വെള്ളിയാഴ്ച

കോപ്പര്‍നിക്കസ് കോര്‍ണറിലെ ചെത്തിത്തേക്കാത്ത ചുമരിനോട് ചാരിനിര്‍ത്തി ആറ് സി യിലെ അസ്മാബി,അലിഞ്ഞുപോകുംവിധം മയത്തിലൊരു മധുരമഞ്ഞനൂലുമാല എന്റെ വായിലേക്ക് തിരുകി,

‘മുണ്ടല്ലെടി കുരുപ്പേ ‘എന്ന് ശബ്ദംതാഴ്ത്തിപ്പറഞ്ഞു.
‘ജ്ജ് നാളെ വരൂലേ കുടീക്ക് ? ന്റിമ്മ ചോയ്ക്കാന്‍ പറഞ്ഞക്ക ണ്…’ എന്നും.

ഇതുവരേക്കും പരിചയപ്പെടാത്ത ഇഷ്ടപ്പെട്ടൊരു പുത്തന്‍രുചിയെ ഞാന്‍ ആര്‍ത്തിയോടെ വേഗം നുണഞ്ഞുതിന്നു..
അവളുടെ ഉമ്മയുടെ കൈപ്പുണ്യം ഇതിനകം
മധുരപലഹാരങ്ങളുടെ കുഞ്ഞിക്കഷ്ണങ്ങളായി ഒരുണ്ണിപ്പാത്രത്തിലേറിവന്ന് എന്റെ വായിലേക്ക് കമിഴ്ന്നുതുടങ്ങിയിരുന്നല്ലോ..
ഒപ്പം,
കരിപടര്‍ന്ന ഒരടുക്കളയില്‍നിന്നും ഉപ്പുമാങ്ങകളും
മുളകുകുത്തിപ്പൊട്ടിച്ച പപ്പടങ്ങളും പയറുംകൊണ്ടാട്ടവും ഓരോന്നോരോദിനം ആനക്കുട്ടിയുടെ മുഖമുള്ള കാല്‍സ്യം സാന്റോസിന്റെ ഒരൊഴിഞ്ഞ വെളുത്തഡപ്പിയില്‍ പാത്തും പതുങ്ങിയും കേറി തങ്കേട്ത്തിയുടെ ഒത്താശയോടെ എന്റെ സ്‌ക്കൂള്‍ബാഗിലെത്തി,

അസ്മാബിയുടെഎഴുത്തും പളപളപ്പും മാഞ്ഞുപോയ വലിയ പച്ചക്കവറിലേക്ക്ഒരൊറ്റച്ചാട്ടമങ്ങു വച്ചുകൊടുക്കുവാനും തുടങ്ങി.
‘മുണ്ടിര്മ്പണ സോപ്പോണ്ട് കുളിച്ചാ ചളിണ്ടാവൂല, പേനുണ്ടാവൂല, ഇക്കതാസ്‌ടം. അന്റെ തലൊന്ന് മണത്തോട്ടേ ‘ എന്നും പറഞ്ഞ് എത്രയോ തവണ അവളെന്റെ നീണ്ട മുടിയിഴകളില്‍ കൈകോര്‍ത്ത് , കണ്ണുകളടച്ചങ്ങനെ നീട്ടി മണംപിടിച്ചപ്പോളാണ്
അച്ഛമ്മയുടെ കാല്‍പ്പെട്ടിയില്‍നിന്ന് കവറുപൊളിക്കാത്തൊരു മോട്ടിസോപ്പും കൂടി ആ ആഴ്ചയില്‍അ സ്മാബിയുടെ പച്ചക്കവറിനെ ലാക്കാക്കി എന്റെ ബാഗില്‍ വന്നൊളിച്ചിരുന്നത് !…
ആ അസ്മാബിയുടെ വീട്ടിലേക്കാണ് നാളെ വെള്ളിയാഴ്ച, അതേ സ്‌ക്കൂളിലെ അദ്ധ്യാപികയായ എന്റെ സ്വന്തം അമ്മയറിയാതെ
ഉച്ചയ്ക്കുള്ള രണ്ടുമണിക്കൂര്‍ നീണ്ട ഇടവേളയില്‍
ഞാന്‍ പോകാനൊരുങ്ങുന്നത് !

