ആതുരസേവനരംഗത്തെ സൂര്യതേജസ്

തികഞ്ഞ ശ്രീനാരായണ ഗുരുഭക്തന്‍, സമര്‍ത്ഥനായ സംഘാടകന്‍,ശ്രീനാരായണപ്രസ്ഥാനങ്ങളുടെ താങ്ങും തണലുമായ സമുദായസ്‌നേഹി, ദീര്‍ഘകാല വീക്ഷണമുള്ള സംരംഭകന്‍, ശുശ്രൂഷാരംഗത്ത് മറ്റാര്‍ക്കും കഴിയാത്തവിധം സേവനത്തിന്റെ മഹാമാതൃക സ്വജീവിതത്തിലൂടെ വരച്ചുകാട്ടിയ മനുഷ്യസ്‌നേഹി, പ്ലാസ്റ്റിക് സര്‍ജറി എന്ന നൂതന ചികിത്സാരീതിയിലൂടെ പരശതം പേരുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കിയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍….. എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ സ്ഥാപകനും വടക്കന്‍പറവൂര്‍ മാഞ്ഞാലി ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുഖ്യശില്പിയുമായ ഡോ.കെ.ആര്‍. രാജപ്പന്‍ നവതി പിന്നിട്ടിട്ടും കര്‍മ്മനിരതനായി നിലകൊള്ളുന്നു. സഹജീവികളോടുള്ള സ്‌നേഹവും കാരുണ്യവുമാണ് മനുഷ്യരാശിയെ മുന്നോട്ട് നയിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്ന ഡോക്ടര്‍ അഭിമുഖത്തിൽ കർമ്മമേഖലയിലേക്ക് തിരിഞ്ഞ് നോക്കുന്നു

പ്ലാസ്റ്റിക് സര്‍ജറി എന്ന പേരിനൊപ്പം മലയാളികള്‍ കേട്ടുതുടങ്ങിയതാണ് ഡോ.കെ.ആര്‍ രാജപ്പന്റെ പേര്?
സുശ്രുതന്‍ രചിച്ച സുശ്രുതസംഹിതയാണ് പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രാചീന ഗ്രന്ഥം. സാധാരണ ഡോക്ടര്‍ ഔഷധങ്ങള്‍ കൊണ്ടും ശസ്ത്രക്രിയയിലൂടയും ചികിത്സിക്കുമ്പോള്‍ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ കൂടുതല്‍ ആശ്രയിക്കുന്നത് ആത്മവിശ്വാസത്തെയും സ്വന്തം കാര്യശേഷിയെയുമാണ്.എറണാകുളത്ത് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക് ആരംഭിക്കുന്ന കാലത്ത് ആളുകള്‍ക്ക് അതൊരു പുതുമ ആയിരുന്നു. ഇപ്പോൾശാരീരിക വൈരൂപ്യമുള്ളവരും അപകടങ്ങളില്‍ പെട്ട് അംഗഭംഗം വന്നവരും മാത്രമല്ല സൗന്ദര്യമുള്ളവര്‍ തന്നെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കുന്നു.ജന്മനാ ഉള്ളതും അപകടം വഴി സംഭവിക്കുന്നതുമായ വൈകല്യങ്ങള്‍ മൂലം വീടിനുള്ളില്‍ ഒതുങ്ങി പോകുന്നവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി അവസരം നല്‍കി

