ജീവിതവും പ്രതാപും തമ്മില്‍…
നടനും സംവിധായകനുമായ പ്രതാപ് പോത്തന് ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ മലയാള സിനിമയുടെ ഒരു സുവര്‍ണ്ണകാലഘട്ടമാണ്
ഓര്‍മ്മയാവുന്നത്.
വളഞ്ഞവഴികള്‍ വശമില്ലാത്ത ആരെയും കൈമണി അടിക്കാനറിയാത്ത ഒരാള്‍. നല്ല ഒഴുക്കോടെ മലയാളം സംസാരിക്കാനറിയാത്ത മലയാളി. പക്ഷെ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കില്ല-പ്രതാപ് പോത്തന് സ്വയം വിലയിരുത്തുന്നത് ഇങ്ങനെ.
പൊതുവെ കേരളം പാരകളുടെ കേന്ദ്രമാണ്. ഒരു തെറ്റും ചെയ്യാതെ ചുമ്മാതിരിക്കുന്നവരെ പോലും ദ്രോഹിക്കും.
-പ്രതാപ് പോത്തന് കേരളത്തെപറ്റി.
ചില ജാതകങ്ങള്‍ ഇങ്ങനെയാണ്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ. പ്രതാപ് പോത്തന്റെ ജീവിതം ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. അത്യപൂര്‍വമായ വിജയങ്ങള്‍ എത്തിപ്പിടിച്ച ഒരു ജന്മം. അതോടൊപ്പം ദുരന്താത്മകമായ ഒരു വ്യക്തിജീവിതത്തിലൂടെ കടന്നുപോയ ജന്മം. രണ്ടും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ അഭിശപ്തമായ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. പ്രതാപ് പക്ഷെ ഒരിക്കലും വിഷാദ നായകനായില്ല. ശൈശവ നിഷ്ളങ്കതയുളള സുന്ദരമായ ചിരി കൊണ്ട് അദ്ദേഹം തന്റെ അനുഭവദോഷങ്ങളെ മറികടന്നു. ദൈവത്തെ തോല്‍പ്പിച്ചു. ഒടുവില്‍ ഇതാ ഈ എഴുപതാം വയസില്‍ ദൈവം അദ്ദേഹത്തിന്റെ ചീട്ട് കീറുമ്പോള്‍ ബാക്കിയാവുന്നത് മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്.
പ്രതാപ്പോത്തനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്ന പേര് തകര എന്ന കഥാപാത്രത്തിന്റേതായിരിക്കും. ആ സിനിമ പുറത്തിറങ്ങി നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും തകര പ്രേക്ഷകഹൃദയത്തില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. കേരളത്തില്‍ ആദ്യകാലത്ത് ബെന്‍സ് കാറുകളുടെ ഡീലറായിരുന്ന കുളത്തിങ്കല്‍ പോത്തന്റെ മകനായിരുന്നു പ്രതാപ്പോത്തന്. അന്ന് ബെന്‍സിലായിരുന്നു അദ്ദേഹം സ്കൂളില്‍ പോയി വന്നിരുന്നത്. വലിയ കോടീശ്വരന്മാര്ക്ക് പോലും അത് സങ്കല്പ്പിക്കാന് കഴിയാത്ത കാലം. പിന്നീട് ജേഷ്ഠന് ഹരിപോത്തന് ചലച്ചിത്രനിര്മ്മാതാവായപ്പോള് വീട്ടില്‍ പതിവുകാരായ ഭരതനും പത്മരാജനും പ്രതാപിന്റെ സുഹൃത്തുക്കളായി. ആ ബന്ധം പ്രതാപിനെ നടനാക്കി മാറ്റി. തനിക്കില്ലാത്ത പേരും പെരുമയും ഗ്ളാമറും ജനപ്രീതിയും അനുജന് കൈവന്നത് ഹരിയെ അസ്വസ്ഥനാക്കിയെന്നും തന്റെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ഹരി ആവുന്നത്ര ശ്രമിച്ചെന്നും പല അഭിമുഖങ്ങളിലും പ്രതാപ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടാന്നും പ്രതിഭാധനനായ ഒരു കലാകാരനെ തളര്‍ത്താന്‍ കഴിഞ്ഞില്ല. നായകന്, ഉപനായകന്‍, വില്ലന്‍..ഈ നിലകളിലൊക്കെ തിളങ്ങിയ പ്രതാപ് തമിഴ്,തെലുങ്ക് ഭാഷകളിലും വെന്നിക്കൊടി നാട്ടി.
