‘ട്വിസ്റ്റ് ‘
സൈമണ്‍ കാറ്റിച്ച് അവിടേയ്ക്ക് കയറി ചെല്ലുമ്പോള്‍ ഏതോ ഒരു ലൂയിസിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച നടക്കുകയായിരുന്നു. അഡ്വക്കെറ്റ് നിലീനയുടെ ചോദ്യത്തിന് മറുപടിയെന്നോണം ‘ ലൂയിസ് നിങ്ങള്‍ വിചാരിക്കുന്ന ആളല്ല, അയാള്‍ വൈവിധ്യങ്ങളുടെ രാജകുമാരന്.”എന്ന ലിവിംഗ്സ്റ്റന്റെ കമന്റ് വരുമ്പോഴേക്കും സൈമണ്‍ തന്റെയിഷ്ട യിരിപ്പിടമായ ചൂരല്‍ കൊണ്ട് ഉണ്ടാക്കിയ ആ കുട്ട കസേരയില്‍ ഇരിപ്പുറപ്പിച്ചു.
ചര്‍ച്ചകളില്‍ അയാള്‍ക്കുള്ള പ്രാധാന്യമില്ലായ്മയും ഏറെ ചൂട് പിടിച്ചതും സങ്കീര്‍ണവുമായ പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നതില്അയാളുടെ അറിവില്ലായ്മയുമാണ് അയാള്‍ ആ കുട്ട കസേര തെരഞ്ഞെടുക്കാന്‍ കാരണം. അതില്‍ അയാള്‍ക്ക് അമര്‍ന്നിരിക്കാം, അതിനിടയില്‍ ഒന്നോ രണ്ടോ പെഗ്. അത്രയും മതി അയാള്‍ക്ക്.
‘വൈവിധ്യങ്ങളുടെ രാജകുമാരന്, വൈവിധ്യങ്ങളുടെ രാജകുമാരന്!’അധികം ഉച്ചത്തിലല്ലാതെ ഉരുണ്ട് മറിഞ്ഞ് ആവര്‍ത്തിച്ചു കേള്‍ക്കുന്ന ആ വാക്കുകള്‍ ബെഞ്ചമിന്‍ ഡിസൂസയുടേതാണ്.ആ വാക്കുകള്‍ അയാള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. അയാള്‍ ഇടയ്ക്കിടെ ഇടതുകൈ കൊണ്ട് തന്റെ പോലീസ് മീശ മുകളിലേക്ക് പിരിച്ചു വയ്ക്കുകയും വലതുകൈ കൊണ്ട്തന്റെ ഗ്ലാസില്‍ ബ്രാണ്ടി നിറയ്ക്കുകയും ചെയ്യുന്നുണ്ട്.
ഉലകം ചുറ്റും വാലിബനായിരുന്ന ലിവിംഗ്സ്റ്റന് പിതാവിന്റെ മരണത്തോടെ ഏക്കറുകളോളം വരുന്ന തോട്ടത്തിന്റെ ഏക ഉടമയാകുകയായിരുന്നു.പിന്നീട് സ്ട്രോബെറിയും ആപ്പിളും ബ്രൊക്കാളിയും തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൃഷി ചെയ്യുന്നതിനൊപ്പം ലിവിംഗ്സ്റ്റന് തന്റെ നാല്‍പ്പതാമത്തെ വയസില്‍ എഴുത്തിലേക്ക് തിരിയുമ്പോഴാണ് അയാളുടെ ബംഗ്ലാവില്ചര്ച്ചകള് സജീവമാകുന്നത്. സായാഹ്ന ചര്ച്ചകളില്സൈമണ് കാറ്റിച്ച് ശനിയാഴ്ചകളിലെ സ്ഥിരം സന്ദര്‍ശകനാണ് .
ലിവിംഗ്സ്റ്റന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ പുതിയൊരു നോവലിന്റെ പണിപ്പുരയിലാണെന്ന് സൈമണിന് മനസിലായി.
