ചാഞ്ഞുപെയ്യുന്ന മഴയും വേനലില്‍ ഒഴുകുന്ന പുഴയും
എന്റെ തന്നെ ജീവിത സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനവും ഒരു പരിധിവരെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു അതിലെ കവിതകള്‍. അതില്‍ ഞാനെന്റെ നിരാശകളും സ്വപ്നത്തകര്‍ച്ചകളുമെല്ലാം ആവിഷ്കരിച്ചിട്ടുണ്ട്. കവിയുടെ ഏകാന്ത ദ്വീപില്‍ നിന്ന് വായനക്കാരന്റെ വന്‍കരയിലേക്കുള്ള സേതുവാണ് എന്നെ സംബന്ധിച്ച് കവിത അഥവാ എഴുത്ത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല കവിയായി തീരുക എന്നതുപോലെ പ്രധാനമാണ് ഒരു നല്ല മനുഷ്യാത്മാവായി മാറുക എന്നത് -റോസ് മേരി പറയുന്നു
മലനാടിന്റെ കവാടമാണ് കാഞ്ഞിരപ്പള്ളി, റോസ്മേരി ഗിരിനിരകളുടെ മകളും. മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ജീവിതങ്ങളുടെ നടുവില്‍ വളര്‍ന്ന കുട്ടിക്കാലം, അതുകൊണ്ട് തന്നെ കവിതയുടെ ലാൻഡ് സ്കേപ്പ് റോസ്മേരിയുടെ ഉള്ളിലുണ്ട്. അതിന്റെ സൗന്ദര്യാത്മകമായ ആവിഷ്കാരമാണ് റോസ്മേരിയുടെ കവിതകള്‍ എന്നുപറഞ്ഞാല്‍ ശരിയാകുമോ?
ശരിയാണ്. മിത്തും യാഥാര്‍ത്ഥ്യവുമൊക്കെ ഇടകലര്‍ന്ന ഒരു ലോകത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. മീന്‍ കച്ചവടക്കാരുടെയും റബ്ബര്വെട്ടുകാരുടെയും പറമ്പില്‍ പണിയെടുക്കുന്നവരുടെയും കൈയ്യാല കെട്ടുന്നവരുടെയും കിണര്‍ ഇറയ്ക്കുന്നവരുടെയും ഇഞ്ചി ചുരണ്ടുന്നവരുടെയും കപ്പ വെട്ടുന്നവരുടെയുമെല്ലാം ഇടയിലാണ് ഞാന്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതന്ന കഥകള്‍ കേട്ടാണ് വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ മിത്തും യാഥാര്‍ത്ഥ്യവും യക്ഷിക്കഥയുമെല്ലാം എന്റെ ഉള്ളിലെ എഴുത്തുകാരിക്ക് ഊര്‍ജ്ജമായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ കോണ്‍വെന്റ് സ്കൂള്‍ ഉണ്ടായിരുന്നിട്ടും അച്ഛനെന്നെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പാറത്തോട്ടിലെ ഗ്രേസി മെമ്മോറിയല്‍ സ്കൂളിലാണ് ചേര്‍ത്തത്. അവിടെയാണ് ഞാന്‍ 5-ാം ക്ലാസ്സ് മുതല്‍ 10-ാംക്ലാസ്സ് വരെ പഠിച്ചത്. അപ്പന് പറയുമായിരുന്നു സാധാരണ ജനങ്ങളോട് ഇടപഴകി ജീവിക്കണമെന്ന്. ഇന്നും ഞാനത് തുടര്‍ന്നുവരുന്നു. അവരുടെയും എന്റെയും ജീവിത സംഘര്‍ഷങ്ങളാണ് എന്റെ കവിത. കുട്ടിക്കാലത്ത് വീട്ടില്‍ വന്നിരുന്ന ചന്തക്കുഞ്ഞേലി പറഞ്ഞുതന്ന യക്ഷിക്കഥകള്‍ കുട്ടനെയ്ത്തുകാരി ത്രേസ്യയെ മറുത വഴിതെറ്റിച്ചുകൊണ്ടുപോയ കഥകള്‍ ഇതെല്ലാം ഞാന്‍ അത്ഭുതത്തോടെ കേട്ടിരിക്കുമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ അന്ന് കറണ്ട് വന്നിട്ടില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഈ യക്ഷിക്കഥകള്‍ക്ക് ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരമുണ്ടായിരുന്നു. പിന്നെ എടുത്തുപറയേണ്ട ഒരു കാര്യം കാഞ്ഞിരപ്പള്ളിയിലെയും പാറത്തോട്ടിലെയും പ്രകൃതിയാണ്. എവിടെ നോക്കിയാലും മരങ്ങളും ചെടികളും പൂക്കളുമായിരുന്നു. അതെന്റെ കവിതയിലൂടെ ജൈവിക ഭൂമികയായിത്തീരുകയും ചെയ്തു.
