ദൈവത്വത്തിന്റെ മഹിത കാന്തികൾ

‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’,
‘മധുരം നിന്റെ ജീവിതം’ എന്നീ പുസ്തകങ്ങൾ
മുൻനിർത്തി ചില ചിന്തകൾ.

ശ്രീനാരായണ ഗുരുവും വിശുദ്ധ മറിയവും പരമമായ ദൈവസത്തയുടെ പ്രതിബിംബം തന്നെയാണെന്നതിന്റെ ബോധ്യങ്ങളാണ് കെ.പി. അപ്പൻ ഈ പുസ്തകങ്ങളിൽ അവതരിപ്പിക്കുന്നത്. ഒരേ ദൈവചേതനയുടെ വ്യത്യസ്ത അവതാരങ്ങളായ ഗുരുവും മറിയവും വിശ്വമാനവികതയുടെ മഹാസന്ദേശത്തെയാണ് ഭൂമിയിൽ വിളംബരം ചെയ്തതെന്ന് അപ്പൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

ഈശ്വരതത്ത്വത്തിന്റെ പൊൻകതിരുകൾ ഭൂമിയൊന്നാകെ പ്രസരിപ്പിച്ച ഇരുവരും അനന്തമായി ആകാശവും കവിഞ്ഞ് നിറഞ്ഞു വിളങ്ങിയ സാർവലൗകികസ്നേഹത്തിന്റെ പവിത്രനൂലുകളാൽ മനുഷ്യരാശിയെ അനുഗ്രഹിക്കുകയായിരുന്നെന്ന് ഈ പുസ്തകങ്ങൾ സാക്ഷ്യം പറയുന്നു. ഒരു പുരുഷനിലോ സ്ത്രീയിലോ ദൈവിക പ്രതിച്ഛായ കണ്ടെത്തുമ്പോൾ, ബാഹ്യരൂപത്തെയല്ല, വ്യക്തിയുടെ ആത്മാവിനെയാണ് തൊടുന്നതെന്ന വേദാന്തചിന്തയോട് ഇണങ്ങി നില്ക്കുന്നതാണ് അപ്പന്റെ നിരീക്ഷണങ്ങൾ. ദൈവികസത്തയുള്ള മനുഷ്യപ്രകൃതിയെ സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായി വീക്ഷിക്കുമ്പോൾ വിവേകശാലികൾക്ക് കണ്ടെത്താവുന്ന രണ്ട് സ്ത്രീ- പുരുഷ ദൈവേച്ഛകളെയാണ് അപ്പൻ കണ്ടെടുക്കാൻ ശ്രമിക്കുന്നത്.
ദൈവകേന്ദ്രമായ ആദർശമാനവികതയെ ശ്വസിച്ചുകൊണ്ട് ദൈവാനുഭവത്തെ മനഷ്യത്വത്താൽ നിറയ്ക്കാനാണ് ഗുരു ശ്രമിച്ചത്. മാനുഷികതയുടെ അടിസ്ഥാനപരമായ സ്വഭാവം നന്മ തന്നെയാണെന്നും അതെങ്ങനെ ശാശ്വതമായി നിലനിർത്താമെന്നുമാണ് ഗുരു ആലോചിച്ചതെന്നും അപ്പൻ എഴുതുന്നു.
അതേസമയം, കൃപാവരത്താൽ നിറഞ്ഞവളായിരുന്നു മറിയമെന്നും ആ കൃപാവരം മനുഷ്യരാശിയിലേക്ക് ഒഴുകുകയായിരുന്നെന്നും അപ്പൻ. ത്യാഗത്തിന്റെ സമൃദ്ധിയാണ് മറിയത്തെ മനുഷ്യരാശിയുമായി ബന്ധിപ്പിക്കുന്നത്. മറിയത്തിന്റെ ആ നിസ്തുലതയാണ് അവരുടെ ജീവിതത്തെ മധുരതരമാക്കിയതെന്നും അദ്ദേഹം പറയുന്നു.

അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല. രണ്ടു ഭാവങ്ങളാണ്. അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലും നന്മനിറഞ്ഞ മറിയത്തിന്റെ സ്വഭാവത്തിന്റെ അംശമുണ്ടത്രെ.
ഗുരുവിന്റെ വാക്കുകളിൽ ഒഴുകിയത് സാർവലൗകികസ്നേഹത്തിന്റെ സ്നേഹമായിരുന്നെന്നും അത് ചരിത്രത്തിൽ വ്യാപിച്ച ഹിന്ദോളരാഗമായിരുന്നുവെന്നും അപ്പൻ കണ്ടെത്തുന്നു.
ദൈവം അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ ഉന്നതനായ അധിപൻ, മനുഷ്യരാശിയെ രക്ഷിക്കാനായി മനുഷ്യരൂപത്തിൽ അവതരിക്കുന്നു എന്ന വിശ്വാസത്തെ വേദാന്തമതവും ക്രിസ്തുമതവും ഉറപ്പിക്കുന്നുണ്ടല്ലോ. ദൈവത്തിന്റെ പ്രതിബിംബമായ മനുഷ്യാത്മാവിനും ദൈവികത്വത്തെ ആശ്രയിക്കാതെ ഭക്ഷണം നേരം പോലും നിലനിൽക്കാവില്ല എന്ന വേദാന്തദർശനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയാണ് അപ്പൻ ഗുരുവിനെയും മറിയത്തെയും വായിക്കുന്നത്. സ്ത്രീയിലും പുരുഷനിലും നിലീനമായ ദൈവികതയെ എത്രത്തോളം സാക്ഷാത്കരിക്കാൻ മനുഷ്യന് കഴിയും എന്നതിന്റെ പരമസാക്ഷ്യങ്ങളാണ് കന്യാമേരിയും ശ്രീനാരായണഗുരുവും.ലോകത്തിന്റെ നിയമാവലികളെ മാറ്റുന്ന ശക്തിയായ ജ്ഞാനസ്വരൂപനെ ഭൂമിയിൽ അവതരിപ്പിക്കുമ്പോഴും, സഹജമായ മാതൃത്വത്തിന്റെ മഹിതരൂപമായി മേരിമാതാവ് നില കൊണ്ടു. ഈശ്വരീയതയെ ഭൂമിയിലേക്ക് ആവാഹിച്ച മഹാപുരുഷനായി നിൽക്കുമ്പോഴും, പ്രകൃതിയ്ക്ക് വിധേയപ്പെട്ടു ജീവിക്കുന്ന പാവം മനുഷ്യരെ ഗുരു കാരുണ്യത്തോടെ കണ്ടു. സ്ത്രീപുരുഷ കാരുണ്യങ്ങളുടെ പൂർണപ്രത്യക്ഷതയായിരുന്നു കന്യാമേരിയും നാരായണഗുരുവും എന്ന് തെളിമലയാള ഭാഷയിലാണ് കെ. പി. അപ്പൻ നമ്മോടു പറയുന്നത്. ഭാവാത്മക സൗന്ദര്യത്തിന്റെ ഇമ്പത്തിൽ യഥാർത്ഥ ദൈവികതയെക്കുറിച്ച് പറഞ്ഞ മറ്റൊരു നിരൂപകൻ മലയാളത്തിലില്ല.
കാരുണ്യവും അനുകമ്പയും മാനവസ്നേഹവും അനുഭവമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അപ്പോൾ മാത്രമേ ഗുരുവരുളിന്റെ സാരം തെളിഞ്ഞു കിട്ടൂ. ജാതി, മത, ലിംഗ, വർഗ, പ്രായമില്ലാതെ അത് ശീലിക്കുകയും പകരുകയും ചെയ്യുമ്പോൾ നാം ഗുരുവിന്റെയും മറിയത്തിന്റെയും പാതകളിലെ സഞ്ചാരികളാകൂവെന്നും ഈ പുസ്തകങ്ങൾ നമ്മോടു പറയുന്നു.
94473 42167