ഒരു കുടക്കീഴില്‍

ആ കെട്ടിടത്തിലേക്കുള്ള ഗേയ്റ്റ് കടന്നതും ആദ്യം കണ്ടത് ശ്രീനാരായണാലയം എന്ന പേരും ഗുരുദേവന്റെ ചിത്രവു മാണ്. ജീവിതത്തിലെന്നും നേരായ വഴികാട്ടിയായി ഗുരുവിന്റെ കൃപയുണ്ടായിട്ടുണ്ട്. എന്നും വിളിച്ചുശീലിച്ച ആ വാക്കുകള്‍ പുറത്തേയ്ക്ക് വന്നു. ‘ഓം ശ്രീനാരായണ പരമഗുരുവേ നമഃ’ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന മകനൊന്ന് തല ഇടതുഭാഗത്തേക്ക് ചരിച്ച് എന്നെ നോക്കി. മകന്റെ ഭാര്യ മടിയില്‍വെച്ചിട്ടുള്ള ലാപ് ടോപ്പില്‍ നിന്ന് വിരലുകള്‍ മാറ്റി സ്ഥലമെത്തിയെന്ന ധൃതിയില്‍ പുറത്തേയ്ക്ക് കണ്ണോടിച്ചു.
കാറില്‍ നിന്ന് ഞങ്ങളിറങ്ങുംമുന്‍പ് ഒരു പെണ്‍കുട്ടി ഡോറിനടുത്തേക്ക് വന്നു. ഒരുപക്ഷെ വരുന്ന വിവരം മകന്‍ അവരെ അറിയിച്ചിട്ടുണ്ടാവും. പെണ്‍കുട്ടി കൈകൂപ്പിക്കൊണ്ട് പറഞ്ഞു : ‘ബാഗുകളൊക്കെ ഞങ്ങളെടുത്തിട്ട് വരാം. അകത്തേയ് ക്ക് നടന്നോളൂ.’

സമചതുരത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. നടുമുറ്റത്തില്‍ നല്ലൊരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. മകനും അവന്റെ ഭാര്യയും മാനേജര്‍ എന്നെഴുതിയ മുറിയിലേക്ക് കടന്നപ്പോള്‍ ഞാന്‍ വരാന്തയിലൂടെ നടന്നു. മിക്കവാറും മുറികളിലൊക്കെ ആളുണ്ടെന്ന് തോന്നി. ഉച്ചകഴിഞ്ഞുള്ള സമയമായതിനാലാവാം നിശബ്ദത. പലരും ഉറക്കത്തിലായിരിക്കും.
‘ന്റെ മക്കളേ…’ എന്ന വിളിക്കൊപ്പം തേങ്ങിക്കരച്ചിലും. പിന്‍തിരിഞ്ഞ് നോക്കി. കരച്ചില്‍ കേട്ടത് ഏത് മുറിയില്‍ നിന്നാണെന്നറിയാന്‍. വാതിലുകള്‍ അടഞ്ഞുകിടക്കുന്നതുകാരണം ഏത് മുറിയാണെന്ന് തിരിച്ചറിഞ്ഞില്ല. ഞാന്‍ നിന്നിരുന്നതിന് മുന്‍ ഭാഗത്തെ മുറിയുടെ വാതില്‍ പകുതി തുറന്നിട്ടുണ്ട്. മുറിയ്ക്കകത്ത് വെള്ള വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി വയസ്സായ ഒരാള്‍ക്ക് മരുന്ന് കൊടുക്കുന്നു.
‘ഉച്ചയുറക്കം വേണ്ട, ഉറങ്ങിയാല്‍ പിന്നെ രാത്രിയുറക്കമില്ലെന്ന് പറഞ്ഞ് മരുന്ന് കഴിക്കേണ്ടിവരും.’
ഉറങ്ങില്ലെന്നര്‍ത്ഥത്തില്‍ തലയാട്ടിയതല്ലാതെ അയാളൊന്നും പറഞ്ഞില്ല. അയാളുടെ ദൃഷ്ടികള്‍ എന്റെ നേര്‍ക്ക് വന്നപ്പോഴാണ് പെണ്‍കുട്ടി തലതിരിച്ച് എന്നെ നോക്കിയത്. ചിരിച്ചു കൊണ്ട് പെണ്‍കുട്ടി പുറത്തേയ്ക്ക് വന്നു.
‘ങാ… പുതിയ അഡ്മിഷനാണല്ലേ…?’
‘ങും…’
‘എന്റെ പേര് സന്ധ്യ…’
എന്റെ പേര് പറയാനോ സന്ധ്യയ്ക്ക് ചോദിക്കാനോ സമയം കിട്ടിയില്ല. അതിനുമുന്‍പ് മുറിയ്ക്കകത്തുള്ളയാള്‍ ചുമയ്ക്കാന്‍ തുടങ്ങി. അതുകേട്ടപ്പോള്‍ സന്ധ്യ അകത്തേയ്ക്ക് ഓടി. പിന്നെയും വരാന്തയിലൂടെ മുന്നോട്ട് നടന്നപ്പോള്‍ മുകള്‍നില യിലേയ്ക്കുള്ള കോണിപ്പടിയ്ക്ക് സമീപമാണ് എത്തിയത്. മുകളിലേയ്ക്ക് കയറണോയെന്ന് ആലോചിച്ച് നിന്നപ്പോഴാണ് ‘ലൈബ്രറി’ എന്ന ബോര്‍ഡ് കണ്ടത്. ഈ സ്ഥാപനത്തെക്കുറിച്ച് അറിയാനുള്ള ഗൂഗിളില്‍ കണ്ടത്. അലമാരയിലും മേശപ്പുറത്തുമായി കുറേയേറെ പുസ്തകങ്ങളും പൂന്തോട്ടത്തിലെ ചാരുബെഞ്ചുകളിലിരുന്ന് പുസ്തകം വായിക്കുന്നവരുമാണ്. ഗൂഗിളിലൂടെ കണ്ടതിന്റെ അത്ര വലിപ്പം ലൈബ്രറിയ്ക്ക് ഇല്ലെന്ന് തോന്നി.
‘സാറിനുള്ള മുറി മുകള്‍നിലയിലാണ്.’
ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ പിന്നില്‍ സന്ധ്യ നില്‍ക്കുന്നു.
താഴെയൊന്നുമില്ലേ…?’
