നട തള്ളപ്പെട്ട റീന
പ്രഭാത നടത്തവും കഴിഞ്ഞ് സ്വയം ഉണ്ടാക്കിയ ചായ കുടിച്ച് കൊണ്ട് പത്രം വായിക്കുന്നതിനിടയിലാണ് ആ ഫോട്ടോയും വാര്‍ത്തയും അയാളുടെ ശ്രദ്ധയില്‍പെട്ടത്. നരച്ച താടിയും മുടിയും .തലയും താടിയും ബന്ധിപ്പിച്ച്കൊണ്ട് ഒരു കെട്ടുണ്ടു.അജ്ഞാത മൃതദേഹം എന്ന തലക്കെട്ടിലാണ് വാര്‍ത്ത. മൂന്ന് ദിവസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരണമടഞ്ഞു.ഏകദേശം അറുപത് വയസ് പ്രായം വരും.ബന്ധുക്കള്‍ ആരും എത്താത്തത്കൊണ്ട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ന്നും ,ആരും എത്തിയില്ലെങ്കില്‍ അജ്ഞാത ജഡം എന്ന നിലയില്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
പത്രവുമായി അയാള്‍ ഭാര്യയുടെ അടുത്തേക്ക് ചെന്നു. അടുക്കളയില്‍ തിരക്കോട് തിരക്കില്‍ കഴിയുന്ന ഭാര്യയോട് അയാള്‍ ചോദിച്ചു. ഇത് നമ്മുടെ നട തള്ളപ്പെട്ട റീനയുടെ ഭര്‍ത്താവല്ലേ?.തിരക്കിനിടയിലും അവള് പത്രവും വാര്‍ത്തയും സൂക്ഷിച്ച് നോക്കി . അതെ അയാള്‍ തന്നെ . അന്ന് കാണുന്നതിലും കൂടുതല്‍ പ്രായം തോന്നും.അറുപത് വയസ്സൊന്നും ഉണ്ടാവില്ല. ഏറി വന്നാല്‍ ഒരു 52. അത്രയേ ഉണ്ടാവുകയുള്ളു.
റീനയുമായി ഞങ്ങളുടെ കുടുംബത്തിന് മൂന്ന് മാസത്തെ അടുപ്പം മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും അവരുടെ കഥ അറിഞ്ഞപ്പോള്‍ മനസ്സികത്ത് അറിയാതെ ഒരു വിങ്ങല്‍ രൂപപ്പെടുകയായിരുന്നു.
ഭാര്യക്ക് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമം ആവശ്യമായി വന്ന സമയത്താണ് റീന ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്. അവരുടെ ഭര്‍ത്താവ് തന്നെയാണ് വീട്ടില്‍ കൊണ്ടു വന്നത്. ഒരു സുഹൃത്ത് മുഖേനയായിരുന്നു റീനയെ ലഭിച്ചത്. അവരുടെ ശമ്പളം ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും കൂടുതലായിരുന്നുവെങ്കിലും ഭാര്യക്ക് ഒരു സഹായി അത്യാവശ്യമായത്കൊണ്ട് ഞങ്ങള്‍ സമ്മതിക്കുകയായിരുന്നു.രാവിലെ ഏഴ് മണിക്ക് തന്നെ വീട്ടില്‍ എത്തും. വൈകുന്നേരം ആറ് മണി വരെ ജോലി ചെയ്താണ് മടങ്ങുക. വലിയ പരാതിയൊന്നുമില്ലാതെ ജോലി ചെയ്യും.രണ്ടാഴ്ചകൊണ്ട് തന്നെ അവര്‍ ഭാര്യയുടെ സുഹൃത്തായി മാറി.ഇതോടെ ഇവര്‍ തമ്മില്‍ കുശല പ്രശ്നവും നടത്തുവാന്‍ തുടങ്ങി.
