രണ്ടു കടമ്പകൾ

വിവർത്തനം: വി. രവികുമാർ

ഒരു ദിവസം കോർത്തെ പുതിയൊരു കാര്യം മനസ്സിലാക്കി: ആശുപത്രിയുടെ ജനറൽ ഡയറക്ടർ തന്റെ സഹപ്രവർത്തകരുമായി ദീർഘമായ ചർച്ചകൾക്കു ശേഷം രോഗികളെ തരം തിരിക്കുന്നതിനുള്ള രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരെയും അരപ്പോയിന്റ് തരം താഴ്ത്താൻ പോവുകയാണ്‌. ഓരോ നിലയിലേയും രോഗികളെ അവരുടെ രോഗത്തിന്റെ ഗൗരവസ്വഭാവം അനുസരിച്ച് രണ്ടു വിഭാഗങ്ങളായി തിരിക്കും. അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ ആയിരിക്കും ഈ തരം തിരിക്കൽ നടത്തുക; അതു തീർത്തും രഹസ്യമാക്കി വയ്ക്കുകയും ചെയ്യും. ആ രണ്ടു ഗ്രൂപ്പുകളിൽ താഴത്തേതിലുള്ളവരെ അവർ അപ്പോഴുള്ള നിലയിൽ നിന്ന് തൊട്ടു താഴെയുള്ളതിലേക്കു മാറ്റും. ഉദാഹരണത്തിന്‌, ആറാം നിലയിലെ പകുതി രോഗികൾ- രോഗം നേരിയ തോതിൽ കൂടിയവർ- അഞ്ചാം നിലയിലേക്കു പോകേണ്ടിവരും; അസുഖം കൂടുതലുള്ള ഏഴാം നിലയിലെ താമസക്കാർ ആറിലേക്കു പോകണം. ഈ വാർത്ത കേട്ടപ്പോൾ ജ്യൂസപ്പി കോർത്തെയ്ക്കു സന്തോഷം തോന്നി; ഇത്രയും വലിയ തോതിലുള്ള സ്ഥലം മാറ്റങ്ങൾ ഏഴാം നിലയിലേക്കുള്ള തന്റെ മടക്കം കൂടുതൽ സുഗമമാക്കുമല്ലോ.
അക്കാര്യം നേഴ്സിനോടു സൂചിപ്പിച്ചപ്പോൾ പ്രതീക്ഷിക്കാത്തൊരു പ്രതികരണമാണു പക്ഷേ, അവരിൽ നിന്നുണ്ടായത്. അയാൾക്കും മാറ്റമുണ്ടാകുമെന്ന് തനിക്കറിയാമെന്നും എന്നാൽ അത് ഏഴിലേക്കല്ല, താഴത്തെ നിലയിലേക്കാണെന്നുമാണ്‌ അവർ പറഞ്ഞത്. അവർക്കറിയാത്ത കാരണങ്ങളാൽ കോർത്തെയെ ഉൾപ്പെടുത്തിയിരിക്കുന്നത് ആറാം നിലയിലെ ‘കടുത്ത രോഗം ബാധിച്ചവ’രുടെ പട്ടികയിലായതിനാൽ അയാൾക്ക് അഞ്ചാം നിലയിലേക്കിറങ്ങേണ്ടിവരും.

ആദ്യത്തെ ഷോക്കൊന്നു മാറിയപ്പോൾ ജ്യൂസപ്പി കോർത്തെ കോപം കൊണ്ടു ജ്വലിച്ചു. അവർ തന്നെ ഹീനമായ രീതിയിൽ കബളിപ്പിക്കുകയിരുന്നുവെന്നും താഴത്തെ നിലയിലേക്കുള്ള മാറ്റങ്ങളെക്കുറിച്ചു തനിക്കു യാതൊന്നും കേൾക്കേണ്ടെന്നും താൻ വീട്ടിൽ പോവുകയാണെന്നും അവകാശങ്ങൾ അവകാശങ്ങളാണെന്നും ഡോക്ടർമാരുടെ രോഗനിർണ്ണയത്തെ ആശുപത്രി മാനേജ്മെന്റിന്‌ തോന്നിയപോലെ അവഗണിക്കാൻ പറ്റില്ലെന്നും അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.

