ഒരു തിരക്കഥാകൃത്തിന്റെ മോഹഭംഗം
കള്ളുഷാപ്പിലെ ഒറ്റബെഞ്ചില്‍ അടങ്ങിയൊതുങ്ങി ഒരുമയോടെ ഇരുന്നുകൊണ്ടാണ് അവര്‍ അഞ്ചുപേര്‍ ചേര്‍ന്നു സിനിമാനിര്‍മ്മാണത്തെക്കുറിച്ച് ഗഹനമായി ചര്‍ച്ചചെയ്യാന്‍ തുടങ്ങുന്നത്. ഷഹനാസ് കുമ്പളങ്ങി എന്ന തിരക്കഥാകൃത്ത്, തരക്കേടില്ലാത്തവണ്ണം പ്രശസ്തിയിലേക്കു കുതിച്ചുപാഞ്ഞുപൊയ്ക്കൊണ്ടി യോഹന്നാന്‍ ആറങ്ങോട്ടുകര എന്ന ശാന്തഗംഭീരനായ യുവസംവിധായകന്‍. അയാളുടെ ഉറ്റ സില്‍ബന്തിയും, ക്ലാസ്സ്മേറ്റും അയാളെ ലോകത്തിലേക്ക് വച്ച് ഏറ്റവും മുന്തിയ സംവിധായകനായിക്കരുതി ആരാധിച്ചുപോരുന്ന ആളുമായ സംവിധാനട്രെയിനി ജീവന്‍കുമാര്‍ അത്തിപ്പറ്റ; പിന്നെ പണത്തിനു നാണയമിറക്കുന്ന ഗള്‍ഫ് റിട്ടേണിയും, പഴയ എഴുത്തുകാരന്‍ എന്ന മേനി നടിക്കുന്ന വിദ്വാനുമായ ശ്രീ.ഗോപകുമാരവല്ലഭനും. അല്പം വൈകിമാത്രമാണ് പറന്നെത്തിയതെങ്കിലും സിനിമാ പിടുത്തത്തിന് തീര്‍ത്തും അനിവാര്യന്‍ എന്നു പരക്കെ അറിയപ്പെടുന്ന പ്രശസ്ത ക്യാമറാമേന്‍ ചിദാനന്ദന്‍ ചിറക്കാക്കോടും, അവര്‍ക്കൊപ്പം ശ്രീ.ഗോപകുമാരവല്ലഭന്‍ അവര്‍കളുടെ ഫിനാന്‍സ് മാനേജര്‍ എന്ന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നദേഹം ഒരു നിശ്ശബ്ദ കഥാപാത്രം മാതിരി, എങ്ങും തൊടാതെ, മറ്റുള്ളവരുടെ നീക്കങ്ങളെ സശ്രദ്ധം സൂക്ഷ്മദൃഷ്ടിയോടെ അവലോകനം ചെയ്തുകൊണ്ട് ഒരു ഒഴിഞ്ഞ ഇടത്തില്‍ തികച്ചും അപ്രധാനനായി കഴിച്ചുകൂട്ടുകയും ചെയ്യുന്നുണ്ട്. മദ്യം കൈക്കൊണ്ട് തൊടുകപോലും ചെയ്യാത്ത ഒരു സാധു ടീ ടോട്ട്ലര്‍.
ആകെ ശബ്ദരഹിതമായ ഒരന്തരീക്ഷത്തിലാണ് ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയുടെ സമാരംഭം. ചുറ്റുപാടും മറ്റും കുടിയന്മാര്‍ ആരുംതന്നെ ഇല്ലായിരുന്നു. സിനിമാക്കാര്‍ക്കുവേണ്ടി മാത്രം പ്രത്യേകം സജ്ജീകരിക്കപ്പെട്ട ഒരു അപരാഹ്ന ഷാപ്പായിരുന്നു അത്.
