ശാന്തിയുടെയും, വേദനയുടെയും മഞ്ഞ്
നിരവധി എഴുത്തുകാർക്ക് പ്രചോദനമായ നിള, എംടിയ്ക്കു നൽകിയ
സർഗചേതന അളവറ്റതു തന്നെയെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്
അദ്ദേഹമെഴുതിയ നോവലുകളും,ചെറുകഥാസമാഹാരങ്ങളും, തിരക്കഥകളും.
“ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!”
എം.ടി. രണ്ടാമൂഴം
എത്രയോ എഴുത്തുകാരുടെ സൃഷ്ടികളാൽ ശ്രേഷ്ഠമായിത്തീർന്ന മലയാള ഭാഷയിൽ, ഒരൊറ്റ വ്യക്തിയുടെ നാമത്തിലേ ഒരു പ്രത്യേക പ്രയോഗമുള്ളൂ — എംടിയ്ക്കു പഠിയ്ക്കുക!
എം.ടി. എന്ന ഇഷ്ട നാമത്തിൽ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ നമ്മുടെ ഭാഷയിലെഅപൂർവ രത്നമാണ്.
പാലക്കാട് വിക്ടോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ തന്നെ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരവുമായെത്തിയ കൂടല്ലൂർകാരൻ, പഴയത് പുതിയത് എന്ന വ്യത്യാസമില്ലാതെ, എല്ലാ തലമുറയിൽപ്പെട്ടവരുടെയും ആരാധനാബിംബമായി മാറി. കഥാപാത്ര നിർമ്മിതിയിൽ എംടി പ്രദർശിപ്പിയ്ക്കുന്ന അത്ഭുതകരമായ ക്രാഫ്റ്റ്സ്മാൻഷിപ്പ് സ്കിൽ എന്നതൊന്നാണ് അദ്ദേഹത്തിന്റെ കഥകൾ ജനപ്രിയമാകാനുള്ള പ്രാഥമിക കാരണം. ‘നാലുകെട്ടി’ലെ അപ്പുണ്ണി, ‘മഞ്ഞി’ലെ വിമല, ‘ഇരുട്ടിന്റെ ആത്മാവി’ലെ വേലായുധൻ, ‘പള്ളിവാളും കാൽച്ചിലമ്പി’ലെ വെളിച്ചപ്പാട്, ‘അസുരവിത്തി’ലെ ഗോവിന്ദൻകുട്ടി, ‘കുട്ട്യേടത്തി’യിലെ കുട്ട്യേടത്തി, ‘ഓപ്പോളി’ലെ ഓപ്പോൾ, ‘രണ്ടാമൂഴ’ത്തിലെ ഭീമൻ. ഓർമ്മയുള്ളിടത്തോളം കാലം കുടിയിറങ്ങാത്ത കഥാപാത്രങ്ങൾ.
നിളയുടെ തീരത്ത് വർഷങ്ങൾക്കു മുന്നെ നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ’പാവങ്ങൾ’ വാങ്ങി വായിക്കണമെന്നാണ് അദ്ദേഹം ഓർമ്മപ്പെടുത്തിയത്. ഫ്രഞ്ച് സാഹിത്യകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന വിക്ടർ യൂഗോ രചിച്ച ലെസ് മിസറബിൾസ് (Les Misérables) എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘പാവങ്ങൾ’.
നൈനിറ്റാലിന്റെ പശ്ചാത്തലത്തിൽ രചിച്ച മഞ്ഞാണ് ഈ ലേഖകനെ ഏറ്റവും കൂടുതൽ ആകർഷിച്ച എംടിയുടെ നോവൽ. പ്രതീക്ഷയും വിറങ്ങലിപ്പും മനുഷ്യ മനസ്സിനെ ഒരേ അളവിൽ സ്വാധീനിയ്ക്കുന്ന മറ്റൊരു കഥയും നമ്മുടെ ഭാഷയിൽ പിറവികൊണ്ടിട്ടില്ലെന്നു തന്നെ പറയാം. സ്വന്തം പിതാവിനെ ഒരു നോക്കു കാണാൻ കാത്തിരിക്കുന്ന തോണിക്കാരൻ ബുദ്ദുവും, ചിരി ഒരു അത്ഭുത സിദ്ധിയാണെന്ന് വായനക്കാരെ അനുസ്മരിപ്പിച്ചു അകന്നുപോയ സർദാർജിയും, നല്ലവനെങ്കിലും ഒരു സ്ത്രീക്കു വിലപ്പെട്ടതെല്ലാം കവർന്നെടുത്തു അപ്രത്യക്ഷനാകുന്ന സുധീർ കുമാർ മിശ്രയും, മേൽചുണ്ടിനുമേൽ നനുത്ത നീല രോമങ്ങളുള്ള വിമലയും തീർക്കുന്ന മഞ്ഞുലോകം നമ്മുടെ ഉള്ളിൽ ശാന്തിയുടെയും, വേദനയുടെയും, അതേ സമയം ഒളിമങ്ങാത്ത പ്രത്യാശയുടെയും അലകളാണ് ഉയർത്തുന്നത്. ഒരിയ്ക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ടവനു വേണ്ടി കോടമഞ്ഞിന്റെ മരവിപ്പില്ലാതെ വിമല കാത്തിരിക്കുന്നു. താൻ വഞ്ചിക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് തിരിച്ചറിയാൻ മനസ്സുവരാതെ അവൾ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു, “വരും, വരാതിരിക്കില്ല.” വായനക്കാരുടെ ഹൃദയതാളവും വിമലയുടെ ഈ വാക്കുകളാണ്.
