ചരിത്രത്തോടൊപ്പം 75 വർഷം
ബാബു രാജേന്ദ്രപ്രസാദ് ഭാസ്കര്‍ എന്ന ബിആര്‍.പി.ഭാസ്കര്‍. പത്തൊന്‍പതാം വയസ്സില്‍ ആരംഭിച്ച പത്രപ്രവര്‍ത്തകന്റെ നൈതിക ജീവിതം ഈ തൊണ്ണൂറാം വയസിലും സജീവമായി തുടരുന്നു. എഴുപത്തിയഞ്ചു വര്‍ഷം ചരിത്രത്തോടൊപ്പം നടന്നയാള്‍. ചിലതൊക്കെ പുതിയ തലമുറയ്ക്കുവേണ്ടി പറയാന്‍ കഴിയുമെന്ന് ഈ പത്രപ്രവര്ത്തകന് പറയുന്നത് തന്റെ സ്ഫടികസമാനമായ നിലപാടുകളുടെ വെളിച്ചത്തിലും കാലാതീതമായ ചില മൂല്യങ്ങളിലുള്ള വിശ്വാസംകൊണ്ടുമാണ്-ബിആര്‍.പി. ഭാസ്കര്‍ സംസാരിക്കുന്നു
പത്രപ്രവര്‍ത്തനവും
ഗണിതശാസ്ത്രവും തമ്മില്‍
തിരുവിതാംകൂര്‍ അസംബ്ളിയില്‍ അംഗമായിരുന്ന അച്ഛന് എ.കെ. ഭാസ്കര്‍ നടത്തിയിരുന്ന ‘നവഭാരതം’ പത്രത്തില്‍ നിന്നാണ് എഴുത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റേയും ബാലപാഠങ്ങള്‍ ഞാന്‍ മനസിലാക്കിയത്. നവഭാരതത്തില്വച്ചാണ് എന്‍. ബാപ്പുറാവുവിനെ പരിചയപ്പെടുന്നത്. മലയാളത്തിലെ ആദ്യ പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റാണ് അദ്ദേഹം. അന്നത്തെ പത്രാധിപന്മാരെല്ലാം ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ ഇദ്ദേഹമാകട്ടെ പ്രത്യേക രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ ഇല്ലാതിരുന്ന തികഞ്ഞ പ്രൊഫഷണല്‍ ആയിരുന്നു.അന്ന് നവഭാരതത്തില്‍ ടി. കാര്ത്തികേയന്, പി.കെ. ബാലകൃഷ്ണന്, സി.എന്‍. ശ്രീകണ്ഠന് നായര്‍, എന്‍. രാമചന്ദ്രന് തുടങ്ങിയവരൊക്കെ പ്രവര്‍ത്തിച്ചിരുന്നു. കൊല്ലം എസ്.എന്‍. കോളജിലെ എന്റെ ഗണിതാശാസ്ത്ര അദ്ധ്യാപകന് മുമ്പ് എ.പി. ഐ.യില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഗണിതശാസ്ത്രവും പത്രപ്രവര്‍ത്തനവും എങ്ങനെ ചേരും എന്ന എന്റെ ചോദ്യത്തിന് കണക്കും പത്രപ്രവര്‍ത്തനവും കൃത്യത ആവശ്യപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മലയാളത്തില്‍ നന്നായി എഴുതുമായിരുന്നു. എം.ജി. കോളജില്‍ എന്റെ മലയാളം അദ്ധ്യാപകന്, ഭാഷാ പണ്ഡിതനായ സി.ഐ. ഗോപാലപിള്ള സാര്‍ എന്റെ ഉത്തരക്കടലാസിലെ രണ്ട് ഉപന്യാസങ്ങള്‍ ക്ലാസില്‍ വായിക്കുകയും ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ എന്റെ ക്ലാസില്‍ ഉണ്ടെന്നുള്ളത് എനിക്ക് അഭിമാനമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ കേരളംവിട്ട് കുറേക്കൂടി വിശാലമായ ഒരു ലോകത്തിലേയ്ക്ക് പോകണം എന്നായിരുന്നു എന്റെ തീരുമാനം. ഇംഗ്ളീഷ് പത്രപ്രവര്‍ത്തനത്തിന് അന്ന് കേരളത്തില്‍ സാധ്യതകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് കേരളത്തിന് പുറത്ത് ‘ഹിന്ദു’വില്‍ ചേര്‍ന്നു.