മറയൊന്നും കൂടാതെ ഇടയാറന്മുള ഷാപ്പിലെ പൊടിമീന്‍കറി തൊട്ടുകൂട്ടിയും, ഒരു ഫുള്‍ ഗ്ലാസ്സ് ചെത്തുകള്ള് ശ്വാസംവിടാതെ ഒറ്റയടിക്കു തൊണ്ടതൊടാതെ ഗുളുഗുളു വിഴുങ്ങിയും ഷഹനാസ് കുമ്പളങ്ങി ചര്‍ച്ച തുടങ്ങിവെക്കുന്നു: –
കഥാകൃത്ത് വെളുക്കനെ കഥ പറയാന്‍ ആരംഭിച്ചു:-
-കഥ തുടങ്ങുന്നത് ഹൈറേഞ്ചില്‍ കഞ്ചാവു കൃഷിക്കായി വിനിയോഗിതനായ കുഞ്ഞപ്പന്‍ കുഞ്ഞുരാമന്‍ എന്ന അരോഗ ദൃഢഗാത്രനായ മല്ലന്റെ മനോതലത്തില്‍ നിന്നുമാണ് അയാള്‍ താനറിഞ്ഞുകൊണ്ട് ഈ സാഹസകൃത്യത്തിന് സ്വമേധയാ മുന്നോട്ടുവരുന്നതല്ല. അയാള്‍ക്കു സ്വന്തമെന്നു പറയാന്‍ ഒരു കുടുംബമോ, കുഞ്ഞുണ്ണിമാഷ് പറയുന്നതുപോലെ കുട്ട്യോളോ, മറ്റു പ്രാരാബ്ദങ്ങളോ ഒന്നുതന്നെയില്ലായിരുന്നു. അക്കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതായിട്ടില്ല. അതുവഴിയെ വായനക്കാര്‍ സ്വയം ഗ്രഹിച്ചുകൊള്ളും.
കുഞ്ഞപ്പന് മറ്റൊരു സവിശേഷതയുമില്ല. നന്നായി ആഹാരം കഴിക്കണം. വയറുനിറയെ മദ്യവും കഴിക്കണം. അതു കിട്ടിയാല്‍പ്പിന്നെ ഒന്നുമറിയാതെ കണ്ണുംമൂടി അന്തംവിട്ടു സുഖമായി ഒന്നുറങ്ങണം!
ഇളം പകലുമുതല്‍ സന്ധ്യയാകുംവരെ പോത്തിനെപ്പോലെ കഠിനമായി പണിയെടുക്കും. അതിനു തക്ക പ്രതിഫലവും കിട്ടണം. അതില്‍ ഒരുവിധ വിട്ടുവീഴ്ച്ചയുമില്ല. കിട്ടുന്നതു മുഴുവന്‍ തിന്നണം. കുടിക്കണം. മറ്റു വിഷയങ്ങളിലൊന്നും അശേഷം താല്‍പര്യമില്ല. മറ്റൊരു ദുശ്ശീലവും തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ കുഞ്ഞപ്പനെ ഒരാള്‍ കണ്ണുവെയ്ക്കുന്നു. നാട്ടിലെ കരപ്രമാണിയും ഇടപ്രഭുവും ലോകമലയാളത്തില്‍ യഥേഷ്ടം പിടിപാടുമൊക്കെയുള്ള ആളുമായ സാക്ഷാല്‍ നടുപുരയ്ക്കല്‍ ബഹുമാനപ്പെട്ട ശയനാനന്ദന്‍ തിരുവടികളായിരുന്നു കുഞ്ഞപ്പനെ കണ്ണഞ്ചിപ്പിക്കുംവിധം നോട്ടമിട്ടുകളഞ്ഞത്.
ഈ കുഞ്ഞപ്പന്‍ വെറുമൊര് മഠയ ശിരോമണിയല്ലോ? യെവനെയൊന്ന് കയ്യിലെടുത്തേച്ചാല്‍ പിടിപ്പതു വരുമാനമൊണ്ടാക്കാം. വയറു നിറയെ കള്ളും തീറ്റിയും കൊടുത്താപ്പോരായോ? ഇച്ചരെ ചില്ല്വാനം കയ്യീ വച്ചു കൊടുത്തേച്ചാമതി. ഞാറ്റുവേലിയ്ക്കലെ ആ പത്തേക്കറു വനഭൂമിയില്‍ കഞ്ചാവുചെടി നട്ടുപിടിപ്പിച്ചേച്ചാല്‍ പിന്നെ ഈ നാടു മൊത്തമായി ഈ ശയനാനന്ദന്റെ കയ്യില്‍ വന്നു വീഴത്തില്ലായോ? ശയനാനന്ദന്‍ എന്ന മഹാധനികപുരുഷനെ കണ്ടാല്‍ ഭയപ്പെടുകേം പ്രീണിപ്പിക്കാന്‍ ത്വര കൊള്ളുകേം ചെയ്യുന്നവരല്ലയോ നാടുമുഴുവന്‍, പൊന്നാക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിപൊറപ്പെട്ടിട്ടൊള്ള എല്ലാ മാന്യമഹാജനങ്ങളും?