കാഞ്ഞിരപ്പള്ളിയുടെ ഭൂപടം വൈവിദ്ധ്യങ്ങളുടെ കൂടി ഒരു ഭൂപടമാണ്. വിവിധ മതങ്ങളുടെയും ജാതികളുടെയും ഒരു സംഗമ ഭൂമികൂടിയായിരുന്നു അത്. അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തെല്ലാമാണ്?
കാഞ്ഞിരപ്പള്ളി കുടിയേറ്റ കര്‍ഷകരുടെ നാടാണ്. മലഞ്ചരക്ക് വ്യാപാരത്തിന് കീര്‍ത്തികേട്ട നാടും. മധുരയില്‍ നിന്നും റാവുത്തര്‍മാരും നിലയ്ക്കലില്‍ നിന്ന് ക്രിസ്ത്യാനികളും കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമെല്ലാം മതത്തിന് അതീതമായി സഹോദരങ്ങളെപ്പോലെ ജീവിച്ചു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ യാതൊരു വേര്‍തിരിവുകളും ഞങ്ങളുടെ തറവാടുകളില്‍ ഇല്ലായിരുന്നു. പെട്രോള്‍മാക്സിന്റെ വെളിച്ചത്തില്‍ നാട്ടുകാര്‍ കപ്പവെട്ടുന്നതും ഇഞ്ചി ചുരണ്ടുന്നതും പാക്ക് പൊളിക്കുന്നതുമെല്ലാം ഒരു ഉത്സവം പോലെ ആയിരുന്നു. അതിനെല്ലാം നേതൃത്വം നല്‍കിയത് കാരക്കുളം മാധവി, തേങ്ങാക്കൂട്ടില്‍ ഔസേപ്പ്, കടുവാ തൊമ്മ, ചട്ടന്‍ പത്രോസ്, കിറുക്കന് മാധവന്, കുട്ടനെയ്ത്തുകാരി ത്രേസ്യ തുടങ്ങിയവരായിരുന്നു. അതിലൊക്കെ ഞങ്ങള്‍ കുട്ടികളും പങ്കാളികളായിരുന്നു. അപ്പോള്‍ അവര്‍ പറയുന്ന വിസ്മയകരമായ കഥകള്‍ എന്റെ എഴുത്തിന് പ്രചോദനമായിട്ടുണ്ട്. അന്നു ഞങ്ങളെ ഏറെ സന്തോഷിപ്പിച്ച ഒരാളായിരുന്നു ഞങ്ങളുടെ നാട്ടിലെ പോസ്റ്റുമാന്. എന്റെ അപ്പന് ഒരു ദന്ത ഡോക്ടറായിരുന്നു. അദ്ദേഹത്തിന് അതിവിപുലമായ ഒരു സൗഹൃദ സംഘം ഉണ്ടായിരുന്നു. അവരുമായി അദ്ദേഹം ധാരാളം കത്തിടപാടുകള്‍ നടത്തിയിരുന്നു. എന്നുമാത്രമല്ല അദ്ദേഹത്തിന് അമേരിക്കയിലും മറ്റും പെന്‍ ഫ്രണ്ട്സ് ഉണ്ടായിരുന്നു. എന്റെ ചേച്ചിക്കും എനിക്കും പെന്‍ ഫ്രണ്ട്സ് ഉണ്ടായിരുന്നു. വിശേഷാവസരങ്ങളില്‍ ഞങ്ങളെ തേടി നിരവധി കത്തുകള്‍ വരുമായിരുന്നു. പിന്നെ അമ്പലത്തിലായാലും പള്ളികളിലായാലും ഉത്സവങ്ങള്‍ നടത്തുന്നത് നാനാജാതിമതക്കാര്‍ ഐക്യത്തോടെയാണ്. കാഞ്ഞിരപ്പള്ളിയുടെ സവിശേഷമായ ഒരു പ്രത്യേകത ഈ മതസൗഹാര്‍ദ്ദമായിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് പൊന്‍കുന്നം വര്‍ക്കി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഏറെ ഇഷ്ടമായിരുന്നു. ആ ധിക്കാരിയായ മനുഷ്യനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായിരുന്നു. അപ്പോഴും ആ ധിക്കാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അതേ വീറ് ആ വാര്‍ദ്ധക്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നു
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍ വാക്കുകള്‍ ചേക്കേറുന്നിടം എന്ന കവിതാ സമാഹാരം വരുന്നു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ചാഞ്ഞുപെയ്യുന്ന മഴ, രണ്ടായിരത്തി രണ്ടില്‍ വേനലില്‍ ഒരു പുഴ, കറന്റ് ബുക്സ് ഇറക്കിയ ഈ മൂന്ന് സമാഹാരങ്ങളും റോസ്മേരി കടന്നുവന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. വാക്കുകള്‍ ചേക്കേറുന്നിടം എന്ന ആദ്യ സമാഹാരത്തിലെ അനാമിക എന്ന കവിതയില്‍ ‘എനിക്ക് കുലവധുവിന്റെ മൃതമൊഴികള് മടുത്തുവെന്ന്’ പറയുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പ്രതികരണം?.
