മണ്ണുണ്ണി
അമ്മ മരിച്ചതില്‍പ്പിന്നെ അച്ഛന്‍ മൗനത്തിന്റെ താഴ്വരയിലായിരുന്നു. വെളിച്ചത്തെ ഭയക്കുന്നതു പോലെ കണ്ണുകള്‍ പൊത്തി കട്ടിലില്‍ കുത്തിയിരിക്കും. ഗീത ചായയുമായി ചെല്ലുമ്പോഴും കൈകള്‍ കൊണ്ട് കണ്ണുകള്‍ പൊത്തിപ്പിടിച്ചാവും സംസാരിക്കുക. സംസാരം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമാകും. എന്തോ ഒരു വലിയ ഭയം വന്നു മൂടിയതുപോലെയാണ് ചില ചേഷ്ടകള്‍. ഇടയ്ക്കിടെ ഞെട്ടിപ്പിണഞ്ഞെഴുന്നേറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കും, അപ്പോഴും വെളിച്ചം കാണുമ്പോള്‍ കണ്ണുകള്‍ വിരലുകള്‍കൊണ്ട് മറച്ചു പിടിച്ച് വിരലുകള്‍ക്കിടയിലൂടെ പരതി നോക്കും.പിന്നെ കതകു തുറന്ന് പയ്യെപ്പയ്യെ തിണ്ണയിലേക്കിറങ്ങും. അപ്പോഴും കൈവിരലുകള്‍ കൊണ്ട് കണ്ണുകള്‍ മറച്ചിട്ടുണ്ടാകും. എന്തെങ്കിലും ഒച്ചകേട്ടാല്‍ ഓടി മുറിക്കുള്ളില്‍ കയറും.
മുറ്റത്തേക്കിറങ്ങുമ്പോള്‍ എവിടെയെങ്കിലും ഒരു കാക്കയെ കണ്ടാല്‍ മതി കണ്ണുകള്‍ മറച്ചിരുന്ന കൈവിരലുകള്‍ മെല്ലെ മാറ്റി ഏറെ സന്തോഷത്തോടെ നടന്നിറങ്ങും. മതിലിന്‍മേലോ മരക്കൊമ്പിലോ ഇരിക്കുന്ന കാക്കയെ സാകൂതം നോക്കിക്കൊണ്ടു തന്നെ മുറ്റത്തു കുത്തിയിരിക്കും. മുറ്റത്ത് വളര്‍ന്നു വരുന്ന പുല്ലുകള്‍ പറിച്ചു കൊണ്ട് കാക്ക പറന്നു പോകും വരെ അതിനെത്തന്നെ നോക്കിക്കൊണ്ടിരിക്കും. അടുത്തിടെയാണ് കാക്കകളെയിഷ്ടപ്പെടാന്‍ തുടങ്ങിയത്. കാക്കകള്‍ പൂര്‍വ്വികരുടെ ആത്മാവുകളാണെന്ന് ചെറുപ്പകാലത്ത് അച്ഛന്‍ പറയുമായിരുന്നു. കറുത്ത വാവു ദിവസം ചെറിയ ഓട്ടുരുളിയില്‍ പച്ചരി വറ്റിച്ച് തൈരും എള്ളും ചേര്‍ത്ത് ഉരുള ഉരുട്ടി ഇലയില്‍ വെച്ച് കൈനനച്ച് കൊട്ടികാക്കകളെ പിണ്ഡം ഊട്ടാന്‍ വിളിക്കുമായിരുന്നു.കാക്കകള്‍ ചോറു കൊത്തിത്തിന്നുന്നത് നോക്കി ഈറനോടെ കൗതുകത്തോടെ നോക്കി നില്‍ക്കും, കാക്കകള്‍ ഇലമാത്രമാക്കി മടങ്ങിപ്പറക്കുമ്പോള്‍ അച്ഛന്‍ പറയുമായിരുന്നു. അതൊക്കെ നമ്മുടെ പിതൃക്കളാണെന്ന്. അവരെ ഊട്ടിയതിന്റെ സംതൃപ്തി അച്ഛന്റെ മുഖത്ത് വിടര്‍ന്നു നില്‍ക്കും.