താമസിയാതെ സംവിധാന രംഗത്തേക്കും കടന്ന പ്രതാപ് ആദ്യമായി ഒരുക്കിയ മീണ്ടും ഒരു കാതല്ക്കഥൈ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി നാഷനല്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് കമലഹാസനെ നായകനാക്കി ജീവയും എം.ടിയുടെ തിരക്കഥയില്‍ ഋതുഭേദവും ഒരുക്കിയ പ്രതാപ് ഡെയ്സി, യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലുടെ സംവിധായകന് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
എന്നാല്‍ നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും വ്യക്തിജീവിതത്തില്‍ വിധി അദ്ദേഹത്തെ തോല്‍പ്പിച്ചുകൊണ്ടിരുന്നു. നടി രാധികയുമായുള്ള ആദ്യവിവാഹം പരാജയപ്പെട്ട പ്രതാപ് അമല എന്ന സ്ത്രീയെ രണ്ടാമത് വിവാഹം കഴിച്ചെങ്കിലും അതും നീണ്ടു നിന്നില്ല. മകള്‍ കേയ മാത്രമാണ് ഇടയ്ക്കെങ്കിലും പ്രതാപിനെ അന്വേഷിച്ച് എത്തിയിരുന്നത്. അദ്ദേഹത്തിനും മകളോട് വലിയ സ്നേഹമായിരുന്നു.
കുറച്ചുകാലം സിനിമകളില്ലാതെ വനവാസത്തിലായിരുന്ന അദ്ദേഹം 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ അതിശക്തനായ വില്ലന്‍ കഥാപാത്രത്തിലുടെ രണ്ടാംവരവ് ഉജ്ജ്വലമാക്കി. തുടര്‍ന്ന് മലയാളത്തിലെ ന്യൂജന്‍ സിനിമകളിലെ അവിഭാജ്യഘടകങ്ങളിലൊന്നായി മാറി. അയാളും ഞാനും തമ്മില്‍ എന്ന സിനിമ പ്രതാപിലെ നടന് ഇന്നും എത്ര കരുത്തനാണെന്ന് തെളിയിക്കുന്നതായിരുന്നു.
പരിചാരകരും ഡ്രൈവര്‍മാരും ആഞ്ജാനുവര്‍ത്തികളും സഹായികളും ആരാധകവൃന്ദവും എല്ലാമായി രാജാവിനെ പോലെ ജീവിച്ച അദ്ദേഹം ഒടുവില്‍ ജീവിതത്തിന്റെ പടിയിറങ്ങിയത് തീര്‍ത്തും ഏകനായാണ്. പക്ഷെ അദ്ദേഹത്തിന് ദുഖമുണ്ടാകാന് വഴിയില്ല. കാരണം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ചില സിനിമകളും കഥാപാത്രങ്ങളും ബാക്കി വച്ചിട്ടാണല്ലോ അദ്ദേഹം കടന്നുപോയത്.
ഒരു പതിറ്റാണ്ട് മുന്‍പ് ആദ്യമായി കാണുമ്പോള്‍ പ്രതാപ് സിനിമയുടെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ചെന്നൈയിലെ വസതിയില്‍ ഏകാന്തതയുടെ ഓരം പറ്റി ജീവിക്കുന്ന മനുഷ്യനാണ്. മറയില്ലാതെ ജീവിതം തുറന്ന് പറയുന്നതില്‍ ഒട്ടും വിമുഖതയില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം ആദ്യമായി കാണുന്ന ഒരാള്‍ എന്ന അപരിചിതത്വം തീരെയില്ലാതെ വളരെ സ്വകാര്യമായ അനുഭവങ്ങള്‍ പോലും പ്രതാപ് പങ്ക് വച്ചു.
ആ ഓര്‍മ്മയിലെ ചില സുവര്‍ണ്ണ നിമിഷങ്ങള്‍ ഇവിടെ അടയാളപ്പെടുത്തുന്നു.
വളരെ ഭാഗ്യവാനായ ഒരു മനുഷ്യനായാണ്
പൊതുസമൂഹം പ്രതാപിനെ നോക്കി കാണുന്നത്?
പുറത്ത് നിന്ന് നോക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നത് ഒരു കോടീശ്വരപുത്രനായാണ്. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ പപ്പയുടെ ബിസിനസില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചെങ്കിലും ചേട്ടന് ഹരിപോത്തന് മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു. ചേട്ടന്റെ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഞാന്‍ ഭരതനും പത്മരാജനുമായി സൗഹൃദത്തിലാവുന്നത്. അവരുടെ കണ്ണിലുടക്കിയത് ഞാന്‍ എന്ന വ്യക്തിയെക്കാളുപരി എന്നിലെ കലാകാരനായിരുന്നു.