ഇതിനിടക്ക് ഒരുനാള്‍ സുപ്രഭാതത്തില്‍ തന്റെ മുമ്പില്‍ മുഖം കാണിക്കാനെത്തിയ കുഞ്ചപ്പനെക്കണ്ട് ശയനാനന്ദന്‍ തിരുവടികള്‍ ആശ്ചര്യകഞ്ചുകിതനായി. തദനന്തരം അനന്തന്‍ മഹാമനസ്‌കനായി വാത്സല്യപുരസ്സരം ആരായുകയായി:-
എന്നതൊക്കെയൊണ്ട് കുഞ്ഞപ്പാ നാട്ടുവിശേഷങ്ങള്? സുഖം തന്നെയല്ല്യോ നെനക്ക്? നെന്നെയൊന്ന് കാണ്‍മാന്‍ തക്കം കാത്തിരിക്കുവാരുന്നു ഞാന്‍. തേടിയ വള്ളി കാലേല്‍ ചുറ്റിയ മട്ടായില്ല്യോ ഇപ്പം?
എന്നതാ ഒടയതേ കാര്യം?
പിന്നെ അടിയങ്ങള്‍ക്കൊക്കെ എന്നതാ സൊഖം അങ്ങുന്നേ?
”നെന്നെക്കൊണ്ട് നമുക്കൊര് കാര്യോംണ്ട് കുഞ്ഞപ്പാ”.
”ങാ… എന്നതാന്ന് പറഞ്ഞോണ്ടാ മതിയങ്ങുന്നേ – പിന്നെ എന്നാത്തിനാ ഈ മൊഖവരേമൊക്കെ”. കാശു കിട്ടുന്ന പണിയാണേല്‍ കുഞ്ചപ്പന്‍ എന്നാത്തിനും ഒരുക്കമാണേ…
ശയനാനന്ദന്‍ ഇക്ഷണം കാര്യമായി ഒന്നു പരതിനോക്കി. ചുറ്റുവട്ടത്ത് ആരോരുമില്ലെന്ന് ഒറപ്പു വരുത്തി. ശേഷം തുടര്‍ന്നു.
നൊമ്മടെ കെഴക്കെ അതിര്‍ത്തി ഒണ്ടല്ലോ. ഇല്ല്യേ നിരോധിത മേഖലയായ ഒഴുക്കാംപാറ. യെവടെയൊള്ള വനഭൂമിയേല്‍ അല്പസൊല്പം കൃഷി തൊടങ്ങിയേച്ചാ കൊള്ളാമെന്നൊണ്ട് നമുക്ക്. സ്ഥലമൊക്കെ പിടിപ്പതു കൊള്ളാമല്ലോ. അങ്ങുന്നേ? ആരേലും പക്ഷേ അന്വേഷിച്ചേലും വരത്തില്ലായോ…?
ശയനാനന്ദനു അതത്ര പിടിച്ചതില്ല. അതിനിപ്പം നീയെന്നതിനാടാ ബേജാറാകുന്നത്? അറിയാന്‍മേലാണ്ട് ചോദിക്കുവാ. അതൊക്കെ നമ്മള് നോക്കത്തില്ലായോ. നീ നിന്റെ പണി ചെയ്തോണ്ടാമതി. എന്നാത്തിനാ നീ തോക്കേല്‍ കേറി വെടി വെക്കുന്നത്.
എന്നാ കൃഷിയാ ഒടയതേ ചെയ്യാന്‍ പോകുന്നേ? കുഞ്ചപ്പന്‍ ആകാംക്ഷയോടെ തിരക്കി.
-ഇപ്പം കഞ്ചാവിനല്ല്യോടാ മാര്‍ക്കറ്റ്?
ങാ… ആന്നേ….
നെനക്ക് എന്നതാ വേണ്ടതെന്ന് പറഞ്ഞോണ്ടാമതി. എറച്ചീം മീനും എന്നുവേണ്ടാ എന്തും നെനക്കു വയറു നിറച്ചു ഫുള്ളാ …. കിട്ടും. അന്തിയാവുമ്പം പള്ളനിറച്ചേച്ചും കള്ളും മോന്താം. ചിലപ്പോ വിദേശിയനും കിട്ടാതിരിക്കത്തില്ല. കൈനിറയെ പണോം കിട്ടും. നല്ലവണ്ണം ചിന്തിച്ചേച്ചും ആലോചിച്ചേച്ചുമൊക്കെ സമ്മതം മൂളിയേച്ചാമതി.
