തേൻ വരിയ്ക്ക
ഉച്ചയൂണുകഴിഞ്ഞു തേന്‍വരിയ്ക്കയുടെ തണലില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ കുറെ നേരം കിടക്കും. അതു പതിവാണ്.
പടിഞ്ഞാറു നിന്നും തണുത്ത കാറ്റു വീശും. ആ കാറ്റേറ്റുകിടക്കാന്‍ നല്ല സുഖമാണ്.അങ്ങനെ കടന്നു കൊണ്ടു ചിലപ്പോള്‍ തേന്‍വരിയ്ക്കയോടു കുശലം പറയും. അവര്‍ക്കു മാത്രം അറിയാവുന്ന ഭാഷയില്‍ .
അന്നും തേന്‍വരിയ്ക്കയുടെ തണലില്‍ വിശ്രമിയ്ക്കുമ്പോള്‍ രത്‌നാകരന്‍പിള്ളയോടു തേന്‍വരിയ്ക്ക ചോദിച്ചു.
എന്റെ ആയുസ്സു നിര്‍ണ്ണയിക്കപ്പെട്ടു അല്ലേ?
രത്‌നാകരന്‍ പിള്ള ഒരു ഞെട്ടലോടെ ചാരുകസേരയില്‍ നിവര്‍ന്നിരുന്നു. അയാള്‍ തേന്‍വരിയ്ക്കയെ ആകമാനം ഒന്നു നോക്കി ഇളം കാറ്റില്‍ അതിന്റെ ഇലകള്‍ വേപഥു കൊള്ളുന്നു.
നീയെന്താ പഞ്ഞത്?- രത്‌നാകരന്‍ പിള്ള ചോദിച്ചു.
അപ്പോള്‍ ഒന്നും അറിഞ്ഞില്ല അല്ലെ? തേന്‍വരിയ്ക്കയുടെ പ്രതികരണമുണ്ടായി.
ഇല്ല –
അതങ്ങനെയാ.-തേന്‍വരിയ്ക്ക പറഞ്ഞു. – മാതാപിതാക്കള്‍ക്ക് പ്രായമായാല്‍ പിന്നെ വീട്ടില്‍ നടക്കുന്നതൊന്നും അറിയാറില്ല.- മക്കള്‍ അറിയിക്കാറില്ല. ഒരു കാര്യത്തിലും അവരുടെ അഭിപ്രായം തേടാറില്ല. കാലം അങ്ങനെയായിപ്പോയി.
തേന്‍വരിയ്ക്ക പറഞ്ഞതു ശരിയാണെന്നു പിന്നാലെ മനസ്സിലായി.
നമ്മുടെ തറവാടു ജീര്‍ണ്ണിച്ചു. ഇതൊന്നു പൊളിച്ചുപണിയാന്‍ ഞാന്‍ തീരുമാനിച്ചു.- ഒരു ഔപചാരികതയെന്ന പോലെ ഇളയ മകന്‍ ഓമനക്കുട്ടന്‍ പറഞ്ഞു.
സ്വത്തു ഭാഗം വെച്ചപ്പോള്‍ തറവാടും അതിരിയ്ക്കുന്ന പുരയിടവും ഓമനക്കുട്ടനാണു കൊടുത്തത്.
തറവാട് ഇളയവനെന്നൊരു നാട്ടുനടപ്പുണ്ടല്ലോ –
മറ്റു മക്കളെല്ലാം അവരവര്‍ക്കു കിട്ടിയ വീതത്തില്‍ ആധുനിക സൗകര്യങ്ങളുള്ള വീടുകള്‍ വെച്ചു.
തനിക്കും നല്ലൊരു വീടു വേണമെന്ന് ഓമനക്കുട്ടന്‍ ആഗ്രഹിയ്ക്കുന്നതില്‍ തെറ്റില്ല.
അതിനു തേന്‍വരിയ്ക്ക തന്നെ മുറിയ്ക്കണമെന്നുണ്ടോ?
കഴിഞ്ഞ ദിവസം മൂത്താശാരി വന്നിരുന്നു. ആവശ്യത്തിനുള്ള ഉരുപ്പടികള്‍ തേന്‍വരിയ്ക്കയില്‍ നിന്നും കിട്ടുമെന്നു പറഞ്ഞു. – ഓമനക്കുട്ടന്‍ അറിയിച്ചു.
വേറെയുമുണ്ടല്ലോ മരങ്ങള്‍” – ഒന്നിനു രണ്ടെണ്ണം മുറിച്ചേക്കണം. തേന്‍വരിയ്ക്ക തന്നെ വേണമെന്ന് എന്താ നിര്‍ബ്ബന്ധം.?