ഇതുവരെ കാണാത്ത സ്വന്തം ആരാധികയെ ,
അരയ്‌ക്കൊപ്പം മുടിയുള്ളൊരു കോലുനാരായണിയായി ഉമ്മ കിനാവുകാണാറുണ്ടെന്നും ഒരു ദിവസം കൂടെ വരണമെന്നുമുള്ള നിത്യമൊഴികളിലേറെയും കല്‌ക്കണ്ടത്തരി മുന്തിമിനുങ്ങിയിരുന്നു !..
ആ ഉമ്മയുണ്ടാക്കുന്ന പേരറിയാത്ത അപ്പങ്ങളുടെ തേന്‍രുചിയോര്‍മ്മയില്‍ എന്റെ വായിലന്നേരമൊരു മഴക്കാലവും !..

പ്രലോഭനങ്ങളുടെ നന്നാരി സര്‍ബത്ത് ഇവ്വിധം പാനം ചെയ്‌തൊരുവേളയിലാണ് അസ്മാബിയുടെ വീട്ടിലേക്ക് പോവുകതന്നെ എന്ന തീരുമാനം ഞാനെടുക്കുന്നത് !
പക്ഷേ അന്നുമുതല്‍ അവള്‍ക്കായി ഞാന്‍ എന്തു കൂടെക്കരുതുമെന്ന ചിന്ത എന്നെ അലട്ടാനും തുടങ്ങി. നോമ്പുകാലത്തെ ‘പെലച്ചച്ചോറിന് ‘ ചെറിയുള്ളിയും ഉണക്കമുളകും കുത്തി നെയ്യില്‍ മൂപ്പിച്ച്, ഉപ്പിട്ട കൊഴുത്ത കഞ്ഞിവെള്ളം കൊണ്ട് ഉമ്മ ഒരു കൂട്ടാനുണ്ടാക്കിയാല്‍ സൈക്കിളോടുംപോലെ ചോറുരുള പള്ളേലെത്തുമെന്നും അതിനുള്ള നെയ്യ് ഇപ്പോള്‍ കുടിയിലില്ലെന്നുമുള്ള പണ്ടത്തെ ഒരു സങ്കടമൊഴിയെ ഞാനെന്റെ ഹൃദയത്തിലേക്ക് പുതിയതായി വിവര്‍ത്തനം ചെയ്ത് ആവര്‍ത്തിച്ചുവായിക്കാന്‍ തുടങ്ങിയപ്പോഴാണ്,
‘കായില്ല്യാഞ്ഞിട്ടല്ലട്ടാ ന്റിപ്പക്ക് നെയ്ച്ചൂര് മട്ത്ത്ക്ക് ണ്…’ എന്നിങ്ങനെ അവളാ മൊഴിക്ക് മേമ്പൊടി ചേര്‍ത്തുതുടങ്ങുന്നത് !
വെണ്ണ – നെയ്യുപാത്രങ്ങളൊക്കെ അക്കാലത്ത് എന്റെ അമ്മയുടെ അധീനതയിലായിരുന്നു. ഒരിളവ് എപ്പോഴെങ്കിലും ആ വകയില്‍ പ്രതീക്ഷിക്കുകയും വേണ്ട. സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതുപോലെ,
വീട്ടുസാധനങ്ങളുടെ അളവും കണക്കും കിറുകൃത്യമായി അറിയുന്ന മഹതിയാണ്! എങ്കിലും എന്റെ അസ്മാബിക്കുവേണ്ടി ഇത്തിരിപ്പോരം നെയ്യ് എങ്ങനെ മോഷ്ടിച്ചെടുക്കാമെന്നതിന് വളരെ യുക്തിപരമായൊരു ഉപായം ഞാന്‍തന്നെ കണ്ടെത്തുകയായിരുന്നു. അതിന്റെ ഭാഗമായി നടുമുറിയില്‍നിന്ന് , അടിഭാഗത്ത് ലേശമുണ്ടായിരുന്ന അമൃതാഞ്ജനത്തിന്റെ രണ്ട് കുപ്പികളെ ഞാന്‍ കണ്ടെത്തി! നെയില്‍കട്ടറിന്റെ നടുഭാഗത്തുള്ള കലമാന്‍കൊമ്പുകൊണ്ട്
ബാക്കിയമൃതാഞ്ജനം ചുരണ്ടിക്കളഞ്ഞ്,
സോപ്പുപൊടിയും ചകിരിയുമിട്ടുരച്ചു കഴുകി ഒട്ടും മണമില്ലാതെ വൃത്തിയാക്കാന്‍ തുടങ്ങിയിട്ട്
അങ്ങനെ മൂന്നുദിവസത്തോളമായിരുന്നു..