ഒടന്‍ ഒട്ടും കാളവിളംബമെന്യേ കുഞ്ചപ്പന്‍ തിരിച്ചുരിയാടുന്നു.
ഇതിലിപ്പം എന്നതാ ആലോചിക്കാനുള്ളത് അങ്ങുന്നേ… കുഞ്ചപ്പനിപ്പംതന്നെ തയ്യാറാന്നേ.
ശയനാനന്ദന്‍ തിരുവടിക്കള്‍ക്കൊണ്ടായ ആനന്ദത്തിന് അതിരില്ലായെന്നേ പറയാവൂ. ഹര്‍ഷപുളകിതനായി അങ്ങേര്ക്ക് ഉള്ളുനിറഞ്ഞു തുളുമ്പിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ തുലോം വിരളമാണെന്നല്ല്യോ പറേണ്ടൂ.
അകമേ അയാള്‍ കിടന്നു തുള്ളിച്ചാടി.
ഒരു വാരം കഴിഞ്ഞിട്ടൊണ്ടാവും കുഞ്ഞപ്പനെ കൃഷിയേല്‍ സഹായിക്കാന്‍ ആജാനബാഹുക്കളായ പത്തിരുപത്തഞ്ചു പൊണ്ണത്തടിയന്മാരെ ശയനാനന്ദന്‍ മൊതലാളി പണം വാരിപ്പൊലിച്ചുകൊണ്ടു പരദേശത്തുന്ന് എറക്കുമതി ചെയ്യുവേം ചെയ്തു. സ്വന്തം ദേശത്തു നിന്നു ഒരൊറ്റയെണ്ണത്തെപ്പോലും എറക്കിയതില്ല. സ്വന്തം നാട്ടുകൂട്ടത്തേല്‍ മൊതലാളിക്ക് അത്രേം വിശ്വാസമല്ലാരുന്നോ?
പൊടുന്നനെ സംവിധായക പ്രതിഭ കഥ കേട്ടുകൊണ്ടിരിക്കെ ഉദ്വേഗഭരിതനായി ഇങ്ങനെ ആരാഞ്ഞു:-
പിന്നീട് എന്നതാടാ ഒണ്ടാകുന്നത്? ഒന്നു വേഗമങ്ങോട്ടു പറഞ്ഞു തൊലയ്ക്ക്.
-തിരക്കഥാകൃത്തിനെ (തടസ്സം കൂടാതെ) സൈ്വര്യമായി കഥപറയാന്‍ അനുവദിക്കേണ്ടതല്ലിയോ സാറേ?
നിര്‍മ്മാതാവ് ഇടക്കുകയറി മാന്യമായങ്ങു ഒടക്കി.
താന്‍ ചുമ്മാ ഇരിക്കുന്നുണ്ടോടോ അവ്ടെ? എങ്ങ്?
ക്ഷുഭിതനായി സംവിധായകന്‍ ഒച്ചവച്ചു. ഇതു തിരക്കഥാകൃത്തും സംവിധായകനും തമ്മില്‍ ഒള്ള വിഷയം. ചോദ്യവും ഉത്തരവും പരസ്പരം ഞങ്ങളു തമ്മിലങ്ങോട്ടായ്ക്കോളാം. താന്‍ ചുമ്മാ കേട്ടോണ്ടിരുന്നാമതി, സ്വസ്ഥമായേച്ചും.
നിര്‍മ്മാതാവിന്റെ ചോരയങ്ങോട്ടു തിളച്ചു.
അതെന്നതാടോ താന്‍ ചുമ്മാ പൊലമ്പുന്നേ? ങേ? കാശ് മൊടക്കണ പടമൊതലാളി വെറുമൊര് മന്ദബുദ്ധിയാന്നാന്നോ താന്‍ കരുതീത്? ആന്നോ? അങ്ങനെയാന്നോ തന്റെ ഭാവം? ഏങ്ങ്
-ലഹരി മൂത്തു മത്തുപിടിച്ച കുമാരപുരത്തിനു കോപം ഇരച്ചുകയറി.