പ്രതാപിലെ നടന് വളര്‍ന്നു വരുന്നതില്‍ ജ്യേഷ്ഠന് അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്?
ജീവിച്ചിരുന്ന കാലത്ത് എന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും തടസം നിന്ന വ്യക്തി ഹരിയായിരുന്നു. നടന് എന്ന നിലയില്‍ എന്റെ വളര്‍ച്ചയും ജനപ്രീതിയും ഹരി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അസൂയയാണെന്ന് പലരും പറഞ്ഞു. അയാളുടെ മനസില്‍ എന്തായിരുന്നുവെന്ന് ഇന്നും എനിക്കറിയില്ല. ഭരതനും പത്മരാജനും എന്നെ നായകനാക്കി തകര പ്ലാന്‍ ചെയ്തപ്പോള്‍ അത് വിലക്കാന്‍ ഹരി 6 തവണ ശ്രമിച്ചതായി കെ.പി.എ.സി ലളിത അവരുടെ ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തകരയില്‍ അഭിനയിക്കും മുന്‍പ് ഞാന്‍ അനുഗ്രഹത്തിനായി ഹരിയെ വിളിച്ചു. എടുത്തടിച്ചതു പോലെ അയാള്‍ എന്നോട് ചോദിച്ചു. ”നിന്റെ മുഖം വല്ലവരും കാണുമോ?”
നടന് എന്ന നിലയില്‍ ഞാന്‍ ശ്രദ്ധേയനായ ശേഷവും എന്നെ തകര്‍ക്കാനായിരുന്നു ഹരിയുടെ ശ്രമം.
ജ്യേഷ്ഠന് മരിച്ചപ്പോള്‍ പ്രതാപ് കാണാന്‍ പോയിരുന്നോ?
പോയി. ഇല്ലെങ്കില്‍ ഞാനും അയാളും തമ്മിലെന്താണ് വ്യത്യാസം.
ഒരമ്മ പെറ്റവര്ക്കിടയില് ഇത് എങ്ങനെ സംഭവിച്ചു?
അംബാനിമാര്ക്കിടയില് പോലും ഭിന്നതയില്ലേ? നമ്മള് രക്തബന്ധം, കുടുംബബന്ധം എന്നൊക്കെ പാടിപ്പുകഴ്ത്തുന്നതില്‍ യാതൊരു അര്ത്ഥവുമില്ലെന്നതാണ് എന്റെ അനുഭവം. ആത്മാര്‍ത്ഥതയുളള സൗഹൃദങ്ങളാണ് പ്രധാനം. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്ക്കാന് സുഹൃത്തുക്കളേ കാണൂ.
മറ്റ് സഹോദരങ്ങള്‍ക്കും ഇതേ നിലപാടായിരുന്നോ?
മോഹന്‍ എന്ന സഹോദരന് ചെറുപ്പത്തിലേ മരിച്ചുപോയി. പിന്നെയുളളത് രണ്ട് പെങ്ങാന്മാരാണ്. ഞാന്‍ പോപ്പുലറായതില് അവര്‍ക്ക് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. പക്ഷെ പ്രതിസന്ധിഘട്ടത്തില്‍ അവഗണിക്കാനാണ് അവരും ശ്രമിച്ചത്.
ബിസിനസ് കുടുംബത്തില്‍ നിന്നൊരു കലാകാരന്. ഈ അത്ഭുതം എങ്ങനെ സംഭവിച്ചു?
എന്റെ ജീനുകളില്‍ ദൈവം അങ്ങനെയൊരു വികൃതി കാണിച്ചു. ഞാന്‍ ചെറുപ്പത്തിലേ വരയ്ക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. അഭിനയവാസനയും ഉണ്ടായിരുന്നു.
സമ്പന്നതയുടെ നടുവിലായിരുന്നില്ലേ ബാല്യം?
എന്റെ അപ്പന് കേരളത്തിലെ നമ്പര്‍ വണ്‍ വ്യവസായി ആയിരുന്നു. ഇംപാലയും മേഴ്സിഡസ് ബെന്‍സും വിരലിലെണ്ണാവുന്നവർക്ക് പോലും ഇല്ലാതിരുന്ന കാലത്ത് ഞങ്ങള്‍ സൈക്കിള്‍ ഓടിക്കുന്ന ലാഘവത്തോടെ അതില്‍ സഞ്ചരിച്ചു. ബിസിനസുകാരനെങ്കിലും വ്യത്യസ്ത കാഴ്ചപ്പാടായിരുന്നു അപ്പന്. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരന്. സ്വര്‍ണ്ണക്കട വരെ പാര്‍ട്ടിക്ക് വിട്ടുകൊടുത്തു. പിന്നീട് ഫുള്‍ടൈം ബിസിനസുകാരനായി.
അമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍?
നമ്മള് കുലസ്ത്രീയെന്നൊക്കെ പറയാറില്ലേ? ആ തരത്തില്‍ ഒരു മാതൃകാവനിതയായിരുന്നു എന്റെ അമ്മ. അപ്പന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്തുണയേകി അമ്മ ഒപ്പം നിന്നു. പാര്‍ട്ടിക്ക് വേണ്ടി ഒളിവുജീവിതം നയിച്ച ഘട്ടത്തില്‍ പോലും അമ്മ ദുര്‍മുഖം കാണിച്ചിട്ടില്ല. ഭര്‍ത്താവിനെ മനസിലാക്കുന്ന ഭദ്രമായ ദാമ്പത്യത്തിന് അടിത്തറയേകാന്‍ കഴിവുളള യഥാര്ത്ഥഭാര്യയായിരുന്നു അമ്മ.
പ്രതാപ് കൂടുതലും പറഞ്ഞിട്ടുളളത് പപ്പയെക്കുറിച്ചാണ്?
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുന്നതില് പപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാന്‍ 5 വയസ് മുതല്‍ 16 വയസ് വരെ പഠിച്ചത് ഊട്ടിയിലെ ലോറന്‍സ് സ്കൂളിലാണ്. 15 വയസ് വരെയേ പപ്പയെ കാണാന്‍ ഭാഗ്യം സിദ്ധിച്ചുളളു. അപ്പോഴേക്കും പപ്പ മരിച്ചു.
പപ്പയുടെ മരണശേഷമാണോ ഫാമിലി ബിസിനസ് തകര്‍ന്നത്?
ഓര്‍മ്മയില്‍ വല്ലാത്ത നടുക്കം സൃഷ്ടിക്കുന്ന ഒന്നാണ് ആ കാലം. അതിസമ്പന്നതയില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ കൗമാരം വരെ ജീവിതത്തിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞിട്ടില്ല. മദ്രാസ് ക്രിസ്ത്യന്‍ കോളജിലായിരുന്നു ഗ്രാജുവേഷന്. കാശുളള പയ്യനായതു കൊണ്ട് ജീവിതം വളരെ ഈസിയായിരുന്നു. ബിരുദം ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ കുടുംബബിസിനസ് തകര്‍ന്നു. വസ്തുക്കള്‍ കണ്ടുകെട്ടി. കേസും മറ്റുമായി ആകെ പ്രശ്നം. ശരിക്കും പണമില്ലാത്ത അവസ്ഥ വന്നു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ ഞങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടായി. പക്ഷെ അക്കാലം വരെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട ചുമതല എന്റെ ചുമലിലായി. ജോലി തേടി ഞാന്‍ മുംബൈയ്ക്ക് പോയി. മാസം 400 രൂപയ്ക്ക് വരെ പണിയെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ തിരിച്ചുവന്ന് ഒരു പരസ്യക്കമ്പനിയില്‍ കോപ്പിറൈറ്ററായി. അതില്‍ കഴിവ് തെളിയിച്ചപ്പോള്‍ മാസം 2000 രൂപ വരെ ശമ്പളം കിട്ടി. അക്കാലത്ത് അത് വലിയ തുകയാണ്.
ചെന്നൈയില്‍ വച്ച് ഭരതനുമായുണ്ടായ പരിചയമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
സമ്പന്നതയില്‍ നിന്ന് പെട്ടെന്ന് പണമില്ലാത്ത
അവസ്ഥ നേരിട്ടപ്പോള്‍?
കാമ്പസില്‍ ആദ്യവര്‍ഷം ലാവിഷായി ജീവിച്ചിട്ട് തൊട്ടടുത്ത വര്‍ഷം കാല്‍ക്കാശ് കയ്യിലില്ലാതെ വരിക. വല്ലാത്ത ഷോക്കായിരുന്നു അത്. വലിയ പണക്കാരന്റെ മകന് എന്ന പേരില്‍ തിളങ്ങി നിന്ന ഒരാള്‍ പെട്ടെന്നുള്ള ദരിദ്രനാകുമ്പോള്‍ ഉണ്ടാകുന്ന കോംപ്ലക്സ് മാരകമാണ്. കോളേജില്‍ നഷ്ടമായ ഇമേജ് എങ്ങനെ തിരിച്ചുപിടിക്കുമെന്ന് രാപ്പകല്‍ ആലോചിച്ചു. അന്നുവരെ ഉളളില്‍ ഉറങ്ങിക്കിടന്ന കലാവാസന പൊടിതട്ടിയെടുത്തു. ഡ്രാമയും മറ്റ് കലാപരിപാടികളുമായി കോളജില്‍ ഹീറോയായി. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളും വീണിടത്തു നിന്ന് എങ്ങനെ കരകയറണമെന്നതും സംബന്ധിച്ച ഉള്‍ക്കാഴ്ച തന്നത് ആ കാലമായിരുന്നു.