രത്‌നാകരന്‍ പിള്ള തുടര്‍ന്നു.
നീയും, നിന്റെ സഹോദരങ്ങളും, നിങ്ങളുടെ അമ്മയും, ഞാനുമൊക്കെ ഇന്ന് ഈ നിലയില്‍ ജീവിയ്ക്കുന്നതിന്റെ പിന്നില്‍ തേന്‍വരിയ്ക്കയ്ക്കും വലിയൊരു പങ്കുണ്ട്. എന്താ അഛാ ഇത്?- കല്ലും, മണ്ണും, മരവുമൊക്കെ മനുഷ്യന്റെ ആവശ്യത്തിനു വേണ്ടിയുള്ളതല്ലേ?
നിങ്ങള്‍ പുതിയ തലമുറയ്ക്ക് അങ്ങനെയൊക്കെ ചിന്തിയ്ക്കാനെ കഴിയൂ: പക്ഷേ എന്നെപ്പോലെയുള്ളവരുടെ മനസ്സ് നിങ്ങള്‍ക്കു മനസ്സിലാവില്ല
നാലു പാടും ശാഖികള്‍ വിരിച്ചു നില്ക്കുന്ന തേന്‍വരിയ്ക്കയെ അയാള്‍ ഈറന്‍ മിഴികളോടെ നോക്കി.
അന്നേരം അയാളുടെ മനസ്സു മന്ത്രിച്ചു
നീ പറഞ്ഞതു ശരിയാ- നിന്റെ ആയുസ്സുനിര്‍ണ്ണയിയ്ക്കപ്പെട്ട കാര്യം ഞാന്‍ അറിയാന്‍ വൈകി.
തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണു തേന്‍വരിയ്ക്ക.-
അയാള്‍ ഓര്‍ത്തു.-
കുറെ കാലങ്ങള്‍ പിന്നോട്ടു പോയാല്‍ ഇതൊന്നുമായിരുന്നില്ല സാഹചര്യം -താനും ഭാനുമതിയുമായി ജീവിതം തുടങ്ങിയ കാലം.:
ആണും, പെണ്ണമായി അഞ്ചു മക്കള്‍ പിറന്നു.
താന്‍ കൂലിപ്പണിയെടുത്തു കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് ജീവിതം പോക്കിയ ആ കാലത്തു് പലപ്പോഴും വീട്ടില്‍ അത്താഴപട്ടിണിയുണ്ടായിട്ടുണ്ടു്.പ്രത്യേകിച്ചു മഴക്കാലങ്ങളില്‍ –
മഴയുടെ കാലമായാല്‍ പിന്നെ കൂലിയും, വേലയുമില്ല.-
വിശന്നു തളര്‍ന്നുറങ്ങുന്ന മക്കളെ നോക്കി താനും, ഭാനുമതിയും, കണ്ണീരോടെ ഉറങ്ങാതെ കിടന്നിട്ടുള്ള എത്രയോ രാവുകള്‍ -? അതൊന്നും തന്റെ മക്കള്‍ക്ക് ഓര്‍മ്മയില്ല.-
ചക്കയുടെ കാലമായാല്‍ തേന്‍വരിയ്ക്ക നിറയെ കായ്ക്കും.- അടി തൊട്ടു മുടി വരെ.
അന്നൊക്കെ ഭാനുമതിപറയുമായിരുന്നു.-
ഈ പ്ലാവിനു നമ്മുടെ പ്രാരബ്ധ മറിയാം. –
അന്നൊക്കെ തേന്‍വരിയക്കയോട് എന്തൊരു സ്‌നേഹവും ബഹുമാനവുമായിരുന്നു.
അതിന്റെ ചക്ക കൊണ്ടു വിശപ്പടക്കിയിട്ടുള്ള എത്രയോ ദിനരാത്രങ്ങള്‍?
പുഴുക്കായും, പഴമായുമെല്ലാം –
ഈ തേന്‍വരിയ്ക്കയുടെ ശീതളഛായയിലിരുന്നു് താന്‍ എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടിരിയ്ക്കുന്നു.
മറ്റാരും കേള്‍ക്കാതെ തേന്‍വരിയ്ക്കയോടു ചോദിയ്ക്കുമായിരുന്നു’-
എന്റെ ഈ ദു:ഖങ്ങളൊക്കെ മാറുമോ.-?
അന്നൊക്കെ ദല മര്‍മ്മരങ്ങള്‍ കൊണ്ടു തേന്‍വരിയ്ക്ക മന്ത്രിയ്ക്കുമായിരുന്നു.-
വിഷമിയ്‌ക്കേണ്ട. ഈ ദു:ഖങ്ങളെല്ലാം മാറും. നല്ല കാലം വരും. –
അതുപോലെ തന്നെ സംഭവിച്ചു.
