അയിത്തം മാത്രം മാറിയാല്‍ പോര…മാറണം ജാതിചിന്തയും

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ ജാതിയും ജാതിപീഡനങ്ങളും വിവേചനങ്ങളും കേരളത്തിലും ഒളിഞ്ഞും തെളിഞ്ഞും അരങ്ങേറുന്നുണ്ട്. അയിത്തത്തെ കുഴിച്ചുമൂടിയെന്ന് അവകാശപ്പെടുന്നവര്‍ ജാതിയെ നിലനിര്‍ത്തി പരിപാലിക്കുന്നതിന്റെ ഇരകളാണ് ദളിതരും ആദിവാസികളും പിന്നോക്കക്കാരും. ജാതി എല്ലാ മേഖലയിലും ഘടനാപരമായും പ്രതീകാത്മകമായും നില നില്‍ക്കുകയാണ്. ഒരാളുടെ നിറത്തെ ചൂണ്ടിക്കാട്ടാനായി ‘പുലയന്റെ നിറം’ എന്ന് നല്‍കുന്ന വിശേഷണം ജാതിബദ്ധമായി നിറത്തെ കാണുന്നതിന്റെ പ്രതീകാത്മക രൂപമാണ്. യുവ ദളിത് ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനും അംബേദ്ക്കറിസ്റ്റുമായ അനന്തുരാജ് പറയുന്നു. അനന്തുരാജുമായി
അഭയൻ പി.എസ് നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ ആദ്യ ഭാഗം

പന്തിഭോജനത്തിന്റെ എട്ടര ദശകം, വൈക്കം സത്യാഗ്രഹത്തിന്റെ ശതകം, നവോത്ഥാനം. കേരളം അടുത്ത കാലത്ത് ഏറ്റെടുത്ത ഏറ്റവും വലിയ ചര്‍ച്ചകളാണ് ഇവയെല്ലാം. കേരളത്തില്‍ വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ച നാഴികക്കല്ലുകളായി ഇവ വിലയിരുത്തുന്ന കാലത്താണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ആദിവാസി യുവാക്കളായ മധുവിന്റെ കേസും വിശ്വനാഥന്റെ മരണവുമെല്ലാം വാര്‍ത്തകളാകുന്നത്.

അനന്തുരാജ്

ചോദ്യം: ഓരോ 18 മിനിറ്റിലും ഒരു അക്രമം വീതം ദളിതർക്കെതിരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതായും പ്രതിരോധിക്കുന്നതില്‍ ഭരണകൂടത്തിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതായും തോന്നുന്നുണ്ടോ?

ഉത്തരം. ഇന്ത്യയിലൊട്ടാകെ ദളിത് അക്രമങ്ങള്‍ എല്ലാക്കാലത്തും ശക്തമായി തന്നെയുണ്ട്. ദളിത് സ്വത്വത്തിനകത്ത് പൊതുവേ പറയാറുള്ള ഹിന്ദു ദളിതര്‍, ക്രൈസ്തവ വിഭാഗത്തില്‍ പെടുന്ന ദളിതര്‍, പറയ, പുലയ വിഭാഗത്തെ തൊട്ടു വരുന്ന കേരളത്തിലെ ദളിതര്‍, കേരളത്തിന് പുറത്ത് മാലാ, മാലിക, ചമര്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ എല്ലാ കീഴാളരെയും ദളിത്ജാതികള്‍ എന്ന നിലയില്‍ പല രീതിയില്‍ രാജ്യത്ത് അക്രമത്തിന് വിധേയമാക്കുന്നുണ്ട്. ക്രൈസ്തവികതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് വിഭാഗങ്ങളും അക്രമത്തിന്റെ ഇരകളാകുന്നുണ്ട്. മതപരിവര്‍ത്തനം ചെയ്തവരും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവരുമായ ആള്‍ക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കിയ സംഭവം തെലുങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന പരിഗണനയില്‍ പെട്ടതിനാല്‍ ജാതിദളിതര്‍ക്കെതിരേ പറയുന്ന അക്രമങ്ങളുടെ പട്ടികയില്‍ ഇവയൊന്നും ഉള്‍പ്പെട്ടില്ല എന്നുമാത്രം.