തകര, ചാമരം, ആരവം, നവംബറിന്റെ നഷ്ടം..
കലാപരമായും സാമ്പത്തികമായും വിജയിച്ച
ചിത്രങ്ങളിലെ നായകനായിട്ടും പ്രതാപിന്
അര്‍ഹിക്കുന്ന തിരക്കുണ്ടായില്ല?
ഒന്നുകില്‍ ദീര്‍ഘകാലം കണ്ടിരിക്കാന്‍ പറ്റിയ മുഖമായിരിക്കില്ല എന്റേത്. അല്ലെങ്കില്‍ പാരകള്‍ നടത്തിയ ദുഷ്പ്രചരണങ്ങളാവാം. എനിക്ക് ഭ്രാന്താണെന്ന് വരെ പറഞ്ഞു നടന്നവരുണ്ട്. ചെറിയകാര്യങ്ങള്‍ പോലും നടന്റെ കരിയറിനെ ബാധിക്കുന്ന കാലമാണത്. നടന് ജോസ് തിളങ്ങി നിന്ന സമയത്ത് അയാളെ പുറത്താക്കാന്‍ ചിലര്‍ കരുനീക്കങ്ങള്‍ നടത്തി. മോശമായി പറയാന്‍ ഒന്നുമില്ലാത്ത മനുഷ്യനാണ് ജോസ്. ഒടുവില്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ ജോസ് സെറ്റില്‍ കുടിക്കാന്‍ കരിക്ക് ചോദിക്കുന്നു എന്നായി ആരോപണം.
ഈ ഘട്ടത്തിലൊക്കെ ജ്യേഷ്ഠന്റെ നിലപാട് എന്തായിരുന്നു?
സംവിധായകന് എന്ന നിലയില്‍ ഞാന്‍ പേരെടുത്ത കാലത്ത് ആത്മ എന്ന തമിഴ് പടം ചെയ്യാനായി ഹരി എന്നെ സമീപിച്ചു. കഴിഞ്ഞതെല്ലാം മറന്ന് സ്നേഹിക്കുകയാണെന്ന് ശുദ്ധഗതിക്കാരനായ ഞാന്‍ ധരിച്ചു. ഒടുവില്‍ സിനിമയുടെ പേരിലുണ്ടായ മുഴുവന്‍ കടബാദ്ധ്യതകളും എന്റെ തലയിലായി.
സംവിധായകന് ആവാനുളള തീരുമാനം?
പണ്ടേ ക്രിയേറ്റീവ് സൈഡില്‍ താത്പര്യമുണ്ടായിരുന്നു. പിന്നെ എന്റെ സഹവര്‍ത്തിത്വം മുഴുവന്‍ രണ്ട് അപൂര്വപ്രതിഭകളോടൊപ്പമായിരുന്നു. ഭരതനും പത്മരാജനും. ഞാന്‍ എല്ലാം പഠിച്ചത് അവരില്‍ നിന്നായിരുന്നു. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും എന്ന പോലെ അതിന്റെ അനുരണങ്ങള്‍ എന്നിലുമുണ്ടായി.
രാധികയെ കണ്ടുമുട്ടുന്നത്?
ഞങ്ങള്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത ‘മീണ്ടും ഒരു കാതല്ക്കഥ’യില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച രണ്ട് കമിതാക്കളായി ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതോടെ പ്രണയം അതിന്റെ പാരമ്യതയിലെത്തി. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം. 6 വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. ഒന്നര വര്‍ഷത്തെ ദാമ്പത്യം. പിന്നെ പിരിഞ്ഞു.
എന്തിനായിരുന്നു ആ വഴിപിരിയല്‍?
പലതും പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്. അതൊക്കെ പരസ്യപ്പെടുത്തുന്നത് മര്യാദയല്ല. മറ്റൊരു കാരണമുളളത് ആ സമയത്ത് മാനസികമായി തീരെ പക്വതയില്ലാത്ത രണ്ട് വ്യക്തികളായിരുന്നു ഞാനും രാധികയും. രാധികയുടെ നിരന്തര നിര്‍ബന്ധം കൊണ്ടാണ് ആ ബന്ധം സംഭവിച്ചത്. പ്രേമം പ്രേമം എന്ന് പറഞ്ഞ് അവര്‍ എന്റെ പിന്നാലെയായിരുന്നു. അതോടെ വിവാഹജീവിതം തന്നെ വേണ്ട എന്റെ തീരുമാനത്തിലെത്തി ഞാന്‍.
