കവിതയിലെ സ്നേഹസൂര്യൻ

ബാബു പാക്കനാർ / ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ

എന്റെ ഗ്രാമത്തിലെ പെൺകുട്ടികൾ മലയാള കവിതയിൽ വേറിട്ടൊരു മുഴക്കം സൃഷ്ടിച്ച കവിത. ഈ മുഴക്കം കാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. നവരാഘവീയം, കഷ്ടജാതകം, സീത, അവസാനത്തെ അത്താഴം, ദ്രാവിഡ ദൈവം, അമ്മ ഹൃദയം തുടങ്ങിയ കവിതകളിലൂടെ സഹൃദയമനസുകളിൽ പ്രതിഷ്ഠനേടിയ കവിയാണ് ബാബുപാക്കനാർ. ‘ജനകീയ കാവ്യധാരയിലെ പെരിയ മഴത്തുള്ളികൾ ആണ്
ബാബുപാക്കനാരുടെ കവിതകൾ” എന്ന് കഷ്ടജാതകത്തിന്റെ അവതാരികയിൽ
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള രേഖപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണ് കവിതയിലേക്ക് വന്നത്?, ആ കാലത്തിന്റെ പ്രത്യേകതകൾ?

അത് വ്യക്തമായി പറയാൻ കഴിയില്ല. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന ശീലം ഉണ്ടായിരുന്നു. വായനശാലകളിൽ പോയി പുസ്തകങ്ങൾ വായിക്കുന്നതിലും ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിലും ഞങ്ങൾ കൂട്ടുകാർ അന്ന് മത്സരിച്ചിരുന്നു. വായിക്കുന്ന കൃതികളുടെ കഥകൾ പരസ്പരം പറയുന്നത് ഞങ്ങൾ അഭിമാനമായി കണ്ടിരുന്നു. എഴുപതുകളുടെ ആദ്യം കൊല്ലം ശ്രീനാരായണ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എന്റെ ഒരു കവിതയ്ക്ക് അച്ചടിമഷി പുരളുന്നത്. കോളേജ് മാഗസിനിൽ ആണ് ആ കവിത അച്ചടിച്ചുവന്നത്. പ്രേമം എന്നാണ് ആ കവിതയുടെ പേര്.

അക്കാലത്ത് കൈയെഴുത്തുമാസികയും അമച്വർ നാടക മത്സരങ്ങളും ഹരമായിരുന്നുവെന്ന് കേട്ടിട്ടുണ്ടല്ലോ?

ഞങ്ങളുടെ ക്ലബ്ബിലെ കൂട്ടുകാരുടെ സഹകരണത്തോടെ സാരഥി എന്നൊരു കൈയെഴുത്തുമാസിക ഞാൻ കൃത്യമായി എഴുതി ഇറക്കിയിരുന്നു. കൂട്ടുകാരുടെ രചനകൾക്കു പുറമേ സി. ബാബു, പാക്കനാർ എന്നിങ്ങനെ പല പേരുകളിൽ ഞാൻ കഥയും കവിതയും അതിൽ എഴുതുമായിരുന്നു. മാസികയുടെ നിലവാരം ഉയർത്തുന്നതിന് മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളുടെയും കവികളുടെയും രചനകൾ ഉൾക്കൊള്ളിച്ചിരുന്നു. കോളേജ് ലൈബ്രറിയിൽ വന്നിരുന്ന നാട്ടിലെ ലൈബ്രറികളിൽ കിട്ടാത്ത ചില മാസികകളിലും വാരികകളിലും വന്നിരുന്ന പുതുമയുള്ള രചനകളാണ് ഞാൻ ഇങ്ങനെ എടുത്തു ചേർത്തിരുന്നത്. എനിക്ക് വരയ്ക്കാൻ അറിയില്ലെങ്കിലും വരയ്ക്കാൻ അറിയാവുന്ന കൂട്ടുകാരെ കൊണ്ട് സാഹിത്യ സൃഷ്ടികൾക്ക് അനുയോജ്യമായ ധാരാളം ചിത്രങ്ങൾ വരപ്പിച്ചിരുന്നു. വളരെ ശ്രദ്ധേയമായ രീതിയിൽ എന്റെ ഡിഗ്രി പഠനകാലയളവിനുഉള്ളിൽ സാരഥിയുടെ 28 ലക്കങ്ങൾ എഴുതി ഇറക്കുവാൻ കഴിഞ്ഞിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രദർശനങ്ങളിൽ സാരഥിയ്ക്ക് കിട്ടിയ അഭിനന്ദനങ്ങൾ മറക്കാൻ കഴിയുന്നതല്ല