മക്കളെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നേടി.- കടല്‍ കടന്നു പോയി. ഏറെ സമ്പാദിച്ചു. ദു:ഖങ്ങളെല്ലാം മാറി.
രണ്ടു പെണ്‍മക്കളെ നല്ല നിലയില്‍ വിവാഹം ചെയ്തയച്ചു. ആണ്‍മക്കള്‍ ഓരോരുത്തരായി വിവാഹം കഴിച്ചു.വീടുവെച്ചു മാറി. ഇപ്പോള്‍ ഇളയവനും വീടുവെയ്ക്കാനൊരുങ്ങുന്നു.’
തന്റെ വിയര്‍പ്പിന്റെ വിലയായ തറവാടു പൊളിച്ചിട്ട്, തന്റെ ജീവന്റെ ഭാഗമായ തേന്‍വരിയ്ക്ക മുറിച്ചിട്ട്.-
പഴയതെല്ലാം വെട്ടി നീക്കപ്പെടുന്നു.-
പുതിയതു ജന്മമെടുക്കുന്നു.-
രത്‌നാകരന്‍ പിള്ള ആകെ ക്ഷീണിതനായി. – അയാള്‍ തേന്‍വരിയ്ക്കയോടു ചോദിച്ചു.
നിനക്കു ദുഃഖമില്ലേ -?
ദു:ഖിച്ചിട്ടു ഫലമില്ലല്ലോ. – തേന്‍വരിയ്ക്ക പറഞ്ഞു – ഇതു കാലത്തിന്റെ നീതിയാണ്. കാലഹരണപ്പെട്ട തൊക്കെ വെട്ടിമാറ്റപ്പെടും –
അയാള്‍ക്ക് ഊണില്ലാതായി –
ഉറക്കമില്ലാതായി.-
ഇതെന്തു പറ്റി -? ഭാനുമതി ഉല്ക്കണ്ഠയോടെ ചോദിച്ചു.
ഈയിടെയായി ആഹാരം തീരെയില്ല.- വാതോരാതെ മുറുക്കാന്‍ ചവച്ചു കൊണ്ടിരുന്ന ആളാ-അതും ഇല്ലാതായി..
ഉമ്മറക്കോണിലിരിയ്ക്കുന്ന ഇടിക്കല്ലിലേക്കു ഭാനുമതി നോക്കി..
പകല്‍ എത്രയോ തവണയാണു താന്‍ അതിലിട്ടു വെറ്റിലയും ,പാക്കും ഇടിച്ചിട്ടുള്ളത്.?
മുറുക്കണമെന്നു തോന്നിയാല്‍ വിളിയ്ക്കും.-
ഭാനുവേ. –
വിളി കേള്‍ക്കുമ്പോഴെ തനിക്കു കാര്യം പിടികിട്ടും.
ഇടിച്ചമുറുക്കാന്‍ കൈയ്യില്‍ വാങ്ങുന്ന പതിവില്ല.-വായ് തുറന്നു തരും.താന്‍ വായില്‍ തിരുകി കൊടുക്കും..
അതുപോയിട്ട് ഇന്നെത്ര ദിവസമായി മുറുക്കാന്‍ ചവച്ചിട്ട് -?
ഇതെന്തു പറ്റി -?
നമ്മുടെ തേന്‍വരിയ്ക്ക-
അയാള്‍ നിറകണ്ണുകളോടെ ഭാര്യയെ നോക്കി.
ഓ. – അപ്പോള്‍ അതാണു കാര്യം അല്ലേ.-?
ഭാനുമതി തുടര്‍ന്നു.- മുറിയ്ക്കട്ടെന്നേയ്.. ഓമനക്കുട്ടനു വീടു വെയ്ക്കാനല്ലേ.-?’
രത്‌നാകരന്‍ പിള്ള ഒരു നടുക്കത്തോടെ ഭാര്യയെ നോക്കി. – എത്ര ലാഘവത്തോടെയാണ് അവള്‍ പറഞ്ഞത് .. കാശും ചക്രോമായപ്പോള്‍ ഭാനുവും എല്ലാം മറന്നു.-
എന്നാലും ഭാനു .-?
അതിലിത്ര വിഷമിയ്ക്കാനെന്തിരിയ്ക്കുന്നു.-? തേന്‍വരിയ്ക്കയ്ക്കു പ്രായമായില്ലേ -? ഇനിയും പഴയതുപോലെയൊന്നും കായ്ക്കത്തില്ല..
