വരുമാന സർട്ടിഫിക്കറ്റ്

തിങ്കളാഴ്ച ആയിരുന്നതുകൊണ്ട് വില്ലേജ് ഓഫീസില്‍ നല്ല തിരക്കായിരുന്നു. രണ്ടാം ശനിയാഴ്ചയും തുടര്‍ന്നുള്ള ഞായറാഴ്ചയും അവധിയായിരുന്നല്ലോ…. രാവിലെ തുടങ്ങിയ മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.

വില്ലേജ് ഓഫീസര്‍ രാവിലെ 9 മണിക്ക് തന്നെ എത്തി. അത് അങ്ങനെയാണ്. രാവിലെ ഒരു മണിക്കൂര്‍ നേരത്തെ എത്തിയാല്‍ മിക്ക ജോലികളും ചെയ്തു തീര്‍ക്കാം. വൈകിട്ട് രണ്ടുമണിക്കൂര്‍ അധികം ഇരിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും.

വെളുത്തു മെലിഞ്ഞ നീളന്‍ മുടിയുള്ള 45 വയസ്സോളം പ്രായം തോന്നിക്കുന്ന ‘രജിത’, വരുമാന സര്‍ട്ടിഫിക്കറ്റിനാണ് വന്നത്. വാതിലിനു വെളിയിലായി ഒതുങ്ങി നിന്നു. ആഫീസര്‍ അകത്തേക്ക് വിളിച്ച് കാര്യം തിരക്കി….
ഉം..പറഞ്ഞോളൂ…ഒരു നിമിഷം വിശ്വാസം വരാത്തമട്ടില്‍ പകച്ചു നിന്നു. അതിനുശേഷം മനസ്സ് തുറന്നു. മുന്നോക്കസമുദായ കോര്‍പറേഷനില്‍ കൊടുക്കാനാണ്. ഭര്‍ത്താവിനെന്താ ജോലി? ഗള്‍ഫില്‍ ആയിരുന്നു. ഇപ്പോള്‍ സുഖമില്ലാതെ തിരികെവന്നു. രണ്ടു വര്‍ഷമായി കിടപ്പാണ്.. കോളേജില്‍ പഠിക്കുന്ന ഇളയ മകള്‍ക്കു വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ്. മൂത്തമകള്‍.. വിവാഹം കഴിഞ്ഞ് ഒരു കുട്ടി ആയപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുവിട്ടു. പ്രായമുള്ള ആളായിരുന്നു. ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്ത, അതേ പ്രായമുള്ള ആള്‍.. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അനുകൂല്യം കിട്ടുന്നതരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
11 മണിയായപ്പോള്‍ തിരക്ക് ഒരു വിധം കുറഞ്ഞു.
അപ്പോഴാണ് വിലകൂടിയ കാറില്‍ നന്നായി വേഷം ധരിച്ച അദ്ദേഹം വില്ലേജ് ഓഫീസിന് മുന്നില്‍ എത്തിയത്. നേരെ ഓഫീസറുടെ മുറിയിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. അക്ഷയമുഖേനെ വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയതിന്റെ സ്ലിപ്പ് കൊടുത്തു. അത് പരിശോധിച്ച ഓഫീസര്‍ ലാപ്‌ടോപ്പില്‍ അദ്ദേഹത്തിന്റെ അപേക്ഷ കണ്ടെത്തി. ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണല്ലോ. അതില്‍ നോക്കിക്കൊണ്ട് ഓഫീസര്‍ ചോദിച്ചു,ആരാണ് സജീദ..? ഭാര്യയാണ്. അദ്ദേഹം ഉത്തരം പറഞ്ഞു.

60 വയസ്സ് കഴിഞ്ഞവര്‍ക്ക് സര്‍ക്കാരില്‍ നിന്നും നല്‍കുന്ന ക്ഷേമ പെന്‍ഷനു വേണ്ടിയുള്ള അപേക്ഷയാണ്.. അതിനു വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.. സഹായിക്കണം… ഓഫീസറുടെ നേരെ നോക്കി അദ്ദേഹം അഭ്യര്‍ത്ഥിച്ചു…
ആട്ടെ,സാറിനെന്താ ജോലി?
ആ ചോദ്യം പെട്ടെന്നായിരുന്നു..
എനിക്ക് ഇപ്പോള്‍ ജോലിയൊന്നുമില്ല. ഭാര്യക്കും ജോലിയില്ല.
ജോലിയില്ലേ?.
ഇല്ല.. അയാളുടെ സ്വരത്തിന് കടുപ്പം കൂടിയതുപോലെ തോന്നി .
പുറത്തു പെയ്യുന്ന മഴയുടെ ശക്തി കൂടിക്കൂടി വന്നു..
ആഫീസര്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി.. .. നാല് കണ്ണുകള്‍ അപൂര്‍വ്വ ഭാഷയില്‍ ചില വിവരങ്ങള്‍ കൈമാറി.. കേരളത്തിന് വെളിയില്‍ എവിടെയായിരുന്നു ജോലി..?
അയാള്‍ മിണ്ടിയില്ല..
എന്റെ ഭാര്യക്ക് വേണ്ടിയാ… അവര്‍ക്ക് ജോലിയില്ല…..