അടുക്കളയിലെ ചുമരലമാരിയില്‍നിന്നും ഉരുക്കിവച്ച നറുനെയ്യിനെ , ത്രിസന്ധ്യയ്ക്ക് എന്റെ കോട്ടയ്ക്കലമ്മയെ കൂട്ടുവിളിച്ച് ആ കുഞ്ഞുകുപ്പികളിലേക്ക് പകരുകയും ഒരീരെഴത്തോര്‍ത്തുകൊണ്ടതിനെ തുടച്ചു തൂവാലയില്‍പ്പൊതിഞ്ഞുകെട്ടി തല്‍ക്ഷണം സ്‌ക്കൂള്‍ബാഗിലെത്തിക്കുകയും ചെയ്തു.
ഒറ്റനോട്ടത്തില്‍ ശരിക്കുമത് അമൃതാഞ്ജനം പോലെ തോന്നി !
ബാഗില്‍ ചിലപ്പോഴൊക്കെ അമൃതാഞ്ജനം കരുതിവയ്ക്കുന്ന തലവേദനക്കാരിയായിരുന്നു ഞാന്‍ !
അതിന്റെ പിറ്റേന്നു വെള്ളിയാഴ്ചയാണ് തങ്കേട്ത്തി കടത്തിത്തന്ന പത്തുപിടി കളിയടയ്ക്കകളും കൂടി പൊതിഞ്ഞ് ഞാനെന്റെ ബാഗിലെടുത്തുവയ്ക്കുന്നത്!..
അന്നത്തെ പ്രഭാതം പൊട്ടിവിടരുന്നതുതന്നെ ഏറെ കുതൂഹലത്തോടെയും അല്പസ്വല്പം നെഞ്ചിടിപ്പോടെയുമായിരുന്നു !…
എന്റെ സ്വന്തംക്ലാസ്സ് ആറ് ബിയിലെ ഉറ്റകൂട്ടുകാരികളെ കൂടെക്കൂട്ടേണ്ടെന്നാണ് അസ്മാബി പറഞ്ഞിരുന്നത്.
പ്രധാനമായും രണ്ട് കാരണങ്ങള്‍ അവളതിനുവേണ്ടി നിരത്തുകയും ചെയ്തിരുന്നു.
അതിലൊന്ന്,
‘ ഒക്കെ ഓറ്റാള് തിന്നും ട്ടാ ,
അണക്കൊന്നും കിട്ടൂല തിന്നാന്‍ ‘ എന്നത് , വാസ്തവത്തില്‍ എന്നെ ബാധിക്കുന്നതായിരുന്നില്ല.
രണ്ടാമത്തേതിലാകട്ടെ , ഞാന്‍ തലയുംകുത്തിവീണു എന്നുപറഞ്ഞാല്‍ മതിയല്ലോ.
അകാരണമായൊരു പേടി എന്നെ വലംവയ്ക്കാനും തുടങ്ങി.
അസ്മാബിടെ ഭാഷയില്‍പ്പറഞ്ഞാല്‍ അതിങ്ങനെയായിരുന്നു :
‘ ഓറ്റാള് രണ്ട് മൈനേന്നര്‍ഞ്ഞ് മ്മളെത്രാശ്യം പറ്റിച്ച്ക്ക്ണ് !