‘സാറിന് എ.സി. മുറിയാണ് ബുക്ക് ചെയ്തിരിക്കുന്നത്. താഴെ എ.സി. മുറികളൊന്നുമില്ല.’
‘ഓ, എ.സി. വേണമെന്നില്ല, താഴെ മതി. ങാ പിന്നെ, ഈ ലൈബ്രറി എപ്പഴാ തൊറക്ക്വാ…?’
‘ലൈബ്രറി, ലൈബ്രറി പൂട്ടാറില്ല. എപ്പൊ വായിക്കണം ന്ന് തോന്നിയാലും പുസ്തകമെടുക്കാം.’
വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറിയില്ല. അതിനുമു ന്‍പേ വരാന്തയിലൂടെ ഒരു സ്ത്രീ വരുന്നത് കണ്ടപ്പോള്‍ സന്ധ്യ പറഞ്ഞു ‘സാറേ, ഒരു മിനിറ്റ്. മാലതി ചേച്ചി വരുന്നുണ്ട്. എനിക്കുള്ള എന്തെങ്കിലും പണി പറയാനായിരിക്കും.’
മാലതി ചേച്ചി നടത്തത്തിന് വേഗത കുറച്ചുകൊണ്ട് പറ ഞ്ഞു ‘സാറിനേയും കൂട്ടി ചെല്ലാന്‍ മേഡം പറഞ്ഞു.’
തന്നെയേല്പ്പിച്ച ജോലി കഴിഞ്ഞെന്ന രീതിയില്‍ മാലതി ചേച്ചി മുന്നോട്ട് പോയി. സന്ധ്യ എന്നെ നോക്കി ചിരിച്ചു.
‘ആരാണത് ?’
‘മാനേജരുടെ അറ്റന്ററാണ് പക്ഷേ…’
വരാന്തയില്‍ മുന്‍പിലോ പിന്‍പിലോ ആരെങ്കിലും ഉ ണ്ടോയെന്ന് സന്ധ്യ നോക്കി. എന്നിട്ടും പറയണോയെന്ന രീതിയില്‍ മൗനമായി.
‘എന്താ പക്ഷെയെന്ന് പറഞ്ഞ് നിര്‍ത്തിയത്…?’
‘ഏയ് ഒന്നൂല്ല…’
‘ഞാന്‍ തന്നെ ഉത്തരം പറയാം. ആദ്യമായി പരിചയപ്പെടുന്ന ആളോട് എങ്ങനെ പറയുമെന്ന് ആലോചിച്ചല്ലേ…?’
സന്ധ്യ അതിന് മറുപടി പറഞ്ഞില്ല. പക്ഷേ ആ ചിരിയില്‍ മറുപടി ഉണ്ടായിരുന്നു.
‘ഞാനിവിടത്തെ അംഗമായിക്കഴിഞ്ഞല്ലോ. ഇനിയെന്തും പറയാലോ ?’
സന്ധ്യ വീണ്ടും ചിരിച്ചു. ‘അവരെ ഞങ്ങള്‍ വിളിക്കു ന്നത് സി. ഐ. ഡി. യെന്നാണ്.’
‘ഇത് പറയാനാണോ ഇത്രേം പേടിച്ചത് ?’
എത്രയോ കാലത്തെ പരിചയമുള്ളവരെപ്പോലെ സംസാരിച്ചുകൊണ്ട് ഞങ്ങള്‍ മാനേജരുടെ മുറിയിലേക്ക് നടന്നു. മാനേജര്‍ എന്നൊക്കെ പറയുമ്പോള്‍ ചില മുന്‍വിധികളുണ്ടായിരുന്നു. തടിച്ചുകൊഴുത്ത് കൊടവയറൊക്കെയുള്ള ഒരാള്‍. പക്ഷേ ഇവി ടെ നീണ്ട് മെലിഞ്ഞ ഒരു സുന്ദരി. അവരെഴുന്നേറ്റ് തൊഴുതു. ഇരിക്കാന്‍ കൈകാണിച്ചു. ഞാനിരിക്കുന്നതോടൊപ്പം മക്കളെയൊന്ന് നോക്കി. ജോലിസ്ഥലത്തേയ്ക്ക് ഇന്ന് യാത്ര തിരിക്കേണ്ട തിന്റെ ടെന്‍ഷനോ, അച്ഛനെ സുരക്ഷിതമായി ഒരിടത്താക്കിയെ ന്ന സമാധാനമോ, ഏതായിരിക്കും അവരുടെ മുഖത്തെന്ന് അറിയാന്‍. അതിനുമുന്‍പ് മാനേജരുടെ ശബ്ദം ഇടയ്ക്ക് കയറി.
‘സാറിന് ഇവിടെ ഇഷ്ടപ്പെട്ടുവല്ലേ…? മക്കളുടെ നിര്‍ബ ന്ധം കൊണ്ടായിരിക്കും സാധാരണ പലരും ഇവിടെയെത്തുക. ഇതിപ്പോ സാറ് പറഞ്ഞിട്ടാണെന്നറിഞ്ഞപ്പോ സന്തോഷംണ്ട്.’
‘ഭാര്യ മരിച്ചിട്ട് കൊല്ലം പത്ത് പന്ത്രണ്ടായി. ഇക്കാലത്തിനിടയ്ക്ക് കൊറച്ചുകാലം ഇവരുടെകൂടെ വിദേശത്ത്. അവിടെ സുഖമാണെങ്കിലും… തണുപ്പെന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത തണുപ്പ്. അതുപോലെത്തന്നെ ചൂട് കാലായാല്. അതൊക്കെ നോക്കുമ്പോ നമ്മുടെ നാടന്നെ നല്ലത്. നാട്ടില് എന്നെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാന്‍ ഇവര്‍ക്ക് വിഷമം. എന്റെയാവശ്യങ്ങള്‍ക്കായി ജോലിക്കാരെയൊക്കെ വയ്ക്കാന്ന്വൊച്ചാല്‍ നല്ലയാള്‍ക്കാരെ കിട്ടാനും പ്രയാസം. അപ്പൊ ഇതാ നല്ലതെന്ന് ഞാന്‍ പറഞ്ഞു.’
ഇങ്ങനെ പറഞ്ഞപ്പോള്‍ മാനേജര്‍ക്ക് ഇഷ്ടമായെന്ന് അവരുടെ മുഖം നോക്കിയപ്പോള്‍ തോന്നി. ഈയൊരു ഗ്യാപ്പില്‍ സന്ധ്യ മുന്നോട്ട് വന്ന് പറഞ്ഞു ‘മാഡം, സാറിന് താഴത്തെ മുറി മതിയെന്നാണ് പറയുന്നത്…’
‘അതെന്താ സാര്‍…?’