‘ സ്വന്തം വീട്ടിലാണോ താമസം. ‘
‘ അല്ല. ചെറിയ വീടിന്റെ ചെരിച്ച് കെട്ടിയ ഭാഗത്താണ്’
‘ അതെന്താ . ‘
‘ അയാള്‍ക്ക് ജോലി ചെയ്ത് കിട്ടുന്ന പൈസ അയാള്‍ക്ക് കുടിക്കാന്‍ മാത്രമെ തികയുകയുള്ളു. ഞാന്‍ രാപ്പകല്‍ പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ടാണ് വാടകയും മറ്റ് ചെലവുകളും കഴിയുന്നത്.’
‘ അതെന്താ അയാള്‍ കടിയാനാണെന്ന് അറിഞ്ഞിരുന്നില്ല’
‘ അതൊക്കെ വലിയ കഥയാണ് ചേച്ചി. വല്ലാത്തൊരു ജന്മമായിപ്പോയി . ദൈവം എന്തിന് എന്നെ ഇങ്ങനെ ശിക്ഷിച്ചുവെന്ന് എനിക്കറിയില്ല.’
എന്ത്കൊണ്ടോ ഭാര്യ പിന്നീട് സംസാരം തുടര്‍ന്നില്ല. റീന അവരുടെ ജോലിയില്‍ മുഴുകുയും ചെയ്തു.രണ്ട് ദിവസം കഴിഞ്ഞ് കാണും . ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും ടി വി കാണുന്ന സമയത്താണ് റീന ഒരു അപേക്ഷയുമായി ഭാര്യയുടെ അടുത്തെത്തിയത്. ശമ്പളം അഡ്വാന്‍സായി തരുമോയെന്നായിരുന്നു അഭ്യര്‍ത്ഥന. ഈ മാസത്തെ വാടക കൊടുത്തിട്ടില്ല. ഉടമ ചോദിച്ച്കൊണ്ടിരിക്കുകയാണ്.ശമ്പള തുക നല്കുമ്പോള് ഭാര്യ ഒരു ഉപദേശം നല്‍കാനും മറന്നില്ല. കിട്ടുന്ന പണമൊക്കെ ശ്രദ്ധിച്ച് ചെലവഴിക്കണം. ഭര്‍ത്താവ് മദ്യപാനിയായാലും റീന ഒന്ന് ശ്രദ്ധിച്ചാല്‍ എന്തെങ്കിലുമൊക്കെ മിച്ചം വയ്ക്കാന്‍ സാധിക്കും
‘ എന്റേത് ശപിച്ച ജന്മമാണ് ചേച്ചി. ‘
‘ സ്വന്തം വീട്ടില്‍ അച്ഛനും അമ്മയും ഉണ്ടോ’
‘ ഇല്ല ‘
ഇതിന് ശേഷമാണ് റീന അവരുടെ കഥ പറയാന്‍ തുടങ്ങിയത്. അച്ഛന് മൂന്ന് വയസ്സുള്ളപ്പോള്‍ മരിച്ചുപോയി. അച്ഛന്റെ സ്വന്തം നാട് പാലക്കാട് ജില്ലയില്‍ എവിടെയോ ആണെന്ന് മാത്രം അറിയാം. ജോലി തേടി മഞ്ചേരിയില്‍ എത്തിയതായിരുന്നു. കേളു കോണ്‍ട്രാക്ടറുടെ കൂടെയായിരുന്നു ജോലി. അച്ഛന്റെ കൂട്ടുകാരനായിരുന്നു അമ്മയുടെ ചേട്ടന്. രണ്ട് പേരും ഒരുമിച്ചയായിരിന്നു പലയിടത്തും പണിയെടുത്തിരുന്നത്. മാമന്റെ നിര്‍ബന്ധം കാരണമാണ് അച്ഛന് അമ്മയെ വിവാഹം ചെയ്തത്.അങ്ങനെ അമ്മയും അച്ഛനും ചെറിയ വീട് വാടയ്ക്കെടുത്ത് താമസം തുടങ്ങി. സ്വന്തമായ വീട് എന്നത് അച്ഛന്റെ സ്വപ്നമായിരുന്നു. ചിട്ടിക്കും മറ്റും ചേര്‍ന്ന് അച്ഛന് കുറെ പണം സ്വരൂപിച്ചിരുന്നു. എന്നെ കോളേജില്‍ പഠിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ മറ്റൊരു ആഗ്രഹം എന്റെ ജന്മ ദോഷം എന്നല്ലാതെ എന്ത് പറയാന്‍. ഒരു ദിവസം പതിവ് പോലെ പണിക്ക് പോയതായിരുന്നു. പിന്നീട് വീട്ടില്‍ കൊണ്ടു വന്നത് അച്ഛന്റെ ശവമായിരുന്നു. ഹൃദയസ്തംഭനം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. പറഞ്ഞ് കേട്ട വിവരം മാത്രമെ എനിക്ക് ഉളളു. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍ മാമന് ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അവിടെ നിന്നാണ് സ്കൂളിലൊക്കെ . പോയത്. ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയും മരിച്ചു.