സാമൂഹ്യംസാറ് ന്റെ കാലണ്ട് തല്ലി ചതച്ചിട്ട് ക്ക ണ് ഓറ്റ കാരണം. മലാളം സാറിന്റെ നുള്ള്ട്ടീലേ അണ്‍ക്ക് ?
ജ്ജ് രണ്ടുമൈനേജാര്ച്ചല്ലേ നോക്കീ ? ഓറ്റ ഒറ്റമൈനേനെ കാട്ടി മ്മളെ പറ്റിച്ചാണ് കുരുപ്പേ ..’
സത്യമായും അവരെ കൊണ്ടുപോകേണ്ടതില്ല എന്നുതന്നെ എനിക്കും തോന്നി.
പന്ത്രണ്ടരയുടെ ബെല്ലടിച്ചതും ബാഗുമായി കോപ്പര്‍നിക്കസ് കോര്‍ണറിലേക്ക് ഓടുകയായിരുന്നു ഞാന്‍. ആ ഓട്ടം പിന്നെ രണ്ടാളുംകൂടി ജങ്ഷന്‍വരെ തുടരുകയും ചെയ്തു.

ജ്ജ് രണ്ടുമൈനേജാര്ച്ചല്ലേ നോക്കീ ? ഓറ്റ ഒറ്റമൈനേനെ കാട്ടി മ്മളെ പറ്റിച്ചാണ് കുരുപ്പേ ..’സത്യമായും അവരെ കൊണ്ടുപോകേണ്ടതില്ല എന്നുതന്നെ എനിക്കും തോന്നി.പന്ത്രണ്ടരയുടെ ബെല്ലടിച്ചതും ബാഗുമായി കോപ്പര്‍നിക്കസ് കോര്‍ണറിലേക്ക് ഓടുകയായിരുന്നു ഞാന്‍. ആ ഓട്ടം പിന്നെ രണ്ടാളുംകൂടി ജങ്ഷന്‍വരെ തുടരുകയും ചെയ്തു.

പിന്നീട് വാസുമാഷ്ടെ വീട് കഴിഞ്ഞപ്പോഴാണ്,
നിറയെ മണികളുള്ള എന്റെ വെള്ളിപ്പാദസരമൂരി ഞാനവളുടെ കാലിലണിയിച്ചത് !
വലംകൈയിലെ ഇലക്ട്രോണിക്‌സ് വാച്ചഴിച്ച് അവളുടെ ഇടംകരത്തിലേക്ക് കെട്ടിക്കൊടുത്തത് !
റാസല്‍ഖൈമയില്‍ നിന്നും എന്റെ ബന്ധു കൊണ്ടുവന്ന ചെരുപ്പുകളെ ,സ്വതവേ പാദരക്ഷ ധരിക്കാത്ത ആ കാലുകള്‍ക്കുകൊടുത്ത് ,
വെന്ത ഗോതമ്പിനെ വാസനിക്കുന്ന അവളുടെ പച്ചത്തട്ടം വാങ്ങി ഞാനൊന്ന് തലയിലിട്ടത് !
റോഡരികിലെ കുഴിഞ്ഞൊരിടത്തെ കെട്ടിക്കിടന്ന പൈപ്പുവെള്ളത്തില്‍ നോക്കി അതിനെ വലിച്ചുനേരെയാക്കി സ്ലൈഡുകുത്തിയത് !
‘നല്ല രസണ്ട് !ജ്ജ്യൊരു മാപ്ലച്ച്യന്നായ്ക്കാരം പണ്ട്!’ –
അസ്മാബിയുടെ മുഖമൊരു സൂര്യകാന്തിപ്പൂപോലെ വിടര്‍ന്ന് വെയില്‍സ്‌നേഹമേറ്റ് തിളങ്ങുന്നതുകണ്ട് എന്റെ കണ്ണുമഞ്ഞളിച്ചു..
പാറുക്കുട്ടിട്ടീച്ചറുടെ വീടരികിലെ കുണ്ടനിടവഴിയിലൂടെ , ഉച്ചച്ചൂടിലും തളരാത്ത പച്ചപ്പടര്‍പ്പുകളെ, ഊയലാടുന്ന വള്ളിക്കൂട്ടങ്ങളെ, ഇല്ലിപ്പടികളെക്കണ്ട്…
ഞങ്ങളങ്ങനെ നടന്നു..