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം കണക്കാക്കിയാണ് , ഇവിടെനിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അച്ഛന്‍, അമ്മ,മക്കള്‍…പിന്നെ പ്രായമായ രക്ഷാകര്‍ത്താക്കള്‍… ഉണ്ടെങ്കില്‍ അവരുംഅടങ്ങുന്നതാണ് കുടുംബം..മക്കള്‍ വിവാഹിതരാണെങ്കില്‍ അവരെ ഒഴിവാക്കും.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം കണക്കാക്കിയാണ് , ഇവിടെനിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അച്ഛന്‍, അമ്മ,മക്കള്‍…പിന്നെ പ്രായമായ രക്ഷാകര്‍ത്താക്കള്‍… ഉണ്ടെങ്കില്‍ അവരുംഅടങ്ങുന്നതാണ് കുടുംബം..മക്കള്‍ വിവാഹിതരാണെങ്കില്‍ അവരെ ഒഴിവാക്കും.
ആട്ടെ സാറിന്റെ ജോലി…? അദ്ദേഹംവീണ്ടും മുഖം വീര്‍പ്പിച്ചു. ഡല്‍ഹിയില്‍ എവിടെയായിരുന്നു ജോലി…
അത് നിങ്ങള്‍ എന്തിനാണ് അറിയുന്നത്..?
ഇഷ്ടപ്പെടാത്ത മട്ടിലാണ് അദ്ദേഹം പ്രതികരിച്ചത്..
താങ്കളുടെ വിവരങ്ങള്‍ അറിഞ്ഞാലല്ലേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പറ്റൂ..
അപ്പോഴാണ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് കടന്നു വരുന്നത്.
അയല്‍വാസിയെ കണ്ടതും അദ്ദേഹം ഒന്ന് പരുങ്ങി.. ‘അകത്തെമുറിയിലിരിക്കുന്ന കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ല… അടിയന്തരമായ ഒരു റിപ്പോര്‍ട്ട് കളക്ടറേറ്റിലേക്ക് കൊടുക്കേണ്ടതുണ്ട്…സാര്‍ ഒന്ന് നോക്കണം..’ ദിലീപിന്റെ പറച്ചിലുംനോട്ടവും കണ്ടപ്പോള്‍കാര്യം മനസ്സിലായി.. അകത്തെ മുറിയില്‍ ചെന്നപ്പോള്‍

ദിലീപ് പറഞ്ഞു,. ഞങ്ങള്‍ അയല്‍ക്കാരാണ്.. ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന് ജോലി. … സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍. ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു.മകന്‍ കോളേജ് പ്രിന്‍സിപ്പല്‍. മകള്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍.. സ്വന്തം പേരില്‍ ഒരേക്കര്‍ പുരയിടം.ഭാര്യക്ക് ജോലിഇല്ല..
തിരികെ വന്ന് ഒന്നുമറിയാത്തപോലെ അറിഞ്ഞ വിവരങ്ങള്‍ അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ ഒന്നും നിഷേധിച്ചില്ല.. പതറുന്ന പോലെ തോന്നി..
രേഖകള്‍ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ല….
പെന്‍ഷന്‍ ബുക്ക് കൊണ്ടുവന്നിട്ടുണ്ടോ… റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് , വസ്തുവിന്റെ കരം അടച്ച രസീത്…ഒന്നിനും മറുപടി പറഞ്ഞില്ല…
അയാളുടെ മുഖം തുടുത്തു. കണ്ണുകള്‍ കോപം കൊണ്ടു ചുവന്നു. ചുണ്ടുകള്‍ വിറച്ചു.
യുദ്ധത്തില്‍ മുറിവേറ്റ ഒരു പോരാളിയുടെ മനസ്സായിരുന്നു അപ്പോള്‍ അയാള്‍ക്ക് .

‘എല്ലാവര്‍ക്കും കൊടുക്കുന്നുണ്ടല്ലോ…? പിന്നെ,എന്റെ ഭാര്യക്കും തന്നാലെന്താ.’.? ഒരുപ്രൈമറി സ്‌കൂള്‍
വിദ്യാര്‍ത്ഥിയെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്…
മറ്റു പെന്‍ഷനുകള്‍ ഒന്നും കിട്ടാത്ത 60 വയസ്സ് കഴിഞ്ഞ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒരു ആശ്വാസമാണ് സര്‍ ഇത് . താങ്കളുടെ ഭാര്യ ആ വിഭാഗത്തില്‍ വരില്ല. വരുമാനപരിധിക്കപ്പുറമാണ്…. പതിഞ്ഞ ശബ്ദത്തിലാണ് വില്ലേജ് ഓഫീസര്‍ സംസാരിച്ചത്..
ഞാന്‍ ആരാണെന്ന് കാണിച്ചുതരാം… റവന്യു സെക്രട്ടറി എന്റെ ഫ്രണ്ട് ആണ്…. അയാളുടെ രൂപവും ഭാവവും മാറി.. കലികൊണ്ട് വിറച്ചു..
എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മുന്നില്‍ നിന്നവരെ തള്ളിമാറ്റി,അയാള്‍ പുറത്തേക്ക് പോയി….
അപ്പോള്‍ പെയ്ത മഴയ്ക്ക് ശക്തി വളരെ കൂടുതലായിരുന്നു.

Author

Scroll to top
Close
Browse Categories