കേരളത്തിലെ പ്ലാസ്റ്റിക് സര്‍ജറി ചരിത്രത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഒട്ടേറെ ശസ്ത്രക്രിയകള്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നടന്നിട്ടുണ്ട്. മറക്കാനാവാത്ത സംഭവങ്ങൾ?
തൊടുപുഴയില്‍ മതതീവ്രവാദികളായ അക്രമി സംഘം കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം. 2010 ജൂലൈ നാലിനായിരുന്നു സംഭവം . രാത്രി 10 മണിക്കാണ് വേര്‍പെട്ട കൈപ്പത്തിയും പലയിടത്തും മുറിവേറ്റ ശരീരവുമായി പ്രൊഫ. ടി.ജെ. ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചത്. വലത് കൈപ്പത്തി വെട്ടിമാറ്റിയതിന് പുറമെ, കൈത്തണ്ടയില്‍ നിരവധി വെട്ടുകള്‍ വേറെയുമുണ്ടായിരുന്നു. വേര്‍പെട്ട കൈപ്പത്തി ഐസിട്ട പ്ലാസ്റ്റിക് ബാഗിലാണ് കൊണ്ടുവന്നത്. എല്ലുകള്‍ ഒടിഞ്ഞിരുന്നു. പ്രൊഫസര്‍ അത്യാസന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു വേര്‍പെട്ട കൈപ്പത്തിക്ക് ജീവന്‍ കൊടുക്കുകയാണ് ആദ്യം ചെയ്തത്. രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ വെളുപ്പിന് മൂന്നുമണിക്കാണ് അവസാനിച്ചത്. ഒരു മാസത്തെ ചികിത്സയില്‍ ഫിസിയോ തെറാപ്പിയും ഉഴിച്ചിലുമൊക്കെ നടത്തി പ്രൊഫ. ജോസഫ് ആരോഗ്യവാനായി ആശുപത്രി വിട്ടു.

2015 ഡിസംബറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെങ്ങന്നൂരില്‍ നിന്ന് അഭയകുമാര്‍ എന്ന ബാലനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. മൂക്കും മേല്‍ച്ചുണ്ടും വലതും കവിളും ഉള്‍പ്പെടുന്ന ഭാഗം അപകടസ്ഥലത്തെ മണ്ണില്‍ വീണു. അടര്‍ന്നുവീണ ഭാഗങ്ങള്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ ഐസ്ബാഗില്‍ എറണാകുളത്തെത്തിച്ചു. മൂക്ക് ഉള്‍പ്പെടുന്ന ഭാഗം നഷ്ടപ്പെട്ടിരുന്നതിനാല്‍ ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഓക്‌സിജന്‍ മുഖത്തേക്ക് ശക്തിയായി സ്‌പ്രേ ചെയ്തു. ഇന്ത്യയിലാദ്യമായാണ് ഇത്തരം കോമ്പോസിറ്റ് ഫോഷ്യല്‍ പാര്‍ട്ട് പ്രീപ്ലാന്റ് ശസ്ത്രക്രിയ വിജയരമായി നടത്തിയത്.രാത്രി 12ന് തുടങ്ങിയ ശസ്ത്രക്രിയ രാവിലെ 7ന് തീര്‍ന്നപ്പോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ശസ്ത്രക്രിയയായി അതുമാറി.ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നതും ഈ ആശുപത്രിയില്‍ തന്നെ. സമൂഹം ഉള്‍ക്കൊള്ളുമോയെന്ന ആശങ്കയാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

അസ്‌ന

ബോംബേറിൽ എട്ടു വയസ്സുകാരിയായ അസ്‌നയുടെ വലതു കാല്‍ തകര്‍ന്ന സംഭവം കേരളത്തെ നടുക്കിയിരുന്നു.അസ്നയെ ഡോക്ടർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു ?
കണ്ണൂരിലെ ബോംബേറിൽ എട്ടു വയസ്സുകാരിയായ അസ്‌നയുടെ വലതു കാല്‍ തകര്‍ന്നു പോയ സംഭവം മറക്കാനാകാത്തതാണ്. കാല്‍പ്പാദത്തിലെ മാംസം മുഴുവന്‍ ചിതറിപ്പോയിരുന്നു. ഒരുതരത്തിലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. പിന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മാംസം എടുത്തു വയ്ക്കുകയായിരുന്നു. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു .ശസ്ത്രക്രിയയാണെങ്കില്‍ ചെലവേറിയതും. അസ്‌നയുടേയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ മനസ്സിലാക്കി ശസ്ത്രക്രിയയും മറ്റ് ചികിത്സയും സൗജന്യമായാണ് ചെയ്തുകൊടുത്തത്. ചികിത്സയ്ക്കു ശേഷം കൃത്രിമ കാല്‍ വച്ചു കൊടുത്തു. ഇതു വര്‍ഷം തോറും മാറ്റിക്കൊണ്ടിരിക്കണമായിരുന്നു. അതും സൗജന്യമായി ചെയ്തു. അസ്‌നയുടെ പേരില്‍ ഒരു ഫണ്ട് രൂപീകരിച്ച് ബാങ്കില്‍ നിക്ഷേപിച്ചു. അസ്‌ന പിന്നീട് ഡോക്ടറായി. വര്‍ഷങ്ങള്‍ക്ക് ശേഷം അസ്‌ന എഴുതി. നഷ്ടപ്പെടുമായിരുന്ന ജീവിതം എനിക്ക് തിരിച്ചു തന്നത് സാറാണ്. എന്റെ ഗുരുവായി ഞാന്‍ അങ്ങയെ എന്റെ മനസ്സില്‍ പ്രതിഷ്ഠിക്കട്ടെ.