തീവ്രവാദിക്കും
മനുഷ്യാവകാശങ്ങളുണ്ട്
പത്രപ്രവര്‍ത്തനത്തില്‍നിന്ന് തുടങ്ങുന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും. ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത് മുഖ്യധാരാ പത്രങ്ങളിലാണ്. മുഖ്യധാരാ പത്രങ്ങളുടെ സമീപനത്തില്‍ ഒരു തത്വമുണ്ട്. ഒരു ഇഷ്യൂവില്‍ രണ്ടുഭാഗത്തുള്ളവര്ക്കും തുല്യപരിഗണന നല്‍കണം.
ഒരു അക്രമസംഭവത്തില്‍ ഒരു ഭാഗത്ത് അക്രമിയും മറുഭാഗത്ത് ആ അക്രമത്തിന്റെ ഇരയുമാണ്. മുഖ്യധാരാ മാധ്യമത്തില്‍ രണ്ടുപേര്‍ക്കും പറയാനുള്ളത് തുല്യപ്രാധാന്യത്തോടെ കൊടുക്കണം. നിങ്ങളല്ല ജഡ്ജ് ചെയ്യേണ്ടത്. പത്രമുടമസ്ഥന്റെ താല്പര്യങ്ങളും പരിഗണിക്കണ്ടിവരും. ന്യായമായ താപര്യമാണെങ്കില് അതിന്റെകൂടെ നില്ക്കാം. എന്നാല്‍ ഉടമസ്ഥന്റെ താല്പര്യം അയാളുടെ മറ്റു ബിസിനസിന്റെ ഭാഗമാണെങ്കില്‍ അതിന്റെ ഭാഗമാകാന്‍ കഴിയില്ല. ഞാന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ജോലി ചെയ്യാന്‍ കഴിയില്ല എങ്കില്‍ അത് വിട്ടു പോകുക എന്നതുമാത്രമാണ് വഴി.
സി.എച്ച്. ആര്.എമ്മിന്റെ കാര്യത്തില്‍ വര്‍ക്കലയിലെ കൊലപാതകത്തിനുശേഷം അവിടുത്തെ ദളിത് കോളനികളില്‍ കടുത്ത പോലീസ് അക്രമങ്ങള്‍ നടന്നു. അത് അന്വേഷിക്കാനാണ് ഞാന്‍ പോയത്. അന്ന് ചിലര്‍ പ്രചരിപ്പിച്ചത് കൊല ചെയ്യപ്പെട്ടയാളുടെ വീട്ടില്‍ ഞാന്‍ പോയില്ല എന്നാണ്. പക്ഷേ ഞാന്‍ ആദ്യം പോയത് അവിടെയാണ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. അതുപോലെ തന്നെയാണ് മദനിയുടെ കാര്യവും. മദനി തീവ്രവാദിയാണോ അല്ലയോ എന്നുള്ളതല്ല എന്റെ പ്രശ്നം. അയാള്‍ക്കും നീതിപൂര്‍ണമായ അന്വേഷണം, സത്യസന്ധമായ വിചാരണ തുടങ്ങിയ ചില അവകാശങ്ങള്‍ ബാക്കിയുണ്ട്. തീവ്രവാദിക്കും മനുഷ്യാവകാശങ്ങളുണ്ട്.
അവര്ണന് ജാതി പറയുമ്പോള്‍
ഉപരി വര്‍ഗ്ഗത്തിലുള്ള ഒരാള്‍ക്ക് അവര്‍ എല്ലാവരേയും പ്രതിനിധീകരിക്കുന്നു എന്ന നിലയില്‍ പെരുമാറാന്‍ കഴിയും. മേല്ജാതിക്കാരന് എല്ലാ ജാതിക്കാരെയും കുറിച്ച് അഭിപ്രായം പറയാനും കഴിയും. എന്നാല്‍ കീഴ്ജാതിക്കാരന് അത്തരം അഭിപ്രായം പറഞ്ഞാല്‍ അത് ജാതി പറഞ്ഞെന്നാവും.