ആ തീരുമാനവും പിന്നീട് തിരുത്തിയില്ലേ?
അതിനെ വിധി എന്ന് വിളിക്കാനാണ് ഇഷ്ടം. നമ്മള് എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും സംഭവിക്കേണ്ട കാര്യങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. അതിനുളള സാഹചര്യങ്ങളും കാരണങ്ങളും സ്വയം ഉരുത്തിരിഞ്ഞു വരും. എന്റെ ആത്മസുഹൃത്തായ രവി മാമന് അകാലത്തില്‍ മരിച്ചതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. ഞങ്ങള്‍ ഒരു കുഴിയില്‍ ചാകാന്‍ ഇരുന്നവരാണ്. അത്ര ഗാഢമായ അടുപ്പമായിരുന്നു. ഉടഞ്ഞ ശംഖുപോലെയായി എന്റെ മനസ്. ഏതാണ്ട് ഒരു തരം ഭ്രാന്തനെ പോലെയായി ഞാന്‍. അത് മനസിലാക്കിയ രവിയുടെ ഭാര്യ മുന്‍കൈ എടുത്താണ് അമലയുമായുളള വിവാഹം നടത്തിയത്. ആ സമയത്ത് അത് നടന്നില്ലായിരുന്നെങ്കില്‍ എനിക്ക് സ്വയം കൈവിട്ടു പോകുമായിരുന്നു. അമലയ്ക്ക് അന്ന് ടാജില്‍ ജോലിയുണ്ട്. ആ ബന്ധം 5 വര്‍ഷം നീണ്ടുനിന്നു. ഒരു മകള്‍ ജനിച്ചു. കേയ എന്ന് ഞാന്‍ അവള്‍ക്ക് പേരിട്ടു. ബംഗാളി ഭാഷയില്‍ കൈതപ്പൂവ് എന്ന് അര്‍ത്ഥം.
രണ്ട് ബന്ധങ്ങളും തകര്‍ന്നപ്പോള്‍ കുഴപ്പം പ്രതാപിന്റെ ഭാഗത്താണെന്ന് വ്യാഖ്യാനമുണ്ടായില്ലേ?
നിങ്ങള്‍ അമലയോടും രാധികയോടും ചോദിച്ചുനോക്കൂ. എന്റെ ഭാഗത്ത് തെറ്റില്ലെന്ന് അവര്‍ പറയും. വാക്കുകൊണ്ടോ നോക്കുകൊണ്ടോ സ്ത്രീകളെ നോവിക്കാത്ത ആളാണ് ഞാന്‍. ഫ്രണ്ട്ലിയായി പ്രതിപക്ഷബഹുമാനത്തോടെ പെരുമാറും.
അപ്പോള്‍ കുഴപ്പം സ്ത്രീകളുടെ ഭാഗത്താണെന്നാണോ?
അങ്ങനെയും പറയാന്‍ പറ്റില്ല. സാംസ്കാ രിക ഭിന്നതകളായിരുന്നു പ്രധാനകാരണം. ഞാന്‍ വിവാഹം കഴിച്ച രണ്ട് സ്ത്രീകളും ഹിന്ദു. ഞാന്‍ ക്രിസ്ത്യന്‍. അതിന്റേതായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായി. മതത്തില്‍ തീരെ വിശ്വാസമില്ലാത്ത ഒരാളാണ് ഞാന്‍. വേള്‍ഡ് വാര് മുതലുള്ള എല്ലാ കുഴപ്പങ്ങളുടെയും കാരണം മതമാണ്. നമ്മള് ഒരു പ്രത്യേക മതത്തില്‍ ജനിക്കുന്നത് നമ്മള് ആഗ്രഹിച്ചിട്ടല്ലല്ലോ? എന്നിട്ടും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കാന്‍ നമ്മള് ബാധ്യസ്ഥരാവുന്നു.
കേയ?
എന്റെ സ്വപ്നം..യാഥാര്‍ത്ഥ്യവും..നന്നായി വരയ്ക്കും അഭിനയിക്കും. ഒട്ടേറെ കഴിവുകള്‍ ഉണ്ട് അവള്‍ക്ക്. മകള്‍ അമലയുടെ കൂടെയാണ്. രാവിലെയും വൈകിട്ടും എന്റെ അടുത്ത് വരും. എന്റെയും അമലയുടെ വീടുകള്‍ അടുത്തടുത്താണ്.