കടുത്ത ആസ്മാരോഗിയായിരുന്നു അച്ഛന്‍.വാവടുക്കുമ്പോള്‍ ആറാമാലിയുയര്‍ന്നു താഴുന്ന തരത്തില്‍ മുടിഞ്ഞ വലിവാണ്. അതു കാണുമ്പോഴൊക്കെ ഗീത മണ്ണു വറുത്ത് തുണിക്കിഴി കെട്ടി നെഞ്ചില്‍ ചൂടുവെയ്ക്കും. അപ്പോഴും മുറിയില്‍ വെളിച്ചം പാടില്ല, ലൈറ്റിട്ടാല്‍പ്പിന്നെ പുതപ്പെടുത്ത് തല വഴി മൂടും.വലിവു മൂലം ശ്വാസം കിട്ടാതെ വെപ്രാളപ്പെടുമ്പോഴും ഇങ്ങനെ പുതപ്പിട്ട് മൂടുന്നതിനാല്‍ ആരും തന്നെ ആ മുറിയിലെ ലൈറ്റിടാറില്ല. അടുത്ത മുറിയിലെ അരണ്ട വെളിച്ചത്തിലാണ് മറ്റുള്ളവര്‍ക്ക് ആ മുറിയിലെ കാര്യങ്ങള്‍ ദൃശ്യമാവുക.
ഉറക്കത്തില്‍ ചിലപ്പോഴൊക്കെ ‘എടിയേ..’ യെന്ന് ഞരങ്ങും. കിടക്കപ്പായില്‍ തന്നെ പെടുത്തുമുടിക്കുന്നതിനാല്‍ മുറിയിലാകെ വല്ലാത്ത ദുര്‍ഗന്ധമാണ്, മുറിയും കിടക്കപ്പായുമൊക്കെ വൃത്തിയാക്കല്‍ തന്നെ ഗീതയ്ക്ക് നല്ല പണിയാണ്. മിക്കപ്പോഴും പായിലിരുന്ന് തൂറും.പായ ചുരുട്ടിയെടുക്കാന്‍ നീക്കിക്കിടത്തുമ്പോള്‍ ‘എടിയേ… എടീ ഉവ്വേ.. ‘ എന്ന് ഉറക്കെ നിലവിളിക്കും. അച്ഛന്‍ അമ്മയെ എടി ഉവ്വേ, എന്നാണ് വിളിച്ചിരുന്നത്, ഉവ്വേ എന്നു വിളിക്കുന്നതിന്റെ കാരണം ഇപ്പോഴും ആര്‍ക്കുമറിയില്ല.അതി രാവിലെ കണ്ടത്തിലിറങ്ങി കിളയും കളപറിക്കലും കഴിഞ്ഞ് കൈത്തോട്ടിലിറങ്ങിക്കുളിച്ച് തൂമ്പ തൊഴുത്തില്‍ സൂക്ഷിച്ച് വെച്ച് ഇളം തിണ്ണയില്‍ വന്ന് ചമ്രം പടിഞ്ഞൊരിരിപ്പാണ്. കാണുന്ന മാത്രയിലേ കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും മുന്നിലെത്തിക്കോണം, അല്ലേല്‍ കലി കയറി ‘കഴുവര്‍ടാന്‍ മോളേ… ഒന്നുമില്ലിയോടീ …’ എന്നൊരലറലാണ്.അമ്മ വിയര്‍ത്തു കുളിച്ച് കഞ്ഞിയുമായെത്തുമ്പോഴും കലി അടങ്ങില്ല. പലപ്പോഴും കഞ്ഞിയും പാത്രവും ദൂരേക്കെടുത്തൊരേറാണ്.അമ്മ ഒന്നും മിണ്ടില്ല., പിന്നെ മുറിയില്‍ കയറി ഉടുപ്പും മുണ്ടും ധരിച്ച് കാലന്‍ കുടയുമെടുത്ത് ഒരു നടത്തമാണ്. ചന്തയിലെ കള്ളുഷാപ്പില്‍ കയറി ഭേഷായിട്ടൊന്നുമിനുങ്ങും, പിന്നെ പാട്ടും പാടി വീട്ടിലേക്കൊരു നടത്തം. വഴിയില്‍ കാണുന്നതൊക്കെ വിലയ്ക്കു വാങ്ങിക്കൊണ്ടു വരും. അത് അപ്പോള്‍ തന്നെ വെച്ചുണ്ടാക്കണം, നിര്‍ബന്ധമാണ്. ഇത്തരം ചില ശീലക്കേടുകള്‍ ഒഴിച്ചാല്‍ അച്ഛന്‍ വെറുമൊരു പാവമായിരുന്നു.
