മാളവികയുടെ അച്ഛൻ കരയുകയാണ്
അന്ന് പുല്ല്യോട്ടിന് കാവിലെ താലപ്പൊലിയായിരുന്നു.പുല്ല്യോട്ടിന് കാവിലെ താലപ്പൊലി നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും ഉത്സവമാണ്. ജാതി മതഭേദമന്യേ മുഴുവന്‍ ജനങ്ങളും പങ്കെടുക്കുന്ന ഉത്സവം. നാട്ടിലെ മുസ്ളിങ്ങള്‍ ഉത്സവത്തില്‍ പങ്കെടുക്കുക മാത്രമല്ല ഉത്സവനടത്തിപ്പിനുള്ള സംഭാവന നല്‍കുന്നതിലും മുന്നില്‍ തന്നെയാണ്. ആ നാട്ടിലെ ജനങ്ങള്‍ ആരും തന്നെ അന്ന് ജോലിക്ക് പോവില്ല. എന്നാല്‍ രാജീവ്കുമാര്‍ രാവിലെ തന്നെ മകള്‍ മാളവികയേയുംകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി. അയാള്‍ക്ക് പോകാതിരിക്കാനാവില്ല. കാരണം മകളെ വിട്ട്കിട്ടാനും ചെലവിനും വേണ്ടി ഭാര്യതലശേരി കുടുംബ കോടതിയില്‍ നല്കിയ കേസിന്റെ വിധിയാണ് അന്ന്.
ബസ്സില്‍ കയറി ജീവിതത്തിലെ ഓരോ കാര്യങ്ങള്‍ ആലോചിച്ച് ബസ് തലശേരി സ്റ്റാന്റില്‍ എത്തിയത് അറിഞ്ഞതേയില്ല. കണ്ടക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് അയാള്‍ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നത്. സ്റ്റാന്റില്‍ നിന്ന് ഒരു ഓട്ടോറിക്ഷയില്‍ അയാള്‍ കോടതിയില്‍ എത്തി.അയാള്‍ മകളുടെ കയ്യും പിടിച്ച് കോടതി വരാന്തയില്‍ കയറി. ഭാഗ്യം ഭാര്യ പ്രീതി എത്തിയിട്ടില്ല. ഇതിനിടയില്‍ തന്റെ വക്കീലിന്റെ ജൂനിയര്‍ അത് വഴി വന്നു. ഇന്നാണ് വിധി അല്ലേ എന്ന് മാത്രം ചോദിച്ച് കടന്ന് പോയി.അധികം കഴിഞ്ഞില്ല.അതാ പ്രീതി വരുന്നു.മകള്‍ കാണാതിരിക്കാന്‍ അയാള്‍ മകളെ മുന്നില്‍ നിറുത്തി മറഞ്ഞ് നിന്നു.
അര മണിക്കൂര്‍ കഴിഞ്ഞ് കാണും തന്റെ കേസ് വിളിച്ചപ്പോള്‍ അയാള്‍ കൂട്ടില്‍ കയറി നിന്നു. ജഡ്ജി പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു. വിധി കേട്ട ഉടന്‍ അയാള്‍ മകളെയും കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി.വലിയൊരു ആള് കൊച്ചുകുട്ടിയെ പോലെ കരയുന്നത് കണ്ട് കോടതിയിലെത്തിയ മറ്റുള്ളവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.അച്ഛന്റെ കരച്ചില് കണ്ടാവാം മകളും കരയാന്‍ തുടങ്ങി. കോടതി ജീവനക്കാരന് എത്തി അയാളെ താഴെ ഇറക്കി .അപ്പോഴും നിറുത്താതെ അയാള്‍ കരയുകയായിരുന്നു.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മകളെയുംകൊണ്ട് അമ്മ വീട്ടുകാര്‍ മടങ്ങുന്നത് അയാള്‍ നോക്കി നിന്നു. ഏറ്റവുമധികം കരച്ചില് മാളവികക്കായിരുന്നു. അവള്‍ക്ക് നാട്ടിലെ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് പോലെ പുല്ല്യോട്ടിന് കാവിലെ താലപ്പൊലിക്ക് പോകണമായിരുന്നു. മാത്രവുമല്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി അച്ഛനും അമ്മയുമെല്ലാം രാജീവ്കുമാറായിരുന്നു.