ജാതിയുടെ അയിത്ത സ്വഭാവത്തെ ഭരണഘടന നിയമപരമായി റദ്ദു ചെയ്യുന്നുണ്ട്. അതുമൂലം ജാതിയുടെ കാഴ്ചപ്പാടുകള്‍ അയിത്തത്തിലേക്ക് ചുരുങ്ങി. അപ്പോഴും ജാതി എല്ലാ മേഖലയിലും ഘടനാപരമായും പ്രതീകാത്മകമായും നില നില്‍ക്കുകയാണ്.

സ്വാതന്ത്ര്യാനന്തരം വന്ന നിയമങ്ങള്‍ രാജ്യത്തെ ദളിത്പീഡനങ്ങളില്‍ നിന്നും വലിയൊരളവ് വരെ ദളിതരെ സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്. കേരളത്തിലെ ഒരുവിഭാഗം ദളിതുകള്‍ മതപരിവര്‍ത്തനം ചെയ്യാതെ ഹിന്ദുവായി നിലനിന്നതിന് അക്രമങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഗോപ്യമായ കാരണം കൂടി ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടാനാകും. ദളിത് വിരുദ്ധ അതിക്രമങ്ങളുടെ നിയമപരിരക്ഷ കണക്കാക്കിയാണ് അനേകം ദളിതര്‍ അന്ന് മതംമാറാതെ നിന്നത്. തെലുങ്കാനയില്‍ മതംമാറിയവര്‍ തങ്ങളുടെ പഴയ ഹിന്ദുപേരുകള്‍ നിലനിര്‍ത്തിയിരുന്ന പതിവുകള്‍ ഉണ്ടായിരുന്നു.

ഈ നിയമം അട്ടിമറിക്കപ്പെടുന്നുമുണ്ട്. ദളിത് പീഡനങ്ങളില്‍ പെടുന്ന കുറ്റവാളികളെ ആ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുത്താതിരിക്കാനുള്ള ശ്രമങ്ങളാണ് അവയില്‍ പ്രധാനം. ജാട്ടുകള്‍ ദളിത് വിഭാഗത്തില്‍ പെടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കുകയും അവരുടെ വീട്ടിലെ സ്ത്രീകളെ നഗ്‌നരാക്കി പൊതുവഴിയിലൂടെ നടത്തുകയും പുരുഷന്മാരുടെ ജനനേന്ദ്രിയം കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൈരലാഞ്ചി പോലെയുള്ള സംഭവം ഇതിനുദാഹരണമാണ്. ദളിത് പീഡനത്തിന്റെ പരിധിയില്‍ വരാത്ത നിസ്സാര കുറ്റകൃത്യങ്ങളായിരുന്നു ഈ കേസില്‍ പോലീസ് ആദ്യം ചുമത്തിയത്. എന്നാല്‍ ദളിത്/മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും പ്രതിഷേധിക്കുകയും ചെയ്തതോടെ ദളിത് പീഡനനിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ തയ്യാറായി. പക്ഷേ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കിയിരുന്നു.

കീ ഴ് ക്കോടതി ഇവര്‍ക്ക് വധശിക്ഷ നല്‍കി. എന്നാല്‍ മേല്‍ക്കോടതിയില്‍ അപ്പീലുമായി പോയാല്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തമോ അതില്‍ താഴെയോ ശിക്ഷമാത്രം കിട്ടാവുന്ന തരത്തിലായിരുന്നു പോലീസ് എല്ലാം ചെയ്തുവെച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ഗോത്രവിഭാഗത്തില്‍ പെടുന്ന മധു കൊല്ലപ്പെട്ട കേസിലെ അടുത്ത കാലത്തെ കോടതിവിധി ഇതിന് വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. കേസിലെ 12 പ്രതികളില്‍ ഒരാളുടെ ശിക്ഷ വെറും 500 രൂപ പിഴയായിമാറിയതും ജാമ്യം കിട്ടുന്ന കേസായി മാറ്റിയതും പോലീസുകാരായിരുന്നു.

