മധു@90

കൂടുതൽ അടുപ്പം സത്യൻ സാറിനോടായിരുന്നു. കാരണം ഞങ്ങൾ കുറെ നാൾ വിശ്വാമിത്രനിൽ ഒരുമിച്ചായിരുന്നു. അദ്ദേഹം സ്ഥിരമായി ഒരു മുറിയിൽ തന്നെയാണ് താമസിച്ചിരുന്നത്. ഞാൻ പിന്നീട് ഷൂട്ടിങ്ങിനു പോകുമ്പോഴെല്ലാം അവിടെ തന്നെയാണ് മുറിയെടുത്തിരുന്നത്. ആദ്യം പടം ചെയ്തതും അദ്ദേഹത്തിന്റെ കൂടെയായിരുന്നു. പ്രേംനസീറിനോട് അടുപ്പം ഉണ്ടായിരുന്നെങ്കിലും അധികം കമ്പനി കൂടാറില്ലായിരുന്നു. സ്നേഹമില്ലാത്തതുകൊണ്ടല്ല, മറിച്ച് അദ്ദേഹം തിരക്കുകൾ അധികമുള്ള ആളായിരുന്നു. സത്യൻ സാറിനൊപ്പം ഒന്നിച്ച് യാത്ര ചെയ്തു. ഒരുമിച്ചഭിനയിച്ചുമൊക്കെ ആത്മബന്ധം ഉണ്ടായിരുന്നു.
90 വയസ് തികയുന്ന അഭിനയ ചക്രവർത്തി മധു മനസ് തുറക്കുന്നു.

ചെമ്മീൻ എന്ന സിനിമ ഇറങ്ങിയിട്ട് അറുപത് വർഷമാകാൻ പോകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലത്തും രാമു കാര്യാട്ടിന്റെ ചെമ്മീൻ ക്ലാസിക്കായി തുടരുകയാണ്. ഈ സിനിമയുടെ ദൃശ്യ സാധ്യതകൾ ഇനി എത്ര നാൾ തുടരുമെന്നാണ് താങ്കൾക്ക് തോന്നുന്നത്?

ഈ കഥാപാത്രത്തെ ഫീൽ ( feel ) ചെയ്യിപ്പിക്കുക എന്നതായിരുന്നു പ്രധാനം. പക്ഷെ മറ്റു പല സിനിമകളിലും ഒരു പാട് കഷ്ടപ്പെട്ടാണ് അഭിനയ മികവ് പുറത്തെടുക്കാനായത്.

ചെമ്മീനിന്റെ ദൃശ്യ സാധ്യതകൾ ഇനിയും തുടരുമെന്നാണ് ഞാൻ കരുതുന്നത്. പ്രണയം പ്രമേയമായി വരുന്ന ഒരുപാട് സിനിമകൾ വേറെയുമുണ്ടെങ്കിലും ഇതിൽ ശ്രദ്ധിക്കേണ്ട ചില പോയിന്റുകൾ ഇപ്പോഴും പ്രബലമായി തുടരുന്നുവെന്നതാണ് ശരി. ഗീതയിൽ പറയും പോലെയുള്ള ഒരു പ്രവർത്തിയാണ് കർമ്മയോഗ. പ്രണയത്തെ ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ഒരു കർമ്മമായി ഉൾക്കൊള്ളാനാണല്ലോ ഗീത പഠിപ്പിക്കുന്നത്. ഈ കർമ്മയോഗയാണ് പരീക്കുട്ടി കഥാപാത്രത്തിൽ നാം കാണുന്നത്. പ്രേമിക്കുക എന്ന ഭാവഭാഷയെ ഒരു വിശുദ്ധ ക്രിയയായി ഉൾക്കൊള്ളാനാണ് ഗീതയിലെ കർമ്മയോഗ ഉപദേശിക്കുന്നത്. ഞാൻ ഈ തത്വവിചാരത്തെ കുറിച്ച് മനസ്സിലാക്കിയതു തന്നെ വൈകിയാണ്. പരീക്കുട്ടിയായി അഭിനയിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. വളരെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾക്കുവേണ്ടി കഷ്ടപ്പെടേണ്ടതായിട്ടൊന്നുമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഈ കഥാപാത്രത്തെ ഫീൽ ( feel) ചെയ്യിപ്പിക്കുകഎന്നതായിരുന്നു പ്രധാനം. പക്ഷെ മറ്റു പല സിനിമകളിലും ഒരു പാട് കഷ്ടപ്പെട്ടാണ് അഭിനയ മികവ് പുറത്തെടുക്കാനായത്. പക്ഷെ ചെമ്മീനിൽ അതു വേണ്ടി വന്നില്ല. പരീക്കുട്ടി ഇന്നും ഓർമ്മിക്കപ്പെടുന്നതിനു പ്രധാനമായ ഒരു കാരണമായി ഞാൻ കാണുന്നത് അതിലെ പ്രേമം കർമ്മ യോഗയായിരുന്നുവെന്നതാണ്. ഒരിക്കലും അയാൾ കറുത്തമ്മയെ ഒന്നു തൊട്ടുപോലും നോക്കുന്നില്ല. കല്യാണം എന്ന ഒരു അവസ്ഥയിലേക്ക് കടക്കുമ്പോൾ പോവരുത്, അത് ചെയ്യരുത് എന്നാണ്പറയുന്നത്. നമുക്ക് ഒളിച്ചോടി പോകാമെന്നും പറയുന്നില്ല. ഒരിക്കലും ഒന്നും അയാൾ ആവശ്യപ്പെടുന്നില്ല എന്നെ വിട്ടു കറുത്തമ്മ പോവല്ലേ എന്ന് പറയുന്നതിന്റെ ഒരു കൂട്ടിവായന അവസാനിക്കുന്നത് ഇങ്ങനെയാണ്. “കറുത്തമ്മ പോയാൽ ഞാനിങ്ങനെ പാടിപാടി ചങ്കുപൊട്ടി ചാകും. ചങ്കുപൊട്ടി ചാകാൻ വേണ്ടി പാടും എന്നല്ല അയാൾ പറഞ്ഞത്. നിന്നെ കുറിച്ചുള്ള ഓർമ്മകളിലും പാട്ടുകളിലും ഞാൻ ജീവിക്കും. ഇങ്ങനെയൊരു കഥാപാത്രം മലയാള സിനിമയിൽ ചുരുക്കമാണ്. അതുകൊണ്ട് ഇതിന്റെ ദൃശ്യ സാധ്യത എന്നും നിലനിൽക്കും.