മെഡിക്കല്‍ കോളേജ് എന്ന വന്‍ സംരംഭത്തിന് തുടക്കമിടാനുള്ള തീരുമാനം സാഹസികമായിരുന്നില്ലേ?
ശ്രീനാരായണഗുരുദേവന്റെ നാമധേയത്തില്‍ അസംഖ്യം സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുണ്ട്. എന്നാല്‍ ഗുരുവിന്റെ പേരില്‍ ഒരു മെഡിക്കല്‍ കോളേജ് ഒരിടത്തും ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരാശയം ഉടലെടുത്തപ്പോള്‍ അസാധ്യമെന്നു പലരും പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് വേണമെന്ന ആശയം ശ്രീനാരായണ ക്ലബിന്റെ യോഗത്തിലാണ് ആദ്യം അവതരിപ്പിച്ചത്. 2003 ജൂണില്‍ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപം കൊണ്ടു. പണം കണ്ടെത്താന്‍ പല സ്ഥലങ്ങളിലും യോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഗള്‍ഫ് യാത്ര ആസൂത്രണം ചെയ്തു. അത് ഫലം കണ്ടു. അങ്ങനെ പറവൂരിനടുത്ത് മാഞ്ഞാലിയില്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിച്ചു.വിദേശ മലയാളികളില്‍ നിന്നുള്ള തുക കൊണ്ടാണ് ശ്രീനാരായണ മെഡിക്കല്‍ കോളേജ് പടുത്തുയര്‍ത്താന്‍ കഴിഞ്ഞത്. ഇന്നത്തെ കാലത്താണെങ്കില്‍ ധനസമാഹരണം വിജയിക്കുമായിരുന്നില്ല. മെഡിക്കല്‍ കോളേജ് പടുത്തുയര്‍ത്താന്‍ നിരവധി പേര്‍ സഹായഹസ്തം നീട്ടിയിട്ടുണ്ടെന്ന കാര്യം നന്ദിയോടെ ഓർക്കുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് എന്ന ആശയത്തെ ആദ്യം മുതല്‍ പിന്തുണച്ച രണ്ട് പേരെ മറക്കാനാവില്ല ജസ്റ്റിസ് കെ.കെ നരേന്ദ്രനും, കെ.ആര്‍. രാജന്‍ ഐ.എ.എസും.

ആറര പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പരിമിതമായ കാലത്താണ് താങ്കള്‍ എം.ബി.ബി.എസ്. നേടിയത് . അതേ കുറിച്ച്?
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചിട്ട് അധികനാളായിരുന്നില്ല .സീറ്റുകള്‍ പരിമിതവും അതില്‍ തന്നെ ചില നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. കേരളത്തിന് പുറത്ത് എം ബിബിഎസ് പഠനത്തിന് ഒറീസയില്‍ സൗകര്യമുണ്ടായിരുന്നു. മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പ്രവേശനം ലഭിക്കുമ്പോള്‍ ഒറിയക്കാരായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പ്രവേശനം നല്‍കും. ആവശ്യക്കാര്‍ കൂടുതലായതിനാല്‍ കടുത്ത മത്സരം തന്നെയായിരുന്നു. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഒറിസയിലെ കട്ടക്ക് മെഡിക്കല്‍ കോളേജില്‍ സീറ്റ് അനുവദിച്ചു. പനമ്പിള്ളി ഗോവിന്ദമേനോനെ എറണാകുളത്തെ വസതിയില്‍ ചെന്നു കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. ഡോക്ടര്‍ ആയാല്‍ എന്ത് ചെയ്യും?. ‘ജനങ്ങള്‍ക്ക് സേവനം ചെയ്യണം അതിനാണ് പ്രവേശനം നല്‍കുന്നത്’. പനമ്പിള്ളി തന്നെ മറുപടിയും പറഞ്ഞു.