പ്രായമേറി, രോഗാവസ്ഥയിലുമായതോടെ എല്ലാം കിടക്കപ്പായില്‍ തന്നെയായി. പായും പുതപ്പും കഴുകല്‍, മാറ്റി വിരിക്കല്‍ തുടങ്ങിയവയൊക്കെ ഒറ്റയ്ക്കു തന്നെ ചെയ്യേണ്ടതിനാല്‍ ഗീതയും മടുത്തു തുടങ്ങി. വിട്ടുമാറാത്ത നടുവേദന ഇപ്പോള്‍ നിവര്‍ന്നു നില്‍ക്കാനാവാത്ത വിധം കൂടുതല്‍ കനത്തു തുടങ്ങിയിരിക്കുന്നു.അച്ഛന്റെ ജീവനെടുത്തു തരണേ.. യെന്ന് പ്രാര്‍ത്ഥിക്കുമ്പോഴും വീട്ടിലെ അന്തിക്കൂട്ടില്ലാതാകുമോയെന്ന ഭയവും ഗീതയെ അലട്ടാറുണ്ട്. അതൊരു വല്ലാത്ത ആശങ്കയായി അവളെ പൊതിയുന്നുമുണ്ട്.
ഒരു ദിവസം മതിലിന്‍മേലിരുന്ന് ഒരു കാക്ക കരഞ്ഞു വിളിക്കുന്നതു കേട്ടതാവണം കണ്ണുപൊത്തി മുറ്റത്തേക്കിറങ്ങിയതാ, ദാ കിടക്കുന്നു തലയടിച്ച്, സൂക്ഷം കട്ടിളപ്പടിയില്‍ത്തന്നെ തലയടിച്ചു.പിന്നീട് എടിയേ.. എന്ന് വിളിച്ചുള്ള ഞരക്കമില്ലാതായി പകരം അയ്യോ, അയ്യോ എന്ന് വിളിച്ചു കരയും. അടുത്തേക്ക് ആരെങ്കിലും വന്നാല്‍ കുട്ടികളെപ്പോലെ പിണങ്ങിക്കിടക്കും, ഏങ്ങലടിച്ച് കരയും. ഇടയ്ക്കിടെ കട്ടിലില്‍ കുത്തിയിരിക്കും, സിമന്റു തേയ്ക്കാത്ത ഭിത്തിയിലെ വെട്ടുകല്ലില്‍ വിരല്‍ കൊണ്ട് ചുരണ്ടിയെടുത്ത് തിന്നും. ഭക്ഷണത്തോടുള്ള ആര്‍ത്തിയും കൊതിയും കിടക്കപ്പായിലും വിട്ടുമാറിയിട്ടില്ല. ഗീത തലയില്‍ കൈവെച്ച് പ്രാകുമ്പോഴൊക്കെ കുട്ടികളെപ്പോലെ മണ്ണുതിന്ന മോണകാട്ടിച്ചിരിക്കും.
എത്ര കൂട്ടാനും ചോറും കൊടുത്താലും അതൊക്കെ കുഴച്ച് വാരിവലിച്ച് തിന്നും. ഭക്ഷണം മുന്നില്‍ കൊണ്ടു വെയ്ക്കുമ്പോഴേക്കും അതൊക്കെ വേഗം അകത്താക്കാനുള്ള വെപ്രാളമാണ്. നട്ടെല്ലിലും, വാരിയെല്ലിലും പറ്റിപ്പിടിച്ച തൊലിക്കഷണം പോലെ ചുക്കിച്ചുളിഞ്ഞ വയര്‍ എത്ര ഭക്ഷണം കഴിച്ചാലും നിവരില്ല.