പുതിയകാല പ്രണയങ്ങൾക്ക് ആയുസ്സ് കുറവാണെന്ന വാദത്തെ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ?

“ആരുടെയെങ്കിലും കാരണം കൊണ്ട് വിവാഹമോചനം ഉണ്ടാവുകയാണെങ്കിൽ ആരും ആഭരണവും പണവും ഒന്നും തിരികെ ചോദിക്കില്ലാ യെന്ന് “. ഇത്തരം ബോധ്യങ്ങളോടുകൂടി വേണം ഇനി പ്രണയവും വിവാഹവും ഒക്കെ സാധ്യമാക്കാൻ. പ്രണയവും വിവാഹവും ഒക്കെ ബ്രേക്ക് അപ്പ് ആകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

പ്രണയവും പ്രണയ നിരാസവും ഒക്കെ പണ്ടും ഉണ്ടായിരുന്നു. ഇനിയുള്ള കാലത്ത് വിവാഹ ക്ഷണപത്രികകൾ വെറും ക്ഷണപത്രികകൾ മാത്രമല്ല. അവ ഡൈവോഴ്സ് ആഘോഷ കുറിപ്പടികൾ കൂടിയായിരിക്കും. കല്യാണക്കുറികളിൽ ഡൈവോഴ്സ് ദിനത്തിന്റെ തീയതി കൂടെയുണ്ടായിരിക്കും. വിവാഹ ഉടമ്പടിയുടെ മറ്റു ചടങ്ങുകളുടെ ഭാഗമായുള്ള കയ്യൊപ്പ് രേഖകളിൽ ഒരു സംഗതി കൂടി രേഖപ്പെടുത്തണം. “ആരുടെയെങ്കിലും കാരണം കൊണ്ട് വിവാഹമോചനം ഉണ്ടാവുകയാണെങ്കിൽ ആരും ആഭരണവും പണവും ഒന്നും തിരികെ ചോദിക്കില്ലാ യെന്ന് “. ഇത്തരം ബോധ്യങ്ങളോടുകൂടി വേണം ഇനി പ്രണയവും വിവാഹവും ഒക്കെ സാധ്യമാക്കാൻ. പ്രണയവും വിവാഹവും ഒക്കെ ബ്രേക്ക് അപ്പ് ആകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

താങ്കളുടെ സിനിമാ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഒരുപാട് നോവലുകൾ സിനിമയാക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇന്ന് സാഹിത്യവും സിനിമയും രണ്ടായി തിരിഞ്ഞു മാറുന്നതിനെ ശ്രദ്ധിച്ചിട്ടുണ്ടോ?

സത്യം പറഞ്ഞാൽ ഞാൻ പടം പിടുത്തം നിർത്താനുള്ള പ്രധാന കാരണം പോലും നല്ല കഥകൾ ലഭ്യമാകാത്തതിനാലാണ്. നല്ല കഥയില്ല എന്ന അർത്ഥത്തിലല്ല ഞാനിതു പറയുന്നത്. മറിച്ച് സിനിമയ്ക്ക് പറ്റിയ നമുക്കറിയാവുന്ന നല്ല കഥകൾ മിക്കവാറുമെല്ലാം തീർന്നുപോയി എന്നാണ്. ഇപ്പോഴത്തെ നോവലുകളുടെ ഒരു വലിയ കുഴപ്പമായി എനിക്ക് തോന്നുന്നത് അവയിൽ ചിത്രങ്ങളെക്കാൾ കൂടുതലുള്ളത് ചിന്തകളാണ്. ഒരു എഴുത്തുകാരന്റെ ചിന്തകൾ മുഴച്ചു വരുകയും ക്യാരക്ടറിന്റെ ചിന്തകൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ചിന്തയെ ദൃശ്യവൽക്കരിക്കുമ്പോൾ അതൊരു തരം കുറഞ്ഞ ചിത്രഭാഷയായി മാറും. പഴയകാലത്തെ ഏതു നോവലുകൾ വായിച്ചാലും അതിലെ ഓരോ പാരഗ്രാഫും (വാചകങ്ങൾ പോലും)ചിത്രങ്ങളാണ്. ഇപ്പോൾ ആ സ്ഥാനം ചിന്ത കൈയടക്കി. അത് ചിത്രീകരിക്കാനാവില്ല. അത്തരം നോവലുകൾ അവസാനം എത്തുമ്പോൾ ഉള്ളി തൊലിച്ചതു പോലെയിരിക്കും. കഥയൊന്നും ഉണ്ടാവില്ല. ചിന്ത മാത്രമേ ഉണ്ടാവുള്ളൂ. നല്ല നോവലുകൾ കിട്ടിയാൽ പ്രൊഡ്യൂസേഴ്സ് അത് വിട്ടുകളയില്ല. ലഭിക്കാത്തതാണ്, ചിത്രകലയിലെ ഇന്നത്തെ വലിയ ദാരിദ്ര്യം.