നിയമ-നീതി വ്യവസ്ഥയില്‍ പെടുന്ന മേഖലകളില്‍ സവര്‍ണാധിപത്യ സംവിധാനങ്ങള്‍ എങ്ങിനെയാണ് പിടിമുറുക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സംവരണാനുകൂല്യം നേടി അധികാരകേന്ദ്രങ്ങളില്‍ അങ്ങിങ്ങ് മാത്രമായി കഴിയുന്ന ഔദ്യോഗികമേഖലയിലെ വിരലില്‍ എണ്ണാവുന്ന ആള്‍ക്കാരെ വെച്ച് ഈ പ്രവണതകളെ ഒറ്റയ്ക്ക് തടുക്കാനാകില്ല. എല്ലാമേഖലയിലും ഒരുപോലെ നില്‍ക്കുന്ന ജാതിസമ്മര്‍ദ്ദം അവര്‍ക്ക് മേലും നിലനില്‍ക്കും. ഈ സവര്‍ണ്ണ സമ്മര്‍ദ്ദത്തിന് കീഴിലാണ് തെരഞ്ഞെടുക്കപ്പെട്ടുവന്ന സംവരണ എംഎല്‍എമാരും എംപിമാരും മന്ത്രിമാര്‍ വരേയും. ദളിതര്‍ ഒരു സംഘടിത ശക്തിയല്ലെന്നതും ഇവര്‍ ജയിച്ചത് ദളിത് വോട്ടുകള്‍ മാത്രം നേടിയല്ലെന്നതും ഇതിന് കാരണമാണ്.

ജാതിയുടെ അയിത്ത സ്വഭാവത്തെ ഭരണഘടന നിയമപരമായി റദ്ദു ചെയ്യുന്നുണ്ട്. അതുമൂലം ജാതിയുടെ കാഴ്ചപ്പാടുകള്‍ അയിത്തത്തിലേക്ക് ചുരുങ്ങി. അപ്പോഴും ജാതി എല്ലാ മേഖലയിലും ഘടനാപരമായും പ്രതീകാത്മകമായും നില നില്‍ക്കുകയാണ്. ഒരാളുടെ നിറത്തെ ചൂണ്ടിക്കാട്ടാനായി ‘പുലയന്റെ നിറം’ എന്ന് നല്‍കുന്ന വിശേഷണം ജാതിബദ്ധമായി നിറത്തെ കാണുന്നതിന്റെ പ്രതീകാത്മക രൂപമാണ്. ഇന്ത്യയില്‍ വലിയ വിവാദം ഉയര്‍ത്തിവിട്ട ഹത്രാസിലെ സംഭവം ലൈംഗികപരമായിട്ടുള്ള അക്രമത്തേക്കാള്‍ ജാതിപരമെന്ന് പറയാനാകും. ജാതിപരമായ അക്രമം എന്ന ബോധത്തിനകത്ത് നില്‍ക്കുന്നതിനാലാണ് കൊലപ്പെടുത്താനുള്ള വ്യഗ്രതയുണ്ടാകുന്നത്. ഇവിടെ നിയമസംവിധാനത്തിന്റെ ഇടപെടലുകളും പോലീസ് വരികയുമൊക്കെ ചെയ്യുമ്പോഴും ഇരയുടെ ജഡം കത്തിച്ചു കളയുകയായിരുന്നു.

ഇന്ത്യയുടെ പൊതുസാഹചര്യം സാംസ്‌ക്കാരികമായും ഹിന്ദുത്വം ആയതുകൊണ്ട് നിയമസംവിധാനത്തിന്റെ വിടവുകള്‍ സവര്‍ണ്ണര്‍ക്ക് അനുകൂലമായി പോകാനുള്ള സാധ്യത ഏറെയുണ്ട്. ദളിതരായിരിക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് കള്ളന്മാരെ പിടികൂടുന്നത് പോലും എന്ന് വ്യാഖ്യാനിക്കാനാകും. കള്ളന്‍ സവര്‍ണനായാല്‍ ജാതി പറയില്ല.