‘നടുമുറ്റത്തെ പൂന്തോട്ടത്തിന്റെ ഒരു ശുദ്ധവായു കിട്ട്വോ ല്ലോ.’
മാനേജരുടെ മുഖത്തൊരു ചിരി പടര്‍ന്നു.
‘പക്ഷെ സൗകര്യങ്ങള്‍ കുറവായിരിക്കും.’
‘ഓ… അതൊന്നും സാരല്ല.’
‘സാറിന് ഇഷ്ടം ഏതാന്ന് വെച്ചാ കൊടുക്കൂ.’
എല്ലാവരും എഴുന്നേറ്റപ്പോള്‍ മക്കളോട് പറഞ്ഞു ‘നിങ്ങ ള്‍ പൊയ്‌ക്കോളൂ.’
ഞാന്‍ സന്ധ്യയോടൊപ്പം പോകുന്നത് രണ്ടുപേരും മൗ നമായി നോക്കിനിന്നു. ചെറിയ മുറിയാണെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ളതായി തോന്നി. ഇതിനിടയ്ക്ക് എന്റെ ബാഗുകളുമായി ഒരാള്‍ വന്നു.
‘സാര്‍ ഇതൊക്കെ എവ്‌ടെയാണ് വയ്‌ക്കേണ്ടതെന്ന് പറഞ്ഞാല്‍…’
‘ഇപ്പൊ അതെല്ലാം ആ ടേബിളിന് പുറത്ത് വെയ്ക്കൂ. ഞാന്‍ പിന്നീട് എടുത്തുവെച്ചോളാം…’
ബാഗുകളുമായി വന്നയാള്‍ പോയപ്പോള്‍ ഞാന്‍ സന്ധ്യയോട് പറഞ്ഞു.
‘എനിക്ക് നിങ്ങടെ ലൈബ്രറിയൊന്ന് കാണണംന്നു ണ്ട്…’
‘അതിനെന്താ സാര്‍…’
മുറിയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ മക്കള്‍ നിന്നിരുന്ന സ്ഥലത്തേയ്ക്ക് നോക്കി. അവര്‍ പോയിക്കഴിഞ്ഞിരിക്കുന്നു. മകന്റെ മുഖത്തുള്ള വിഷമം വായിച്ചെടുക്കാന്‍ കഴിഞ്ഞു. പക്ഷേ അവന്റെ ഭാര്യയുടെ എന്തായിരുന്നു ഭാവമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
പലപ്പോഴും ഞാനൊറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടായിരി ക്കും അന്നവന്‍ അങ്ങനെ ചോദിച്ചത്. ഒരുപക്ഷേ അച്ഛനോടോ, അമ്മയോടോ മക്കളൊരിക്കലും ചോദിക്കാന്‍ ഇഷ്ടപ്പെടാത്തൊരു ചോദ്യം. അവനത് ചോദിക്കുമ്പോള്‍ എന്റെ മുഖത്ത് നോക്കിയിരുന്നില്ലെന്ന് പിന്നീടാണ് ഞാനോര്‍ത്തത്.
‘ഇനി അച്ഛനൊരു കൂട്ട് വേണംന്ന് തോന്നലുണ്ടോ ?’
അവന്റെ ഇങ്ങനെയൊരു ചോദ്യത്തിന് മറുപടി പറയാന്‍ സമയമെടുത്തില്ല.
‘ഇനിയെന്തിന്… ഒരുപക്ഷെ നിങ്ങള്‍ക്കൊരു ബാധ്യത യാകാനോ…?’
മറുത്തൊരക്ഷരം പറയാതെ അവനെഴുന്നേറ്റുപോയി.
‘സാറ് നടക്കുമ്പോഴും എന്തൊക്കെയോ ആലോചിക്ക്യാണല്ലേ.’
‘ങേ…! അ… ആ’
‘ഇവിടെയുള്ള അന്തേവാസികളൊക്കെ ഇങ്ങനെയാണ്. അവരുടെ സന്തോഷത്തിനുവേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്തുകൊടുക്കുന്നത്. എന്നിട്ടും കൊറച്ച് സമയം കിട്ടിയാല്‍ അവരെന്തെങ്കിലുമൊക്കെ ആലോചനയിലേക്ക് മട ങ്ങും.’
സന്ധ്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ചിരിക്കാ നാണ് തോന്നിയത്.
‘സാറെന്താ ചിരിക്കണത്…?’
‘പഴയൊരു കവിതയോര്‍ത്തതാണ്.’
‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍.
രണ്ട് ചില്ലലമാരകളിലായി പത്തഞ്ഞൂറ് പുസ്തകങ്ങളു ണ്ട്. പിന്നെയൊരു ബെഞ്ചും ഡസ്‌ക്കും.
സന്ധ്യയാണോ ലൈബ്രേറിയന്‍…?’
ലൈബ്രറിയുടെ ജനലുകള്‍ തുറക്കുന്നതിനിടയ്ക്ക് സന്ധ്യ പറഞ്ഞു ‘അങ്ങിനെ പ്രത്യേകിച്ച് ഒരാളില്ല. ലൈബ്രറിയില്‍ കൂടുതല്‍ സമയമിരിക്കുന്നത് ഒരുപക്ഷേ ഞാനായിരിക്കും.’
‘ഇവിടെയിരുന്നാണോ വായിക്കണത്…?’
‘അല്ല സാര്‍. വൈകുന്നേരം വരെയുള്ള ചെലവുകളുടെ വിവരം മാനേജര്‍ക്ക് കൊടുക്കണം. അതിന് മുന്‍പുള്ളൊരു കണക്കെഴുത്ത്. ഇവിടെയിരുന്നാല്‍ ഗെയ്റ്റ് കടന്ന് വരുന്നവരേയും പോകുന്നവരേയുമൊക്കെ കാണാം.’
ഞാന്‍ അലമാരയില്‍ നിന്ന് കുറച്ച് പുസ്തകങ്ങളെടുത്ത് നോക്കി. ചരിത്രവും സാഹിത്യവുമൊക്കെ കൂടിക്കുഴഞ്ഞാണ് കി ടക്കുന്നത്.
‘ലൈബ്രറി ഇങ്ങനെ പോരാ. നമുക്കൊരു അടുക്കും ചിട്ട യും ഉണ്ടാക്കണം.’