ഇരുവശമുള്ള മുള്‍വേലികള്‍ക്കപ്പുറം യഥേഷ്ടം ഹരിതഭംഗി കാട്ടി ശീമക്കൊന്നയും മൈലാഞ്ചിയും കമ്മ്യൂണിസ്റ്റപ്പകളും നിന്നു..
കരിയില തട്ടിത്തെറിപ്പിച്ച്,
കൈകോര്‍ത്തുകൊണ്ട് ,
‘അത്തളപിത്തളതവളാച്ചി..’ സുല്ലിട്ടുപാടി
ഞങ്ങള്‍ പ്രിയംവദകളായ രണ്ട് ബാലികമാര്‍ അങ്ങനെ നടന്നുനീങ്ങുകയായിരുന്നു !…
കഞ്ഞിക്കൂര്‍ക്കയും മഞ്ഞത്തെച്ചിയും ചെമ്പരത്തിയും നാനാതരമഴകില്‍ ഇലച്ചെടിക്കാടുമുള്ള, ഒരു കുഞ്ഞു ഓലവീടിന്റ മുറ്റത്തെത്തുന്നതിന് തൊട്ടുമുമ്പേ , വഴിയരികിലെ പലകയടിച്ചു ചാക്കുതൂക്കിയ ആട്ടിന്‍കൂട്ടിന്റെ മറവില്‍വച്ചാണ്പച്ചത്തട്ടം അഴിച്ചുവാങ്ങി, ചെരിപ്പും പാദസരങ്ങളും വാച്ചുമവള്‍ തിരിച്ചേല്പിച്ചത്.
ഒപ്പം ,
പൊതിഞ്ഞ കളിയടയ്ക്കകളും
രണ്ട് അമൃതാഞ്ജനക്കുപ്പികളും പേറി അവളുടെ പച്ചക്കവറുവീര്‍ത്തു പെറാനായത്!..
‘ ഓടുപെരൊന്നും ന്റിപ്പക്കിസ്‌ടല്യവളെ. നറേ മാറാലാവും . വാര്‍പ്പിന്റെ പെരേച്ചാല് ബയങ്കരചൂടും !
ഇതെന്തു സുകാറിയ്വോ? ന്താ തണ്‍പ്പ് !
ഈ ഓലേണങ്ങെമ്മക്ക് കൊല്ലം കൊല്ലം മാറ്റാം. ഈ ഓല പൊളിച്ചസം രാത്രി…. ന്താ രസം!
അമ്പിളിമ്മാമനിം കണ്ട് ഞാളങ്ങനെ മലര്‍ന്നെടക്കും.. ‘
ആകാശത്തെ മേല്‍ക്കൂരയാക്കി ,
തണുതെന്നലേറ്റ്, അമ്പിളിയമ്മാവനോട് പുന്നാരം പറഞ്ഞുകൊണ്ടങ്ങനെ കിടക്കുവാന്‍ എന്തൊരു രസമായിരിക്കുമെന്നോര്‍ത്ത് എനിക്ക് അസൂയ പെരുത്തു ..
പുളിയിലകള്‍ വീണുകിടക്കുന്ന വഴിത്താരയിലുടെ
ഞങ്ങള്‍ കൈയുംകോര്‍ത്തുനടന്ന് കോലായിലെത്തി ..വെളിച്ചെണ്ണയില്‍ ചെറിയുള്ളി മൂപ്പിച്ച് എണ്ണ നീരറുക്കുന്നതു പോലൊരു നല്ല മണമായിരുന്നു ആ വീടിന് ! ഞാനാ സുഗന്ധത്തെ മുഴുവനായും നീട്ടിശ്വസിച്ച് ഭക്ഷിക്കുക തന്നെയായിരുന്നു!
ഈ പ്രിയദമായ മണവും ഞാനും തമ്മില്‍ മുജ്ജന്മബന്ധത്തിന്റെ അദ്യശ്യമായൊരു വൈദ്യുതകമ്പിസന്ദേശം തല്‍ക്ഷണം കൈമാറപ്പെട്ടതായി എനിക്കുതോന്നി !..