പഴയ സിനിമാ കാലത്തെയും, അതിന്റെ നിർമാണ കലയെയും ഒന്നു ഓർത്തെടു ക്കാമോ?

ഇന്നത്തെപ്പോലെ ടെക്‌നോളജി വികസിച്ചിട്ടില്ലാത്ത ഒരുകാലത്ത് സിനിമയിലേക്ക് വന്ന ഒരാൾ എന്ന നിലയിൽ നിരവധി രസകരങ്ങളായ കാര്യങ്ങൾ ഓർമ്മയിലേക്ക് വരുന്നു. അക്കാലത്ത് ഓരോ ഷോട്ടും എടുത്തിട്ടുള്ളത് കണ്ണിൽ കാണാവുന്ന മട്ടിലല്ല. ഈ എടുത്ത സീനുകൾ സ്റ്റുഡിയോയിലും, ലാബിലും ഒക്കെ എത്തിയാൽ പിന്നെ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയാനൊക്കില്ല. സിനിമ ഷൂട്ട് ചെയ്യുന്നുവെന്ന് മാത്രമേ അറിയാൻ കഴിയൂ. ഒരു ഷോട്ട് രാവിലെ എടുത്തു കഴിഞ്ഞാൽ അതിന്റെ തുടർഭാഗങ്ങൾ എടുക്കാൻ അതേ ലൈറ്റുള്ള വൈകുന്നേരത്തെ ആശ്രയിക്കേണ്ടിവരും. രാവിലെ പത്തിനും പത്തു മുപ്പതിനും ഒക്കെ മുമ്പുള്ള സീനുകൾ തുടരാൻ സാധ്യമല്ല. കാരണം സൂര്യപ്രകാശത്തിന്റെ ഷെയ്ഡ് മാറും. ഷാഡോസ് വീണു കിടക്കും. ക്രമേണ അതും മാറിമറിയും. ആ ലൈനിൽ പോയി എടുത്താൽ സ്ക്രീൻ അളവ് തെറ്റിപ്പോകും. അപ്പോൾ പുതിയ സീൻ തുടങ്ങേണ്ടിവരും. ഉച്ചയ്ക്ക് ശേഷം നിഴലുകൾ അപ്പുറത്തുനിന്ന് ഇങ്ങോട്ടേക്ക് മറിഞ്ഞു കിടക്കും. പക്ഷേ ലെങ്ത് ഒന്നായിരിക്കും. എങ്കിലും വൈകുന്നേരത്തെ ലൈറ്റുകൾ ഒന്നുപോലെയായിരിക്കും. അത്രത്തോളം ഒരു ദിവസത്തെ സൂര്യപ്രകാശത്തെ ആശ്രയിച്ചുകൊണ്ട് സൂക്ഷ്മതയിലാണ് സിനിമ ചെയ്തിരുന്നത്. പണമുള്ള നിർമ്മാതാക്കളാണ് സിനിമയെടുത്തിരുന്നതെങ്കിലും കോസ്റ്റ്യൂമിനു വേണ്ടി വൻ തുകകൾ മുടക്കിയിരുന്നില്ല. സിനിമ റിയലിസ്റ്റിക്കായിരിക്കണം എന്ന നിർബന്ധം അവർക്കുണ്ടായിരുന്നു. അതിന് അന്ന് പ്രൊഡ്യൂസർ ചെയ്യുന്നത് ഏത് പ്രമേയമാണോ ചിത്രീകരിക്കുന്നത് അതിന് ഉതകുന്ന സ്ഥലത്തെത്തി അവിടത്തെ ജനങ്ങളുടെ കോസ്‌റ്റ്യൂം തന്നെ ഉപയോഗിച്ചിരുന്നു. ചെമ്മീനിനു വേണ്ടി കടപ്പുറത്തെ മുക്കുവൻമാരുടെയും മുക്കുവത്തികളുടെയും ഡ്രസ്സ് കടം വാങ്ങിയിട്ടാണ് ഉപയോഗിച്ചത്. അതും അവരുടെ കുടിലുകളിൽ തന്നെയാണ് ഷൂട്ട് ചെയ്തിരുന്നത്. ഇന്നത്തെ പോലെ കുടിലുകൾ സെറ്റിട്ടിരുന്നില്ല. അക്കാലത്ത് സിനിമയെ കുറേകൂടി റിയലിസ്റ്റിക്കാക്കാൻ ശ്രദ്ധിച്ചിരുന്നു. അന്ന് കഥാപാത്രങ്ങളെ സൃഷ്ടിച്ചതു പോലും സൂക്ഷ്മതയിലാണ്. പഴനിയെ പോലെ ധാരാളം പഴനിമാരുണ്ട് (ഇനിയും ഉണ്ടാകും) എന്ന് ചലച്ചിത്രകാരൻ തിരിച്ചറിയുന്നു. ചെമ്മീനിലെ പരീക്കുട്ടി എന്ന ക്യാരക്ടറിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. നിഷ് കാമകർമ്മമാണ് ആ ക്യാരക്ടറിന്റെ മുഖമുദ്ര. ഈ നിഷ്‌കാമ കർമ്മയുടെ അംശം കലർന്ന ഹീറോകൾ നമ്മുടെ സാഹിത്യത്തിലോ, നാടകത്തിലോ, സിനിമയിലോ ചുരുക്കമാണെന്ന് പറഞ്ഞാൽ പോരാ, ഇല്ല എന്നു തന്നെ പറയണം. ഒരിക്കൽ ഞാൻ നന്നേ ആൾത്തിരക്കു കുറഞ്ഞ വലിയതുറ കടപ്പുറത്ത് ഒരു ഫോട്ടോ ഷൂട്ടിന് പോയപ്പോൾ കുറെ സ്ത്രീകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് “മോനെ പരീക്കുട്ടി “എന്ന് വിളിച്ചു. കാഴ്ചയിൽ അവൾക്ക് എന്റെ മോളുടെ പ്രായമേയുള്ളൂ. അത്രയ്ക്ക് കാണികളുടെ മനസ്സിൽ കയറി പറ്റിയ കഥാപാത്രമാണ് പരീക്കുട്ടി എന്ന് ഒന്നുകൂടി സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഇനി എഡിറ്റിങ്ങിനെ കുറിച്ചും അത്തരത്തിൽ തീവ്രമായ അനുഭവങ്ങളുണ്ട്. കടലിനെ ഒരു കഥാപാത്രമായി തന്നെ എഡിറ്റ് ചെയ്തിരുന്നു. കടലിന് ഇത്രയും മനോഹരിതയോ എന്ന് ചോദിപ്പിക്കും വിധമായിരുന്നു അത്. പഴയകാല സിനിമയിൽ പാട്ടും ഒരു അത്ഭുതമായിരുന്നു. അതിന്റെ ഉച്ചാരണശുദ്ധിയും വാക്കുകളുടെ ഫീലിംഗും പ്രധാനമായിരുന്നു. മലയാളത്തിലെ ഏറ്റവും നല്ല പത്ത് പാട്ടെടുത്താൽ അതിൽ ഒന്ന് “മാനസമൈനേ “എന്ന പാട്ടായിരിക്കും. മാനസമൈനേ എന്ന പാട്ട് അത് ആരു പാടിയാലും പക്ഷേ അത് സിനിമയ്ക്ക് വേണ്ടി പാടിയ ആ ഫീലിങ്ങിൽ എത്തിച്ചേരാൻ കഴിയില്ല. ഇത്തരം പ്ലസ് പോയിന്റുകളാണ് പഴയ സിനിമയെ ഇന്ന് ജനപ്രിയതയിൽ നിലനിർത്തുന്നത്.