‘ശരി സാര്‍, പിന്നൊരു ദിവസമാവട്ടെ. നമുക്ക് സഹായ ത്തിന് ഒരാളെക്കൂടെ വിളിക്കാം.’
‘എനിക്കിന്നൊരു പുസ്തകം വേണം.’
‘ഏതാണ് സാര്‍…?’
പെട്ടെന്ന് പുസ്തകങ്ങളുടെ പേരുകളൊന്നും ഓര്‍മ്മവന്നില്ല.
‘വി. കെ. എന്നിന്റ പയ്യന്‍ കഥകളുണ്ടോ ?’
‘അതറിയില്ല. വി.കെ.എന്‍. എന്ന പേരിലൊരു പുസ്ത കം കണ്ടിട്ടുണ്ട്.’
പുസ്തകം തിരയുന്നതോടൊപ്പം അടുക്കിവെയ്ക്കുക കൂടി ചെയ്തുകൊണ്ട് സന്ധ്യ പറഞ്ഞു.
‘ലൈബ്രറി തൊടങ്ങീട്ട് കുറച്ചുകാലേ ആയുള്ളൂ. അതു കൊണ്ട് പുതിയ പുസ്തകങ്ങളേ കാണൂ.’
ഒരു പുസ്തകം നീട്ടിയിട്ട് സന്ധ്യ പറഞ്ഞു ‘സാര്‍, ഇത് നോക്കൂ…’
ഞാന്‍ സന്ധ്യയുടെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങി നോക്കി. ‘കെ രഘുനാഥന്‍ എഴുതിയ മുക്തകണ്ഠം വി. കെ. എന്‍.’
കവര്‍പേജിലെ വി.കെ.എന്നിന്റെ കൈപടയിലുള്ള വാക്കുകളിലൂടെ പോയപ്പോള്‍ മനസ്സ് പറഞ്ഞു ഇത് മതീന്ന്. മുറിയിലേക്ക് വരുമ്പോഴും സന്ധ്യ ലൈബ്രറിയില്‍ത്തന്നെ നിന്നു. ഒരുപക്ഷേ അന്നത്തെ ചെലവ് കണക്കെഴുതാനായിരിക്കും.
അത്താഴത്തിന് ഡൈനിങ്ങ് ഹാളിലേക്ക് നടക്കുമ്പോള്‍ സന്ധ്യ പറഞ്ഞത് ഓര്‍മ്മവന്നു. ഇവിടെയുള്ള എല്ലാവരും ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് ഇവിടത്തെ ഒരു ചെറിയ നിബന്ധന. പരസ്പരം കാണാനും സൗഹൃദം പങ്കുവെയ്ക്കാനും കിട്ടുന്ന സമയം. ഡൈനിങ്ങ് ഹാളിലേക്ക് ഞാന്‍ കടന്നതും നല്ലൊരു കയ്യടിയോടെയാണ് എന്നെയവര്‍ സ്വീകരിച്ചത്. ആമുഖപ്രസംഗം, എന്നെ പരിചയപ്പെടുത്തല്‍. പിന്നെയൊരാള്‍ കവിത ചൊല്ലി. സാവിത്രിയേടത്തി എന്ന് വിളിക്കുന്ന സ്ത്രീ മുന്നോട്ടുവന്ന് ‘തലയ്ക്ക്മീതെ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന നാടകഗാനം പാടിയപ്പോള്‍ എല്ലാവരുടെ മുഖത്തും വിഷാദത്തിന്റെ കാറ്റ് ഏറ്റതുപോലെ.
മുറിയില്‍ കയറി കട്ടിലില്‍ ചുമര് ചാരിയിരുന്നു. ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം മറിച്ചുനോക്കി. ഡൈനിങ്ങ് ഹാളിലെ പരിപാടികള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ കുറേനേരം പുസ്തകത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പാതി തുറന്ന വാതിലിനരികിലൂടെ സന്ധ്യ തല നീട്ടി. അവള്‍ക്ക് നേരേ ഞാന്‍ കയ്യുയര്‍ത്തി.
‘ഗുഡ്‌നൈറ്റ് സാര്‍…’ എന്ന് ആശംസിച്ച് സന്ധ്യ പോയി.
മുക്തകണ്ഠത്തിലെ അക്ഷരങ്ങളിലൂടെ കണ്ണും മനസ്സും നീങ്ങി. രണ്ടാമതും സന്ധ്യ വന്നു. എന്റെ മുറിയില്‍ വെളിച്ചം കണ്ടതുകൊണ്ടാവാം.
‘സാര്‍ കിടക്കുന്നില്ലേ…?
‘ങാ കിടക്കണം. ഉറക്കം വരുന്നില്ല.’
‘പുതിയ സ്ഥലമായിരുന്നതുകൊണ്ടായിരിക്കും.’
പിന്നെയും എത്രനേരം വായിച്ചെന്ന് ഓര്‍മ്മയില്ല. രാവിലെ നോക്കുമ്പോള്‍ ലൈറ്റ് അണച്ചിട്ടുണ്ട്. ഡൈനിങ്ങ് ഹാളില്‍ വന്നപ്പോള്‍ രണ്ട് സ്ത്രീകള്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. അടുക്കളക്കാരിയാണെന്ന് തോന്നുന്ന രീതിയില്‍ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി ധൃതി പിടിച്ച് വന്നു. അവള്‍ ചിരിച്ചു കൊണ്ട് ടേബിളിന് പുറത്തുവെച്ചിട്ടുള്ള പാത്രങ്ങള്‍ തുറന്നുനോ ക്കുന്നതോടൊപ്പം പറഞ്ഞു ‘സാറിരിക്കൂ… എല്ലാവരും കഴിച്ചുകഴിഞ്ഞു. ഇതെല്ലാം തണുത്തിരിക്കുന്നു.’
ഹാളിന്റെ ചുവരിലുള്ള ക്ലോക്കിലേക്ക് അപ്പോഴാണ് നോക്കിയത്. ചെറിയ സൂചി ഒന്‍പതില്‍ നിന്ന് ചാടാനായി നില് ക്കുന്നു.
‘പുട്ടും ഇഡ്ഡലിയും കിച്ചനിലുണ്ട്. ഏത് വേണം ?’
‘രണ്ടും കുറേശ്ശെയാവട്ടെ.’