അയാൾ ഇങ്ങനെ ഒച്ച വയ്ക്കുമ്പോൾ ഡോക്ടർ കിതച്ചുകൊണ്ടോടിയെത്തി. പനി കൂടരുതെന്നുണ്ടെങ്കിൽ സ്വയം നിയന്ത്രിക്കാൻ അയാൾ കോർത്തെയെ ഉപദേശിച്ചു. ചെറിയൊരു തെറ്റിദ്ധാരണ മൂലമാണ്‌ ഇങ്ങനെ വന്നതെന്ന് അയാൾ വിശദീകരിച്ചു. രോഗാവസ്ഥ വച്ചു നോക്കിയാൽ ഏഴാം നിലയിൽത്തന്നെയാണ്‌ ജ്യൂസപ്പി കോർത്തെയെ കിടത്തേണ്ടതെന്നും അയാൾ ഒരിക്കല്ക്കൂടി സമ്മതിച്ചു. അതേ സമയം ഇക്കാര്യത്തിൽ അല്പം വ്യത്യസ്തമായ, അതിനി വ്യക്തിപരമാണെന്നുകൂടി വച്ചോളൂ, കാഴ്ച്ചപ്പാടാണ്‌ തനിക്കുള്ളതെന്നും അയാൾ കൂട്ടിച്ചേർത്തു.

അയാളുടെ രോഗത്തിന്റെ ശാരീരികലക്ഷണങ്ങൾ വച്ചുനോക്കിയാൽ ആറാമത്തെ നിലയിലായാലും -എന്നുപറഞ്ഞാൽ, ഒരർത്ഥത്തിൽ- അയാളെ ചികിത്സിക്കാവുന്നതേയുള്ളു. ആറാമത്തെ നിലയിലെ രണ്ടാം വിഭാഗത്തിൽ കോർത്തെ എങ്ങനെ പെട്ടുവെന്ന് തനിക്കുതന്നെ മനസ്സിലാകുന്നില്ല. മാനേജ്മെന്റിന്റെ സെക്രട്ടറി -ജ്യൂസപ്പി കോർത്തെയുടെ കൃത്യമായ രോഗനില അറിയാൻ വേണ്ടി അയാൾ ഇന്നു കാലത്ത് തന്നെ ഫോൺ ചെയ്തിരുന്നു- എഴുതുമ്പോൾ എന്തോ പിശകു വരുത്തിയെന്നു വരാനാണ്‌ കൂടുതൽ സാദ്ധ്യത. അതുമല്ലെങ്കിൽ വിദദഗ്ദ്ധനും, എന്നാൽ രോഗിയുടെ കാര്യത്തിൽ അമിതമായ ഉത്കണ്ഠ കാണിക്കുകയും ചെയ്യുന്ന, ഒരു ഡോക്ടറുടെ രോഗനിർണ്ണയത്തെ മാനേജ്മെന്റ് ഗൗരവം കൂട്ടിക്കണ്ടതാണെന്നും വരാം. മനസ്സമാധാനം കളയരുതെന്നും പ്രതിഷേധത്തിനൊന്നും നില്ക്കാതെ മാറാൻ തയ്യാറാവുകയാണു വേണ്ടതെന്നും ഉപദേശിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു. എന്തൊക്കെയായാലും രോഗം മാറുകയാണല്ലോ പരമപ്രധാനം, അല്ലാതെ രോഗി എവിടെ കിടക്കുന്നു എന്നതല്ലല്ലോ.
ചികിത്സയുടെ കാര്യത്തിൽ ജ്യൂസപ്പി കോർത്തെയ്ക്ക് ഒരു പരാതിക്കും ഇടമുണ്ടാവില്ലെന്ന് ഡോക്ടർ ഉറപ്പു നല്കി. താഴത്തെ നിലയിലെ ഡോക്ടർ കൂടുതൽ പരിചയസമ്പന്നനാണെന്നതിൽ സംശയമില്ല; താഴേക്കു പോകുന്തോറും ഡോക്ടർമാരുടെ കഴിവുകൾ, മാനേജ്മെന്റിന്റെ മേഖലയിലെങ്കിലും, കൂടിക്കൂടി വരികയാണെന്നതിൽ സംശയമേ വേണ്ടെന്ന ഉറച്ച നിലപാടായിരുന്നു അയാൾക്ക്. മുറി ഇത്രതന്നെ സുഖപ്രദവും സുന്ദരവുമായിരിക്കും; പുറത്തേക്കുള്ള കാഴ്ച്ചയും ഇത്രതന്നെ ഗംഭീരമായിരിക്കും. മൂന്നാം നില മുതലേ മരനിരകൾ കാഴ്ച്ച മറയ്ക്കാൻ തുടങ്ങുന്നുള്ളു.