കൈകള്‍ കഴുകിക്കുമ്പോള്‍ കൈ വെള്ളയിലെ തഴമ്പിന്റെ കരുത്ത് കട്ടപിടിച്ചു കിടക്കുന്നതു കാണാം. വയലുകള്‍ കിളച്ച് മറിക്കാന്‍ തൂമ്പ പിടിച്ച കൈകള്‍.ശിവരാമനേയും, കൊച്ചുണ്ണിയേയും, രാധാമണിയേയുമൊക്കെ തീറ്റിപ്പോറ്റാനായിരുന്നല്ലോ, ഒരു ജീവിതം മുഴുവന്‍ പണിയെടുത്തത്. കണ്ടവും ,അയ്യവുമൊകെ കിളച്ചുമറിച്ച് കൃഷി ചെയ്തത്.വര്‍ഷങ്ങളായി കിടക്കപ്പായില്‍ കിടന്ന് രണ്ടും കഴിച്ചിട്ടും അവരാരും തിരിഞ്ഞു പോലും നോക്കാറില്ല.കുട്ടികളെപ്പോലും അയയ്ക്കാറുമില്ല. ഓര്‍മ്മകളില്‍ ഇടയ്‌ക്കൊക്കെ ശിവരാമനും, കൊച്ചുണ്ണിയും, രാധാമണിയുമൊക്കെ വന്നു തുളുമ്പും.’ശിവരാമന്‍ വന്നോടീ, കൊച്ചുണ്ണിയുടെ സൈക്കിള്‍ പിള്ളേര് തള്ളിയിട്ടോടീ.. രാധാമണി എവിടെപ്പോയെടീ.. ‘എന്നൊക്കെ ചോദിക്കും, മറുപടി പറയുന്നതും അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതും ഒട്ടും ഇഷ്ടമല്ല.
ഗീതയുടെ കെട്ടിയോന്‍ രാമദാസ് തമിഴനായിരുന്നു, നന്നേ ചെറുപ്പത്തില്‍ ഒരു തടി ലോറിയില്‍ കയറി പണി തേടി വന്നതാണ് എങ്ങിനെയോ അച്ഛനൊപ്പം കൂടി.അച്ഛനാണ്, എന്തുപണിയുമെടുക്കാന്‍ മടിയില്ലാത്തതിനാല്‍ ഗീതയെ അയാള്‍ക്ക് കെട്ടിച്ചു കൊടുത്തു. കുടുംബക്കാരില്‍ പലര്‍ക്കും ഇഷ്ടമായിരുന്നില്ലെങ്കിലും അച്ഛനോടെതിര്‍ക്കാന്‍ കഴിയാത്തതിനാല്‍ ആരും മിണ്ടിയില്ല. കുടുംബം പോറ്റാന്‍ രാമദാസ് അത്യധ്വാനം ചെയ്തു, ഗീതയോടും അയാള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. രാമദാസ് മരിച്ചതില്‍പ്പിന്നെ ഗീതയ്ക്ക് കൂട്ടിനായി വന്നതാണ് അച്ഛന്‍, മറ്റാരും തിരിഞ്ഞു നോക്കാത്തതിനാല്‍പ്പിന്നെ എങ്ങോട്ടും പോയിട്ടില്ല. വലിച്ചും, കുരച്ചും ജീവിത സായാഹ്നം ഇവിടെത്തന്നെ ഒടുങ്ങാനാകും.തോനേ കിട്ടിയവരാണ് മറ്റുള്ളവരെങ്കിലും പൊട്ടും പൊടിയും കിട്ടിയ ഇളയവള്‍ക്കാണ് അച്ഛന്റെ വാര്‍ധക്യകാല ബാധ്യത. ഗീതയ്ക്ക് അതില്‍ തെല്ലും പരിഭവമേയില്ല, കടമയായി അച്ഛനെ പരിചരിക്കയാണവള്‍.