ഇന്ത്യയുടെ പൊതുസാഹചര്യം സാംസ്‌ക്കാരികമായും ഹിന്ദുത്വം ആയതുകൊണ്ട് നിയമസംവിധാനത്തിന്റെ വിടവുകള്‍ സവര്‍ണ്ണര്‍ക്ക് അനുകൂലമായി പോകാനുള്ള സാധ്യത ഏറെയുണ്ട്. ദളിതരായിരിക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് കള്ളന്മാരെ പിടികൂടുന്നത് പോലും എന്ന് വ്യാഖ്യാനിക്കാനാകും. കള്ളന്‍ സവര്‍ണനായാല്‍ ജാതി പറയില്ല. പേര് മാത്രമേ ഉണ്ടാകൂ. അക്രമികളെ പറ്റി പ്രത്യക്ഷത്തില്‍ തെളിവില്ലെങ്കില്‍ ദളിതന്റെയോ പിന്നോക്കക്കാരന്റെയോ ആദിവാസികളുടേയോ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമുണ്ടാകും. ഇത്തരം സാധ്യതകള്‍ നില നില്‍ക്കുന്നതിനാല്‍ ദളിത് ആക്രമണങ്ങള്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും.

ജാതിയല്ല വിഷയമെന്നും തൊട്ടുകൂടായ്മയാണെന്നുമുള്ള ഒരു പൊതുകാഴ്ചപ്പാട് എല്ലാ കാലത്തുമുണ്ട്. ഇത് മാറ്റേണ്ടത് സവര്‍ണര്‍ തന്നെയാണെന്നാണ് ഗാന്ധിജി പറയുന്നത്. സവര്‍ണ്ണരുടെ ഔദാര്യത്തിനകത്താണ് സംവരണം പോലെയുള്ള വിഷയങ്ങളും പിന്നീട് വന്നത്. ഇന്ത്യയിലെ സവര്‍ണര്‍ പരിഷ്‌ക്കരണം വരുത്തേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ പരിഷ്‌ക്കരണം നടത്തി നിങ്ങളെ മാറ്റിയിട്ടുണ്ടെന്നും ചര്‍ച്ച വെക്കുന്ന കൊളോണിയല്‍ മോഡേണിറ്റിയുടേയും പുറത്തായിരുന്നു ദളിതര്‍.

ഇന്ത്യ ജനാധിപത്യത്തിലേക്ക് വരുന്നത് തന്നെ ബ്രാഹ്മണ സവര്‍ണപരമായിട്ടുള്ള ഒരു പ്രക്രിയയായാണ് പിന്നീട് മനസ്സിലാക്കപ്പെട്ടത്. രാജേന്ദ്രപ്രസാദ് പ്രസിഡന്റായ ഘട്ടത്തില്‍ 200 ബ്രാഹ്മണരുടെ കാല്‍ കഴുകിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. ജനാധിപത്യത്തിലേക്ക് പ്രവേശിക്കേണ്ടത് അങ്ങിനെയാണെന്ന കാഴ്ചപ്പാടാണ് ഇത്. ഇതിനെ രാം മനോഹര്‍ ലോഹ്യയെപ്പോലെയുള്ളവര്‍ അന്ന് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

അട്ടപ്പാടിയിലെ മധു
വിശ്വനാഥൻ

ചോദ്യം: മധുവിന്റെ കേസിലായാലും വിശ്വനാഥന്റെ കേസിലായാലും തങ്ങള്‍ക്ക് അവരെ എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന ഒരു മാനസികാവസ്ഥ സമൂഹത്തില്‍ രൂപപ്പെടുന്നുണ്ട്. ഇത് മാറേണ്ടതല്ലേ. ഇവിടെ നീതി നടപ്പാകുന്നുണ്ടോ?

ഉത്തരം: ഇവിടെ നീതിയെപ്പറ്റിയുള്ള ചര്‍ച്ച തന്നെ തെറ്റായിട്ടാണ് വായിക്കപ്പെടുന്നത്. മധുവിന്റെ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടിയപ്പോള്‍ നീതികിട്ടി എന്നായിരുന്നു പൊതുവേ ഉയര്‍ന്ന പ്രചരണം. നീതി എന്നാല്‍ എന്താണെന്ന ഒരു ചോദ്യം അവിടെയുണ്ട്. ഒരാളെ ആക്രമിച്ച ശേഷം നല്‍കുന്ന എന്തോകാര്യമെന്ന നിലയ്ക്കാണ് നീതിയെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളെ ആക്രമിച്ച ശേഷം 500 രൂപ പിഴ കൊടുക്കുന്നതാണ് നീതിയെന്ന് കരുതുന്നതെങ്കില്‍ ആ കാഴ്ചപ്പാട് തന്നെ മാറേണ്ടതുണ്ട്. നീതി രാഷ്ട്രീയപരമോ നിയമപരമോ ആയ ഒരു നവീകരണം മാത്രമല്ല. ദളിതനായാലും ആദിവാസിയായാലും പിന്നോക്കക്കാരനായാലും ഒരാളെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന സ്വബോധത്തെ ഇല്ലായ്മ ചെയ്യല്‍ കൂടിയാണ്.