പക്ഷെ എന്റെ കഷ്ടകാലം തുടങ്ങയത് മാമന്റെ മരണത്തോടെയാണ്. ഒമ്പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍. അതോടെ എന്റെ പഠിത്തവും നിന്നു. എന്നെ ഭാരമായിട്ടാണ് മാമന്റെ ഭാര്യയും മക്കളും കരുതിയത്.
എട്ട് വര്‍ഷത്തോളം അങ്ങനെ കഴിഞ്ഞപ്പോഴാണ് ഒരു ദവസം മാമന്റെ മൂത്ത മോന് നമുക്ക് പറശ്ശിനിക്കടവ് മഠപ്പുര മുത്തപ്പന് ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞത്. എന്നെയും കൂടെ കൊണ്ടുപോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.കോഴിക്കോട് വരെ ബസ്സില്‍ വന്ന ശേഷം പാസഞ്ചര്‍ വണ്ടിയില്‍ കയറി. ജീവിതത്തില്‍ ആദ്യമായി തീവണ്ടിയില്‍ കയറിയത് അന്നായിരുന്നു. കൊച്ചുകുട്ടിയെപോലെ ഞാന്‍ തീവണ്ടിയുടെ ജനാലിന് അടുത്ത് ഇരുന്നു പുറത്തെ കാഴ്ചകള്‍ കണ്ടു. ആദ്യമായിട്ടാണ് വീടും പരിസരവുമല്ലാത്ത ഒരു ലോകം കാണുന്നത്.
അവിടെ എത്തി മുത്തപ്പനെ തൊഴുത് പ്രസാദമെല്ലാം കഴിച്ചപ്പോഴാണ് മാമന്റെ മോന് ആ രഹസ്യം പറഞ്ഞത് .’ റീന ചേച്ചി ഇവിടെ തന്നെ നിന്നോ. ഇവിടത്തെ പ്രസാദവും ഭക്ഷണവുമൊക്കെ കഴിച്ച് സുഖമായി കഴിയാം.’
അത് കേട്ടതോടെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഞാന്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് എനിക്ക് തന്നെ ഓര്‍മ്മ ഇല്ല. എന്റെ എല്ലാ നാഡികളും തളര്‍ന്ന് പോയിരുന്നു.എന്ത് ചെയ്യണമെന്നറിയാതെ കരയുന്നതിനിടയില്‍ അവര്‍ തിരിച്ച് പോവുകയും ചെയ്തു.
എന്നോടുള്ള സംസാരവും എന്റെ കരച്ചിലും അടുത്തുള്ള ഒരാള്‍ ശ്രദ്ധിക്കുന്നത് ഞാന്‍ അറിഞ്ഞതേയില്ല.അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു
‘ എന്റെ കൂടെ പോരുന്നോ. നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളാം.’
എന്ത് പറയണമെന്നറിയാതെ ഞാന്‍ അയാളെ തന്നെ മിഴിച്ച് നോക്കി.ഒടുവില്‍ വരുന്നേടത്ത് വച്ച് കാണാം എന്ന് കരുതി ഞാന്‍ പറഞ്ഞു.’ വിവാഹം ചെയ്യുകയാണെങ്കില്‍ തയ്യാറാണ്’
‘ ഒ… അതിനെന്താ’
അങ്ങനെ രണ്ട് പേരും അവിടെ നിന്ന് തിരിച്ച് വഴിയിലെ ഏതോ ഒരു ക്ഷേത്രത്തില്‍ കയറി പരസ്പരം മാലയിട്ടു.മറ്റൊന്നും ഉണ്ടായിരുന്നില്ല.