പുതിയ
ഭാർഗവി നിലയം
ഏറ്റില്ല

ചെമ്മീനിൽ പ്രയാസമില്ലാതെ അഭിനയിച്ചു എന്ന് താങ്കൾ പറഞ്ഞല്ലോ, അപ്പോൾ ഏറ്റവും കഠിനത നേരിട്ട അഭിനയ മുഹൂർത്തങ്ങളുള്ള സിനിമാസന്ദർഭങ്ങളെ ഒന്ന് ഓർത്തെടുക്കാമോ?
അഭിനയം ഒരിക്കലും ഒരു കഠിനവ്യവഹാരമല്ല. ഒരു ഫുട്ബോൾ കളിക്കാരൻ, കളിക്കുന്ന നേരത്ത് കളിച്ചു കാലൊക്കെ ഒടിഞ്ഞെന്ന് വരും. പക്ഷേ അവനോട് ചോദിക്കണം അതൊരു കഠിനവഴിയാണോയെന്ന്. കാല് ശരിയാവുമ്പോ വീണ്ടും പോയി അയാൾ കളിക്കുന്നില്ലേ, അയാൾക്ക് അതൊരു കാഠിന്യക്രിയയല്ല അതയാളുടെ സ്വഭാവമാണ്. ക്യാരക്ടർ എന്നത് പലതരം സ്വഭാവ നിർമ്മിതികളാണ്. ഈ സ്വഭാവ സവിശേഷതകൾ നിറഞ്ഞ ഒരു സിനിമയായിരുന്നു ഭാർഗവീനിലയം. അതിന്റെ ഇടവേള വരെ ഒന്നുരണ്ടു കഥാപാത്രങ്ങൾ വരികയും പോവുകയും ചെയ്യുന്നതൊഴിച്ചാൽ സ്ക്രീനിൽ ഞാൻ മാത്രമേയുള്ളൂ. അതിന്റെ പുതിയ വേർഷൻ എടുത്തവർ ഇവിടെ വന്നിരുന്നു. അത് ഞാൻ മിനിസ്ക്രീമില്‍ ഇട്ടു കണ്ടിരുന്നു. അതിൽ എന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോ അതു നന്നായി ചെയ്തെങ്കിലും ഏൽക്കാതെ പോയി. “താമസമെന്തേ വരുവാൻ”പ്രേം നസീറിന്റെ സ്ഥാനത്ത് മറ്റൊരാൾ ഇരുന്നു പാടുന്നത് ഏൽക്കുന്നില്ല. ഇത്തരം ചില പരിമിതികൾ എല്ലാകാലത്തും ഉണ്ടാകുന്നുണ്ട്. പി.ജെ ആന്റണിയുടെ സ്ഥാനത്ത് പുതിയ ഭാർഗവീനിലയം പ്രതിഷ്ഠിച്ച നടൻ അതിന്റെ അടുത്ത് പോലും വരില്ല.
സാങ്കേതികത മാത്രമേ രണ്ടാമത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഭാർഗവീനിലയത്തിലുള്ളൂവെന്നും കഥയും, പശ്ചാത്തലവും ആ ആംബിയൻസിൽ മുങ്ങിപ്പോയി എന്നുമുള്ള നിരീക്ഷണത്തെ എങ്ങനെ കാണുന്നു?
സാങ്കേതികതയുടെ കാര്യത്തിൽ അതിന്റെ അടുത്തുപോലും വരില്ല റീമേക്ക് ചെയ്യപ്പെട്ട ഭാർഗ്ഗവീനിലയം. ഒരു മികച്ച ആർട്ടിസ്റ്റും, ടെക്നീഷ്യനുമായിരുന്നു വിൻസന്റ് മാസ്റ്റർ. അങ്ങനെ തന്നെയായിരുന്നു ക്യാമറാമാനും. പുതിയതിൽ റിമ കല്ലിങ്കൽ അഭിനയിച്ചത് മോശമൊന്നുമല്ല, പക്ഷേ ആദ്യത്തെ ഭാർഗവീനിലയം പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞുപോയി എന്നതാണ് വാസ്തവം.