ഒരാളെ മോഷ്ടാവാക്കുന്ന നിലയിലേക്ക് എത്തിക്കുന്നത് പട്ടിണിയാണല്ലോ. മോഷണം നടത്തപ്പെട്ടതിന്റെ പേരില്‍ ദളിതർ ആക്രമിക്കപ്പെടുമ്പോള്‍ അതിന്റെ കാരണമായി ദാരിദ്ര്യമോ സുരക്ഷിതത്വമില്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത്തരം മനുഷ്യര്‍ ആ തലത്തില്‍ എങ്ങിനെ വന്നു ചേര്‍ന്നത് എങ്ങിനെ എന്ന ചോദ്യമുണ്ട്. അത് പരിഹരിക്കപ്പെടുന്നതും ഒരു തരം നീതിയാണ്. എല്ലാവര്‍ക്കും മനുഷ്യാവകാശം ഉണ്ടെന്ന അടയാളപ്പെടുത്തല്‍ കൂടിയാണ് നീതി.
നിയമത്തില്‍ പറയുന്ന ‘പൊതു’ എന്ന സങ്കല്‍പ്പത്തില്‍ സവര്‍ണരേ ഉള്‍പ്പെടുന്നുള്ളൂ എന്ന തരത്തിലുള്ള ബോദ്ധ്യങ്ങള്‍ കൂടി ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. സതീശ് ദേശ് പാണ്ഡെ ‘ജാതിയും ജാതിയില്ലായ്മയും’ എന്ന ലേഖനത്തില്‍ ‘കാസ്റ്റ് ലെസിനെ’ നെ പ്പറ്റി പറയുന്ന ഒരു കാര്യമുണ്ട്. ജാതിയില്ലായ്മ ക്ലെയിം ചെയ്യാന്‍ കഴിയുന്നത് സവര്‍ണർക്കാണ്. അതുകൊണ്ടു തന്നെ ‘ജനറല്‍’ എന്നോ ‘പൊതു’ എന്നോ പറഞ്ഞാല്‍ തങ്ങളാണെന്ന ഒരു അവബോധം ഈ ‘പൊതു’വിലുണ്ട്. സംവരണവും നീതിയുമെല്ലാം തങ്ങളുടെ ഔദാര്യമാണെന്നു കരുതുന്നതും മറ്റുള്ളവരെ രണ്ടാം പൗരന്മാരായി പരിഗണിക്കുന്നതും അതുകൊണ്ടാണ്. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിയമസംഹിത ഉണ്ടായിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

ചോദ്യം: ഏറ്റവും പുതിയതായി കേരളത്തില്‍ ഉയര്‍ന്നുവന്നത് സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. സംവരണത്തെ നിലനിര്‍ത്തിക്കൊണ്ടാണ് സാമ്പത്തികസംവരണം നടപ്പാക്കുന്നത്. ഇത് ദളിതരെയും പിന്നോക്കരെയും എങ്ങിനെയൊക്കെ ബാധിക്കും?

