകളില്‍ ഏറിയ പങ്കും ആക്ഷന്‍ ത്രില്ലറുകളാണ്. കളളനും പോലീസ് സിനിമകളെന്ന് പലരും അതിലെ ലഘൂകരിച്ച് സംസാരിക്കുന്നതിനും സാക്ഷിയായിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ നിസാരമായി തളളിക്കളയാവുന്ന ഒന്നായിരുന്നില്ല ജോഷിയുടെ ഇതിവൃത്ത-ആഖ്യാനസമീപനങ്ങള്‍.
1978 ല്‍ റിലീസ് ചെയ്ത ടൈഗര്‍ സലിം എന്ന ശരാശരി തട്ടുപൊളിപ്പന്‍ സിനിമയുമായാണ് ജോഷി തന്റെ സിനിമായാത്ര ആരംഭിക്കുന്നത്. ആ സിനിമ ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നില്ല. പിന്നാലെ വന്ന മൂര്‍ഖന്‍ എന്ന ചിത്രം ജയന്റെ മരണത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത ഒരു സിനിമ എന്ന നിലയില്‍ സ്വാഭാവിക വിജയം കൈവരിച്ചുവെങ്കിലും ഒരു ചലച്ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഘടകങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.
എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ ജോഷി പ്രകടമായ വഴിമാറി നടത്തം നടത്തുകയുണ്ടായി. ആ രാത്രി, സന്ദര്‍ഭം, മുഹൂര്‍ത്തം 11.30, ജനുവരി ഒരു ഓര്‍മ്മ എന്നിങ്ങനെ കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ജോഷി സിനിമകള്‍ ശുദ്ധ കുടുംബസിനിമകളായിരുന്നു.
എന്നാല്‍ മമ്മൂട്ടി-പെട്ടി-കുട്ടി എന്നൊരു ഫോര്‍മുല എന്ന് പറഞ്ഞ് പലരും ഇതിനെ അധിക്ഷേപിക്കുകയുണ്ടായി. മമ്മൂട്ടിയും അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് കഥാപാത്രങ്ങളും ബേബി ശാലിനിയും എന്ന അര്‍ത്ഥത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍ പ്രേക്ഷകര്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. ഈ ജനുസില്‍ പെട്ട സിനിമകള്‍ ഒരു ട്രന്‍ഡ് സെറ്റര്‍ ആയി പരിണമിച്ചു എന്ന് മാത്രമല്ല ആരെയും അസൂയപ്പെടുത്തുന്ന ബോക്സ് ഓഫീസ് വിജയം കരസ്ഥമാക്കുകയും ചെയ്തു.
അങ്ങനെ തട്ടുപൊളിപ്പന്‍ അടിപ്പടങ്ങള്‍ എന്ന ലേബലില്‍ നിന്നും ക്ളീൻ ഫാമിലി സിനിമകള്‍ എന്ന തലത്തിലേക്ക് ജോഷി ഒരു പടി ഉയര്‍ന്നു. അതിന്റെ പാരമ്യതയില്‍ എത്തിയ സിനിമയായിരുന്നു ഒരു കുടക്കീഴില്. ജോഷിയുടെ അതുവരെയുളള ചലച്ചിത്രസമീപനങ്ങളില്‍ നിന്ന് പാടെ ഒരു വ്യതിയാനം. മാധവിക്കുട്ടിയോട് സാമ്യമുളള ഒരു എഴുത്തുകാരിയൂടെ ജീവിതം പറഞ്ഞ ഈ സിനിമ പക്ഷെ ഹിറ്റായില്ലെന്ന് മാത്രമല്ല കളക്ഷന്‍ അടിസ്ഥാനത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ഭരതനും പത്മരാജനും മോഹനും കെ.ജി.ജോര്‍ജും കയ്യാളിയ മധ്യവര്‍ത്തി സിനിമകളിലേക്ക് എത്തിപ്പെടാനുളള ജോഷിയുടെ ആദ്യശ്രമം പ്രമേയപരമായും സൗന്ദര്യശാസ്ത്രപരമായും ആഖ്യാനപരമായും ഒരു വിജയം തന്നെയായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് കുറെക്കൂടി ചടുലതയും ഉദ്വേഗവുമുളള സിനിമകളാണ് എന്ന തിരിച്ചറിവില്‍ നിന്നാവാം ജോഷി കളം മാറ്റി ചവുട്ടി.