അവളുടെ ഉമ്മയും കെട്ടിച്ച താത്തമാരും
അവരുടെ മൂന്നാല് ചെറിയ ആണ്‍മക്കളും ഉടനടുത്തെത്തി.
ഉമ്മ എന്നെ കെട്ടിപ്പിടിക്കുകയും
എല്ലാവരേയും പരിചയപ്പെടുത്തുകയും
കുശലം ചോദിക്കുകയും ചെയ്തു..
‘ ടീച്ചറര്‍ഞ്ഞ്ക്കാ ണാ കുട്ട്യേ .. ‘ന്നൊക്കെ ഉമ്മ ചോദിച്ചതിന്
‘ഓള് ടീച്ചറോട് പറഞ്ഞ്ക്കി ണമ്മാ ..
ഓള്ക്ക് പൂത്യായിട്ടാ..’ എന്ന് അസ്മാബി ഉടന്‍ ഉത്തരവുമേകി.
നല്ല തണുപ്പും കുളിരും പ്രകാശവുമുള്ള ഒരന്തരീക്ഷത്തിലേക്ക് ഈരിലവച്ച ഒരു കുഞ്ഞിളംതൈപോലെ ഞാന്‍ തല പൊക്കിനിന്നു. ഒരുവിധം വലുപ്പമുള്ള നടപ്പുരയിലെ വെള്ളപൂശിയ സമനിരപ്പല്ലാത്ത ചുമരിലേക്ക് ഞാന്‍ സാകൂതം നോക്കി. അവിടവിടെയായി വലിയ മണ്ണുരുളകള്‍ മുഴച്ചുനില്ക്കുന്നതുപോലെ ! വടക്കേഭാഗത്തെ ഓട്ടയിലൂടെ ലേശം അടുക്കളഭാഗം കാണാം..
കഴുക്കോലില്‍ ഒരു മംഗളം വാരിക തിരുകിവച്ചിരിക്കുന്നു.. അരികെ വച്ച പഴുത്തപ്ലാവിലമടക്കില്‍നിന്നും ഒരു തേയസോപ്പ് എത്തിനോക്കുന്നുണ്ടായിരുന്നു!..

വെള്ളയും പച്ചയും പ്ലാസ്റ്റിക് നൂലുകള്‍കൊണ്ടുമെടഞ്ഞ മൂന്ന് പുതിയ വട്ടക്കസേരകളും വാര്‍ണീഷടിച്ച ഒരു വലിയ ബഞ്ചും ഡസ്‌ക്കും കൂടി അവിടെയുണ്ടായിരുന്നു. മിനുസമുള്ള കറുത്തനിലത്തില്‍നിന്ന് എന്റെ കാലടികളിലേക്കന്നേരം സുഖമുള്ളൊരു തണുപ്പ് അരിച്ചുകേറി.


വെള്ളയും പച്ചയും പ്ലാസ്റ്റിക് നൂലുകള്‍കൊണ്ടുമെടഞ്ഞ മൂന്ന് പുതിയ വട്ടക്കസേരകളും വാര്‍ണീഷടിച്ച ഒരു വലിയ ബഞ്ചും ഡസ്‌ക്കും കൂടി അവിടെയുണ്ടായിരുന്നു. മിനുസമുള്ള കറുത്തനിലത്തില്‍നിന്ന് എന്റെ കാലടികളിലേക്കന്നേരം സുഖമുള്ളൊരു തണുപ്പ് അരിച്ചുകേറി.