ഏറെ കഴിഞ്ഞിട്ടും അയാള്‍ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് പോലെ അന്ന് പൊലീസില്‍ പരാതി നല്‍കുകയും കേസ് കോടതിയില്‍ എത്തുകയും ചെയ്തിരുന്നുവെങ്കില്‍ കോടതിവിധി മറിച്ചാവുമായിരുന്നു. എന്നാല്‍ ഹൈസ്കൂള്‍ അദ്ധ്യാപികയായ തന്റെ സഹോദരി തന്നെയാണ് പറഞ്ഞത്. പരാതി നല്‍കേണ്ടെന്ന്. പരാതി നല്കിയാല് വിവരം പത്രങ്ങളും ചാനലുകളും അറിയും .പിന്നെ തനിക്ക് സ്കൂളില്‍ പോകാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞാണ്.പിന്മാറിയത് . തനിക്കും ഇതൊരു വാര്‍ത്തയാകാന്‍ ആഗ്രഹമില്ലായിരുന്നു. എങ്കിലും തന്നെയും മകളെയും ഉപേക്ഷിച്ച് പോയ ഭാര്യ ഇങ്ങനെ ഒരു ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
ഏകദേശം മൂന്ന് വര്‍ഷം മുമ്പ് ആഗസ്റ്റില്‍ കെ. എസ്. ആര്.ടി.സി ഡ്രൈവറായ താന്‍ ബെംഗളൂരു സൂപ്പര്എക്സ് പ്രസില്‍ ഡ്യൂട്ടിക്ക് പോയി തിരിച്ച് വരുമ്പോള്‍ വീട്ടില്‍ നിന്ന് അച്ഛനും അമ്മാമനും രണ്ട് മൂന്ന് തവണ വിളിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് ആയതിനാല്‍ ഫോണ്‍ എടുത്തില്ല. അച്ഛന് മൂന്നാമതും വിളിച്ചപ്പോള്‍ എന്തെങ്കിലും അത്യാവശ്യമുണ്ടാകുമെന്ന് കരുതി ബസ് റോഡരിലൊതുക്കി ഫോണ്‍ എടുത്തു. പ്രീതി ഒരു വിവാഹത്തിനാണെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് പോയതാണെന്നും ഇത് വരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും പറഞ്ഞു. മനസ്സില്‍ നിറയെ ആധിയായിരുന്നു. വല്ല അപകടവും വന്നുകാണുമോ. അല്ലെങ്കില്‍ എന്തെങ്കിലും അസുഖവും വന്ന്ആശുപത്രിയിലോ മറ്റോആയിക്കാണുമോ.
ഒരു വിധത്തില്‍ ഡ്യൂട്ടി അവസാനിപ്പിച്ച് തലശേരിയില്‍ നിന്ന് ഒരു ഓട്ടോയില്‍ വീട്ടില്‍ എത്തി. വീട്ടില്‍ എല്ലാവരും തന്നെ കാത്തിരിക്കുകയായിരുന്നു. അന്ന് മൂന്ന് വയസ് മാത്രം പ്രായമുള്ള മാളവിക ഇതൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടില്‍ എല്ലായിടത്തും ഓടിക്കളിക്കുകയാണ്. അല്ലെങ്കിലും അവള് അങ്ങനെയാ.. ആളെ കാണുമ്പോള്‍ കളിക്ക് ഉഷാര്‍ കൂടും.
മുറിയില്‍ കയറിയ ഉടന്‍ പ്രീതി എവിടെ പോകുമ്പോഴും ഒപ്പം കൂട്ടിയിരുന്ന സംഗീത വിജയന്റെ നമ്പര്‍ നോക്കാന്‍ ഫോണ്‍ ബുക്ക് എടുത്തപ്പോഴാണ് ആ കുറിപ്പ് അയാളുടെ ശ്രദ്ധയില്‍പെട്ടത് ‘ എന്നെ അന്വേഷിക്കേണ്ട. ഞാന്‍ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട റഫീഖിനോടൊപ്പം പോവുകയാണ്. ‘ .