ഉത്തരം: സംവരണത്തിന്റെ അടിസ്ഥാന ആശയത്തെ കളയുക എന്നതാണ് ഇതിലൂടെ ഉന്നം വെയ്ക്കുന്നത്. സംവരണം എന്നാല്‍ അടിസ്ഥാനപരമായി പ്രാതിനിധ്യത്തെ സംബന്ധിക്കുന്നതാണ്. സംവരണം കൊണ്ടു ദളിതരുടേയും പിന്നോക്കരുടേയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നല്ല. ഇതിനൊപ്പം സംവരണത്തിന്റെ അടിസ്ഥാന ആവശ്യം സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയുള്ള കാര്യമാണെന്ന തെറ്റായ ധാരണയും സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനാധിപത്യത്തിനകത്ത് എല്ലാവരുടേയും ഒരു പ്രാതിനിധ്യം ഉണ്ടാകണമെന്നത് ഇന്ത്യയുടെ സാമൂഹ്യാവസ്ഥ വെച്ചാണ് അംബേദ്ക്കര്‍ പറയുന്നത്. ഈ സിസ്റ്റത്തില്‍ എല്ലാവര്‍ക്കും അധികാരം കൈകാര്യം ചെയ്യാന്‍ അവസരം ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ സാധ്യമാകുകയുള്ളൂ. അത് ജനസംഖ്യാനുപാതികമായി നിലനിര്‍ത്തുക എന്ന ഉദ്ദേശം മാത്രമേ ഇതിനുള്ളു.

സതീഷ് ദേശ് പാണ്ഡെ

സവര്‍ണര്‍ ഇപ്പോള്‍ത്തന്നെ അവരുടെ ജനസംഖ്യയുടെ അഞ്ചിരട്ടി പ്രാതിനിധ്യം ഇതിനകം നേടിക്കഴിഞ്ഞതായി അനേകം രേഖകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഞ്ചിരട്ടി പ്രാതിനിധ്യം നേടിയിട്ടുള്ളവര്‍ക്ക് ഇനിയും സംവരണം വേണമെന്ന് വാദിക്കുന്നത് ഒരു തരം അനീതിയാണ്. സാമ്പത്തീകമായ ഉന്നമനം ഉണ്ടായാല്‍ പോലും ഇന്ത്യയിലെ ദളിതരുടേയും പിന്നോക്കക്കാരുടേയും സാമൂഹ്യപദവിയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ദളിതരും പിന്നോക്കക്കാരും സാമ്പത്തീകമായി സവര്‍ണര്‍ക്ക് ഒപ്പമെത്തുന്നത് മറ്റൊരു പ്രശ്നമാണ്. 19 ാം നൂറ്റാണ്ടില്‍ ഈഴവര്‍ക്ക് സമ്പത്ത് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നായര്‍സമുദായം ഒന്നിച്ചതെന്ന് കേരളചരിത്രം പറയുന്നു. നായര്‍സമുദായത്തിന് തുടക്കമിട്ടത് ഈ പശ്ചാത്തലമാണ്.

ഹിന്ദുക്കളായ ദളിതര്‍ക്ക് മാത്രം നല്‍കുന്ന കാര്യമായി അവതരിപ്പിച്ചതിനാലാണ് ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ദളിതര്‍ സംവരണത്തില്‍ ഉള്‍പ്പെടാതെ പോയത്. സാമ്പത്തിക സംവരണത്തില്‍ പറയുന്നത് സാമ്പത്തികമില്ലാത്ത സവര്‍ണ്ണരുടെ കാര്യമാണ്. സാമ്പത്തിക സംവരണം വരുമ്പോള്‍ സവര്‍ണ്ണ വിഭാഗത്തില്‍ പെടുന്ന മുസ്ളീമും ക്രൈസ്തവനും ഹിന്ദുവുമെല്ലാം ഉള്‍പ്പെടും. സവര്‍ണ്ണര്‍ എന്ന നിലയില്‍ ഇവരെല്ലാം ഒന്നാണെന്ന ആശയത്തിലാണ് ഇത് വരുന്നത്. നമ്മുടെ രാഷ്ട്രീയം തന്നെ പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. സവര്‍ണ്ണര്‍ക്ക് അനുകൂലമായ രാഷ്ട്രീയമാണത്.