ഭാഷയുടെ സ്ലാങ് ആ സിനിമയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതാണോ… അതോ സ്വാഭാവികമായി അനുധാവനം ചെയ്തു വരുന്നതാണോ?

ഭാഷ അഥവാ ശരീര ശൈലി എന്നത് ഒരു മാനറിസം പോലെ കൊണ്ടുനടക്കുന്നവരുണ്ട്. പക്ഷേ ഞാൻ ആ തരത്തിലല്ല സംസാരിച്ചിട്ടുള്ളത് ക്യാരക്റ്ററിനെ നന്നായി മനസ്സിലാക്കി, വലിയ വ്യത്യാസമൊന്നും കൂടാതെ കഥാപാത്രത്തെ പകർത്താനാണ് ശ്രമിച്ചിട്ടുള്ളത്. പിന്നെ ഒരു സിനിമയിലെ ഭാഷ കേരളത്തിലെ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. പല മുസ്ലിം ക്യാരക്ടറുകളുണ്ട്. അത് അവർ മുസ്ലിം ശൈലിയിൽ മാത്രം പറയുകയാണെങ്കിൽ (ഇവിടത്തെ)തിരുവനന്തപുരത്തുകാർക്ക് മനസ്സിലാകണമെന്നില്ല. മനസ്സിലാകില്ല എന്ന് വരികൾ സിനിമയോ നാടകമോ ഉണ്ടായിട്ടു കാര്യമില്ലല്ലോ. കാണുന്നവർക്കും വായിക്കുന്നവർക്കും സംഗതി മനസ്സിലായില്ലെങ്കിൽ പിന്നെന്തിനാണ് ദൃശ്യകല. ഉമ്മാച്ചുവിൽ അഭിനയിക്കാൻ നേരത്തും അതിൽ അഭിനയിച്ച പലരും അസൽ മലബാർ ഭാഷാശൈലിയിൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ എനിക്കത് കഴിയാഞ്ഞിട്ടല്ല, ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുകയാണ് പ്രധാനം. അതുകൊണ്ട് സിനിമയുടെ പ്ലോട്ടിനു പറ്റിയ രീതിയിൽ ഞാൻ അത് കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം.

താങ്കൾ ചെമ്മീൻ എന്ന സിനിമ എത്ര തവണ കണ്ടു കാണും ?

അധികം തവണയൊന്നും കണ്ടിട്ടില്ല. ചെമ്മീനിൽ വളരെ ഈസിയായി കഥാപാത്രത്തെ കൈകാര്യം ചെയ്തുവെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതിന്റെ വിജയത്തിന്റെ പ്രധാന കാരണം തന്നെ തകഴിയുടെ നോവൽ സിനിമയായി എന്നതാണ്. എന്റെ പഠനകാലത്താണ് നോവൽ പുസ്തകരൂപത്തിലെത്തുന്നത്. അത് വായനക്കാരനെ പിടിച്ചിരുത്തിയ കൃതിയായിരുന്നു. ഞാനും എന്റെ പഠനകാലത്ത് തന്നെയാണ് അത് വായിച്ചതും, അതെന്നെ ആകർഷിച്ചതും. അത് ഞാൻ പലതവണ വായിച്ചിട്ടുണ്ട്. അന്നേ പരീക്കുട്ടിയുടെ കഥാപാത്രം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. അതുകൊണ്ട് അഭിനയിക്കാൻ പോയപ്പോൾ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരുന്ന ഉമ്മാച്ചുവിലെ മായനെയും ഇഷ്ടപ്പെട്ടത് വായനയിലൂടെയാണ്. അന്നേ മായൻ എന്ന കഥാപാത്രം മനസ്സിൽ കയറിക്കൂടിയിരുന്നു. അതുകൊണ്ട് അതും നന്നായി ചെയ്യാൻ സാധിച്ചു. ഭാർഗവീനിലയം മുതൽ ജയരാജിന്റെ കുടുംബസമേതം വരെ എനിക്ക് പൂർണ സംതൃപ്തി തന്ന സിനിമകൾ നിരവധിയാണ്. രഞ്ജിത്തിന്റെ സ്പിരിറ്റിലെ എന്റെ കഥാപാത്രം ഞാൻ മുമ്പ് ചെയ്തവയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഞാൻ തന്നെ സംവിധാനം ചെയ്ത മാന്യശ്രീ വിശ്വാമിത്രനിലെ കഥാപാത്രവും വിജിതമ്പിയുടെ സിംഹവാലൻ മേനോനിലെ കഥാപാത്രവും അപ്പച്ചന്റെ തീക്കടലിലെ കഥാപാത്രവും ഒക്കെ സംതൃപ്തി തരുന്നവയാണ്. ഇത്തരം സിനിമകൾ ഞാൻ വീണ്ടും കണ്ടിട്ടുണ്ട്. പിന്നെയുള്ള സിനിമകളിലെല്ലാം വെറും തന്ത കഥാപാത്രങ്ങളാണ്. മക്കൾക്ക് പ്രതികാരം ചെയ്യാൻ വേണ്ടി ചാകുന്ന തന്തകളാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒക്കെ തന്തയായി അഭിനയിച്ചതൊക്കെ ചിലപ്പോൾ ഞാൻ കൗതുകത്തോടെ വീണ്ടും കാണാറുണ്ട്.