നിളയുടെ തീരത്ത് വർഷങ്ങൾക്കു മുന്നെ നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ’പാവങ്ങൾ’ വാങ്ങി വായിക്കണമെന്നാണ് അദ്ദേഹം ഓർമ്മപ്പെടുത്തിയത്. ഫ്രഞ്ച് സാഹിത്യകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന വിക്ടർ യൂഗോ
രചിച്ച ലെസ് മിസറബിൾസ് (Les Misérables) എന്ന
പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘പാവങ്ങൾ’.
പിതാവിന്റെ വേർപാടിൽ ഒന്നു കരയാൻ പോലും കഴിയാത്ത വിമലയുടെ വിധി, ഈ സീസണിൽ അല്ലെങ്കിൽ അടുത്ത സീസണിലെങ്കിലും തന്റെ അച്ഛൻ ഇങ്ങെത്തും എന്ന് കരുതുന്ന ബുദ്ദുവിന്റേതിനേക്കാൾ പരുക്കനാണെന്ന യാഥാർഥ്യം വായനക്കാരെ ശരിക്കും അലോസരപ്പെടുത്തും. എന്നിരുന്നാലും, തോണി പുറപ്പെടാൻ സമയമായിട്ടും ഒരു യാത്രക്കാരനെ പോലും കടവത്ത് കാണാതിരുന്ന ബുദ്ദുവിന്റെയും, ‘വരും, വരാതിരിക്കില്ല’യെന്ന വിശ്വാസം വിമലയുടേതു പോലെ വളരെ സുശക്തമാണ്. യഥാർത്ഥത്തിൽ, ആ വിശ്വാസം മഞ്ഞും, നൈനിറ്റാലും, എംടി സൃഷ്ടിച്ച ലോകവും പിളർന്നെത്തുന്നൊരു പ്രത്യാശയുടെ കിരണം പേറുന്ന സാർവലൗകിക സന്ദേശമായി മാറുകയാണ്.
മണ്ണെണ്ണ സുലഭമല്ലാതിരുന്ന തന്റെ കുട്ടിക്കാലത്തു, രാത്രിയിൽ അധിക നേരമിരുന്നു വായിക്കാൻ പോലും കഴിയാതിരുന്ന എംടി, ഇത്രയും ശക്തിയേറിയ കഥാപാത്രങ്ങളെ വരച്ചിടാൻ പോകുന്നൊരു എഴുത്തുകാരനായിത്തീരുമെന്നു അന്നാരും കരുതിക്കാണില്ല! പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ, നിളാനദിയുടെ തീരത്ത്, അന്നും ഇന്നും നാട്ടിൻപുറമായി നിലകൊള്ളുന്ന കൂടല്ലൂരിൽ മഹാനായൊരു സാഹിത്യകാരൻ ജന്മം കൊണ്ടതു മലയാണ്മയുടെ മാത്രമല്ല, ഈ ലോകത്തിന്റെ തന്നെ പൊതു സുകൃതമാണ്. നിരവധി എഴുത്തുകാർക്ക് പ്രചോദനമായ നിള, എംടിയ്ക്കു നൽകിയ സർഗചേതന അളവറ്റതു തന്നെയെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് അദ്ദേഹമെഴുതിയ നോവലുകളും,ചെറുകഥാസമാഹാരങ്ങളും, തിരക്കഥകളും.
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എംടി അഭ്രപാളിയിൽ രചിച്ച കവിതകൾ അദ്ദേഹത്തിന്റെ നോവലുകളെക്കാളോ ചെറുകഥകളെക്കാളോ മനം കവരുന്നവയാണെന്നു കരുതുന്നവരും ധാരാളം. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘പഞ്ചാഗ്നി’, ‘നഖക്ഷതങ്ങൾ’, ‘അമൃതം ഗമയ’, ‘ആരൂഢം’, ‘ആൾക്കൂട്ടത്തിൽ തനിയെ’, ‘ഋതുഭേദം’, ‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’, ‘പെരുന്തച്ചൻ’, ‘സുകൃതം’, ‘പരിണയം’, ‘പഴശ്ശിരാജ’ മുതലായ സിനിമകൾ ചലച്ചിത്രമെന്ന ആവിഷ്കാര കലയുടെ ഭാഷ്യം തന്നെ തിരുത്തിയെഴുതി.
ഗ്രിഗറിയൻ കലണ്ടർ പ്രകാരം, ജൂലൈ 15-ന് അദ്ദേഹത്തിന് 89 തികഞ്ഞു. കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ ജനിച്ച അക്ഷരശ്രീയ്ക്ക് ഇനിയുമെത്രയോ ജന്മദിനങ്ങൾ കാണാൻ അവസരമുണ്ടാകട്ടെ!