വര്ഗസമരത്തില്ക്കൂടി വിഭാഗീയ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താമെന്ന ഇ.എം.എസ്സിന്റെ വിശ്വാസം ശരിയല്ലെന്ന് തെളിയിക്കാന്‍ സോവിയറ്റ് യൂണിയന്റെ ഇന്നത്തെ അവസ്ഥ മാത്രം മതിയാകും. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ ഈ രാജ്യങ്ങളിലെല്ലാം വിഭാഗീയ ശക്തികള്‍ പുറത്തു വന്നു തുറന്ന പോരാട്ടത്തിലേര്‍പ്പെട്ടു. വര്‍ഗസമരം എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്ന വിശ്വാസത്തില്‍ ഇടതുപക്ഷ പ്രസ്ഥാനം സാമൂഹ്യ പ്രശ്നങ്ങളെ പാടേ അവഗണിച്ചു.അതോടെ സാമൂഹ്യവിപ്ളവം നിലച്ചു. അത് ജാതിമേധാവിത്വത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കി.
സാമൂഹികവിവേചനം കാശുള്ളവനും അനുഭവിക്കുന്നത്
എന്നാല്‍ പാര്‍ട്ടിയുടെ ഇടതുസ്വഭാവം വളരെക്കാലമായി നഷ്ടപ്പെട്ടിരിക്കുകയാണ്. അത് 1957ലെ ഇഎംഎസ്. മന്ത്രിസഭ തുടങ്ങിവച്ചതാണ്. അക്കാലത്താണ് ഇ.എം.എസ് അഡ് മിനിസ്ട്രേഷന് കമ്മിറ്റി ഉണ്ടാക്കിയത്. (പ്രസിദ്ധമായ കെ. സുകുമാരന്റെ കുളത്തൂര്‍ പ്രസംഗം ഓര്‍ക്കുക) ആ കമ്മിറ്റിയില്‍ ഒരു പിന്നോക്കക്കാരനോ ദളിതനോ ഇല്ല. എല്ലാം മുന്നോക്കക്കാര്‍ മാത്രം. ചെയര്മാന് ഇ.എം.എസും. സാമൂഹിക സംവരണം സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമതയ്ക്കു ഹാനികരമാകുമെന്ന് ആദ്യം കണ്ടെത്തിയത് ഈ കമ്മിറ്റിയാണ്. സാമ്പത്തിക സംവരണമെന്ന ആശയവും ഇവരുടേതാണ്. സംവരണമെന്നത് സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ളതാണ്. സാമൂഹികസംവരണവും സാമ്പത്തിക സംവരണവും രണ്ടാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഗവണ്മെന്റിന് ഒരു പദ്ധതിയുണ്ടെങ്കില്‍ അതെന്തിന് സവര്ണര്ക്കായി മാത്രം മാറ്റി വയ്ക്കുന്നു. അത് സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാവര്ക്കും കൊടുക്കട്ടെ. സാമൂഹിക വിവേചനം എന്നത് കാശുള്ളവനും അനുഭവിക്കുന്നതാണ്.
നവോത്ഥാനം, ഇഎംഎസ്
നവോത്ഥാനത്തിന്റെ വഴികാട്ടിയായി ശ്രീനാരായണ ഗുരുവിനെ ഉയര്‍ത്തിക്കാട്ടിയ ഇഎംഎസ് പിന്നീട് ഗുരുവിനെ തള്ളിപ്പറഞ്ഞു. എന്തിന് ശിവഗിരി സമ്മേളനത്തിന് ക്ഷണിച്ചിട്ട് പോകാതിരിക്കുകയും എന്തുകൊണ്ട് പോയില്ല എന്നതിന്റെ കാരണം ദേശാഭിമാനിയിലെഴുതുകയും ചെയ്തു. ശിവഗിരിയില്‍ പോയാല്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഗുരു വഴികാണിക്കുമെന്നു പറയേണ്ടിവരും. അതിനോട് തനിക്കു യോജിക്കാന്‍ കഴിയുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഏതു ഗുരുദര്‍ശനങ്ങളാണ് അപ്രസക്തമെന്ന എന്റെ ചോദ്യത്തിന് മുന്‍പെന്നപോലെ ഒരു മറുപടിയുമുണ്ടായില്ല.