അവളുടെ മുഖത്തൊരു ചിരി പടര്‍ന്നു. നേരേ കിച്ചനി ലേക്ക് പോയി. എതിര്‍ഭാഗത്തിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവര്‍ എഴുന്നേറ്റ് തല കുലുക്കിക്കൊണ്ട് പോകാന്‍ അനുവാദം ചോദിച്ചു. ഇന്നലെ പരിചയപ്പെട്ടവരാണ്. ഭംഗിവാക്കിനു ള്ള ഡയലോഗുകളൊന്നും നാവില്‍ വന്നില്ല.
ഇന്നലെയിവിടെ പരിചയപ്പെട്ട അന്തേവാസികളിലൊ ക്കെ ഒരു വിഷാദമുള്ളത് പ്രകടമായി കാണാം. പ്രത്യേകിച്ച് കൂടുതല്‍ സ്ത്രീകളിലാണ്. മക്കളേയും ബന്ധുക്കളേയും പിരിഞ്ഞ് നില്ക്കുന്ന ഏകാന്തത മാത്രമല്ല, ഞാനോ നീയോ എന്ന രീതി യില്‍ ശരീരത്തിനകത്ത് കയറിക്കൂടിയ രോഗങ്ങളുടെ ശല്യവും ഒരു കാരണമാവാം. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഡൈനിങ്ങ് ഹാളില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുറിയിലേക്ക് പോകാന്‍ തോന്നിയില്ല. വരാന്തയിലൂടെ നടന്നു. ഒരു ഹാളില്‍ വലിയൊരു ടി. വി. പഴയ ഏതോ മലയാള സിനിമയാണ് അതിലോടിക്കൊണ്ടിരിക്കു ന്നത്. വാതിലിനരുകില്‍ നിന്ന് അല്പനേരം നോക്കി. സിനിമയു ടെ പേര് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. കഥയുടെ അവസാന രംഗങ്ങളായതിനാല്‍ എല്ലാവരുടെ ശ്രദ്ധയും സിനിമയിലായിരുന്നു. വാതില്‍ക്കല്‍ നില്ക്കുന്ന എന്നെയാരും കണ്ടില്ല.
കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോള്‍ മറ്റൊരു ഹാള്‍. ക്യാരംസ് കളിക്കാനുള്ള ബോര്‍ഡുകളും ചെസ്സ് ബോര്‍ഡുകളുമൊക്കെ അവിടെയുണ്ട്. അകത്തേയ്ക്ക് കയറിയപ്പോള്‍ കൈവീശിക്കാണിക്കലും ഒപ്പം കുറേ ഡയലോഗുകളും വേണ്ടിവന്നു.
‘എഴുന്നേല്‍ക്കാന്‍ വൈകിയോ…? കഴിച്ചോ…? ഇന്നലെങ്ങനെ… ഉറങ്ങിയോ…? കളിക്കാനിരിക്കുന്നോ…?’
എല്ലാറ്റിനും ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോത്തോന്നി ഈ ചോദ്യങ്ങളിലെല്ലാം എത്രയാത്മാര്‍ത്ഥതയുണ്ടെന്ന്. ഒരുപക്ഷേ ഇതെല്ലാം ഉപേക്ഷിക്കാന്‍ കഴിയാത്ത നാട്ടുനടപ്പാണ്. അവരോ ടെല്ലാം കൈവീശിക്കാണിച്ച് പുറത്തിറങ്ങി. ലൈബ്രറിയുടെ മുന്നിലെത്തിയപ്പോള്‍ കാലുകള്‍ മുന്നോട്ട് ചലിച്ചില്ല. വാതില്‍ തുറന്ന് അകത്ത് കയറി. എവിടന്ന് തുടങ്ങണമെന്ന് ആലോചിച്ച് അലമാരകളിലേക്ക് നോക്കിനിന്നു. ക്രമമല്ലാതെവെച്ച പുസ്തക കൂമ്പാരത്തില്‍ നിന്ന് ഒരെണ്ണമെടുത്തു. വിരല്‍ സ്പര്‍ശമേല്‍ക്കാത്ത പുസ്തകങ്ങള്‍.
‘ലൈബ്രറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടപ്പഴേ ഞാനൂഹിച്ചു സാറായിരിക്കുമെന്ന്…?
സന്ധ്യയുടെ ശബ്ദം കേട്ടപ്പോള്‍ പുസ്തകമവിടെവെച്ച് ഞാന്‍ തിരിഞ്ഞു.
‘ഇന്നലെ രാത്രിതന്നെ മുക്തകണ്ഠം വായിച്ചുതീര്‍ ത്തോ…’
‘ഒന്ന് ശ്രമിച്ചു നടന്നില്ല. ഇടയ്ക്ക് എപ്പഴോ ഉറങ്ങിപ്പോയി.’
മേശയ്ക്കടിയില്‍നിന്ന് രണ്ട് കടലാസ്സ് സഞ്ചികളെടുത്ത് പുറത്ത് വെച്ചു അതില്‍നിന്നൊരു പുസ്തകമെടുത്ത് നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞു.
‘രണ്ട് ദിവസം മുന്‍പ് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ നിന്ന് വാങ്ങിയതാണ്.’
‘ങേ…! സ്റ്റേഡിയത്തിലോ…?’
‘ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്തകമേള യായിരുന്നു.’
‘ഓ…ദ്ശരി…’
‘സാര്‍ ദ് നന്നായിരിക്കും. ഏഴാമത്തെ പിര്യേഡ്. പേര് തന്നെ ഒരു പ്രത്യേകതയുള്ളതുപോലെ.’
‘എട്ടാമത്തെ പിര്യേഡിലെത്തിയാള്‍ക്കെന്തിനാ ഏഴാമത്തെ പിര്യേഡ്…’
‘ചെലപ്പോ… ചില പാഠങ്ങള്‍ പഠിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കിലോ…?’
സന്ധ്യയുടെ ആ ചോദ്യത്തിലൊരു രസം തോന്നി. ഞാന്‍ ബെഞ്ചിലിരുന്നു. സഞ്ചിയിലെ ബാക്കി പുസ്തകങ്ങള്‍ സന്ധ്യ അലമാരയ്ക്കകത്ത് വെയ്ക്കുകയാണ്.
‘സന്ധ്യ എന്നോടൊരു നുണ പറഞ്ഞു.’ അലമാരയില്‍ നിന്ന് ശ്രദ്ധമാറ്റി എന്നെ ചോദ്യഭാവത്തോടെ നോക്കി.