സ്‌പെഷ്യലിസ്റ്റുകളുടെ കൂട്ടായ്മ

ആദ്യകാലത്ത് പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി മാത്രമായി ആരംഭിച്ച സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഇന്ന് നിരവധി സ്‌പെഷ്യലിസ്റ്റുകളുടെ കൂട്ടായ്മയാണ്. മൈക്രോവാസ്‌കുലര്‍, കോസ് മറ്റിക് സര്‍ജറി തുടങ്ങിയവ പിന്നീട് വന്ന വിഭാഗങ്ങളാണ്.

അറ്റുപോയ ശരീരഭാഗങ്ങള്‍ തുന്നി ചേര്‍ക്കുന്നതാണ് മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ. പന്ത്രണ്ടുമുതല്‍ പതിമൂന്നു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണിത്. 1990ല്‍ തുടങ്ങിയ ഈ വിഭാഗം ഇന്ന് ഏറെ പ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. . സാധാരണക്കാരന് കുറഞ്ഞ ചെലവില്‍/നിരക്കില്‍ ലാബ് ടെസ്റ്റുകള്‍, സ്‌കാന്‍, എക്‌സ്‌റേ മുതലായ സൗകര്യങ്ങളും ലഭ്യമാണ്. ഇന്‍ഷുറന്‍സ് വകുപ്പിന് എല്ലാ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുമായും തേര്‍ർഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും (ടിപിഎ) ടൈഅപ്പുകള്‍ ഉണ്ട്.

ഏറ്റവും നല്ല ചികിത്സ കുറഞ്ഞ ചിലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത പദ്ധതിയില്‍ ചികിത്സ തേടുന്നതിനുള്ള സൗകര്യം കൂടാതെ ഇ.സി.എച്ച്.എസ് സൗകര്യങ്ങളും ലഭ്യമാണ്.

സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഏറ്റവും സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കാലങ്ങളായി സുസജ്ജമാണ്. കോസ്മറ്റിക് സര്‍ജറിക്കു പുറമെ, തിരുത്തല്‍, പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ, ഹാന്‍ഡ് സര്‍ജറി, മൈക്രോസര്‍ജറി, പരിക്കുമൂലമുള്ള വൈകല്യങ്ങള്‍, ബേണ്‍സ് മാനേജ്‌മെന്റ്, ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്നു.

പ്രധാന സേവനങ്ങളായ ഫേസ്‌ലിഫ്റ്റിലൂടെ, അധിക ചര്‍മ്മം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും, മുഖത്തെ ആഴത്തിലുള്ള ടിഷ്യുകള്‍ പുന:സ്ഥാപിക്കുകയും, പ്രായം കാരണം തൂങ്ങുന്നതും ശരിയാക്കുന്നു. റിനോപ്ലാസ്റ്റിയും (മൂക്കില്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറി) ചെയ്യുന്നു. റിഡക്ഷന്‍, ഓഗ്‌മെന്റേഷന്‍, ഡീവിയേഷന്‍. തിരുത്തല്‍. ടിഷ്യൂകളുടെ പുനക്രമീകരണം, ചെറിയ വലിപ്പമുള്ള സ്തനങ്ങള്‍, വലുതോ, കൂടുതല്‍ അഭികാമ്യമോ ആയ വലുപ്പത്തിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ. കഷണ്ടിക്ക് ഫലപ്രദമായ ചികിത്സ, മൈക്രോ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നിവയും ലഭ്യമാണ്. ചര്‍മ്മത്തിന്റെ ഉപരിതലപാളികള്‍ നീക്കം ചെയ്തും, ക്രമരഹിതമായ പ്രതലങ്ങള്‍ മിനുസമാര്‍ന്നതാക്കിയും, മുഖക്കുരു പാടുകളും, ചുളിവുകളും ചികിത്സിക്കുന്ന പ്രക്രിയ, ഡെര്‍മബ്രേഷന്‍, ജന്മനാലുള്ള ചുണ്ടിന്റെ അണ്ണാക്ക് വൈകല്യം ശസ്ത്രക്രിയ സൗജന്യമായും ചെയ്തുകൊടുക്കാറുണ്ട്.