കേരളനാട് എ.കെ.ജിയും
ഗൗരിയമ്മയും ഭരിച്ചില്ല
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എ.കെ.ജി.ക്ക് കേരളത്തിലേയ്ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ മുതിര്‍ന്ന നേതാവെന്നനിലയിലും കൂടുതല്‍ ജനകീയന്‍ എന്ന നിലയിലും അദ്ദേഹം ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. അതിന് ഇ.എം.എസിന് താല്പര്യമില്ലായിരുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പിന്നീട് ഗൗരിയമ്മ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു വന്നപ്പോഴും ഇ.എം.എസാണ് എതിരുനിന്നത്. രണ്ടാം നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്ന തെരഞ്ഞെടുപ്പില്‍ സുശീലാ ഗോപാലനെയാണ് ഇ.എ.എസ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത് എന്നു് പറയപ്പെടുന്നു. എന്നാല്‍ വോട്ടിംഗില്‍ ഒരു വോട്ടിന് സുശീല തോറ്റു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകപോലും ചെയ്യാതിരുന്ന നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി.
സിപിഎം നയം മാറ്റം
പാര്‍ട്ടി നേതൃത്വത്തിലേയ്ക്കും ജനപ്രതിനിധി സ്ഥാനങ്ങളിലേയ്ക്കും വനിതകളും യുവാക്കളും വരുന്നു എന്നത് സ്വാഗതാര്‍ഹമാണ്. മറ്റൊരു കാര്യം സിപിഎം ഒരു കാലഘട്ടംവരെ ഹിന്ദുഭൂരിപക്ഷമുള്ള പാര്‍ട്ടിയായിരുന്നു. കേരളത്തില്‍ 52ശതമാനം മാത്രമുള്ള ഹിന്ദുക്കളുടെ പിന്‍ബലത്തില്‍ മാത്രം ഇനി മുന്നേറാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ ഇതരമതങ്ങളില്‍ നിന്നുള്ള ആളുകളെ പാര്ട്ടിയിലേയ്ക്ക ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പ്രേരിപ്പിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ മുസ്ളീം സമുദായത്തിലെ ചെറുപ്പക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും .എന്നാല്‍ കോണ്‍ഗ്രസില്‍ മുസ്ളീം സമുദായത്തില്‍ നിന്നുള്ള നേതാക്കളുടെ എണ്ണം വിരലില്‍ എണ്ണാവുന്ന അത്രയും കുറവാണ്.