നാടകരംഗത്തേക്ക് ?

ഇതേ കാലയളവിൽ തന്നെയാണ് നാടക മത്സരങ്ങളിലേക്ക്എന്റെ ശ്രദ്ധ തിരിയുന്നത്. എന്തിനും തയ്യാറാകുന്ന കുറെ കൂട്ടുകാർ ഉണ്ടായതാണ് കലാ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സമ്പത്ത്. കടമ്പാട്ടുകോണം വൈ.എം.എയുടെ വാർഷികാഘോഷങ്ങൾക്കും ഓണാഘോഷങ്ങൾക്കും വേണ്ടിയാണ് ഞാൻ നാടകങ്ങൾ എഴുതിത്തുടങ്ങിയത്. എന്റെ കൂട്ടുകാരാണ് നടീനടന്മാരായത്. അവതരിപ്പിച്ച നാടകങ്ങൾ നല്ല നിലവാരം ഉള്ളവയെന്ന് മുതിർന്നവർ പറയാൻ തുടങ്ങിയപ്പോൾ മത്സരവേദികളിലേക്ക് ഞങ്ങൾ നാടകങ്ങളുമായി പോകാൻ തുടങ്ങി. അഹം ബ്രഹ്മാസ്മി, സമീക്ഷ, ളോഹ, ചരിത്രം തുടങ്ങിയ നാടകങ്ങൾ അവതരണത്തിനും രചനയ്ക്കും സംവിധാനത്തിനും നടനും നടിക്കുമുള്ള നിരവധി അവാർഡുകളും ട്രോഫികളും നേടി.

ഏറ്റവും ശ്രദ്ധേയമായ പ്രൊഫഷണൽ നാടകം ഏതാണ്?

ഷഡ്കാല ഗോവിന്ദമാരാർ. കൈനകരി തങ്കരാജ് സംവിധാനം ചെയ്ത് കൈനഗിരി തീയേറ്റേഴ്‌സ് ആണ് ഈ നാടകം അവതരിപ്പിച്ചത്. രണ്ട് മൂന്ന് വർഷക്കാലം നൂറ് കണക്കിന് വേദികളിൽ അവർ ഈ നാടകം അവതരിപ്പിച്ചുകൊണ്ടിരുന്നു

എന്തുകൊണ്ടാണ് കവിതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ?

സർഗ്ഗാത്മക സ്വാതന്ത്ര്യം രചയിതാവിന് ഏറെ ലഭിക്കുന്നത് കവിതയിലാണ്. ആ സ്വാതന്ത്ര്യം വല്ലാത്ത ഒരു അനുഭൂതിയാണ് എനിക്ക് പകർന്നു തന്നിട്ടുള്ളത്. അതുകൊണ്ട് കവിതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വളരെ തീവ്രതയോടെ സംവേദിക്കപ്പെട്ട ഒരു കവിതയാണ് അവസാനത്തെ അത്താഴം. താങ്കളുടെ കാവ്യജീവിതത്തിലെ നാഴികക്കല്ലാണ് ഈ കവിത എന്ന് പറയുന്നതിൽ തെറ്റുണ്ടോ?