പ്ലാസ്റ്റിക് , മൈക്രോ വാസ്‌കുലര്‍ സര്‍ജറി വിഭാഗം -കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ യൂണിറ്റ്.
മുറിഞ്ഞു പോയ കാല്‍വിരല്‍ പുനസ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ ആശുപത്രി.
മുറിഞ്ഞു പോയ മൂക്ക്, ചുണ്ട് ഉള്‍പ്പെടെയുള്ള മുഖഭാവങ്ങള്‍ വിജയകരമായി പുനര്‍നിര്‍മ്മിക്കാന്‍ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ ആശുപത്രി.
തലയോട്ടിയിലെ ചര്‍മ്മം പുന:സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയ ആശുപത്രി.
നവജാത ശിശുക്കളില്‍, മൂത്രനാളിയിലെ പ്രശ്‌നങ്ങള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പരിഹരിച്ച കേരളത്തിലെ ആദ്യത്തെ യൂറോളജിസ്റ്റ് പ്രവര്‍ത്തനകേന്ദ്രം.
മൂത്രശായ രോഗ വിദഗ്ദ്ധഡോക്ടര്‍മാര്‍ക്കായി കേരളത്തിലെ ആദ്യത്തെ താക്കോല്‍ദ്വാര ശസ്ത്രക്രിയാ ശില്പശാല.
കേരളത്തിലെ തന്നെ രണ്ടാമത്തെ യൂറോ ഡൈനാമിക്‌സ് യൂണിറ്റ്.
അസ്ഥിരോഗ വിഭാഗത്തിലും സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ വളരെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടത്തി പ്രശംസകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഏതാണ്ട് 13,000 ത്തിലധികം സങ്കീര്‍ണ്ണമായ അപകട-അത്യാഹിത ശസ്ത്രക്രിയകള്‍.
വൈകല്യ നിവാരണത്തിനായുള്ളതും അസ്ഥി നീളം കൂടുന്നതുമായ മൂവായിരത്തി അഞ്ഞൂറിലധികം ഇല്ലിസാറോവ് ശസ്ത്രക്രിയകള്‍.
തോള്‍, കാല്‍മുട്ട്, കൈമുട്ട്, ഇടുപ്പ്, കണങ്കാല്‍ എന്നിവയുടെ സന്ധികളില്‍ നടത്തിയ മൂവായിരത്തില്‍പരം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍.
ഇടുപ്പ്, കാല്‍മുട്ട്, തോള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 1500ല്‍പരം ശസ്ത്രക്രിയകള്‍.
നട്ടെല്ലിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍
അറ്റുപോയ കൈവിരലുകള്‍ക്കു പകരം, കാല്‍വിരല്‍ തുന്നിച്ചേര്‍ത്ത് വിജയകരമായി ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ ആശുപത്രി.
കേരളത്തിലെ ആദ്യത്തെ കോസ്മറ്റിക് പ്ലാസ്റ്റിക് സര്‍ജന്റെ സേവനം.
1975 മുതല്‍ മുച്ചിറിക്കും, മുറിച്ചുണ്ടിനും സൗജന്യ ശസ്ത്രക്രിയകള്‍.
1992 മുതല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി വീട് സന്ദര്‍ശിച്ചുള്ള പാലിയേറ്റീവ് ചികിത്സ.
27 വര്‍ഷത്തോളമായി സൗജന്യ ഡയാലിസിസ് സൗകര്യവും. നിര്‍ദ്ധനരായ രോഗികള്‍ക്കു സൗജന്യ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