ശരിയാണ് എന്റെ തന്നെ ജീവിത സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനവും ഒരു പരിധിവരെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു അതിലെ കവിതകള്‍. അതില്‍ ഞാനെന്റെ നിരാശകളും സ്വപ്നത്തകര്‍ച്ചകളുമെല്ലാം ആവിഷ്കരിച്ചിട്ടുണ്ട്.
ലാജവന്തി എന്നൊരുവള്‍’ (മാതൃഭൂമി) എന്ന കവിതാ സമാഹാരം ആത്മകഥാകഥനത്തിനപ്പുറം കടക്കുന്നുണ്ട്. പഴയ നഗരത്തിന്റെ നിശാചക്രവര്ത്തിനി ലാജവന്തി!, തെരുവിന്റെ തുലവുകള്ക്കുമീതെ പൂത്തുലഞ്ഞ വസന്തവൃക്ഷം……., പ്രണയത്തിന്റെ കരകാണാക്കടല്‍ എന്നെഴുതുന്നുണ്ട്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?.
ലാജവന്തി എന്ന പേരുതന്നെ ബംഗാളി സംസ്കാരത്തിന്റെ തുടര്‍ച്ചയാണ്. ഞാന്‍ ധാരാളം ബംഗാളി നോവലുകളും ചെറുകഥകളും വായിച്ചിരുന്നു. അതില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് ലാജവന്തി. അവളുടെ സംഘര്‍ഷങ്ങളിലേക്കുള്ള ഒരു യാത്രയാണ് ആ കവിതാസമാഹാരം. വേനലില്‍ ഒരു പുഴയിലും ലാജവന്തി കടന്നുവരുന്നുണ്ട്. പക്ഷേ ലാജവന്തിയുടെ സഞ്ചാരപഥം ദീര്‍ഘമായ വൈകാരിക പാതകൂടിയായിത്തീരുന്നത് ലാജവന്തിയിലാണ്. അങ്ങനെയാണ് ലാജവന്തിയെന്നൊരുവള് എന്ന പേരില്‍ ഒരു സമാഹാരം ഇറങ്ങുന്നത്. ആ സമാഹാരം സമര്‍പ്പിച്ചിരിക്കുന്നത് എന്റെ മായമ്മയ്ക്കാണ്. (അകാലത്തില്‍ മണ്മറഞ്ഞുപോയ എന്റെ ചേച്ചി)
കവിതയെ ബ്രാന്റ് ചെയ്യുന്ന ഒരു രീതി ഇപ്പോള്‍ കൂടിവരികയാണ്. കവിത ബ്രാന്റ് ചെയ്യപ്പെടേ ണ്ടതുണ്ടോ?.
കവിതകള്‍, ദളിത് കവിത, പരിസ്ഥിതി കവിത, തുടങ്ങിയ ശീര്‍ഷകങ്ങള്‍ കൊടുത്ത് വേര്‍തിരിച്ച് വായിക്കുന്ന രീതി തീരെയും ഹിതകരമായി തോന്നിയിട്ടില്ല. കവിതാപഠനത്തിന് ഇറങ്ങിയിരിക്കുന്ന നിരൂപകൻമാർക്കും ഗവേഷണ പടുക്കള്‍ക്കും അത്തരം ബ്രാന്റിംഗുകള് പ്രയോജനകരമായിരിക്കാം അല്ലാത്ത പക്ഷം നല്ല കവിത, മോശം കവിത, ഉദാത്ത രചന, ബാലിശമായ രചന എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ മാത്രമേ യഥാര്ത്ഥത്തിലുള്ളൂ. നല്ല കവിത കാലാതിവര്‍ത്തിയാണ്. ഉദാഹരണത്തിന് എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് രചിക്കപ്പെട്ട ഗ്രീക്ക് ട്രാജഡികളും ഇന്ത്യന്‍ ഇതിഹാസങ്ങളും ഇന്നും ഏറെ താല്പര്യത്തോടെ ആസ്വദിക്കപ്പെടുന്നുണ്ട്.