താമസം അടുത്തായിട്ടും മനസുകൊണ്ട് അകലെ?
എന്റെയും അമലയുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. ഒരുമിച്ച് ജീവിക്കുന്നതിലും നല്ലത് അകന്ന് കഴിയുന്നതാണ്. ഞങ്ങള്‍ വഴക്കിട്ട് പിരിഞ്ഞതല്ല. നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടുമില്ല.
മകള്‍ അഭിനയരംഗത്ത് വരുമോ?
സാധ്യത തീരെയില്ല. അവള് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. അവള് കാരണം തിരക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു.
‘നീ വിഷമിക്കേണ്ടി വരും.സിനിമയില്‍ നിലനില്‍പ്പ് വളരെ ശ്രമകരമാണ്. പുറമെ കാണുന്നഗ്ളാമര് അതിനുളളില്‍ ഇല്ല”
സിനിമ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ല. ഇത്തരം പ്രശ്നങ്ങള്‍ എല്ലാ രംഗത്തുമുണ്ടാവാം. സിനിമയില്‍ കുറച്ച് കൂടുതലാണെന്ന് മാത്രം. അഞ്ച് പടം ഫ്ളോപ്പായാല്‍ അവസരത്തിന് നാം പലരുടെയും മുന്നില്‍ ഇരക്കേണ്ടി വരും. അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കേണ്ടിയും വരും. മകളെ സ്നേഹിക്കുന്ന ഒരു അച്ഛന് അത് ആഗ്രഹിക്കുന്നില്ല. അത്ര ക്രേസാണെങ്കില് ഞാന്‍ അവളോട് പറഞ്ഞു.
‘യൂ ലേണ്‍ ഡയറക്ഷന്‍’
എങ്ങനെയുളള
അച്ഛനാണ് പ്രതാപ്?
മക്കള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം നല്‍കണമെന്ന് ചിന്തിക്കുന്ന അച്ഛന്. നമ്മള് വളര്‍ന്ന കാലത്തല്ല ഇന്നത്തെ കുട്ടികള്‍ ജീവിക്കുന്നത്. എന്തിനും ഏതിനും വിലക്കുകള്‍ പാടില്ല. എന്റെ പപ്പ കര്‍ശന നിയന്ത്രണങ്ങളുടെ വക്താവായിരുന്നു. അതിന്റേതായ വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് നഷ്ടപ്പെട്ട സന്തോഷം എന്റെ മകള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. തെറ്റും ശരിയും പറഞ്ഞുകൊടുക്കാറുണ്ട്.
ഉറ്റവരും ഉടയവരുമില്ലാതെ ഒരു വീട്ടില്‍ തനിച്ച്. വിഷമം തോന്നാറില്ലേ?
എന്തിന്? ഏകാന്തത ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. വിലക്കില്ലാതെ സ്വതന്ത്രമായ ജീവിതം നയിക്കുന്നതിന്റെ സുഖമൊന്ന് വേറെയാണ്. ക്രിയേറ്റീവായി പല കാര്യങ്ങള്‍ ചെയ്യാം. ഇഷ്ടമുള്ളപ്പോള്‍ വരാം. പോകാം. ഞാന്‍ കുടുംബബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല. അതേസമയം സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വില കല്പ്പിക്കുന്നു. ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. പുതിയ വീട്ടില്‍ എന്നെ തേടിയെത്തുന്ന ഒരേയൊരു ബന്ധു സംവിധായകന് ഭദ്രനാണ്. അയാള്‍ എന്റെ സുഹൃത്തും കൂടിയാണ്.
ഭാര്യ, കുടുംബം…അതിനൊക്കെ പ്രാധാന്യമില്ലേ?
ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ പ്രകൃതത്തിന് യോജിച്ചതല്ല വിവാഹം. ജീവിതകാലം മുഴുവന്‍ ഒരാള്‍ ഒരു സ്ത്രീയെ സഹിക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. പ്രേമത്തിന് തുടക്കത്തിലുള്ള തീവ്രതയേയുളളു. ഭാര്യയായി കുറച്ച് യൂസ് ഡ് ആവുമ്പോള്‍ എല്ലാറ്റിനും നിറം മങ്ങും. പിന്നീടുളളത് അഭിനയമാണ്. അതെനിക്ക് ഇഷ്ടമല്ല. ആത്മാര്‍ത്ഥത ഉളളില്‍ നിന്നും വരണം.
കലാകാരന്മാര് അടിസ്ഥാനപരമായി
റൊമാന്റിക്കാണെന്ന് പറയാറുണ്ട്?