ലൈബ്രറിയില്‍ കണക്കെഴുതാന്‍ മാത്രമേ ഇരിക്കാറു ള്ളൂവെന്നാണ് സന്ധ്യ പറഞ്ഞത്. പുസ്തകങ്ങളോട് ഇത്രയധികം സ്‌നേഹം കാണിക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ നല്ലൊരു വായനക്കാരിയായിരിക്കണം. അല്ലെങ്കില് കഥയോ, കവിതയോ അങ്ങനെന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നയാള്‍.’
ശബ്ദമില്ലാത്ത രീതിയില്‍ സന്ധ്യ ചിരിച്ചു.
‘സാര്‍… ഏറ്റവും വലിയ കഥാകാരന്‍ ആരാന്നറിയ്വോ…’
‘ഇല്ല.’
‘ഒരു കഥാകാരന്‍ പറഞ്ഞ ചോദ്യോത്തരാണ്. ദൈവമാണ് ഏറ്റവും വലിയ കഥാകാരന്‍. ആ ദൈവം എന്റെ കഥയെഴുതിയപ്പൊ സമാധാനങ്ങളെഴുതാന്‍ മറന്നുപോയി.’
സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞതുപോലെ. ചില സങ്കട ങ്ങളങ്ങനെയാണ്, നമ്മള്‍ അതിലൊന്ന് തൊടുമ്പോഴാണ് പുറത്തേക്ക് വരിക.
‘സാറിരിക്കൂ… ഞാനിതാ വരുന്നു.’
ഒരുപക്ഷേ കണ്ണുനിറഞ്ഞത് ഞാന്‍ കാണാതിരിക്കാന്‍ വേണ്ടിയായിരിക്കാം സന്ധ്യ അവിടെനിന്ന് ഇറങ്ങിയത്. മാനേജരുടെ മുറി ലക്ഷ്യമാക്കി സന്ധ്യ അതിവേഗം നടന്നു. കുന്നില്‍ വിജയനെന്ന ആത്മകഥാകാരന്‍ ഏഴാമത്തെ പിര്യേഡിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നറിയാന്‍ പുസ്തകത്തിന്റെ പുറംചട്ടയില്‍ ക്കൊടുത്തിട്ടുള്ള വരികളിലൂടെ കണ്ണുകള്‍ പാഞ്ഞു.
പടികടന്നുവരുന്നൊരു കാറിന്റെ ശബ്ദം കേട്ടപ്പോഴാണ് അങ്ങോട്ട് നോക്കിയത്. പുതിയ അഡ്‌മിഷന്‍ വല്ലതുമുണ്ടാവും. രണ്ട് സ്ത്രീകളായിരുന്നു കടന്നുവന്നത്. വിസിറ്റേഴ്‌സായിരി ക്കും. പിന്നില്‍ നടക്കുന്ന സ്ത്രീയെ നല്ല പരിചയമുള്ളതുപോലെ. ഞാനെഴുന്നേറ്റ് വരാന്തയിലേക്ക് കയറി. അവര്‍ മാനേജരുടെ മുറിയിലേക്ക് കയറുമെന്നാണ് കരുതിയത്. അതിനോട് ചേ ര്‍ന്ന മറ്റൊരു മുറിയിലേക്കാണ് കയറിയത്. അന്തിവെയിലിനെതിരെ കെട്ടിയ തിരശ്ശീല കാരണം അവര്‍ കേറിവന്ന ഭാഗത്തേക്ക് വെളിച്ചം കുറഞ്ഞതുകൊണ്ടാവാം മുഖം വ്യക്തമായില്ല.
സന്ധ്യയുടെ മാലതി ചേച്ചി വരാന്തയിലൂടെ വരുന്നതു കണ്ടപ്പോള്‍ അവരോട് ചോദിക്കാമെന്ന് മനസ്സില്‍ തോന്നി. ബസ് സ്റ്റോപ്പില്‍ നിന്ന് റോഡിലേക്കെന്നപോലെ ഞാനൊന്ന് കയറിനി ന്നപ്പോള്‍ മാലതി ചേച്ചി എന്റെ സമീപത്തുനിന്നു. പിന്നെ ഒരു സൗഹൃദച്ചിരി മുഖത്ത് വരുത്തി.
‘അതേ… ഇപ്പൊ ഇങ്ങോട്ട് കേറിവന്ന സ്ത്രീകളാരാ…?’
‘ഓ അതോ, അത് നിമ്മിയാന്റി. ഇന്നലെ വയ്യാതെയായപ്പോ ആശുപത്രീ കൊണ്ടുപോയതാ. ഡ്രിപ്പ് കേറ്റി. ഒരുദിവസം കിടന്നു. അവരും സാറിനെപ്പോലെത്തന്നെയാ. ഒരു മകനുള്ളത് അമേരിക്കയിലാണ്.’
എന്റെ ഭാഗത്തുനിന്ന് വേറെ ചോദ്യങ്ങളില്ലാത്തതുകൊ ണ്ടാവാം മാലതിച്ചേച്ചി നടന്നു. നിമ്മിയാണെന്ന് ഉറപ്പായതുമുതല്‍ ഹൃദയത്തിന്റെ മിടുപ്പ് കൂടിയതുപോലെ. ലൈബ്രറിയുടെ വാതില്‍ ചാരി മുറിയിലേക്ക് നടന്നു. മുറിയില്‍ കയറി വാതിലടച്ചില്ല. ചിലപ്പൊ സന്ധ്യ വന്നാലോ. കട്ടിലില്‍ കയറി കിടന്നു. നിമ്മിയെ ആദ്യമായി കാണുന്നത് ലൈബ്രറിയില്‍ വെച്ചാണെന്ന് ഓര്‍ത്തെടുക്കാന്‍ മനസ്സിന് അറുപത് കൊല്ലം പിന്നിലേക്കോടാന്‍ സെക്കന്റുകളേ വേണ്ടിവന്നുള്ളു.