‘ചെമ്പകമെന്നൊരു പാപ്പാത്തി’ എന്ന ഓര്‍മ്മപുസ്തകത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയുടെ നൊമ്പരപ്പെടുത്തുന്ന ചിത്രം റോസ്മേരി വരച്ചുകാട്ടിയിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിത്തിന്റെ പശ്ചാത്തലത്തിൽഒരു കവയിത്രി എന്ന നിലയില്‍ റോസ്മേരി അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
മനസ്സാക്ഷി മരവിച്ചുപോകുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. സ്ഥാപിത താല്പര്യക്കാര് ബോധപൂര്‍വ്വം തന്നെ വലിയ കാട്ടുതീയ്ക്കാണ് തീ കൊളുത്തിയിരിക്കുന്നത്. ഹിംസ, ആസുരതയാര്‍ന്ന രൂപം പൂണ്ട് നിരപരാധികള്‍ക്കുമേല്‍ ആര്ത്തുപടരുന്നു. സര്‍വ്വതിനെയും തല്ലിത്തകര്‍ക്കുന്ന ഭീകരത, നിസ്സഹായരുടെ നിലവിളികള്‍ ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുന്ന വിലാപങ്ങളായി തീരുന്നു. അത്യധികം നിരാശാജനകമായ അവസ്ഥ.
ഭാവനയുടെ സര്‍ഗ്ഗാത്മകമായ ചിത്രീകരണമാണ് കവിത. പക്ഷേ റോസ്മേരിയുടെ കവിതയില്‍ ഭാവനയുടെ അംശം കുറവാണെന്ന് റോസ്മേരി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
= ഞാന്‍ എന്റെ ചുറ്റിലും കണ്ട കാഴ്ചകളാണ് അക്ഷരങ്ങളിലേക്ക് പകര്‍ത്താറുള്ളത്. എന്റെ കണ്ണുകളാല്‍ കണ്ടതും ഹൃദയംകൊണ്ട് അനുഭവിച്ചതുമായ സംഭവങ്ങള്‍ ഒരു ഛായാഗ്രാഹകന്‍ ക്യാമറയില്‍ പകര്‍ത്തുന്നതുപോലെ തികഞ്ഞ അവധാനതയോടെ ഞാന്‍ എന്റെ വായനക്കാര്‍ക്കുവേണ്ടി പകര്‍ത്തിവെക്കുകയാണ്. ഭാവനയെക്കാള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് എന്റെ കവിതയില്‍ മുന്‍തൂക്കം. ഭാവനയുടെ സജീവ സാന്നിധ്യവും അതിലുണ്ട്.
നിലാവിലൊരു പനിനീര്‍ചാമ്പ എന്ന ആത്മകഥാ പുസ്തകത്തില്‍ വാളാടിത്തൊമ്മന്റെ ഒരു ചിത്രം റോസ്മേരി വരക്കുന്നുണ്ട്. ‘ഇടിമുഴക്കം പോലുള്ള ചിരി, കാടുപോലുള്ള പുരികം, വലിയൊരു പനമരത്തെ ഓര്‍മ്മിപ്പിക്കുന്ന നെടുങ്കന്‍ ശരീരം അതാണ് വാളാടി- ത്തൊമ്മന്‍. പേരുകേട്ടവെടിക്കാരന് ഈ വിവരണം വായിച്ചാല്‍ വാളാടിത്തൊമ്മന് നമ്മുടെ മുമ്പില്‍ വന്നുനില്ക്കുന്നതുപെലെ തോന്നും, കവിതയിലായാലും ഗദ്യത്തിലായാലും റോസ്മേരിയില്‍ ഒരു ചിത്രകാരി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. എവിടെ നിന്നാണ് ഈ ചിത്രഭാഷ കിട്ടിയത്.?