സർക്കാർ സർവീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നിൽ?
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സ്ഥിരം നിയമനം ലഭിച്ചതെങ്കിലും അവിടെ ജനറല്‍ സര്‍ജറിയില്‍ ട്യൂട്ടറുടെ ഒഴിവില്ലാതിരുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പീഡിയാട്രിക് സര്‍ജറിയില്‍ ലഭിച്ച അനുഭവസമ്പത്ത് സങ്കീര്‍ണ്ണവും നൂതനവുമായ പ്ലാസ്റ്റിക് സര്‍ജറി എന്ന വിഷയം കൂടുതല്‍ പഠിക്കാനുള്ള പ്രേരണ ഉണ്ടാക്കി. പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ ഉപരി പഠനത്തിന് പോകാന്‍ തീരുമാനിച്ചു. പ്രിന്‍സ് ഓഫ് വെയ്ല്‍സ് മെഡിക്കല്‍ കോളേജില്‍ എം.എസ്. പ്ലാസ്റ്റിക് സര്‍ജറിക്ക് പ്രവേശനം ലഭിച്ചു. അതിന് ശേഷം മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി ഒന്നര പതിറ്റാണ്ടുകാലത്തെ ഔദ്യോഗിക ജീവിതം. പൂര്‍ണ്ണസംതൃപ്തി ലഭിക്കുന്നതായിരുന്നില്ല ആകാലം. ആഗ്രഹം അനുസരിച്ച് ജോലി ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ല. മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്കായി ഒരു രോഗി വന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞേ ചികിത്സിക്കാൻ സാധിക്കുമായിരുന്നുള്ളു. ബുക്ക് ചെയ്ത് കാത്തിരിക്കണം.മെഡിക്കല്‍ കോളേജിലെ ജോലി ഉപേക്ഷിച്ച് എറണാകുളത്തേക്കു വന്നു.

പ്രൊഫ. ടി. ജെ ജോസഫ്

വൈകല്യങ്ങൾ മാറ്റാൻ കേരളം മുഴുവൻ ഓടി നടന്ന് ശസ്ത്രക്രിയ ചെയ്ത കാലം എങ്ങനെ കാണുന്നു?
തുടക്കത്തില്‍ എറണാകുളത്തെ ആശുപത്രിയില്‍ ഒതുങ്ങി നിന്നിരുന്ന ജോലിയും സേവനപ്രവര്‍ത്തനങ്ങളും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1974-83 കാലയളവില്‍ തെരഞ്ഞെടുക്കുന്ന ആശുപത്രികളില്‍ പോയി രോഗികളെ പരിശോധിച്ച് ശാരീരിക വൈകല്യങ്ങള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തി. ലയൺസ് ക്ളബിന്റെയും സാമൂഹ്യ സേവനരംഗത്തുള്ള മറ്റ് സംഘടനകളുടേയുംസഹകരണത്തോടെയായിരുന്നു വൈകല്യമുള്ളവരെ കണ്ടെത്തി ചികിത്സ നൽകിയത്. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം വന്നു.കേരളം മുഴുവൻ ഓടിനടന്ന് ശസ്ത്രക്രിയ നടത്തിയത് അത്ഭുതമായാണ് പലരും കണ്ടത്. എന്നാൽ എനിക്ക് അതൊരു ആവേശമായിരുന്നു. 1983 ല്‍ എറണാകുളം പാലാരിവട്ടത്ത് സ്‌പെഷ്യലിസ്റ്റ് ആശുപത്രി തുടങ്ങി. 1992ൽ എറണാകുളം നോർത്തിൽ വിപുലമായ സൗകര്യങ്ങളോടെസ്‌പെഷ്യലിസ്റ്റ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.പ്ളാസ്റ്റിക് സർജറിക്ക് പുറമേ മറ്റ് വിഭാഗങ്ങൾ കൂടി വേണമെന്ന് വന്നപ്പോഴാണ്പുതിയ ആശുപത്രി തുടങ്ങിയത് .