കെ റെയില്‍: വലതുവല്‍ക്കരണത്തിന്റെ
അന്തിമഘട്ടം
64-ല്‍ പാര്‍ട്ടി പിളര്‍ന്നു. അധികം സഖ്യങ്ങളൊന്നുമില്ലാതെ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം ഉണ്ടാക്കാനും ആര്‍ക്കും കഴിഞ്ഞില്ല. അത്തരം നിരാശാജനകമായ അവസ്ഥയിലാണ് 67-ല്‍ അടുത്ത തെരഞ്ഞെടുപ്പു നടക്കുന്നത്. അന്ന് ഇ.എം.എസ്. ഉണ്ടാക്കിയതാണ് സപ്തകക്ഷി മുന്നണി. അതില്‍ ഇടതും വലതും എല്ലാമുണ്ട്. ആദ്യമായി മുസ്ളീംലീഗിനെ മുന്നണിയിലെടുത്തതും മന്ത്രിസഭയിലിടം കൊടുത്തതും സിപിഎമ്മാണ്. കോണ്‍ഗ്രസ് 1960 മുതല്‍ സംഖ്യമുണ്ടാക്കിയിരുന്നെങ്കിലും അവരെ മന്ത്രിസഭയില്‍ എടുത്തിരുന്നില്ല. ലീഗിന് ആകെ കൊടുത്തത് സ്പീക്കര്‍ പദവിയാണ്. അതും സ്പീക്കറാകുന്നയാള്‍ ലീഗില്‍നിന്ന് രാജിവയ്ക്കണമെന്ന ഉപാധിയോടെ. സീതിസാഹിബ് അങ്ങനെ രാജിവച്ചിട്ടാണ് സ്പീക്കറായിട്ട് വരുന്നത്. അത്രയും അകല്‍ച്ച ലീഗിനോട് വര്‍ഗീയകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് പാലിച്ചിരുന്നു. മുന്നണിയില്‍ ലീഗ് മാത്രമല്ല, വടക്കനച്ചന്റെ കര്‍ഷക തൊഴിലാളി പാര്‍ട്ടിവരെ ഉണ്ടായിരുന്നു. (ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ കാരണമായ വിമോചന സമരത്തിന്റെ നായകന്മാരിലൊരാളായിരുന്നു വടക്കനച്ചന്) എങ്ങനെയും അധികാരം തിരിച്ചു പിടിക്കാന്‍ യാതൊരു തത്വദീക്ഷയില്ലാത്ത തികച്ചും അവസരവാദപരമായ ഒരു മുന്നണിയായിരുന്നു ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണി. ഇടതില്നിന്നുള്ള വ്യതിയാനത്തിന്റെ രണ്ടാം ഘട്ടമാണിത്.അതിനുശേഷം സിപിഎമ്മിനെ ഇടതുപക്ഷ പാര്‍ട്ടിയായി ഞാന്‍ കണക്കാക്കിയിട്ടില്ല. ഇക്കാര്യം ഇപ്പോള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. കെ റെയില്‍ എന്നു പറയുന്നത് സിപിഎമ്മിന്റെ വലതുവല്‍ക്കരണത്തിന്റെ അന്തിമഘട്ടമാണ്.
കോണ്‍ഗ്രസ് മുക്തഭാരതം,
ബി.ജെ.പി.യുടെ
സമഗ്രാധിപത്യം
മുപ്പതുവര്ഷത്തോളും ബംഗാള്‍ ഭരിച്ച സിപിഎമ്മിന് ഇന്ന് നിയമസഭയില്‍ പ്രാതിനിധ്യം പോലുമില്ല. ജനസംഘത്തിന്റെ പേരിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പേരിലും വര്‍ഷങ്ങള്‍ മത്സരിച്ച് തോല്‍വികളിലൂടെയാണ് ബിജെപി ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തത്. ഒരു പാര്‍ട്ടിയുടെ സമഗ്രാധിപത്യം സ്വാതന്ത്ര്യാനന്തരകാലം മുതലേ ഉളളതാണ്. അന്ന് കോണ്‍ഗ്രസ് മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍സ്രിന്റെ സ്വാധീനം ഇന്ത്യമുഴുവന്‍ ഉണ്ടായിരുന്നു.
നെഹ്റു സര്‍ക്കാരുകളുടെ കാലത്ത് പ്രധാനപ്രതിപക്ഷം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കിലും ഫിറോസ് ഗാന്ധി ഉള്‍പ്പെടെയുള്ള സേഷ്യലിസ്റ്റ് ചായ്വ് ഉള്ള കോണ്‍ഗ്രസ് എംപി.മാരാണ് യഥാര്‍ത്ഥ പ്രതിപക്ഷമായി പ്രവര്‍ത്തിച്ചിരുന്നത്. മന്ത്രിമാരെയും ഭരണത്തേയും വിമര്‍ശിക്കുകയും ചിലരുടെ രാജിയിലേയ്ക്ക് തന്നെ എത്തിച്ച സംഭവങ്ങളുമുണ്ടായി. അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഇത്തരം കാര്യങ്ങളെ തികഞ്ഞ ജനാധിപത്യ മര്യാദയോടെയാണ് കണ്ടിരുന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസ് തകര്‍ന്നു തുടങ്ങി. തകര്‍ച്ചയുടെ ആനുകൂല്യം മുഴുവനായി ബി.ജെ.പി.ക്ക് നേടാനായി. പിളര്‍പ്പുകള്‍ നാമാവശേഷമാക്കിയ മറ്റു ദേശീയ പാര്‍ട്ടികള്‍ക്ക് അതിന് കഴിഞ്ഞതുമില്ല.