കോഴിക്കോട് തിരിച്ചെത്തി അയാള്‍ താമസിച്ചിരുന്ന ഒരു കുടൂസ് മുറിയിലാണ് മൂന്ന് ദിവസം കഴിഞ്ഞത്. പിന്നീടാണ് ചെറിയ വാടക വീട്ടിന്റെ ഒറ്റമുറി ഭാഗത്തേക്ക് മാറിയത്.
വാടക വീട്ടില്‍ എത്തിയപ്പോഴാണ് അയാളുടെ തനി സ്വഭാവം അറിയുന്നത്.ഉച്ചയൂണ് മാത്രമുള്ള ഒരു മെസ്സിലെ ചോറ് വിളമ്പലാണ് പണി. കിട്ടുന്ന പൈസയൊക്കെ കുടിച്ച് കളയും . ഇത് കാരണം അയാളുടെ ഭാര്യയും രണ്ട് മക്കളും ഉപേക്ഷിച്ച് പോയതാ..
ഞാന്‍ വീണ്ടും എന്റെ വിധിയെക്കുറിച്ചോര്‍ത്തു.ഒടുവില്‍ വീട്ട് പണിക്ക് പോകാന്‍ തുടങ്ങി.പല വീടുകളിലും പോയി.ഒടുവിലാണ് ഇവിടെ എത്തിയത്.ഒരു കുടുംബ സിനിമ കാണുന്നത് പോലെയാണ് റീനയയുടെ കഥ കേട്ടിരുന്നത്.
മൂന്ന് മാസം പൂര്‍ത്തിയായപ്പോള്‍ പറഞ്ഞ ശമ്പളത്തിന് പുറമെ പുതുവസ്ത്രവും നല്‍കിയാണ് റീനയെ ഞങ്ങള്‍ യാത്രയാക്കിയത്. എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ വീണ്ടും വിളിക്കാമെന്നും പറഞ്ഞു.ആര്‍ക്കോ വേണ്ടി ചിരിക്കുന്നത് പോലെയുള്ള ഒരു ചിരിയും പാസാക്കി അവര്‍ മടങ്ങിപ്പോയി. ചിരിക്കുന്ന സമയത്തും ആ മുഖത്ത് ദൈന്യത പ്രകടമായിരുന്നു.
അഞ്ചോ ആറോ മാസം കഴിഞ്ഞ് ഒരു ദിവസം റീനയുടെ ഭര്‍ത്താവ് വീട്ടില്‍ വന്നു. റീനക്ക് കാന്‍സറാണെന്നും മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയുകയാന്െന്നും പുറത്തേക്ക് കുറച്ച് മരുന്നിന് എഴുതിയിട്ടുണ്ടെന്നും കുറച്ച പണം തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള വരവായിരുന്നു അത്. എത്ര പണം നല്‍കിയെന്ന് ഭാര്യ പറഞ്ഞില്ലെങ്കിലും പറഞ്ഞ പണമുണ്ടെന്ന് പറയുന്നത് കേട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു പണം ആവശ്യപ്പെട്ടുകൊണ്ടു തന്നെയായിരുന്നു വരവ്.അന്നും ഭാര്യ പണം കൊടുത്തു. എത്രകൊടുത്തെന്ന് എന്നോട് പറഞ്ഞതുമില്ല ഞാന്‍ ചോദിച്ചതുമില്ല.
പിന്നീട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോളായിരുന്നു. റീന മരിച്ചുവെന്ന വിവരം അറിയിച്ചത് ഭര്‍ത്താവ് തന്നെ.
പിന്നീട് ആ കുടുംബത്തിന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ അറിഞ്ഞില്ല.അന്വേഷിക്കാനും കഴിഞ്ഞിരുന്നില്ല.
9946108195