ഏറ്റവും വലിയ വെല്ലുവിളി
രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ഒരുക്കിയ നരേന് ജോഷിയുടെ മറ്റൊരു വഴിമാറി നടത്തമായിരുന്നു.

കുടുംബബന്ധങ്ങളും തീവ്രജീവിതയാഥാര്‍ത്ഥ്യങ്ങളൂം കൂട്ടിയിണക്കി ശക്തമായ സിനിമകള്‍ ഒരുക്കാന്‍ ഈ കാലയളവില്‍ ജോഷിക്ക് കഴിഞ്ഞു.
രഞ്ജിപണിക്കരുടെ തീപ്പൊരി ഡയലോഗുകളുടെ അകമ്പടിയോടെ ഒരുങ്ങിയ പത്രം, ലേലം എന്നീ സിനിമകളിലും ജീവിതത്തിന്റെ പ്രത്യഭിന്നമായ മുഖങ്ങള്‍ അനാവരണം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. സമകാലിക രാഷ്ട്രീയവും സാമൂഹ്യപ്രതിബദ്ധതയുമുളള സിനിമകള്‍ അന്തസുറ്റ പരിചരണ രീതിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചപ്പോള് വിമര്‍ശകര്‍ മൗനികളായി. ഒരു കളളിയിലും തളച്ചിടാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി ക്രമേണ ജോഷി വളര്‍ന്നു.
ശശികുമാറും എ.ബി.രാജും എം.കൃഷ്ണന് നായരും അടക്കമുളള ഹിറ്റ്മേക്കര്‍മാര്‍ തുടങ്ങി വച്ച മലയാളത്തിലെ പരമ്പരാഗത വാണിജ്യ സിനിമയെ കാലാനുസൃതമായിനവീകരിച്ചുകൊണ്ടഗുണപരമായ പരിണതികള്‍ സൃഷ്ടിച്ചു എന്നതാണ് ജോഷിയുടെഏറ്റവും വലിയ സംഭാവന.

നിറക്കൂട്ട്, ന്യൂഡല്‍ഹി, ശ്യാമ, ദിനരാത്രങ്ങള്‍, പൊറിഞ്ചു മറിയം ജോസ്, പത്രം …എന്നീ ചിത്രങ്ങള്‍ ഈ സമീപനത്തിന്റെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളായി നിലനില്ക്കുന്നു.
താരസംഘടനയായ അമ്മ നിര്‍മ്മിച്ച ട്വന്റി ട്വന്റിയാണ് കരിയറില്‍ ജോഷി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി ഒരു സിനിമ ഒരുക്കുക എന്നത് വാസ്തവത്തില്‍ ഒരു ഹിമാലയന്‍ ടാസ്ക് തന്നെയായിരുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അത്രയും ശ്രമകരമായ ഒരു ദൗത്യം മറ്റൊരാളെ വിശ്വസിച്ച് ഏല്‍പ്പിക്കാനും സംഘടനക്ക് കഴിഞ്ഞില്ല. എല്ലാവരുടെയും മനസില്‍ ഒരു പേരേ ഉണ്ടായിരുന്നുളളു. ജോഷി. സിനിമാ ജീവിതത്തില്‍ ജോഷിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെയായിരുന്നു ഈ ചിത്രം ഒരുക്കാന്‍ ലഭിച്ച അവസരം. എന്നാല്‍ അതിന്റെ വിജയത്തെ സംബന്ധിച്ച് പലരും ആകുലചിത്തരായിരുന്നു. നൂറ് കണക്കിന് കഥാപാത്രങ്ങള്‍. ആര്‍ക്കും വേണ്ടത്ര ശ്രദ്ധയോ പ്രാധാന്യമോ ലഭിക്കാതെ കഥ ചിതറിപ്പോകാനിടയുണ്ട്. എന്നാല്‍ എല്ലാ പ്രതികൂലാവസ്ഥകളും മൂന്‍കൂട്ടി കണ്ട് സമര്‍ത്ഥമായി നിലകൊള്ളാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും ജോഷിക്ക് കഴിഞ്ഞു. ട്വന്റി ട്വന്റിയും വലിയ വിജയചിത്രങ്ങളില്‍ ഒന്നായി.