ശരവണനെ അന്വേഷിച്ചാണ് ഞാനന്ന് ലൈബ്രറിയിലേക്ക് കയറിയത്. ഒരു പുസ്തകവുമെടുത്ത് ശരവണന്‍ വരുന്നതു വരെയുള്ള സമയം വായനക്കാരുടെ മേശയ്ക്കരികിലെ ബെഞ്ചിലിരുന്നു. ഒരേ കോളേജില്‍ പഠിക്കുന്നവര്‍ എന്ന രീതിയില്‍ എതിരെയിരിക്കുന്ന കുട്ടികളെയൊന്ന് നോക്കി ചിരിച്ചു. മാഗസിനിലെ കഥ വായിച്ചു എന്നൊരു കുട്ടി പറഞ്ഞപ്പോള്‍ ശ്രദ്ധ പൂര്‍ണ്ണമായും അവളുടെ മുഖത്തേക്ക് തിരിഞ്ഞു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പിറങ്ങിയ കോളേജ് മാഗസിനില്‍ വന്ന എന്റെയൊരു കഥയെക്കുറിച്ചാണ് അവള്‍ പറഞ്ഞുതുടങ്ങിയത്. എന്നെ സംബന്ധി ച്ചിടത്തോളം അതൊരു അത്ഭുതമായിരുന്നു. അവസാന നിമിഷത്തില്‍ ഒരു ലേഖനം മാറ്റേണ്ടിവന്നപ്പോഴുള്ള വിടവില്‍ മാഗസിന്‍ എഡിറ്റര്‍ ശരവണന്റെ നിര്‍ബന്ധപ്രകാരമെഴുതിയ ഒരു കഥ.
പിന്നീട് ലൈബ്രറി ഞങ്ങളുടെ ലോകമായി മാറി. നിമ്മി എന്റെ ഹൃദയത്തിലും. ഈയൊരു ജന്മം മുഴുവന്‍ വായിച്ചാലും തീരാത്ത പുസ്തകങ്ങളുടെ നടുക്ക് നിന്നപ്പോള്‍ നിമ്മിയാണ് ഒ രു വഴികാട്ടിയായത്. നിമ്മിയെടുത്തുതരുന്ന പുസ്തകങ്ങളായിരുന്നു ഞാന്‍ വായിച്ചിരുന്നത്. ഒരുപക്ഷേ അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമൊക്കെ വായിച്ചതും. പിന്നീട് വായനക്കാരുടെ ലോകത്ത് എനിക്കുമൊരു ഇടം കിട്ടി. ചുരുങ്ങിയ കാലം കൊണ്ട് കോളേജിലെ തരക്കേടില്ലാത്ത പ്രണയജോഡികളുടെ സ്ഥാനത്തേക്ക് ഞങ്ങളുയര്‍ന്നു. ഒഴിവ് സമയങ്ങളിലൊക്കെ കാന്റീനില്‍ നിന്ന് ചായകുടിച്ച ശേഷം ലൈബ്രറിയിലേക്ക് പോകും. അന്ന് ഞങ്ങള്‍ നടന്നത് പുഴയിലേക്കാണ്. ഞങ്ങളുടെ കോളേജിന്റെ നാലതിരുകളിലൊന്ന് പുഴയാണ്. കടുപ്പം കൂടിയ പ്രണയ ജോഡികളൊക്കെ സംസാരിച്ചുകൊതിതീര്‍ക്കുന്നതും ഇടയ്ക്ക് പരസ്പരം ചുണ്ടുകള്‍ നനച്ചുകൊടുക്കുന്നതും പുഴയുടെ വിശാലമായ മണല്‍പ്പുറത്തിരുന്നാണ്.
ഞങ്ങള്‍ മണല്‍പ്പരപ്പിലൂടെ നടന്നു. മണല്‍പ്പുറ്റുകള്‍ക്ക് മുകളില്‍ വളര്‍ന്നുനില്ക്കുന്ന ചെങ്കോലിന്റെ മറവിലും മണല്‍ പ്പരപ്പിലുമൊക്കെയിരിക്കുന്ന പ്രണയജോഡികളെ കണ്ടില്ലെന്ന് നടിച്ചു. പരിസരവാസികള്‍ തുണിയലക്കിക്കുളിക്കുന്ന പാറക്കടവിലായിരുന്നു ഞങ്ങളിരുന്നത്. പരിസരത്തൊന്നും ആരുമില്ലാത്തതിന്റെ സാഹചര്യമായിരിക്കും നിമ്മിയെ ഒന്ന് ചുംബിക്കണമെന്ന് തോന്നിയത്. നിമ്മിയുടെ മുന്‍പില്‍ നാണംകെട്ട് തലകുനി ച്ചദിവസം.
പുഴയിലെ വെള്ളക്കെട്ടിലേക്ക് നോക്കി നിമ്മി പറഞ്ഞു.
‘ഒരിക്കലും നമുക്ക് കല്യാണം കഴിക്കാന്‍ കഴിയില്ല. ഈ കോളേജിന്റെ പടിയിറങ്ങുന്നതോടെ ഒരുപക്ഷേ നമ്മുടെ പ്രണയവും അവസാനിക്കും. പ്രണയം ഒരനുഭൂതിയാണ്. നമ്മളത് അനുഭവിക്കുന്നു. മറ്റ് സുഖങ്ങള്‍ കല്യാണത്തിനുശേഷം അനുഭവിക്കേണ്ടതാണ്. കല്യാണത്തിനുശേഷം ഒരിക്കലും പ്രണയത്തിന്റെ മാധുര്യം ശരിക്കും അനുഭവിക്കാന്‍ കഴിയില്ല.’
‘നിമ്മീ… നമ്മള്‍ തമ്മിലുള്ള വിവാഹം മാത്രമല്ല. കുട്ടികളെക്കുറിച്ചുപോലും ഞാന്‍ സ്വപ്നം കണ്ടുകഴിഞ്ഞു.’
‘സ്വപ്നങ്ങളെപ്പഴും നല്ലതാണ്. അതൊരു പ്രത്യേക സുഖം നല്കും.’
അങ്ങനെ എല്ലാ ചോദ്യങ്ങള്‍ക്കും നിമ്മിക്ക് ഉത്തരങ്ങളുണ്ടായിരുന്നു.
അവധിക്കാലം കഴിഞ്ഞ് കോളേജിലെത്തിയപ്പോള്‍ എല്ലാവരും വന്നു. പക്ഷേ നിമ്മിമാത്രം വന്നില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം ഏ തോ നഗരത്തിലേക്ക് പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു നിഴല്‍വെട്ടത്തില്‍ പോലും എനിക്കവളെ തിരിച്ചറിയാന്‍ കഴിഞ്ഞത് ഒരുപക്ഷേ ഇപ്പഴും അവളെന്റെ ഉള്ളിലുള്ളതുകൊണ്ടാവാം.