ഗാന്ധികുടുംബം,
കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധി കുടുംബത്തിന്റെ സംഭാവന ചെറുതല്ല. നെഹ്റുവിനു ശേഷം ജഗ് ജീവന് റാം പ്രധാനമന്ത്രിയാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഒരിക്കല്‍ അധികാരം വിട്ടുകൊടുത്താല്‍ പിന്നെ ഒരിക്കലും അത് തിരിച്ചുകിട്ടില്ലെന്ന് അറിയാമായിരുന്ന ഇന്ദിര അതിന് തയാറായില്ല.
പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോഴും രാഹുല്‍ തന്നെയാണ്. പഞ്ചാബില്‍ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത് ഉദാഹരണം. ഇനി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വേണമെന്നും അത് താന്‍ തന്നെയാകണമെന്നുമാണ് രാഹുല്‍ ആഗ്രഹിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രശ്നം വളരെ വലുതാണ്. സങ്കീര്‍ണമാണ്. അത് പരിഹരിക്കാന്‍ രാഹുലിനോ കെ.സി. വേണുഗോപാലിനോ കഴിയില്ല. കോണ്‍ഗ്രസിന്റെ നിയന്ത്രണം ഇന്ദിരാഗാന്ധിയുടെ നിയന്ത്രണത്തിലായശേഷവും പിന്നീട് സോണിയ ഗാന്ധിയിലേയ്ക്കു വന്നപ്പോഴും പാര്‍ട്ടിയുടെ സംഘടനാബലം അവഗണിക്കപ്പെട്ടു. ഒരു പി.സി.സി. പ്രസിഡന്റിനെ തീരുമാനിക്കുന്നതോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതോ നോമിനേഷന് വഴിയാണ്. അണികള്‍ ഇവരുടെയൊപ്പമെങ്കിലും സംഘടനാ സംവിധാനം ഇവര്‍ക്കൊപ്പമല്ല. അടിയന്തിരമായി ചെയ്യേണ്ടത് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ്. ഇതൊന്നും ആരും ചെയ്യുന്നില്ല. ഇന്ദിരാ ഗാന്ധിയും ചെയ്തില്ല. പക്ഷേ ഇന്ദിരയ്ക്ക് അതില്ലാതെ കഴിയാം. കാരണം അവര്‍ക്ക് കോണ്‍ഗ്രസിനെ അവരുടെ വ്യക്തിപ്രഭാവത്തില്‍ കൊണ്ടുപോകാന്‍ കഴിയും.
ഇങ്ങനെയൊക്കെയാണെങ്കിലും സോണിയയും ഇരുപതുകൊല്ലത്തിലധികം കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തി. അവര്‍ക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലായിരുന്നു എന്നു മാത്രമല്ല, ഭര്‍ത്താവ് രാഷ്ട്രീയത്തില്‍ വരുന്നതുപോലും ഇഷ്ടമില്ലായിരുന്നു എന്ന് ഓര്‍ക്കണം.