നമുക്കും പ്രായമായില്ലേ -? അപ്പോള്‍ –? അയാള്‍ ഭാര്യയെ നോക്കി..
മനുഷ്യരെ പോലെയാണോ മരങ്ങള്‍ -? – ഭാനുമതി നിസ്സാരമായി പറഞ്ഞു.
പന്നെയല്ലാതെ. -? അവയ്ക്കും ജീവനുണ്ടു ഭാനു -രത്‌നാകരന്‍ പിള്ള പറഞ്ഞു.
ഉണ്ടാകട്ടെ.അതിനെന്താ? – ഭാനുമതി പറഞ്ഞു. – ഓരോന്നിനെക്കൊണ്ടും ഓരോ ഉപയോഗങ്ങളാ- ഒരു കാലത്തു ഫലം തന്നു. ഇപ്പോള്‍ തടി തരുന്നു. ഇതെല്ലാം മനുഷ്യനു വേണ്ടിയുള്ളതല്ലേ.-?
രത്‌നാകരന്‍ പിള്ള പിന്നെ തര്‍ക്കിച്ചില്ല.തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് അയാള്‍ക്കറിയാം. മിക്ക മനുഷ്യരും അങ്ങനെയാണ്. സാഭാഗ്യങ്ങള്‍ വരുമ്പോള്‍ പലതും മറക്കും.
കയറും, കോടാലിയും, ഒരു കൈയ്യാളനുമായി വെട്ടുകാരന്‍ ചാക്കോ രാ വി ലെ വന്നു.-
വെറ്റിലക്കറ പടിച്ച പല്ലുകളും, തടിച്ച ചുണ്ടും ‘കൊമ്പന്‍ മീശയും, നീട്ടി വളര്‍ത്തിയ മുടിയും, കരുത്തുറ്റ കറുത്ത ശരീരവുമാണു ചാക്കോയ്ക്ക്. സാക്ഷാല്‍ കാലരൂപത്തെ അനുസ്മരിപ്പിയ്ക്കുന്ന രൂപഭാവങ്ങള്‍.പോത്തിനു പകരം സൈക്കിളാണു വാഹനമെന്നു മാത്രം –
ഒരു വിധത്തില്‍ പറഞ്ഞാല്‍ അവനും കാലനാണ്. വൃക്ഷങ്ങളുടെ ജീവനെടുക്കുന്ന കാലന്‍ –
മണല്‍ പാകിയ മുറ്റത്തിന്റെ കോണിലിരുന്നു ചൂടുള്ള കട്ടന്‍ കാപ്പി ഊതിയാറ്റി കുടിയ്ക്കുന്നതിനിടയില്‍ ചാക്കോ തേന്‍വരിയ്ക്കയുടെ പ്രായം നിര്‍ണ്ണയിച്ചു.
എഴുപത്തിയഞ്ചിനും എണ്‍പതിനുമിടയ്ക്കു വരും. –
ചാക്കോയുടെ കണക്കു ശരിയാണെന്നുരത്‌നാ
കരന്‍ പിള്ള മനസ്സില്‍ ഓര്‍ത്തു.-
തന്റെ അച്ഛന്‍ നട്ട പ്ലാവാണ്-
ഒന്നാന്തരം തേന്‍വരിയ്ക്ക-
കൈയ്യാളന്‍ തേന്‍വരിയ്ക്കയുടെ കൊമ്പുകള്‍ ഓരോന്നായി മുറിയ്ക്കാന്‍ തുടങ്ങി.
രത്‌നാകരന്‍ പിള്ളയുടെ മനസ്സ് അസ്വസ്ഥമായി.ഇനിയും ഏതുനിമിഷവും തേന്‍വരിയ്ക്ക നീലംപൊത്താം. –
വയ്യ..
ആ കാഴ്ച കാണാന്‍ വയ്യ –
അയാള്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. തേന്‍വരിയ്ക്കയുടെ കടയ്ക്കല്‍ കോടാലി പതിയ്ക്കുന്ന ശബ്ദം കാതില്‍ വീണു.ഓരോ വെട്ടും തന്റെ ആത്മാവിലാണു പതിയ്ക്കുന്നതെന്ന് അയാള്‍ക്കു തോന്നി..
പഞ്ചേന്ദ്രിയങ്ങള്‍ നിര്‍വ്വീര്യമാകുന്നു.
പരിസരബോധം നഷ്ടപ്പെടുന്നു..
ഇരുട്ട് –
സാന്ദ്രമായ ഇരുട്ട് –
അബോധത്തിന്റെ അനന്തതയിലേക്ക് അയാള്‍ മെല്ലെ മെല്ലെ താഴുകയായിരുന്നു.