രാമദാസിനും അച്ഛനെ വലിയ ഇഷ്ടമായിരുന്നു, വയ്യാതാകും മുമ്പു വരെയും അധ്വാനിക്കാനുള്ള അച്ഛന്റെ മനസ്സാണ് ഏറെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് എപ്പോഴും പറയുമായിരുന്നു. രാമദാസ് തടിമില്ലിലെ മേശിരിയായിരുന്നു.കറുത്തു കുറുകിയ ശരീരം, പകലന്തിയോളം പണിയെടുക്കാന്‍ ഒട്ടും മടിയില്ലാത്ത അധ്വാനി. ഒരു ദിവസം രാവിലെ കട്ടന്‍ ചായ കുടിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കയായിരുന്നു. ഒരു ചങ്കരപ്പെന്നു പറഞ്ഞ് എഴുന്നേറ്റതാണ്, പെട്ടെന്ന് കുഴഞ്ഞു വീണു. ആസ്പത്രിയിലെത്തിക്കും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു. അമ്മ മരിച്ചതും ഇതുപോലെ തന്നെയായിരുന്നു.മൂത്ത മകന്‍ ശിവരാമന്‍ കൈത്തോട്ടില്‍ കുളി കഴിഞ്ഞു വരുമ്പോള്‍ അമ്മ കിണറ്റുകരയില്‍ നില്‍ക്കയായിരുന്നു. ശിവരാമന്‍ തിണ്ണയിലേക്ക് കയറിയില്ല അമ്മ ഒന്നു ഞരങ്ങുന്നതു കേട്ടു.തിരിഞ്ഞു നോക്കുമ്പോള്‍ കിണറ്റിനരികില്‍ വീണു കിടപ്പുണ്ട്, പിന്നെ ഉണര്‍ന്നതേയില്ല.അച്ഛന്‍ താമരക്കുളം ചന്തയില്‍ പോയിരിക്കയായിരുന്നു,
തിരികെ വരുമ്പോള്‍ വീട്ടില്‍ ആള്‍ക്കൂട്ടം. വരാന്തയില്‍ വെള്ളപുതപ്പിച്ചു കിടത്തിയ അമ്മയുടെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു, ‘ എടീ … ഉവ്വേ…’ എന്നു വിളിച്ച് നിലത്ത് കുത്തിയിരുന്നു. അച്ഛന്‍ പിന്നീട് ആരോടും മിണ്ടിയിട്ടേയില്ല, എല്ലാത്തിനോടും ഭയമായിരുന്നു. പകച്ച നോട്ടവും, ഇരുട്ടില്‍ ഒളിച്ചിരിപ്പും പതിവായി.
ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണ് ഗീതയുടെ മക്കള്‍, അവരെപ്പോലും കാണുന്നത് ഭയമാണ്, അരുടെ ഒച്ച കേട്ടാല്‍ മതി പുതപ്പിനടിയില്‍ ഒളിക്കും. അതു കൊണ്ടു തന്നെ അവരും മുത്തച്ഛനോട് അടുക്കാറില്ല. കുട്ടികള്‍ തിണ്ണയിലിരുന്ന് സന്ധ്യാനാമം ചൊല്ലുമ്പോള്‍ വാതിലിനരുകില്‍ വന്ന് പതുങ്ങി നില്‍ക്കും. ഓര്‍മ്മകളെ തിരികെപ്പിടിക്കാനെന്നവണ്ണം കാതുകള്‍ കൂര്‍പ്പിക്കും. കുട്ടികള്‍ കാണുന്നതായി തോന്നിയാല്‍ വേഗം കിടക്കയില്‍ പോയി കിടക്കും.പ്രായമേറുന്തോറും അച്ഛന്‍ കുട്ടികളെപ്പോലെയാവുകയാണ്.നടത്തവും ഒളിച്ചുകളിയും ചിരിയുമൊക്കെ കുട്ടികളെപ്പോലെയാണ്.അതുകൊണ്ടുതന്നെ ഗീതയ്ക്ക് ഏറെ ആശങ്കയാണ്, വീട്ടിലാരുമില്ലെങ്കില്‍ എവിടേക്കെങ്കിലും ഇറങ്ങിപ്പോയേക്കുമോയെന്നഭയം.
അതിരാവിലെ മൂന്നു വീടുകളില്‍ പണിയെടുത്താണ് അവള്‍ കുടുംബം പുലര്‍ത്തുന്നത് കുട്ടികളുടെ പഠനം, വീട്ടു ചെലവുകള്‍ ഒപ്പം അച്ഛന്റെ പരിചരണം എല്ലാം ഭാരിച്ച ഉത്തരവാദിത്വമാണ്. അച്ഛന്‍ തീരെ കിടപ്പിലായതോടെ ഗീത ഏറെ ബുദ്ധിമുട്ടിലുമായി.
ഉച്ചവെയില്‍ കനത്തുപെയ്യുകയായിരുന്നു, വീടുകളിലെ പണികള്‍ കഴിഞ്ഞ് അച്ഛനെ നോക്കാനായി ഗീത മുറിയിലേക്കു കയറി, കട്ടിലില്‍ കുത്തിയിരിക്കയാണ്, ഭിത്തിയിലെ വെട്ടുകല്ല് തുരന്നു തിന്നതിന്റെ മണ്ണും പൊടിയും ചുണ്ടിലും മുഖത്തും പറ്റിപ്പിടിച്ചാരിപ്പുണ്ട്, പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച്, നിലച്ച ശ്വാസത്തെ തിരിച്ചുപിടിക്കാനെന്നോണം മരവിച്ചങ്ങിനെ