ഒരിക്കലുമില്ല. ജോൺ എബ്രഹാം മരിച്ചുപോയപ്പോൾ എഴുതിയ കവിതയാണിത്. അദ്ദേഹവുമായി വലിയ അടുപ്പം എനിക്ക് ഇല്ലായിരുന്നു. പക്ഷേ, അപൂർവമായി ഇടപഴകാനും അദ്ദേഹത്തിന്റെ കഥകൾ നിരവധി തവണ വായിക്കുവാനും സിനിമകൾ കാണുവാനും അവസരമുണ്ടായി. ആ അരാജകത്വ ജീവിതം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അദ്ദേഹത്തിൽ വലിയൊരു ജീനിയസിനെ ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മരണം വല്ലാത്തൊരു മൗനത്തിലേക്ക് എന്നെ നയിച്ചു. ആ മൗനം ഭേദിച്ചു വന്ന കവിതയാണ് അവസാനത്തെ അത്താഴം. കേരളത്തിലുടനീളം ആയിരത്തിലധികം സദസ്സുകളിൽ ഞാനീ കവിത ചൊല്ലിയിട്ടുണ്ട്.

ജലാലുദ്ദീൻ എന്ന കവിതയ്ക്ക് അർഹമായ അംഗീകാരം ലഭിച്ചുവെന്ന് കരുതുന്നുണ്ടോ?

ജലാലുദീൻ വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് എന്റേയും അഭിപ്രായം. എൺപതുകളുടെ ആദ്യമാണ് ഞാൻ ഈ കവിത എഴുതുന്നത്. എങ്കിലും ഈ കാവ്യബിംബം പകരുന്ന അനുഭൂതിയെക്കുറിച്ച് പല സുഹൃത്തുക്കളും നിരൂപകരും എന്നോട് പറഞ്ഞിട്ടുണ്ട്. നിധി സ്വപ്‌നം കണ്ട് അറേബ്യയിൽ പോയ കൂട്ടുകാരിൽ ചിലർ അവിടുത്തെ മണലാരണ്യങ്ങളിൽ അനുഭവിക്കേണ്ടിവന്ന സങ്കടങ്ങൾ പങ്കുവെച്ചപ്പോൾ എഴുതിപ്പോയ കവിതയാണിത്.

കവിതയിൽകടന്നുവന്ന മരണത്തെകുറിച്ച് ?

വിഘ്‌നങ്ങൾ കൊണ്ടും സങ്കടങ്ങൾ കൊണ്ടും പൊറുതിമുട്ടിയിട്ടുള്ളവനാണ് ഞാൻ. തടസ്സങ്ങളോടും എതിർപ്പുകളോടും പൊരുതിയാണ് ഞാൻ അല്പമെങ്കിലും വളർന്നിട്ടുള്ളത്. തോൽവിയിൽ നിന്നും കരകയറുവാനുള്ള ഉപാധിയാണ് എനിക്ക് കവിത. ആത്മഹത്യാപ്രവണതയിൽ നിന്നും രക്ഷപ്പെടാനുള്ള വെമ്പൽ കൂടിയാണ് എനിക്ക് കവിത. അതുകൊണ്ടാണ് ‘മരണം ഒരു ഫണമായെന്നെ കൊത്തി എടുത്തെങ്കിൽ’ എന്നും ‘മരണം ഒരു മാധവമായി വന്നു പിറന്നെങ്കിൽ’ എന്നും എഴുതിപ്പോയത്.

കെ.എസ്.ആർ.ടി.സി എന്ന തൊഴിലിടത്തിലെ അനുഭവങ്ങൾ?

ഉപജീവനത്തിനായി കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി തുടങ്ങി സ്റ്റേഷൻ മാസ്റ്ററായി വിരമിച്ച ആളാണ് ഞാൻ. എന്റെ തൊഴിലും സാഹിത്യ ജീവിതവും പൊരുത്തപ്പെടുത്തിയെടുക്കാൻ ഞാൻ ക്ലേശിച്ചിട്ടുണ്ട്. കവിതയെയും നാടകത്തെയും ഇഷ്ടപ്പെടുന്ന വളരെയധികം സുഹൃത്തുക്കൾ കെ.എസ്.ആർ.ടി.സിയിൽ എനിക്ക് ഉണ്ടായിരുന്നു. കവിതകൾ കേൾക്കാനും തെരുവുനാടകങ്ങൾ അവതരിപ്പിക്കാനും അവർ എന്നോടൊപ്പം കൂടുമായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും തൊഴിൽ പശ്ചാത്തലമാകുന്ന ഒരു കവിതയും ഞാൻ ഇതുവരെ എഴുതിയിട്ടില്ല.