കൂടിക്കൂടിവരുന്ന ഒരു ജ്വരത്തിന്റെ പിടിയിലായിരുന്ന ജ്യൂസപ്പി കോർത്തെ ഡോക്ടറുടെ അതിവിശദമായ ഈ ന്യായീകരണങ്ങൾ തളർച്ചയോടെ കേട്ടുകേട്ടിരുന്നു. ഒടുവിൽ അയാൾക്കു ബോദ്ധ്യമായി, അന്യായമായ ആ സ്ഥലംമാറ്റത്തിനെതിരെ പ്രതികരിക്കാനുള്ള ശക്തിയും, അതിലുപരി, ആഗ്രഹവും തനിക്കു ശേഷിക്കുന്നില്ല എന്ന്. തന്നെ താഴത്തെ നിലയിലേക്കു മാറ്റുന്നതിന്‌ അയാൾ സ്വയം വഴങ്ങിക്കൊടുത്തു.

അഞ്ചാം നിലയിൽ എത്തിക്കഴിഞ്ഞപ്പോൾ ജ്യൂസപ്പി കോർത്തെയ്ക്കു കിട്ടിയ ഒരേയൊരാശ്വാസം, എത്ര ചെറുതാണതെങ്കിലും, ആ വാർഡിലുള്ളവരിൽ രോഗത്തിന്റെ തീവ്രത ഏറ്റവും കുറവ് അയാൾക്കാണെന്ന ഡോക്ടർമാരുടേയും നേഴ്സുമാരുടേയും കൂട്ടുരോഗികളുടേയും വിധിയെഴുത്തായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അഞ്ചാം നിലയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയായി അയാൾക്കു സ്വയം പരിഗണിക്കാം. എന്നാൽ സാധാരണമനുഷ്യരുടെ ലോകത്തിനും തനിക്കുമിടയിൽ ഇപ്പോൾ രണ്ടു കടമ്പകൾ ഉയർന്നിരിക്കുന്നു എന്ന ചിന്ത അയാളുടെ മനസ്സു ദണ്ഡിപ്പിച്ചുകൊണ്ടിരുന്നു.
വസന്തകാലത്തിന്റെ തുടക്കമായതിനാൽ അന്തരീക്ഷം ഊഷ്മളമായിവരികയായിരുന്നു. എന്നാൽ അവിടെ ആദ്യമായി വന്ന ദിവസങ്ങളിലെന്നപോലെ ജനാലയിൽ ചാരി പുറത്തേക്കു നോക്കി നില്ക്കുന്നതിൽ അയാൾക്കിപ്പോൾ സന്തോഷം തോന്നുന്നില്ല. അയാളുടെ ഭയത്തിന്‌ യുക്തിയുടെ ഒരടിസ്ഥാനവും ഇല്ലായിരുന്നെങ്കിലും ഒന്നാം നിലയിലെ ജനാലകൾ കണ്ണിൽപ്പെടുമ്പോൾ വല്ലാത്തൊരു കിടുങ്ങൽ അയാളിലൂടെ പാഞ്ഞുപോകും; മിക്ക ജനാലകളും അടഞ്ഞുകിടക്കുകയാണ്‌; അവയിപ്പോൾ കുറേക്കൂടി അടുത്തുമാണ്‌.