കുറിപ്പ് വായിച്ചതോടെ രാജീവ്കുമാര്‍ അടുത്തുള്ള കസേരയില്‍ തളര്‍ന്ന് ഇരുന്നു. ശരീരം മുഴുവന്‍ തളരുന്നതായി തോന്നി.പിന്നെ മകളെ എടുത്ത് ഉമ്മ വച്ചു.വീട്ടുകാര്‍ മാത്രം അറിഞ്ഞ കാര്യം പതുക്കെ പുതുക്കെ നാട്ടുകാരും അറിയാന്‍ തുടങ്ങി. എങ്കിലും അവള് എവിടെ ഉണ്ടെന്ന വിവരം നീ അറിയണം. പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ നീ ഉത്തരം പറയേണ്ടി വരും. പലരും ഉപദേശിച്ചു.സംഗീത വഴി അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. ഭാര്യയും മൂന്ന് മക്കളുമുള്ള റഫീഖിന് ഗള്‍ഫിലാണ് ജോലി. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് ഇപ്പോള്‍ പ്രീതിയുമായി കോഴിക്കോട് നഗരത്തില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് കഴിയുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷവുമായി മാളവികക്ക് അച്ഛനും അമ്മയും താനാണ്. മകളെ എല്ലാ ദിവസവും കാണാന്‍ അയാള്‍ ദീര്‍ഘദൂര ഡ്യൂട്ടി ഒഴിവാക്കി. തൊട്ടടുത്തുള്ള ടൗണിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സില്‍ ഡ്യൂട്ടി ചെയ്യുന്നത് സാമ്പത്തികമായി നഷ്ടമാണ്. അല്ലെങ്കിലും തനിക്ക് ജീവിക്കാന്‍ ഒരു ജോലി ആവശ്യമില്ലായിരുന്നു. പിന്നെ വിവാഹത്തിന് ശ്രമിക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് എന്താണ് ജോലി . എന്നാണ്. അത്കൊണ്ട് മാത്രമാണ് ഈ സര്‍ക്കാര്‍ ജോലിക്ക് പോയത്. കതിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ പ്ളസ് ടുവിന് പഠിക്കുമ്പോള്‍ തന്റെ പക്വത ഇല്ലായ്മകൊണ്ട് ചെയ്ത ഒരു വികൃതിയാണ് തന്റെ ഭാവി മാറ്റി മറിച്ചത്. ഇംഗ്ളീഷ് അദ്ധ്യാപികയുടെ ശരീരത്തില്‍ നായ്ക്കുരണ പൊടി വിതറിയതിന് തന്നെ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു.തന്നോടൊപ്പം റിനീഷിനെയും. റിനീഷ് ഇപ്പോള്‍ സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുകയാണ്.
പ്രീതിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് മാഞ്ഞ് തുടങ്ങുന്ന സമയത്താണ് രണ്ട് വര്‍ഷം മുമ്പ് അവളുടെ സുഹൃത്ത് മുഖേനവീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവുന്നത്.റഫീഖ് അവളെ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് പോയെന്നും വീണ്ടും തന്റെ ഭാര്യയാകാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാരോട് ആലോചിക്കുകപോലും ചെയ്യാതെ താന്‍ നോ പറഞ്ഞു.അധികം താമസിയാതെ വക്കീല്‍ നോട്ടീസ് ലഭിച്ചു.തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് സ്വന്തം വീട്ടിലേക്ക് അയക്കുകയും മകളെ തന്നില്‍ നിന്ന് തട്ടിയെടുത്തിരിക്കുകയാണെന്നും കാണിച്ചായിരുന്നു പ്രീതിയുടെ നോട്ടീസ്. അത്കൊണ്ട് മകളെ വിട്ട് നല്‍കണമെന്നും ചെലവിനായി തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് നല്‍കണമെന്നുമായിരുന്നു കേസ്.
അവള് സ്വന്തം ഇഷ്ടത്തിന് തന്നെയും മകളെയും ഉപേക്ഷിച്ച് പോയതായിരുന്നുവെന്നതിന് രാജീവ്കുമാറിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന കത്ത് അവളുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് എന്നെന്നേക്കും ഇല്ലാതാക്കാന്‍ അയാള്‍ കത്തിച്ച് കളയുകയും ചെയ്തിരുന്നു.
വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ പുല്ല്യോട്ടിന് കാവിലെ താലപ്പൊലിയുടെ ചെണ്ടമേളത്തിന്റെ പെരുക്കം അയാളുടെ കാതില്‍ മുഴങ്ങുകയായിരുന്നു.ഒപ്പം മകളെക്കുറിച്ചുള്ള ഓര്‍മ്മകളും.
[email protected]