പിന്നീട് ഉദയകൃഷ്ണ-സിബി കെ തോമസ്, സച്ചി സേതു, ആര്.ജെ ഷാന്‍ എന്നിങ്ങനെ ഏറ്റവും പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കളുമായി കൈകോര്‍ക്കുന്ന ജോഷിയെ നാം കണ്ടു.



കാലത്തിന് മുന്നേ
ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പൊറിഞ്ചു മറിയം ജോസ്, പാപ്പന് എന്നീ സിനിമകളില്‍ പുതിയ തലമുറയോട് ഇഞ്ചോട് ഇഞ്ച് മത്സരിക്കുന്ന ആഖ്യാനശൈലിയിലൂടെ എഴുപതാം വയസിലും താന്‍ കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ചലച്ചിത്രകാരനാണെന്ന് ജോഷി തെളിയിച്ചു. പ്രതിഭക്കും സര്‍ഗാത്മകതക്കും പ്രായപരിധിയില്ലെന്ന പറയാതെ പറച്ചിലുകളായി മാറി ജോഷിയുടെ സമീപകാല സിനിമകള്‍.
ഒരു നിമിഷം പോലും ആളുകളെ മുഷിപ്പിക്കാതെ ആദ്യന്തം തീയറ്ററുകളില്‍ പിടിച്ചിരുത്താനുളള സവിശേഷമായ കഴിവാണ് ജോഷിയുടെ വിജയരഹസ്യം. അദ്ദേഹത്തിന്റെ കരിയറിലെ വന്‍പരാജയ ചിത്രങ്ങളായി ആയിരം കണ്ണുകള്‍, വീണ്ടും , ന്യായവിധി, തന്ത്രം, സായംസന്ധ്യ എന്നീ സിനിമകള്‍ പോലും ഇന്നും മുഷിപ്പില്ലാതെ കണ്ടിരിക്കാം.
ചിലര്‍ക്ക് ചിലരേ വാഴൂ എന്നൊരു വിശ്വാസം സിനിമയിലുണ്ട്. മോഹന്‍ലാലിനെ വച്ച് നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ പ്രിയദര്ശന് മമ്മൂട്ടിയുമായി ഒരുമിച്ചപ്പോഴെല്ലാം പരാജയം വരിക്കാനായിരുന്നു വിധി. അതുപോലെ ലാലിനൊപ്പം വിജയകഥകള്‍ മാത്രം പറഞ്ഞ സത്യന് അന്തിക്കാടും മമ്മൂട്ടിയും ചേര്‍ന്ന് ഒരുക്കിയ സിനിമകള്‍ ഒന്നൊന്നായി വീണു. അര്‍ത്ഥം, കളിക്കളം എന്നീ പടങ്ങള്‍ മാത്രം പേരിന് പിടിച്ചു നിന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഐ.വി.ശശി സുരേഷ് ഗോപിയുമായി ചേര്‍ന്നപ്പോഴൊക്കെ പരാജയമായിരുന്നു ഫലം.
എന്നാല്‍ ജോഷിക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ല. മമ്മൂട്ടിയുടെ വന്‍വിജയസിനിമകളുടെ സാരഥിയായി അറിയപ്പെട്ട ജോഷി തന്നെ മോഹന്‍ലാലിനും സുരേഷ്ഗോപിക്കും ദിലീപിനും മെഗാഹിറ്റുകള്‍ സമ്മാനിച്ചു. നായകന് ആരായാലും ജോഷിയുടെ ക്രാഫ്റ്റ്മാന്‍ഷിപ്പും പ്രേക്ഷക മനശാസ്ത്രത്തെക്കുറിച്ചുള്ള ബോധ്യവും തന്നെയാണ് മലയാള സിനിമയിലെ അനിഷേധ്യനായ ഹിറ്റ് മേക്കര്‍ എന്ന പദവിയില്‍ ഈ സപ്തതി വര്‍ഷത്തിലും അദ്ദേഹത്തെ നിലനിര്‍ത്തുന്നത്.
വരും കാലങ്ങളിലും ഇന്നത്തെ അതേ പ്രഭാവത്തോടെ ജോഷിയുടെ സാന്നിദ്ധ്യം മലയാള സിനിമയില്‍ ഉണ്ടാവുമെന്ന് തന്നെയാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.