അയാളുടെ രോഗാവസ്ഥ കൂടുതലും കുറവുമില്ലാതെ ഒരേ നിലയായിരുന്നു. പിന്നീട്, അഞ്ചാം നിലയിലെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോൾ, അയാളുടെ വലതുകാലിൽ ഒരു വ്രണം പ്രത്യക്ഷപ്പെട്ടു; തുടർന്നുള്ള നാളുകളിൽ അതു സുഖപ്പെടാനുള്ള ഒരു ലക്ഷണവും കാണിച്ചതുമില്ല. അയാളുടെ മുഖ്യരോഗവുമായി ഒരു ബന്ധവുമില്ലാത്ത ഒരണുബാധയാണത്, ഡോക്ടർ പറഞ്ഞു; ലോകത്തെ ഏറ്റവും ആരോഗ്യവാനായ വ്യക്തിയെപ്പോലും ബാധിക്കാവുന്ന ഒരു വല്ലായ്മ. അതിനെ കഴിയുന്നത്ര വേഗം ഇല്ലായ്മ ചെയ്യാൻ ഒരു ഗാമാ-റേ ചികിത്സ നടത്തണം.
“ഈ ചികിത്സ ഇവിടെ നടത്താൻ പറ്റുമോ?”
“പിന്നെന്താ! ഞങ്ങളുടെ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമുണ്ട്,” സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. “ഒരസൗകര്യമേയുള്ളു.”
“എന്താണത്?” അസ്പഷ്ടമായ ഒരു വിപൽശങ്കയോടെ കോർത്തെ ചോദിച്ചു.
“മറ്റൊരു വാക്കില്ലാത്തതുകൊണ്ട് അസൗകര്യം എന്നു ഞാൻ പറഞ്ഞുവെന്നേയുള്ളു,” ഡോക്ടർ സ്വയം തിരുത്തി, “ചികിത്സായൂണിറ്റ് നാലാം നിലയിലാണെന്നാണ്‌ ഞാൻ ഉദ്ദേശിച്ചത്; ദിവസം മൂന്നു തവണ നിങ്ങൾ അവിടെ പോയിവരണമെന്ന് ഞാൻ ഉപദേശിക്കുകയില്ല.”
“അപ്പോൾപ്പിന്നെ, അതു വേണ്ടെന്നോ?”
“അങ്ങനെയല്ല, എക്സിമ മാറുന്നതുവരെ നിങ്ങൾ നാലാം നിലയിലേക്കു പോകാൻ സന്മനസ്സു കാണിച്ചാൽ അതു നല്ലതായിരിക്കും.”
“മതി!” ജ്യൂസപ്പി കോർത്തെ ചീറി. “ഞാൻ ആവശ്യത്തിനു താഴേക്കു വന്നുകഴിഞ്ഞു! ഇനി താഴേക്കു പോയാൽ ഞാൻ മരിക്കും. നാലാം നിലയിലേക്കു ഞാനില്ല.”
“നിങ്ങളുടെ ഇഷ്ടം പോലെ,” അയാളെ കൂടുതൽ വെറി പിടിപ്പിക്കാതിരിക്കാനായി അനുനയരീതിയിൽ ഡോക്ടർ പറഞ്ഞു. “അതിരിക്കട്ടെ, നമ്മളിൽ ആരാണ്‌ ഇവിടെ ഇൻ-ചാർജ്ജ്? നിങ്ങൾ ദിവസം മൂന്നുതവണ താഴെപ്പോകാൻ പാടില്ലെന്ന് ഞാൻ വിലക്കുന്നു, മനസ്സിലായല്ലോ?”
എക്സിമ ഉണങ്ങുന്നതിനു പകരം കൂടുതൽ പരക്കുകയായിരുന്നു. ജ്യൂസപ്പി കോർത്തെ സ്വസ്ഥത കിട്ടാതെ കട്ടിലിൽ കിടന്നുരുണ്ടു. മൂന്നു ദിവസം പിടിച്ചുനിന്നെങ്കിലും നാലാം ദിവസം ഗതിയില്ലാതെ അയാൾക്കു വഴങ്ങിക്കൊടുക്കേണ്ടിവന്നു. തന്നെ ചികിത്സക്കയക്കണമെന്നും നാലാം നിലയിലേക്കു തന്നെ മാറ്റണമെന്നും അയാൾ തന്നെ ഡോക്ടറോടു യാചിച്ചു.
താഴെ എത്തിയപ്പോൾ താൻ അവിടെ ഒരപവാദമാണെന്ന് പുറത്തു കാണിക്കാത്ത ഒരു സന്തോഷത്തോടെ കോർത്തെ ശ്രദ്ധിച്ചു. വാർഡിലെ മറ്റു രോഗികൾ കണ്ടാൽത്തന്നെ അതീവഗുരുതരാവസ്ഥയിലുള്ളവരായിരുന്നു; ഒരു മിനുട്ടു പോലും കട്ടിലിൽ നിന്നെഴുന്നേറ്റിരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ അയാൾക്കാകട്ടെ, വാർഡിൽ നിന്ന് ചികിത്സ നടക്കുന്ന മുറിയിലേക്ക് നേഴ്സുമാരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും അകമ്പടിയായി