എന്നെ സംബന്ധിച്ച് പ്രണയിച്ച് നടക്കേണ്ട പ്രായം കഴിഞ്ഞു. എങ്കിലും സ്ത്രീ സുഹൃത്തുക്കളുണ്ട്. പിന്നെ സെക്സ്…അത് കാണുമല്ലോ? എന്നു കരുതി ഞാനൊരു പെണ്ണുപിടിയനല്ല. വയസാവും തോറും ലൈംഗിക താത്പര്യം സ്വാഭാവികമായും കുറഞ്ഞു വരും. നമ്മുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിയും. ഞാന്‍ കഴിയുന്നതും സ്ത്രീകളില്‍ നിന്ന് അകന്ന് നില്ക്കാന് ശ്രമിക്കാറുണ്ട്. ഒരു പെണ്ണുമായി കൂടുതല്‍ അടുത്താല്‍ പെട്ടെന്ന് മുറിക്കാന്‍ പറ്റാത്ത ബന്ധമായിത്തീരും. പിന്നെ കല്യാണം കഴിക്കണമെന്ന മുറവിളിയായി. അത്തരം പൊല്ലാപ്പുകള്‍ ഇനി വേണ്ട.
ഓഷോയില്‍ തത്പരനാണെന്നറിയാം?
സെലിബ്രേറ്റ് ലൈഫ്. ജീവിതം ആഘോഷിക്കുക. അതാണ് എന്നെ ആകര്‍ഷിച്ചത്. പലരും കരുതുന്നതു പോലെ തണ്ണിയടിയും സെക്സുമല്ല ഓഷോ. ഓരോ പ്രഭാതത്തിലും ഉണരുമ്പോള്‍ ചലനാത്മകതയുടെ ഒരു ദിവസം കൂടി നാം സസന്തോഷം സ്വാഗതം ചെയ്യുന്നു. ഇഷ്ടമുളള പാട്ട് കേള്‍ക്കുന്നു. സിനിമ കാണുന്നു. വായിക്കുന്നു. എഴുതുന്നു. ഇതിലൊക്കെയും ജീവിതത്തിന്റെ ആഘോഷമില്ലേ?
തണ്ണിയടി എന്ന വാക്കിനോട് നല്ല സൗഹൃദം
ഉളള പോലെ?
നന്നായി കഴിച്ചിരുന്നു. ബ്ലാഡറിന് അസുഖം വന്ന ശേഷം നിര്‍ത്തി. ഇപ്പോള്‍ തൊടാറില്ല.
പ്രതാപിന്റെ ഏറ്റവും വലിയ സന്തോഷം?
ചിരി. മനസ് തുറന്ന് പൊട്ടിച്ചിരിക്കുക. ചിരിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. നര്‍മ്മം കേള്‍ക്കാനും പറയാനും ഭ്രാന്തമായ താത്പര്യം. വാസുവേട്ടന് (എം.ടി) ചോദിക്കാറുണ്ട്. പ്രതാപ് എന്താ ഹ്യൂമര്‍ പടം ചെയ്യാത്തത്?
മുഴൂനീളെ ചിരിപ്പിക്കുന്ന പടം സ്വപ്നമാണ്. അതിന്റെ തിരക്കഥ എഴുതിക്കഴിഞ്ഞു. ഇംഗ്ളീഷില്‍ പിറന്ന രാമസ്വാമി. കമലഹാസനെ
നായകനാക്കണമെന്ന് ആഗ്രഹിക്കുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍?
സിനിമയില്‍ വന്ന ശേഷം അങ്ങനെയൊന്ന് കാര്യമായി അലട്ടിയിട്ടില്ല. സിനിമ ഇല്ലാതിരുന്ന കാലത്ത് ധാരാളം പരസ്യചിത്രങ്ങള്‍ ചെയ്തു. ധാരാളം കാശും കിട്ടി.
കടപ്പാട്?
എനിക്ക് സ്നേഹം തന്നതും വളര്‍ത്തിയതും തമിഴരാണ്. കൈപിടിച്ചു കയറ്റിയത് ഭരതനും പത്മരാജനും.
നിരുപദ്രവകാരിയായ പ്രതാപിന് ആരാണ് പാര?
പറയുന്നത് മോശമാണ്. പറയാതിരിക്കുന്നത് നമ്മുടെ മര്യാദ. പക്ഷെ ഞാന്‍ ലക്ഷ്യമിടുന്നത് ആരെയാണെന്ന് പറയാതെ തന്നെ പാര വച്ചവന്മാര്ക്ക് അറിയാം. എനിക്ക് അതുമതി.