ആതുര സേവനം കോടികള്‍ മറിയുന്ന വ്യാപാരമായി മാറിയപ്പോഴും സേവനത്തിന്റേതായ മുഖമുദ്ര ഉപേക്ഷിക്കാന്‍ താങ്കൾ തയ്യാറായില്ല?
എന്റെജീവിതവിജയങ്ങള്‍ക്ക് ആധാരമായിട്ടുള്ളത് ഒരു ഭഗവത് ഗീതാ വചനമാണ്. ”കര്‍മ്മണ്യാവാധികാരസ്‌തേ, മാ ഫലേഷു കദാചന” .ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക. ഫലത്തില്‍ ആസക്തി പുലര്‍ത്താത്ത വ്യക്തിക്ക് പരാജയ മനോഭാവം ഉണ്ടാകില്ല. അതുകൊണ്ടു തന്നെ നിരാശയുമില്ല.ജപ്പാന്‍കാരുടെ പ്രകൃതം നാം കണ്ടുപഠിക്കേണ്ടതാണ്. അവര്‍ ഒരിടത്തു വന്നു കഴിഞ്ഞാല്‍- ഉദാഹരണത്തിന് ഇന്ത്യയിലാണെന്നു കരുതുക. വിമാനമിറങ്ങി വസ്ത്രം മാറ്റി വര്‍ക്ക് സ്യൂട്ട് ധരിച്ച് നേരെ പോകുന്നത് പ്രവര്‍ത്തന മേഖലയിലേക്കാകും. രാത്രിയെന്നോ പകലെന്നോ നോക്കാതെ ക്ഷീണിക്കുന്നതു വരെ പണിയെടുക്കും. ചെയ്യുന്ന ജോലിതീര്‍ക്കുന്നതിലാണ് അവര്‍ക്ക് ശ്രദ്ധ. ഒരു നിമിഷം പോലും പാഴാക്കാതെ പണിയെടുക്കുന്ന ഉറുമ്പുകളും തേനീച്ചകളുമൊക്കെയാണ് ഇവര്‍ക്ക് മാതൃക.

ആർ.ശങ്കറുമായി അടുത്ത ബന്ധമായിരുന്നല്ലോ? ശങ്കറിനെതിരെ ആരോചെയ്ത ആഭിചാരം താങ്കൾ കണ്ടു പിടിച്ചെന്ന കഥ കേട്ടിട്ടുണ്ട്?
മുഖ്യമന്ത്രിയായ ആര്‍. ശങ്കറിന് ഡോക്ടറുടെ സേവനം ആവശ്യമുണ്ടായിരുന്നു. അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുകയാണ് ഞാന്‍. മുഖ്യമന്ത്രിയുടെ ഡോക്ടറായി എന്നെ നിയമിച്ചു. എന്നും രാവിലെ ക്ലിഫ് ഹൗസിലെത്തും. ആര്‍.ശങ്കറിന് രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതിനാല്‍ അതിന്റെ പരിശോധന നടത്തും. പതിവു പോലെ ഒരുദിവസം പരിശോധനയ്ക്കു ചെന്നപ്പോള്‍ മുഖ്യമന്ത്രി ശങ്കര്‍ എനിക്ക് ഒരു പ്ലാസ്റ്റിക് ഡപ്പി തന്നു. തലേ ദിവസം തന്നെ സന്ദര്‍ശിച്ച ഒരു ആയുര്‍വേദ വൈദ്യന്‍ തന്നെ മരുന്നാണെന്നും പ്രമേഹത്തിന് നല്ലതാണെന്നും പറഞ്ഞു. ഡപ്പിയുടെ അടപ്പ് തുറന്ന് നോക്കിയപ്പോള്‍ പണ്ടു കാലങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണ്ണപ്പവന്റെ ആകൃതിയിലുള്ള ചോക്ലൈറ്റ് ആണെന്നു തോന്നി. എന്നാല്‍ പുറത്തെടുത്തു പരിശോധിച്ചപ്പോള്‍ പവന്‍ തന്നെയാണെന്നു മനസ്സിലായി. ആരോ ചെയ്ത ആഭിചാരമാണിതെന്ന് ശങ്കര്‍ എന്ന നിഷ്‌കളങ്കനായ മനുഷ്യന് മനസ്സിലായില്ല. ആര്‍. ശങ്കര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതുവരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ചികിത്സാ ചെലവുകള്‍ ആളുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം കൂടിവരികയാണോ?
ചെലവ് വലുതല്ല, കൂടുതല്‍ സമയമെടുക്കുന്ന ശസ്ത്രക്രിയക്ക് ചെലവേറും. ശസ്ത്രക്രിയക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങേണ്ടി വരുമ്പോഴും ചെലവ് കൂടും. മെറ്റീരിയല്‍സിന്റെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.അതുപോലെ ആശുപത്രി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിലും മാറ്റം വന്നു.