വൃത്തിയും വെടിപ്പുമുള്ള ആ കുഞ്ഞുവീട്ടിലെ
ഏറെ പ്രിയപ്പെട്ട ഉള്ളിമൂപ്പിച്ച മണത്തിനോട് കീഴ്‌പ്പെട്ട് , എന്റെയുള്ളിലെ കൗതുകച്ചെടി അനുനിമിഷം വളരാന്‍ തുടങ്ങി ! ഒരു വലിയ കവടിക്കോപ്പ നിറയെ വെള്ളവും നീളമുള്ളൊരു കുപ്പിഗ്ലാസ്സുമായി അവളുടെ ഉമ്മ വീണ്ടുമെത്തി. തണുപ്പുള്ള ശര്‍ക്കരവെളളം വലിച്ചുകുടിക്കുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ ചെറിയുള്ളികള്‍ക്കൊപ്പം ചിരകിയിട്ട നാളികേരപ്പൂവുകളും ഇടയ്ക്ക് ചവയ്ക്കാന്‍ കിട്ടി !
അത്രയും സ്വാദുള്ളൊരു പാനീയം ഞാനിതുവരെ കുടിച്ചിട്ടില്ലതന്നെ !. വീണ്ടും അസ്മാബി എന്റെ ഗ്ലാസ്സ് നിറയ്ക്കാന്‍ തുനിഞ്ഞതും’ പള്ള നെറക്കല്ലി. ഇമ്മാടെ പലാരം തിന്നണ്ടേ … ങ്ങി തിന്നുമ്പൊ കുടിക്കാ..’ ന്നൊരു ഉമ്മസ്വരം ചെവിയില്‍വീണു വാത്സല്യം കൂട്ടി.
നിമിഷങ്ങള്‍ക്കകം ആ ഡസ്‌ക്കിലേക്ക് നാലഞ്ചു കവടിപ്പിഞ്ഞാണങ്ങളിലായി വിവിധതരം മധുരപലഹാരങ്ങളെത്തപ്പെട്ടു.
ഓരോന്നോരോന്നായി അസ്മാബി പരിചയപ്പെടുത്തുകയായിരുന്നു. ഒരപ്പം മുറിച്ച് കഷ്ണമാക്കി ഉമ്മതന്നെ എന്റെ വായിലേക്ക് വച്ചുതന്നു.
തേനീച്ചയുടെ തേനറയില്‍നിന്നും തേനിറ്റുന്ന രൂപമായിരുന്നു അതിന്! ഇത്രയും കനിവിയലുന്ന വേറെ ഒരു പലഹാരത്തെയും ഞാന്‍ മുമ്പ് കണ്ടിട്ടില്ലായിരുന്നു ! ഒപ്പം ആവോളം സ്‌നേഹമൂട്ടലില്‍ എന്റെ ഉള്‍പ്പുളകച്ചെടി വീണ്ടുംവീണ്ടും തളിരണിയാന്‍ തുടങ്ങി.. !.

അച്ഛന്‍പെങ്ങളുടെ സ്വാദേറിയപാചകത്തിനുപോലും ഇവിടെ തോറ്റുതുന്നംപാടേണ്ടിവരുമല്ലോ എന്നെനിക്കുതോന്നി..
ഇതുവരേക്കുമറിയാത്ത അതിഹൃദ്യമായ രുചികള്‍ ,
മുമ്പെങ്ങും കേള്‍ക്കാത്ത നാമധേയങ്ങളില്‍
അലിഞ്ഞും പൊടിഞ്ഞും ഇറ്റിയും എന്റെ രസനാമുകുളങ്ങളെ വല്ലാതെ ത്രസിപ്പിച്ച് ഒരാനന്ദനൃത്തമാടി !.
ഒപ്പം സ്‌നേഹമര്‍മ്മരങ്ങളും അന്വേഷണക്കൊറിക്കലുകളുമായി കവടിക്കോപ്പയിലെ ബാക്കി പാനീയത്തെ ഞാന്‍ അല്പാല്പം നുണഞ്ഞിറക്കി !..
ഏറ്റം ഹൃദയംഗമമായ മധുരസ്സ്വാദുകളുടെ മഹോത്സവത്തില്‍ ഞാന്‍ ആറാടുകതന്നെയായിരുന്നു !..
ഓരോ കവടിപ്പിഞ്ഞാണത്തിലും ഓരോ രസപ്പറുദീസ പൂകി ഞാനങ്ങ് ചിറകില്ലാതെ പറക്കുകയായിരുന്നു !..