പഴയ സിനിമയിലെ ഹാസ്യം സാമൂഹ്യവിമർശനമായിരുന്നു. ഹാസ്യത്തിന്റെ സൂക്ഷ്മാംശം പോലും ഒപ്പിയെടുത്ത് കാണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഹാസ്യം വള്‍ഗറായി മാറുന്നതിനെയും, സിനിമയ്ക്കാവശ്യമില്ലാത്ത നിർമ്മിത ഹാസ്യമായി മാറുന്നതിനെയും ശ്രദ്ധിച്ചിട്ടുണ്ടോ?

എപ്പോഴും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കലാമേഖലയാണ് സിനിമ. ഒരു പ്രത്യേക തലമുറയിലുള്ള ആളുകൾക്ക് കഴിഞ്ഞുപോയ കുറെ കാര്യങ്ങൾ നന്മയായിട്ടും, ഇപ്പോൾ നടക്കുന്നതു മോശമായിട്ടും ചിലപ്പോൾ തോന്നിയേക്കാം, അതൊരു തെറ്റല്ല. പക്ഷേ താൽക്കാലികമായിട്ടുള്ള സ്റ്റൈൽ ഇതാണെന്ന് കരുതി അതിനെ ഉൾക്കൊള്ളുകയാണ് പ്രധാനം. അതിനെയൊന്നും പൂർണമായി ആസ്വദിക്കാൻ സാധിക്കില്ലായെന്നതും സത്യമാണ്. ഇല്ലേ?

മധു എന്ന നടൻ നല്ല വായനക്കാരനാണെന്ന് കേട്ടിട്ടുണ്ട്. ഇ-റീഡിങ്ങിന്റെ ഈ കാലത്ത് അഭിനയത്തെ വായന കൊണ്ട് എങ്ങനെയാണ് പുതുക്കാനാകുന്നത്?

അക്കാലത്ത് ഞാൻ കൂടുതലായി വായിച്ചിരുന്നത് നോവലുകളല്ല, മറിച്ച് നാടകങ്ങളായിരുന്നു. നോവലുകൾ വായിച്ചിട്ടില്ലെന്നല്ല, ധാരാളം വായിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ നാടകങ്ങളും വായിച്ചിട്ടുണ്ട്. നോവലുകളും നാടകങ്ങളും അഭിനയ കലയെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നത് ശരിയാണ്.

പുതിയ കാലത്തിൽ തിയേറ്റർ സംസ്കാരം മാറുകയും ഒ.ടി.ടി.റിലീസ് എന്ന കൺസെപ്റ്റ് പ്രബലപ്പെടുകയും ചെയ്തതിനെ എങ്ങനെ വിലയിരുത്തുന്നു?

ഇത്തരം ഒരു ദൃശ്യ സംസ്കാരം കാലത്തിന്റെ ആവശ്യമായി തീർന്നിരിക്കുന്നു. പണ്ട് തീയേറ്ററിൽ പോകുന്നതും ആൾക്കൂട്ട വൈകാരികതയുടെയും, അനുഭൂതിയുടെയും നടുവിൽ ഇരുന്ന് സിനിമ കാണുന്നതും ഒരു സാക്ഷരസംസ്കാരമായിരുന്നു. ഇന്ന് സ്വീകരണമുറിയിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്തിരുന്ന് ഒരു സിനിമ പൂർണമായി കാണുന്നു പോലുമില്ല. അവിടെ തള്ളയും തന്തയും മക്കളും ഓരോ ഫോണും വെച്ച് കുത്തി കുത്തിയിരിക്കും. അവർ പരസ്പരം സംസാരിക്കാറില്ല. കളക്ടീവ് ആയിട്ടുള്ള ആക്ടിവിറ്റീസ് കുടുംബങ്ങളിൽ കുറഞ്ഞുവരുകയാണ്. ജീവിതത്തോടുള്ള അടുപ്പം കുറയുന്നു. ഇവിടെ എന്നെ കാണാൻ രണ്ടുമൂന്നു പേർ വന്നിരിക്കട്ടെ. എന്നെ ആവശ്യത്തോടെ കാണാൻ വന്നയാൾ എന്നോട് സംസാരിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെല്ലാം അവരുടെ ഫോണിൽ നോക്കിക്കൊണ്ടിരിക്കും. അപ്പോൾ കളക്ടീവായ ഒരു ഐഡിയയ്ക്കും സാധ്യതയില്ല. പണ്ട് പായയും കൊണ്ടൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു രീതിയുണ്ടായിരുന്നു. വീണ്ടും അതിലേക്ക് തന്നെ പോകണം എന്ന് പറയാൻ പറ്റില്ലല്ലോ. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടേ പറ്റൂ. മുമ്പ് സിനിമയ്ക്ക് തിയേറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അതല്ല എന്നുമാത്രം.