അതുകണ്ടിട്ട് അസ്വസ്ഥനായ പ്രൊജക്ട് അഡൈ്വസര്‍ ശരണ്യന്‍ നമ്രശീര്‍ഷനായി യജമാനന്‍ കുമാരപുരത്തിന്റെ വസ്ത്രത്തിന്റെ തുമ്പേല്‍ പതിയെ ഒന്നു തൊട്ടു. തുടര്‍ന്ന് ആംഗ്യഭാഷയില്‍ ഇവ്വണ്ണം ബോധിപ്പിച്ചു.
സാാാറേ…… യെവര് പറയട്ട് സാറേ……
ആശ്രിതന്റെ ഉപദേശം കുമാരപുരത്തെ പ്രകോപിപ്പിച്ചു, ചൂടുപിടിപ്പിച്ചു.
ഫ… എരണംകെട്ട കോമാളി… ചുമ്മാ ഇരിയെടോയവടെ.
-യെവനൊക്കെ എന്നതാ വിചാരിച്ചേ? ആരാന്റെ പണത്തേല്‍ കിടന്നു തുള്ളിച്ചാടി എന്തുവേണേലും പൊലമ്പാമെന്നോ? ഏങ്? പൈസ തൊലക്കണവന് ഒന്നും പറയാന്‍ ഒക്കുകേലാന്നോ?
താന്‍ എന്റെ ഫിനാന്‍സ് മാനേജര്‍ മാത്രമല്ല്യോടൊ മിണ്ടാപ്രാണി? ഞാന്‍ എന്നതാ പറയുന്നേ എന്നതുമാത്രം താന്‍ കേട്ടോണ്ടാ മതി. മാസാമാസം ചക്രം എണ്ണിത്തരുന്നവന്‍ കല്പിക്കുന്നതു കേട്ടോണ്ടാ മതി.
തല്‍ക്ഷണം പരമസാധു ശരണ്യന്‍ മൗനത്തിലേക്കുതന്നെ വീണ്ടും നിപതിച്ചു.
അനന്തരം കുമാരപുരം അങ്ങേയറ്റം രോഷാകുലനായി തിരക്കഥാകൃത്തിനോടു കല്പിച്ചു.
താന്‍ വേഗം പറഞ്ഞുതുലയ്ക്കെടോ തന്റെ കഥ മുഴുവന്‍. എനിക്കും അല്പസ്വല്പം താല്പര്യമൊള്ള ഒരു വിഷയമല്ല്യോ തന്റെ കഥയുടെ തീം? നൊമ്മടെ തൊടക്കോം ഈ കഥേമായി ഇച്ചരെ പൊക്കിള്‍ക്കൊടി ബന്ധമൊള്ളതാന്ന് കൂട്ടിക്കോടോ…
കുമ്പളങ്ങി ഈ സമയം സാദരം സംവിധായകനെ ഏറുകണ്ണിട്ടു ഒന്നു നോക്കിപ്പോയി.
സംവിധായകന്റെ മുഖം വീര്‍ത്തുകെട്ടിയും കണ്ണുകള്‍ കണ്ണുദീനംവന്നതുപോലെ ചുവന്നും ചുണ്ടുകള്‍ വിറപൂണ്ടും കാണപ്പെട്ടു.
അയാള്‍ തീര്‍ത്തും അക്ഷമനാണ്.
ഉത്തരക്ഷണത്തില്‍ അയാള്‍ തൊണ്ടയപ്പാടെ തുറന്നുവച്ച് കോമരംപോലെ ഉറഞ്ഞുതുള്ളി.
നീയിനിയിപ്പം കഥ തുടങ്ങുകയൊന്നും ചെയ്യേണ്ടതില്ലെടോ കുമ്പളങ്ങി.
തുടര്‍ന്നു നിര്‍മ്മാതാവിന്റെ മുഖത്തേക്കു തുറിച്ചുനോക്കി അയാള്‍. ഒറ്റപ്പറച്ചില്‍ അങ്ങോട്ടു വച്ചുകാച്ചുന്നു.
താനിനി മറ്റാരേലും പോയി നോക്കെടോ. എനിക്കു തന്റെ പടത്തേല്‍ പണിചെയ്യാന്‍ ഒട്ടും മനസ്സില്ല. വേറെ ഏതെല്ലാം പീറ സംവിധായകരെ വച്ച് പടം പിടിച്ചോണ്ടാ മതി കേട്ടോ.
പിന്നീട് കുമാരപുരത്തിന് തെല്ലും നിയന്ത്രിക്കാനായില്ല. പ്രക്ഷുബ്ധ ചിത്തനായി അയാള്‍ അലറി.