വിശ്രമമില്ലാത്ത പോരാളികളായി എന്റെ പല്ലുകളും നാക്കും വലംകരവും ദ്രുതം മാറുകയായിരുന്നു !.
ആ രുചിയനുഭൂതികളുടെ ഉത്തുംഗശൃംഗത്തിനൊപ്പം ഞാനെന്നൊരാഹ്ലാദച്ചെടി വലുതായി ഇലചൂടിമൊട്ടിടുകയായിരുന്നു !.
ശിഖരങ്ങളേറി , വല്ലരിയണിഞ്ഞുകൊണ്ടൊരു വന്‍വൃക്ഷമാവുകയായിരുന്നു !.
ആ ഉമ്മയുടെ മനവും കൈവിരുതും
എന്റെ കൊതിപ്പെരുക്കത്തിന്റെ വര്‍ദ്ധിച്ച തുപ്പലത്തിനൊപ്പം സമഞ്ജസം സമ്മേളിച്ചുകഴിഞ്ഞപ്പോഴാണ്
എന്റെയുദരം വീര്‍ത്തു പൊട്ടാറായതുപോലെത്തോന്നിയത്!.
ഒപ്പം എല്ലാ കവടിപ്പിഞ്ഞാണങ്ങളും ശൂന്യമായിരിക്കുന്നു എന്ന തിരിച്ചറിവിന്റെയത്ര ജാള്യം,മറ്റൊരു സന്ദര്‍ഭത്തിലും തോന്നിയിട്ടുമില്ല..
അസ്മാബിക്കോ ഇടയ്ക്കിടെ ഓടിപ്പോകുന്ന കുഞ്ഞുമക്കള്‍ക്കോ ഞാനിതെടുത്തുകൊടുത്തില്ലല്ലോ എന്ന കുണ്ഠിതമെന്നെ പിടികൂടി.. ഉച്ചവിശപ്പും രുചിയുന്മാദവും സ്‌നേഹധൂര്‍ത്തും കൂടി …
അതേ,സത്യത്തില്‍ എന്നെ വലച്ചതായിരുന്നു !.

വേഗം തട്ടിക്കുടഞ്ഞെഴുന്നേറ്റ് കൈകഴുകി സ്‌ക്കൂള്‍ബാഗെടുത്ത്, ഉമ്മയോടും മറ്റെല്ലാവരോടുമായി യാത്രപറഞ്ഞുതിരിഞ്ഞതേയുണ്ടായിരുന്നുള്ളൂ..
അഴിയാന്‍പോയ ട്രൌസറും കൂട്ടിപ്പിടിച്ചൊരാണ്‍കുട്ടി അകത്തുനിന്നോടിയെത്തി ഒറ്റക്കരച്ചിലിന്റെ വക്കത്തുനിന്ന് മൊരിഞ്ഞുനിവര്‍ന്നൊരു നേരിനെ , തരി സോപ്പിടാതെ എടുത്തിട്ടൊന്നൊലുമ്പി!..
‘ ഇമ്മാ പന്നി ഒക്കിം മുണുങ്ങിക്ക് ണ് ‘!
ഒരുമാത്ര വീട് വിറങ്ങലിച്ചു !..
അസ്മാബിടെ കൈയും പിടിച്ച് ഞാന്‍ വേഗം നടക്കുകയായിരുന്നോ അതോ ഓടുകയായിരുന്നോ?
തിട്ടമില്ല..
മുറ്റം കടന്ന് ആട്ടിന്‍കൂടിന്റെ മറവിലെത്തിയതും ഞാനവളുടെ മുഖത്തേക്കൊന്നു നോക്കി.
ആ കണ്ണുകളിലൂടെ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കുത്തിയൊലിച്ച്
എന്റെയുള്ളിലെ
വന്‍പുഴയോട് കൂട്ടിമുട്ടി!..
ഒന്നും മിണ്ടാതെ …
തിളയ്ക്കുന്ന വെയില്‍ക്കടലിലേക്ക്
കൈകോര്‍ത്തുകൊണ്ട് ഞങ്ങളങ്ങനെയൊഴുകി ലയിക്കാന്‍ തുടങ്ങി!.

Author

Scroll to top
Close
Browse Categories