മോഹൻലാൽ മധു എന്ന നടനെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്- മധു സാർ ലൊക്കേഷനിലേക്കു വരുമ്പോൾ വല്ലാത്തൊരു വൈബാണ്. ആ സമയം ലൊക്കേഷനിലുള്ളവരാകെ മധുസാറിൽ ചൊരിയുന്ന ആദരവ് പറഞ്ഞറിയിക്കാനാവില്ല. ചരിത്രത്തെ തൊട്ടറിയുന്നതു പോലെയുള്ള ഒരനുഭവമാണത്. മലയാള സിനിമയിലെ ബയോപിക് രേഖയിൽ ഇതുപോലൊരു ഗ്രാഫ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചതിനു പിന്നിലെ രഹസ്യമൊന്നു വിവരിക്കാമോ?

സിനിമാകലയുടെ എല്ലാ സ്റ്റേജിലും ഞാൻ അതിൽ തന്നെ involve ആയി നിൽക്കുന്ന ഒരു രീതിയുണ്ട്. ഇത്രയും വർഷവും ഞാൻ അങ്ങനെ തന്നെയായിരുന്നു. മോഹൻലാലിന് തോന്നിയിട്ടുള്ള ഈ ആദരവ് മറ്റു പലർക്കും തോന്നിയിട്ടുമുണ്ട്. ഇവരൊക്കെ വരുമ്പോഴേക്കും ഞാനൊരു പത്തു മുപ്പതു വർഷം സിനിമയിൽ പിന്നിട്ടു കഴിഞ്ഞു. ഞാനും മോഹൻലാലും തമ്മിൽ ഏതാണ്ട് മുപ്പതു വയസ്സിന്റെ വ്യത്യാസമില്ലേ. പിന്നെ സിനിമയുടെ ഏതാണ്ട് എല്ലാ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ഒരാളെന്ന നിലയിലുള്ള ആദരം കൂടിയാണത്.

പ്രേംനസീർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താങ്കൾക്ക് ആർക്കൊപ്പം അഭിനയിച്ചപ്പോഴാണ് കൂടുതൽ സന്തോഷകരമായ സംതൃപ്തി ഉണ്ടായിട്ടുള്ളത്?

മോഹൻലാൽ
മമ്മൂട്ടി

എനിക്ക് എല്ലാവരോടൊപ്പവും ഒരുപോലെയായിരുന്നു. പക്ഷേ ആദ്യത്തെ സെറ്റിലുള്ള ആളുകളിൽ കൂടുതൽ അടുപ്പം സത്യൻ സാറിനോടായിരുന്നു. കാരണം ഞങ്ങൾ കുറെ നാൾ വിശ്വാമിത്രനിൽ ഒരുമിച്ചായിരുന്നു. അദ്ദേഹം സ്ഥിരമായി ഒരു മുറിയിൽ തന്നെയാണ് താമസിച്ചിരുന്നത്. ഞാൻ പിന്നീട് ഷൂട്ടിങ്ങിനു പോകുമ്പോഴെല്ലാം അവിടെ തന്നെയാണ് മുറിയെടുത്തിരുന്നത്. ആദ്യം പടം ചെയ്തതും അദ്ദേഹത്തിന്റെ കൂടെയായിരുന്നു. പ്രേംനസീറിനോട് അടുപ്പം ഉണ്ടായിരുന്നെങ്കിലും അധികം കമ്പനി കൂടാറില്ലായിരുന്നു. സ്നേഹമില്ലാത്തതുകൊണ്ടല്ല, മറിച്ച് അദ്ദേഹം തിരക്കുകൾ അധികമുള്ള ആളായിരുന്നു. സത്യൻ സാറിനൊപ്പം ഒന്നിച്ച് യാത്ര ചെയ്തു. ഒരുമിച്ചഭിനയിച്ചുമൊക്കെ ആത്മബന്ധം ഉണ്ടായിരുന്നു. ചെമ്മീൻ, തൊമ്മന്റെ മക്കൾ തുടങ്ങിയ കുറച്ചധികം പടങ്ങളിൽ ഒരുമിച്ചു വന്നു. സത്യൻ – മധു കൂട്ടുകെട്ടെന്നൊക്കെ അക്കാലങ്ങളിൽ പറച്ചിൽ പോലുമുണ്ടായിരുന്നു.

സത്യന്‍

മലയാളിയുടെ സിനിമ സൗന്ദര്യ സങ്കല്പത്തെ അട്ടിമറിച്ച നടന ശരീരമല്ലേ സത്യൻ?