ഓര്‍മ്മ വെച്ചകാലം മുതല്‍ ചിത്രകലയോട് എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നിയിരുന്നു. ബാല്യത്തില്‍ ഒരു ചിത്രകാരിയായി തീരണമെന്ന് ഞാന്‍ മോഹിച്ചിരുന്നു. പക്ഷേ അക്കാലത്തെ പല മോഹങ്ങളെയും പോലെ ആ സ്വപ്നത്തിനും ക്ഷണികായുസ്സേ ഉണ്ടായിരുന്നുള്ളൂ. വളര്‍ന്നപ്പോള്‍ താല്പര്യങ്ങള് മാറിപ്പോയി. എങ്കിലും മനസ്സിലുറങ്ങിക്കിടക്കുന്ന അനുരാഗം പോലെ അതിപ്പോഴും മങ്ങിക്കത്തി നില്ക്കുന്നുണുണ്ട്. ഒരു ചിത്രകാരന് തന്റെ ഛായക്കൂട്ടുകള്‍ ഉപയോഗിക്കുന്നതുപോലെ അക്ഷരങ്ങള്‍ കൊണ്ട് വായനക്കാരന്റെ പ്രജ്ഞയില്‍ വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് താങ്കള്‍ ഉള്‍പ്പെടെയുള്ള പലരും എന്റെ കവിതകളെ വാങ്മയ ചിത്രങ്ങളായി വിശേഷിപ്പിക്കുന്നത്.
റോസ് മേരി ധാരാളം പരിഭാഷകള്‍ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് പറയാമോ ?
ടാഗോര്‍, ജിബ്രാന്, റഷ്യന്‍ മഹാകവികള്‍, കിപ്ലിംഗിന്റെ കാട്ടിലെ കഥകള്‍, ബീഹാര്‍ മുതല്‍ തീഹാര്‍ വരെ എന്നിങ്ങനെ നിരവധി പരിഭാഷകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി ബൈബിള്‍ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ലോകത്തിലെ പല ഭാഷകളില്‍ നിന്നുള്ള മികച്ച നാടോടിക്കഥകള്‍ തിരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തി ഒരു സമാഹാരവും ഇറക്കിയിട്ടുണ്ട്. പൈതങ്ങളോട് കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ എനിയ്ക്ക് വലിയ ഇഷ്ടമാണ്. അവരുടെ മനസ്സില്‍ വീഴുന്ന ആശയങ്ങള്‍ കന്നിമണ്ണില്‍ പതിക്കുന്ന വിത്തുകള്‍ പോലെയാണ്. അവ വേഗം മുളപൊട്ടും.
റോസ്മേരിയുടെ അനുഭവക്കുറിപ്പുകള്‍ കവിത പോലെ തന്നെ ഹൃദയത്തെ ആഴത്തില്‍ സ്പര്ശിക്കുന്നവയാണ്. വിശേഷിച്ച് ചെമ്പകമെന്നൊരു പാപ്പാത്തി പോലുള്ള രചനകള്‍. അതിനെക്കുറിച്ച് പറയമോ?
ഒരുപാട് കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. കിഴക്കന്‍ മലമേടുകളിലെ ചരിതങ്ങള്‍ അവയൊക്കെയും എന്റെ പ്രിയപ്പെട്ട വായനക്കാരന് പറഞ്ഞുകേള്പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ആ ഇതിവൃത്തങ്ങള്‍ പലപ്പോഴും കവിതയുടെ ചെറിയ ക്യാന്‍വാസില്‍ ഒതുക്കാന്‍ പറ്റില്ല. അതുകൊണ്ട് അവയൊക്കെ അനുഭവക്കുറിപ്പുകള്‍ എന്ന ശീര്‍ഷകത്തില്‍ ഗദ്യരചനകളായി എഴുതി. അതൊക്കെ ശൈശവ-ബാല്യ-കൗമാരങ്ങളുടെ നേര്‍ചിത്രങ്ങളായി. വൃശ്ചികക്കാറ്റ് വീശുമ്പോള്‍ നിലാവിലൊരു പനീര്‍ചാമ്പ, ജാലകക്കാഴ്ചകള്‍ എന്നീ രചനകള്‍ അങ്ങനെയാണുണ്ടായത്.
റോസ്മേരി എന്തിന് എഴുതുന്നു എന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി?
കവിയുടെ ഏകാന്ത ദ്വീപില്‍ നിന്ന് വായനക്കാരന്റെ വന്‍കരയിലേക്കുള്ള സേതുവാണ് എന്നെ സംബന്ധിച്ച് കവിത അഥവാ എഴുത്ത്. അക്ഷരങ്ങളിലൂടെ ഞാന്‍ എന്റെ വായനക്കാരന് സ്നേഹം പകര്‍ന്നുകൊടുക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല കവിയായി തീരുക എന്നതുപോലെ പ്രധാനമാണ് ഒരു നല്ല മനുഷ്യാത്മാവായി മാറുക എന്നത്. ഗ്രാമക്ഷേത്രത്തിനുള്ളിലെ നെയ്വിളക്ക് എന്നപോല്‍ ചുറ്റിലും പ്രകാശം പരത്തിനില്ക്കുന്ന ഒരു സൗമ്യദീപ്തി. അതാണ് ഞാന്‍.