നടന്നുപോവുക എന്ന ആഡംബരം അനുവദിക്കപ്പെട്ടിരുന്നു. പുതിയ ഡോക്ടറോട് തന്റെ സവിശേഷമായ പദവി ഊന്നിപ്പറഞ്ഞുകൊണ്ട് അയാൾ സംസാരിച്ചു: ഏതു കണക്കിനും ഏഴാം നിലയിൽ കഴിയാൻ അവകാശമുണ്ടായിരുന്ന ഒരു രോഗി നാലം നിലയിൽ വന്നുപെട്ടിരിക്കുന്നു! എക്സിമ മാറിക്കഴിഞ്ഞാൽ താൻ മുകളിലേക്കു പോകാനാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്. പുതിയ മുടക്കുന്യായങ്ങൾ അനുവദിക്കുന്ന പ്രശ്നമേയില്ല. ന്യായമായും ഏഴാം നിലയ്ക്കവകാശിയായ താൻ!
“ഏഴ്, ഏഴ്!” ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു. “നിങ്ങൾ രോഗികൾക്ക് എന്തും പെരുപ്പിച്ചുകാണണം! നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ആദ്യം പറയുന്നയാൾ ഞാനായിരിക്കും. നിങ്ങളുടെ റിപ്പോർട്ട് വച്ചു നോക്കിയാൽ രോഗം കാര്യമായി കൂടിയിട്ടൊന്നുമില്ല. പക്ഷേ ഏഴാം നിലയെക്കുറിച്ചുള്ള ഈ സംസാരം-എന്റെ സത്യസന്ധത ക്രൂരമായി തോന്നുന്നെങ്കിൽ പൊറുക്കണേ- അതിലൊരു വ്യത്യാസമുണ്ട്. അത്ര പേടിക്കാനില്ലാത്ത ഒരു കേസാണ്‌ നിങ്ങളുടേത്, അതു ഞാൻ സമ്മതിച്ചു; എന്നാൽ നിങ്ങൾ ഇപ്പോഴും ഒരു രോഗി തന്നെയാണ്‌!”
“എങ്കിൽ, എങ്കിൽ,” പ്രത്യാശ വെളിച്ചം പരത്തിയ മുഖത്തോടെ ജ്യൂസപ്പി കോർത്തെ ചോദിച്ചു, “ഏതു നിലയിലാണ്‌ നിങ്ങളെന്നെ കിടത്താൻ പോകുന്നത്?”
“ദൈവമേ, അതൊന്നും അത്രയെളുപ്പം പറയാൻ പറ്റില്ല. ഞാൻ ഇപ്പോൾ മാത്രമല്ലേ നിങ്ങളെ കണ്ടിട്ടുള്ളു. ഒരു തീരുമാനമെടുക്കണമെങ്കിൽ ഒരാഴ്ച്ചയെങ്കിലും എനിക്കു നിങ്ങളെ നിരീക്ഷിക്കേണ്ടിവരും.”
“ആയിക്കോട്ടെ,” കോർത്തെ വിടാൻ ഭാവമില്ലായിരുന്നു, “ഒരുദ്ദേശം വച്ചു പറഞ്ഞാൽ എന്താ ഡോക്ടറുടെ അഭിപ്രായം?”
അയാൾക്കൊരാശ്വാസത്തിനായി താൻ ആ ചോദ്യത്തെക്കുറിച്ചാലോചിക്കുകയാണെന്ന മട്ടിൽ ഡോക്ടർ ഒരു നിമിഷം നിന്നു; പിന്നെ, തലയൊന്നു കുലുക്കിയിട്ട് സാവധാനം പറഞ്ഞു, “നിങ്ങൾക്കു സന്തോഷമായിക്കോട്ടെ, ആറാം നിലയായാലോ?“ എന്നിട്ട് ആ അഭിപ്രായം തന്നെക്കൊണ്ടുതന്നെ അംഗീകരിപ്പിക്കുന്നപോലെ, ”അതെ, അതെ, ആറു തന്നെയാണ്‌ നല്ലത്!“
അതു കേട്ടാൽ രോഗിക്കു സന്തോഷമാകുമെന്നാണ്‌ ഡോക്ടർ കരുതിയത്. മറിച്ച് ഞെട്ടിപ്പോയപോലെ ഒരു ഭാവം കൊണ്ട് ജ്യൂസപ്പി കോർത്തെയുടെ മുഖം നിറയുകയാണുണ്ടായത്; മറ്റു നിലകളിലെ ഡോക്ടർമാർ തന്നെ പാവ കളിപ്പിക്കുകയായിരുന്നുവെന്ന് അപ്പോഴാണ്‌ അയാൾക്കു ബോദ്ധ്യമാകുന്നത്. ഇവിടെ ഈ പുതിയ ഡോക്ടർ കണ്ടില്ലേ, -മറ്റുള്ളവരെക്കാൾ സമർത്ഥനും സത്യസന്ധനും തന്നെയായിരിക്കണം- അയാൾ തനിക്കു നല്കിയിരിക്കുന്നത് ഏഴാം നിലയല്ല, ആറാണ്‌, ഇനി അതുമല്ല, അഞ്ചുമാവാം! അന്നു വൈകിട്ട് അയാളുടെ പനി കാര്യമായി കൂടി. (തുടരും)
വി.രവികുമാർ, 9446278252

Author

Scroll to top
Close
Browse Categories