മകന്‍ വിളിക്കുമ്പോള്‍ പറയണം നിന്റെ അമ്മയെ കെട്ടുന്നതിനുമുന്‍പ് മനസ്സുകൊണ്ട് കല്യാണം കഴിച്ചയാള്‍ എന്നോടൊപ്പമുണ്ടെന്ന്. ഒരുകാലത്ത് ഒരുമിച്ച് ജീവിക്കണമെന്ന എന്റെ തീവ്രമായ ആഗ്രഹമായിരിക്കാം ഈ അവസാനകാലത്തെങ്കിലും നിമ്മിയെ എന്റെ മുന്നിലെത്തിച്ചത്. ഞങ്ങളൊരുമിച്ച് ഇവിടെ താമസിക്കുകയാണെങ്കില്‍ രണ്ടുപേര്‍ക്ക് താമസിക്കാന്‍ ഇപ്പോഴത്തെ മുറി പോരാ. എ. സി മുറിയാക്കാം. അങ്ങനെ കൂട്ടിയും കി ഴിച്ചുമുള്ള ആലോചനകള്‍ പരിധിവിട്ടപ്പോള്‍ മനസ്സൊന്ന് കടിഞ്ഞാണിട്ടു. സന്ധ്യവരട്ടെ. ആദ്യം സന്ധ്യയോട് സംസാരിച്ചശേഷം ഒരു തീരുമാനത്തിലെത്താം.
‘സാറ് ഉറക്കമാണോ…?’
സന്ധ്യയുടെ ശബ്ദം കേട്ടപ്പോഴാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത്.
‘ങാ… വന്നോ…?’
‘ഉച്ചയൂണ് അവിടെ ഗംഭീരമായി നടക്കുമ്പോള്‍ സാറി വിടെ വാതിലടച്ച് ഇരുന്നാലോ ?’
‘സന്ധ്യാ… എനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാ നുണ്ട്.’
‘അതിനെന്താ സാര്‍… എപ്പൊ വേണമെങ്കിലും ആവാ ലോ… സാറിനെ ഡൈനിങ്ങ് ഹാളില്‍ കാണാഞ്ഞപ്പോള്‍ വിളിക്കാന്‍ വന്നതാണ്.’
‘സന്ധ്യ പൊയ്‌ക്കോളൂ… ഞാനിപ്പോ വരാം.’
ബാത്ത്‌റൂമില്‍ കയറി മുഖം കഴുകി തുടച്ചു. തല ചീകു മ്പോള്‍ വെളുത്ത മുടികള്‍ കാരണം നിമ്മിയെന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോയെന്ന് തോന്നി.
ഡൈനിങ്ങ് ഹാളിലെത്തുമ്പോള്‍ പലരും കഴിച്ച് കഴിയാറായിരിക്കുന്നു. ടേബിളില്‍ നിമ്മിയുടെ എതിര്‍ഭാഗത്തുള്ള കസേരതന്നെ എനിക്കിരിക്കാന്‍ കിട്ടി. ഞാന്‍ നിമ്മിയെ നോക്കി. നിമ്മിയെന്നെ പരിചയഭാവത്തില്‍ നോക്കി ചിരിച്ചു. നിമ്മിയെന്നെ മറന്നിട്ടില്ല. എനിക്കാശ്വാസം തോന്നി. ഞാന്‍ കയ്യുയര്‍ത്തി കാണിച്ച് ഞാനും മറന്നിട്ടില്ലെന്ന രീതിയില്‍ ചിരിച്ചു. നിമ്മിയുടെ കസേരയ്ക്കടുത്ത് നില്ക്കുന്ന സന്ധ്യ അടുക്കള ജോലിക്കാരോട് എ ന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്കുകയാണ്. ഒരുപക്ഷേ ഞാന്‍ വന്നിരുന്നത് സന്ധ്യ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
പാതിയിലേറെ ഭക്ഷണം ബാക്കി വെച്ചാണ് നിമ്മിയെഴു ന്നേറ്റത്. വാഷ്‌ബേസിനടുത്തേക്ക് നടക്കുമ്പോഴും സന്ധ്യ കൂടെയുണ്ട്. ഭക്ഷണം മതിയാക്കി ഞാനെഴുന്നേറ്റു. അപ്പോഴേക്കും അവര്‍ വരാന്തയിലേക്ക് കയറി. ഞാന്‍ പിന്നില്‍ നിന്ന് വിളിച്ചു ?നിമ്മീ…?
സന്ധ്യയാണ് തിരിഞ്ഞുനോക്കിയത്. ഞാനോടി വരുന്നത് കണ്ടപ്പോള്‍ അവര്‍ നിന്നു. അവരുടെ മുന്‍പില്‍ നിന്ന് ഞാന്‍ കിതച്ചു. ചെറുചിരിയോടെ നിമ്മിയെന്നെ നോക്കിനിന്നു.
നിമ്മീ… എന്നെ…?
സാര്‍… അവരുടെ പേരുപോലും അവര്‍ക്കോര്‍മ്മിക്കാന്‍ കഴിയില്ല. മറവിരോഗം അത്രയ്ക്ക് അവരെ ബാധിച്ചുകഴിഞ്ഞു.?
പിന്നീടെനിക്ക് വാക്കുകള്‍ പുറത്തുവന്നില്ല. ശ്വാസഗതി വര്‍ദ്ധിച്ചതുപോലെ.
‘ന്റെ മക്കളേ…’
ഇന്നലെയിവിടെ വന്നപ്പോള്‍ ഞാനാദ്യം കേട്ടത്. മക്കളെക്കുറിച്ചുള്ള ഒരമ്മയുടെ ആവലാതി.
‘സാര്‍ ഒന്നിവരുടെ അടുത്ത് നിക്കണേ. ഞാന്‍ ആ അമ്മ യ്ക്ക് മരുന്ന് കൊടുത്തിട്ട് വരാം.’
സന്ധ്യ കരച്ചില്‍ കേട്ട മുറിയിലേക്ക് പോയി. നിമ്മിയുടെ ഉള്ളോര്‍മ്മയില്‍ ഞാനുള്ളതുപോലെ.
നിമ്മിയുടെ കണ്ണുകള്‍ തിളങ്ങി.
ഞാനെന്റെ കൈ നീട്ടി. അവളെന്റെ കൈയില്‍ പിടിച്ചു.
ഞങ്ങള്‍ നടന്നു, ജീവിതത്തിന്റെ മറ്റൊരു വരാന്തയി ലൂടെ…