കറുപ്പായതുകൊണ്ട് സൗന്ദര്യമില്ല എന്നതിന് അർത്ഥമില്ല. അദ്ദേഹത്തെ കാണാൻ കറുപ്പാണെന്നു പറഞ്ഞാലും സ്ക്രീനിലേക്കെത്തുമ്പോൾ ഇപ്പോഴുള്ള ഹീറോസിനെക്കാളും മുമ്പിലായിരുന്നു. പണ്ട് പ്രേംനസീറിനെക്കാളും ശകലം താഴെയാണദ്ദേഹം സൗന്ദര്യത്തിന്റെ കാര്യത്തിലെങ്കിലും അങ്ങേരുടെ അത്രയും നടനസൗന്ദര്യ ഭാഷയുള്ള വേറെ ആരുണ്ട്? അദ്ദേഹം മേക്കപ്പ് കഴിഞ്ഞെത്തിയാൽ ഏറ്റവും നല്ല സൗന്ദര്യ പുരുഷനായിരുന്നു. അദ്ദേഹത്തിന്റെ ചിരിയും മാനറിസങ്ങളും ആ കറുപ്പ് നിറത്തെ മറികടക്കുന്നതായിരുന്നു. പ്രേംനസീറുമായി താരതമ്യം ചെയ്താണ് ആ സൗന്ദര്യത്തെ മലയാളി അളന്നിരുന്നത്. എന്റെ ആദ്യകാല രൂപത്തെക്കുറിച്ച് രസകരമായ ഒരു സംഭവം ഇപ്പോൾ ഓർക്കുകയാണ്. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കുട്ടിക്കുപ്പായം ‘ എന്ന സിനിമയിൽ പ്രേംനസീർ അംബികയെ കല്യാണം കഴിക്കുകയാണ്. അതിനുശേഷമാണ് അറിയുന്നത് അവൾക്ക് കുട്ടികളുണ്ടാവില്ലെന്ന്. അങ്ങനെ അംബികയെ ഉപേക്ഷിച്ച് നസീർ ഷീലയെ വിവാഹം കഴിക്കുകയാണ്. സിനിമയിൽ അവസാനം ഞാൻ അംബികയെ വിവാഹം കഴിക്കുകയാണ്. ഈ പടം പ്രദർശനത്തിനെത്തിയ ദിവസം ഞാൻ തൃശ്ശൂരിൽ മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാൻ ഷൂട്ടൊക്കെ കഴിഞ്ഞ് സെക്കൻഡ് ഷോയ്ക്ക് പോയി. അപ്പോൾ സിനിമ തുടങ്ങിയിരുന്നു. ബാൽക്കണിയിലെ ബാക്ക് സീറ്റിലിരുന്നു സിനിമ കാണുകയായിരുന്നു. എന്റെ നേരെ മുമ്പിൽ ഒരു പെൺകുട്ടിയും പയ്യനും ഇരിക്കുന്നുണ്ടായിരുന്നു. പൊൻവളയും എന്നു തുടങ്ങുന്ന പാട്ട് സീനിൽ അംബികയുടെ തോളിൽ കൈപിടിച്ചു ഞാൻ നിൽക്കുമ്പോൾ ആ പയ്യന്റെ അടുത്തിരുന്ന ഹാജിയാർ ചോദിച്ചു – ‘ഏതാ ആ ക്ഷയരോഗി’ ഞാൻ പുറകിൽ ഇരിക്കുന്നത് ആ പയ്യനും ഹാജിയാരും കണ്ടില്ല. അപ്പോൾ ആ ചെറുക്കൻ പറയുകയാണ്. ഇത് പുതിയ ആക്ടറാണ്. മധു എന്നാണ് പേര്. ഞാൻ പതുക്കെ അവിടെ നിന്നും ഇറങ്ങി. പടം പൂർണമായും കണ്ടില്ല. അതിനുശേഷം എനിക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല. എന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ആദ്യത്തെ വിശേഷണമാണത്.

പ്രേംനസീർ

മധു എന്ന നടനശരീരത്തിന് തൊണ്ണൂറ് വയസാവുകയാണ്. ഈയവസരത്തിൽ ജീവിതം എന്തു പഠിപ്പിച്ചുവെന്ന് ചോദിച്ചാൽ എന്തായിരിക്കും അതിന്റെ പ്രതികരണം?

പഠിപ്പിച്ചത് ഇത്രമാത്രം – ‘നാളെ, മറ്റന്നാൾ, ഇന്നലെ എന്നുള്ള കാര്യങ്ങളെല്ലാം മറന്നിട്ട് ഇന്നത്തെ ഓരോ നിമിഷങ്ങളും സുഖമായിട്ട് മുന്നോട്ട് നയിക്കാൻ കഴിയണം. എന്നു പറഞ്ഞാൽ മദ്യപിച്ച് കഴിയണമെന്നല്ല. മറിച്ച് നല്ല കാര്യങ്ങൾക്കായി ‘nows,നെ ഉപയോഗിക്കുകയെന്നതാണ് പ്രധാനം. നാളെ ചെയ്യാം എന്നു പറഞ്ഞ് നീക്കിവെയ്ക്കുന്ന കാര്യങ്ങളെ ഇപ്പോൾതന്നെ ചെയ്യാം എന്നു പറഞ്ഞുറച്ചാൽ നമുക്ക് സമയത്തെ യൂട്ടിലൈസ് ചെയ്യാൻ സാധിക്കും. അങ്ങനെയെങ്കിൽ നമ്മൾ നല്ല വ്യക്തികളായി വളരും. മനസ്സിന് സന്തോഷം ആവോളം ഉണ്ടാവുകയും ചെയ്യും.

Author

Scroll to top
Close
Browse Categories