പ്രതിപക്ഷമാകുന്ന പ്രാദേശിക പാര്‍ട്ടികള്‍
ഒരു പാടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും എതിരാളികള്‍ പ്രാദേശിക പാര്‍ട്ടികളാണ്. യു.പി.യും ബീഹാറും ഒഴികെയുള്ള ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും നേരിട്ടാണ് മത്സരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിലേറെയും ഹിന്ദുത്വത്തിന് കടന്നു കയറാന്‍ കഴിയാത്ത സ്ഥലങ്ങളാണ്. അവിടെ ബിജെപിയെ പ്രതിരോധിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കേ കഴിയൂ. യു.പി.യില്‍ അഖിലേഷ് യാദവിന്റെത് യാദവരുടെ പാര്‍ട്ടിയാണ്. അതുകൊണ്ടാണ് യാദവരല്ലാത്ത ഒ.ബി.സി. സമുദായത്തെ കൂട്ടുപിടിച്ച് അവിടെ ബിജെപി ജയിക്കുന്നത് .മായാവതിയുടേത് ദളിത് പാര്‍ട്ടിയായിരുന്നെങ്കിലും അധികാരം നിലനിര്‍ത്താന്‍ കൃത്യമായി ബ്രാഹ്മണരെ കൂടെനിര്‍ത്തിയാണ് അവര്‍ വളര്‍ന്നത്. ആ ഘട്ടത്തില്‍ മുസ്ളീങ്ങളേയും അവര്‍ കൂടെ നിര്‍ത്തി. ബിഎസ്.പിയെ മറികടന്നാണ് അഖിലേഷ് യാദവിന്റെ പാര്‍ട്ടി വളരുന്നത്. മുസ്ളീങ്ങള്‍ യാദവിനൊപ്പമായി. അവിടെ ജാതിയുടെ കളികള്‍ തന്നെയാണ് ഇപ്പോഴും നടക്കുന്നത്. പക്ഷേ ഇവരെ എല്ലാം കളിപ്പിക്കുന്നത് അവിടുത്തെ കുറെ ബ്രാഹ്മണരാണ്.
ബിജെപിക്ക് ബദലാകുമോ ആം ആദ് മി
അത് ഒരു എന്‍ജിഒ ആയി തുടങ്ങിയതല്ലേ. ആദ്യം അവര്‍ ഡല്‍ഹിയില്‍ ജയിച്ചപ്പോള്‍ തന്നെ രാജ്യം മുഴുവന്‍ അത്ഭുതമായിരുന്നില്ലേ? അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ ഇന്ത്യയൊട്ടാകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. അന്ന് ഡല്‍ഹിക്കു പുറത്ത് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞ ഒന്നുരണ്ടു സ്ഥലങ്ങളിലൊന്നാണ് പഞ്ചാബ്. ഈ കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നോക്കൂ. അവരില്‍ രാഷ്ട്രീയത്തിലൂടെ വന്നവര്‍ വളരെ കുറവാണ്. പക്ഷേ അവര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള പ്രൊഫഷണല്‍സ് ആണ്. അതിലൊരു നല്ല സന്ദേശമുണ്ട്. അതായത് അഴിമതിയാരോപണങ്ങളടക്കമുള്ള ആക്ഷേപങ്ങള്‍ക്ക് സാദ്ധ്യതയുള്ള പ്രൊഫഷണല്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കിയുള്ള നീക്കം. അത് ആളുകള്‍ക്ക് ഇഷ്ടമാകാനുള്ള ഒരു സാദ്ധ്യതയുണ്ട്.
ജാതി ചിഹ്നങ്ങളും ആചാരങ്ങളും
തിരിച്ചു വരുന്നു
ജനതയുടെ പുരോഗതിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അത് കാണാതിരുന്നുകൂടാ. ഒരുകാലത്ത് എതിരേ നടന്നുവരുന്നവരുടെ ജാതി കണ്ടാല്‍ അറിയാമായിരുന്നു. പിന്നീട് അത്തരം ജാതി ചിഹ്നങ്ങളും ആചാരങ്ങളും പുരോഗമനാശയങ്ങളുടെ ചിറകിലേറി നാം ഉപേക്ഷിച്ചു തുടങ്ങി. എന്നാല്‍ ഇന്ന് അത് പൂര്‍വാധികം ശക്തിയായി വേഷത്തിലും മറ്റും തിരിച്ചുവരുന്ന ആശങ്കയുണര്‍ത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
(തുടരും)