താങ്കളുടെ ജീവിതം കഷ്ട ജാതകം ആണോ?

കഷ്ടജാതകത്തിൽ നിന്ന് മോചിതനാകാനാണ് ഞാൻ കഷ്ടജാതകം എന്ന കവിത എഴുതിയത്. പലതരത്തിൽ കബളിപ്പിക്കപ്പെടുകയും തോറ്റമ്പി പോവുകയും ചെയ്ത നിരവധി ജീവിതമുഹൂർത്തങ്ങളെ ഞാൻ നേരിട്ടിട്ടുണ്ട്. അത്തരം ഘട്ടങ്ങളിൽ നിന്നും കരകയറാൻ എനിക്ക് എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനവും കരുത്തു തന്നിട്ടുണ്ട്.

അവാർഡുകളോടുള്ള സമീപനം?

കേശവീയം പുരസ്‌കാരം, പുനലൂർ ബാലൻ കവിതാ അവാർഡ്, കിളിമാനൂർ രമാകാന്തൻ കവിതാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും മറ്റനേകം നാടക പ്രതിഭാ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അവാർഡ് ലഭിക്കുന്നത് സന്തോഷമാണ് അതിന്റെ പിന്നാലെ പോകുന്ന സ്വഭാവം ഇല്ല.

പുതിയ പ്രോജക്ടുകൾ എന്തൊക്കെയാണ്?

എന്റെ സാഹിത്യജീവിതത്തിൽ ബാലസാഹിത്യ കൃതികൾക്ക് പ്രാധാന്യം ഉണ്ട്. ടൊട്ടാടം എന്ന പേരിൽ പുറത്തിറക്കിയ ബാലസാഹിത്യകൃതി ഏറെ വായിക്കപ്പെട്ടതാണ്. അതിന്റെ പുതിയ പതിപ്പ് ഇറക്കണം. അതുപോലെ സമാഹരിക്കപ്പെടാതെയുഉള്ള ബാലസാഹിത്യ രചനകൾ ചേർത്ത് ഒരു പുസ്തകം ഇറക്കണം. ‘ബാബുപാക്കനാരുടെ തിരഞ്ഞെടുത്ത കവിതകൾ’ ഉൾപ്പെടെ എല്ലാ കൃതികളുടെയും പുതിയ പതിപ്പുകൾ പ്രസിദ്ധീകരിക്കണം. മാറിയ കാലത്തിന് അനുസരിച്ച് സോഷ്യൽ മീഡിയയിൽ കൂടി സജീവമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കുടുംബത്തെക്കുറിച്ച് ?

കൊല്ലം ജില്ലയിൽ പാരിപ്പള്ളിയിൽ കടമ്പാട്ടുകോണം ആണ് എന്റെ ജന്മസ്ഥലം. അച്ഛൻ പടിപ്പുര വീട്ടിൽ കെ. ചെല്ലപ്പൻ. അമ്മ കെ.വി. വിദ്യുല്ലത. നാല് സഹോദരന്മാരും ഒരു സഹോദരിയും. കടമ്പാട്ടുകോണത്ത് കുടുംബ വീട്ടിലാണ് താമസം. ഭാര്യ ഷൈലജ വീട്ടമ്മ. മൂത്തമകൻ നോബൽബാബു സഹകരണ ബാങ്ക് ജീവനക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമാണ്. ഇളയമകൻ ഉണ്ണിക്കണ്ണൻ കേരളകൗമുദി റിപ്പോർട്ടറാണ്. മൂത്ത മരുമകൾ ദീപ്തി. ഇളയ മരുമകൾ അമൃത. കൊച്ചുമക്കൾ ഇതിഹാസും ആദിത്യദേവും

Author

Scroll to top
Close
Browse Categories