പ്ലാസ്റ്റിക് സര്‍ജറി മേഖലയുടെ കുലപതിയായി മാറിയതാങ്കൾ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍നടത്തി?
സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ,കാരുണ്യപദ്ധതിയുമായി ബന്ധപ്പെടുത്തി സൗജന്യ ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്കായി സ്‌നേഹത്തണല്‍ പദ്ധതി,കുട്ടികള്‍ക്ക് മുറിച്ചുണ്ട്, മുറി അണ്ണാക്ക് എന്നീ വൈകല്യങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധപ്പെടുത്തി ‘സ്‌മൈല്‍ ട്രെയിന്‍’ പദ്ധതി എന്നിവയാണ് പ്രധാനമായും നടപ്പാക്കിയത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സാ ചെലവ് വരെ ഒരുക്കിക്കൊടുത്തു.കിടപ്പിലായ നിര്‍ദ്ധനരും നിരാലംബരുമായ അര്‍ബുദ രോഗികള്‍ക്ക് അവരുടെ വീടുകളിലെത്തി സൗജന്യമായി ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് സ്‌നേഹത്തണല്‍ 1991 ആരംഭിച്ചത്.

വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവിന്റെ ആഹ്വാനം ശിരസാ വഹിക്കുകയായിരുന്നു താങ്കള്‍?
പിന്നോക്ക വിഭാഗങ്ങള്‍ക്കും അസംഘടിതര്‍ക്കുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. ശ്രീനാരായണ വിദ്യാപീഠം ട്രസ്റ്റ്, ഗുരുദേവ എഡ്യൂക്കേഷന്‍ ട്രസ്റ്റ്, വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ബഹുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചു.തൃപ്പൂണിത്തുറയിലെ ഗുരുദേവ വിദ്യാപീഠം,എറണാകുളം തമ്മനത്തെ നളന്ദാ സി.ബി. എസ് .ഇ സ്കൂൾ എന്നിവ സ്ഥാപിക്കാൻ നേതൃത്വം നൽകി. .2001ൽശ്രീനാരായണ ഗുരുകുലംചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് കടയിരിപ്പ് ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗ് സ്ഥാപിച്ചു.

ആതുര സേവന രംഗത്തെ വാണിജ്യവല്‍ക്കരണത്തെക്കുറിച്ച്?
ആശുപത്രികള്‍ വാണിജ്യവത്കരിക്കാന്‍ കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ അനുവാദം കൊടുത്തു. നേരത്തെ ഇത് അനുവദിച്ചിരുന്നില്ല.ചിലആശുപത്രികളിൽ കേൾക്കുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ ഈ നടപടിയാണ്.

ജീവിതത്തില്‍ പ്രചോദനം നല്‍കിയ വ്യക്തികള്‍?
അച്ഛന്‍ കീഴാറരാമനും അമ്മ ജാനകിയുമാണ് ഏറ്റവും പ്രചോദനം നല്‍കിയത്. പനമ്പിള്ളി ഗോവിന്ദമേനോന്‍, ആര്‍. ശങ്കര്‍, സഹോദരന്‍ അയ്യപ്പന്‍, ഭാര്യാപിതാവ് സി. ആര്‍. കേശവന്‍ വൈദ്യര്‍ തുടങ്ങിയവരും ജീവിതത്തെ മുന്നോട്ടു നയിക്കുന്നതില്‍ വഴികാട്ടികളായി.

(തൃശൂര്‍ ജില്ലയിലെ മേലൂര്‍ സ്വദേശിയാണ് ഡോ. രാജപ്പന്‍. ഭാര്യ: നളിനി, മക്കള്‍: മിനി, ബീന, റീന, മരുമക്കള്‍: ഡോ. ആര്‍. ജയകുമാര്‍, ഡോ. വിജയന്‍ രാധാകൃഷ്ണന്‍, ഡോ. സബിന്‍വിശ്വനാഥന്‍. ആതുര സേവന രംഗത്ത് വിദഗ് ദസേവനം നടത്തുകയാണ് മരുമക്കൾ മൂന്ന് പേരും.)

Author

Scroll to top
Close
Browse Categories