പോടാ….പോ….പുല്ലേ. നീയൊന്നുമില്ലേല്‍ ഞാനീപടം പിടിക്കാനില്ലെന്നാണോ നീ വിചാരിച്ചിരിക്കുന്നേ? നിന്നേക്കാള്‍ മുന്തിയ സംവിധായകനെ കൊണ്ട് ഞാനിത് പൂര്‍ത്തിയാക്കുകേം കൊള്ളാവുന്ന തിയേ റ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകേം ചെയ്യും.
നിര്‍മ്മാതാവിന്റെ വെല്ലുവിളിയില്‍ ക്ഷിപ്രക്ഷുഭിതനായ യോഹന്നാന്‍ ആറങ്ങോട്ടുകര രംഗത്തു നിന്ന് നിഷ്ശ്രമിക്കാന്‍ വട്ടം കൂട്ടുന്നതുകള്‍പ്പോള്‍ കുമാരപുര ത്തിന്റെ ക്രോധം പതിന്മടങ്ങ് വര്‍ദ്ധിച്ചു.
അയാള്‍ സ്വരം അശേഷം മയപ്പെടുത്താത്തതെതന്നെ തിരകഥാകൃത്തി നോട് നിര്‍ദ്ദേശിച്ചു.
”താന്‍ കഥ പൂര്‍ത്തിയാക്കടോ കുമ്പളങ്ങി!”
ഇപ്പോള്‍ ഷഹനാസ് അര്‍ദ്ധമനസ്സോടെ കഥ മുഴുമിപ്പിക്കാന്‍ തയ്യാറായി.
എങ്കിലും അയാളുടെ ഹൃദയമിടിപ്പു അനുനിമിഷം ഇരട്ടിച്ചു വരുന്നതുകാണാം. ഇപ്പോള്‍ വളരെ പൊടുന്നനെയാണത് സംഭവിച്ചുപോകുന്നത്.
സംവിധായകന്റെ വലംകൈ നൊടിയിടയില്‍ ഉയര്‍ന്നുപൊങ്ങുന്നു. തിരക്കഥാകൃത്തിന്റെ മുഖമടച്ചു അയാള്‍ ഒരൊറ്റയടി. കുമ്പളങ്ങിയുടെ കണ്ണുകള്‍ മഞ്ഞളിച്ചുപോയി. യാദൃച്ഛികമായ ആക്രമണം അയാള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ഇരുവരും തമ്മില്‍ അന്യോന്യം ഏറ്റുമുട്ടുന്നതും ഭീമ-ബകന്മാരെപ്പോലെ കടിച്ചു കീറാന്‍ മുതിരുന്നതും കണ്ട് കുമാരപുരവും ഫിനാന്‍സ് മാനേജരും നിശ്ചലരായിരിക്കേ ഒടുവില്‍ ഷാപ്പു മാനേജരും കൂട്ടുജീവനക്കാരും പാഞ്ഞുവന്നു ഇടപെടുകവഴിയാണ് കൂടുതല്‍ അലമ്പുകളൊന്നും സംഭവിക്കാതെ പോയത്.
ഏതായാലും കുമാരപുരത്തിന്റെ സിനിമാനിര്‍മ്മാണമോഹം അതോടെ അട്ടത്തുകയറി. ശ്രീ.കുമ്പളങ്ങിയുടെ സ്വപ്നസാഫല്യത്തില്‍ കയ്യടക്കലാണ് യോഹന്നാന്‍ ആറങ്ങോട്ടുകരയിലെ കശ്മലന്‍ കത്തി കുത്തിയിരിക്കുന്നത്.
സുബോധം നഷ്ടപ്പെട്ട നിലയില്‍ ഇരുകരം കൊണ്ടും കുമാരപുരവും സഹചാരനും ചേര്‍ന്ന് അയാളെ കാറില്‍ കൊണ്ടുകിടത്തി.
പാതിലഹരിയില്‍ കുമ്പളങ്ങി പറഞ്ഞു: ഞാന്‍ തന്നെ കഥയും സംവിധാനവും ചെയ്തുതരാം. ഇനി സിനിമാപിടുത്തമൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. നീ നിന്റെ പാട്ടിന് പോടോ കുമ്പളങ്ങീ?
കുമ്പളങ്ങിയുടെ എങ്ങനെയാ ഊഹിക്കാനാവുക? അല്ല്യോ?
9349966302