1957 മുതലുള്ള എംഎല്‍എമാരുടെ പട്ടിക പരിശോധിച്ചാല്‍ 10 ശതമാനം വരുന്ന സുറിയാനികളോ 13 ശതമാനം വരുന്ന നായര്‍ സമുദായത്തിൽപെട്ടവരോ ആണ് 90 ശതമാനവും എന്നു കാണാനാകും. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്ന ചോദ്യത്തിന് കിട്ടാവുന്ന മറുപടി ആ നാട്ടിലെ ഏറ്റവും മാന്യരും നല്ല മനുഷ്യരും ഇവരാണെന്നാകും. നല്ല മനുഷ്യരും പൊതു മനുഷ്യരും മാതൃകയാക്കേണ്ട മനുഷ്യരും എല്ലാം ഇവരാണെന്നും മറ്റു മനുഷ്യര്‍ ഇവരുടെ ഔദാര്യങ്ങള്‍ പറ്റേണ്ടവരാണെന്നുമുള്ള വീക്ഷണമാണ് ഇവിടെ ഉണ്ടാകുന്നത്. ഈ കൂടിനകത്താണ് ദളിതരും പിന്നോക്കക്കാരുമെല്ലാം.

കേരളം നായര്‍ സ്വത്വത്തിനകത്ത് നില്‍ക്കുന്ന സംഗതിയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. സാമ്പത്തികമായ ഉന്നമനം ഉണ്ടാകുമ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്ന് ഇവര്‍ കണക്കാക്കുന്നു. ഈ കാര്യത്തെ അരക്കിട്ട് ഉറപ്പിക്കുന്ന കാര്യമായി സാമ്പത്തിക സംവരണം മാറും. ഇത് നമ്മള്‍ മുമ്പോട്ട് വെയ്ക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയം, ജനാധിപത്യ സങ്കല്‍പ്പം പ്രത്യേകിച്ച് സാമൂഹ്യ ജനാധിപത്യമെന്ന സങ്കല്‍പ്പവും സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജാതിബദ്ധമായിട്ടുള്ള അസമത്വത്തില്‍ നിന്നും നല്ല സമൂഹത്തിലേക്കുള്ള പരിവര്‍ത്തനപ്പെടാനുള്ള സാധ്യതകളെയും അത് അടച്ചു കളയും. എല്ലാവരേയും ബാധിക്കുന്ന കാര്യമാണെങ്കിലും പ്രാഥമികമായി ഏറെ ബാധിക്കുക ദളിതരെയും പട്ടികവിഭാഗക്കാരേയുമാണ്.

ചോദ്യം: ദാരിദ്രത്തിലേക്ക് അകപ്പെട്ടുപോയ ബ്രാഹ്മണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കൂടി മെച്ചമുണ്ടാകുന്ന കാര്യമായി സാമ്പത്തിക സംവരണം മാറുകയില്ലേ?

ഉത്തരം: ബ്രാഹ്മണനായാലും ദളിതനായാലും ആദിവാസിയായാലും സാമ്പത്തികമായി ഉന്നമനം വേണമെന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്. ദളിത് രാഷ്ട്രീയത്തിന്റെ ഫോക്കസ് മറ്റുള്ളവരെയെല്ലാം തകര്‍ത്തു തരിപ്പണമാക്കണം എന്നുള്ളതല്ല. മറിച്ച് എല്ലാവര്‍ക്കും തുല്യ അവസരം സൃഷ്ടിക്കുന്നതാകണം ജനാധിപത്യം എന്നതാണ് അതിലെ വാദം. ബ്രാഹ്മണര്‍ക്ക് മെച്ചപ്പെടാന്‍ വേണ്ടി സാമ്പത്തിക സംവരണമല്ല വേണ്ടത്. അതിന് പ്രത്യേക പരിപാടികളും മറ്റും സര്‍ക്കാര്‍ ചെയ്യുകയാണ് വേണ്ടത്. സ്‌കോളര്‍ഷിപ്പുകള്‍, , ബിസിനസ് സാധ്യതകള്‍, എന്‍ജിഒകള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പലതരത്തിലുള്ള വായ്പകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ബ്രാഹ്മണരെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ചെയ്യട്ടെ. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ വലിയ പ്രാതിനിധ്യത്തിന്റേതായ ഇടത്തിലാണ് ബ്രാഹ്മണര്‍ നില്‍ക്കുന്നത്. പിന്നെന്തിനാണ് അവരെ ലക്ഷ്യം വെച്ച് സര്‍ക്കാര്‍ സാമ്പത്തിക സംവരണം കൂടി നടപ്പാക്കുന്നത് എന്നതാണ് എന്റെ ചോദ്യം.

ചോദ്യം: സംസ്ഥാനത്ത് എയ് ഡഡ് മേഖലകളില്‍ സംവരണതത്വം പാലിക്കുന്നതേയില്ല. ഇതിനെതിരേ നിയമയുദ്ധം നടക്കുന്നുണ്ട്. സംവരണത്തെ സ്വകാര്യമേഖല അട്ടിമറിക്കുന്നത് എങ്ങിനെയാണെന്നാണ് മനസ്സിലാക്കേണ്ടത്?

ഉത്തരം: സര്‍ക്കാരിന്റെ ഗ്രാന്റ് മേടിക്കുന്ന ഇടങ്ങളില്‍ സംവരണം പാലിക്കണമെന്നത് ആദ്യം കാലം മുതല്‍ ഉണ്ടായിരുന്ന നിയമമാണ്. പക്ഷേ ഇതൊന്നും അന്നുതൊട്ടേ ആരും പാലിക്കുന്നില്ല. എല്ലാ എയ് ഡഡ് കോളേജുകളിലും സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നതും പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പിന്നില്‍ നില്‍ക്കുന്നതും. എന്നാല്‍ ഇവിടെയൊന്നും സംവരണം പാലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അവിടെയെല്ലാം പരിഗണിക്കപ്പെടുന്നത് സ്വസമുദായത്തിലെ ആള്‍ക്കാരെയാണ്. പ്രത്യേകിച്ചും അതാതു സമുദായങ്ങളിലെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരെ. എസ്.എൻ ട്രസ്റ്റും എസ്.എൻ.ഡി.പി.യോഗവും നിയമനം പി.എസ്.സിക്ക് വിടുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് ആശാവഹമാണ്.

സര്‍ക്കാരിന്റെ ഗ്രാന്റ് മേടിക്കുന്ന ഇടങ്ങളില്‍ സംവരണം പാലിക്കണമെന്നത് ആദ്യം കാലം മുതല്‍ ഉണ്ടായിരുന്ന നിയമമാണ്. പക്ഷേ ഇതൊന്നും അന്നുതൊട്ടേ ആരും പാലിക്കുന്നില്ല. എല്ലാ എയ് ഡഡ് കോളേജുകളിലും സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നതും പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പിന്നില്‍ നില്‍ക്കുന്നതും. എന്നാല്‍ ഇവിടെയൊന്നും സംവരണം പാലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.

അദ്ധ്യാപക പദവി പോലെയുള്ള ജോലികളില്‍ ദളിതരെ പരിഗണിക്കാത്തതിന് കാരണമായി സവര്‍ണ്ണ മാനേജ്മെന്റ് പറയുന്നത് പട്ടികജാതി വിഭാഗങ്ങളില്‍ നിന്നും മതിയായ യോഗ്യത ഉള്ളവര്‍ ഇല്ലെന്നതാണ്. വലിയ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത പ്യൂണ്‍ പദവിയിലേക്ക് പോലും യോഗ്യതയുള്ളവര്‍ ഇല്ലെന്ന് പറയുന്നതിനെ എങ്ങിനെയാണ് ന്യായീകരിക്കാനാകുക? ക്രിസ്ത്യനോ മുസ്‌ളീമോ ഹിന്ദുവോ ഏത് മാനേജ്മെന്റ് ആയാലും സംവരണം പാലിക്കാതിരിക്കുന്ന ഭരണഘടനാവിരുദ്ധതയുടെ കാര്യത്തില്‍ തുല്യരാണ്. സംവരണം പാലിക്കണമെന്ന നിയമം ഇരിക്കെ സംവരണം പാലിക്കാതിരിക്കുന്ന ഒരു പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടത് നിയമപരമായ നേരിടലിലൂടെയാണ്. നിരവധി സംഘടനകള്‍ ഇത്തരത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. സാഹോദര്യ സമത്വ സംഘം പോലെയുള്ള സംഘടനകള്‍ എയ് ഡഡ് മേഖലയിലെ സംവരണത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്.(തുടരും)

Author

Scroll to top
Close
Browse Categories