”ലൂയിസ് തന്റെ ജീവിതത്തില്‍ നാളിതുവരെയയായി ബന്ധപ്പെട്ട സ്ത്രീകളെ വീണ്ടും ബന്ധപ്പെടാന്‍ ഒരു ലോകയാത്ര നടത്തുന്നു. ആ യാത്രയിലെ രസകരവും സാഹസികവുമായ അനുഭവങ്ങള്‍.”
നിലീനയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിയുന്നത് സൈമണ്‍ കണ്ടു .
‘ഓ ഗ്രേറ്റ് ! -നിലീനയില്‍ നിന്നുള്ള പ്രശംസ
‘എഴുതി തുടങ്ങിയോ’ – അത് സൈമണ്‍ കാറ്റിച്ചിന്റെ വക
എല്ലാവരും അയാളെ നോക്കി. എന്തോ അബദ്ധം പറഞ്ഞുവെന്ന ധാരണയില്‍ അയാള്‍ എല്ലവരെയും നോക്കി.
അതിന് മറുപടി നിലീനയാണ് പറഞ്ഞത്. മുന്നോട്ടാഞ്ഞു വന്ന് സൈമണിനെ ചേര്‍ത്ത് പിടിച്ച് ”ലൂയിസ് യാത്ര തുടങ്ങാന്‍ പോകുന്നതേയുള്ളൂ”
സൈമണ്‍ അന്തം വിട്ടു നില്ക്കുമ്പോള് ലിവിംഗ്സ്റ്റന് നേരെ കൈ ചൂണ്ടി കൊണ്ട് നിലീന തുടര്‍ന്നു.
‘ലൂയിസിനെ താങ്കള്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നു. ‘ഇതാണ് ആ രാജകുമാരന്.’
അതുംകൂടി പറഞ്ഞതിന് ശേഷമാണ് നിലീന സൈമണിനെ തന്റെ കരവലയത്തില്‍ നിന്നും സ്വതന്ത്രമാക്കിയത്.
സൈമണ്‍ പതിവ് പോലെ തന്റെ വാച്ചിലേക്കും ആ വലിയ ക്ലോക്കിലേക്കും നോക്കിതുടങ്ങി.അയാള്‍ക്ക് വീട്ടില്‍ പോകാനുള്ള സമയം അടുക്കുന്നു. ഭാര്യ ഡെല്മയുടെ കാത്തിരിപ്പ് നീണ്ട് പോകാന്‍ അയാള്‍ ആഗ്രഹിക്കാറില്ല.
താഴ്വരകളില്‍ ഇപ്പോള്‍ മഞ്ഞ് വീഴ്ച വ്യാപകമാകാന്‍ തുടങ്ങും. മഞ്ഞ് വീണു കൊണ്ടിരിക്കുന്ന പാതയിലൂടെ ഇരുട്ടില്‍ മെസ്ക്വിറ്റ് പഴത്തിന്റെ സുഗന്ധവും പേറിയുള്ള ആ നടത്തം വലിയൊരു അനുഭൂതിയാണ്. ഒടുവില്‍ വിദൂരതയില്‍ തന്റെ ടെറസിലെ വെളിച്ചം കാണുന്നതും അയാള്‍ക്ക് ഒരു രസ്സമാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അയാള്‍ക്ക് ഇതനുഭവിക്കാന്‍ കഴിയുന്നത്.
ഒരു വലിയ യാത്രയുടെയും അതിനു ശേഷമുണ്ടാകാന്‍ പോകുന്ന നോവല്‍ രചനയുടെയും ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഇതേക്കുറിച്ച് എങ്ങനെയാണ് ഡെല്മയോടു പറയുക. സാധാരണ അവിടെ നടക്കുന്ന സംഭവങ്ങള്‍ കേള്‍ക്കാന്‍ അവള്‍ക്ക് വലിയ താല്‍പ്പര്യമാണ്. പക്ഷെ ഇക്കാര്യം എങ്ങനെയാണ് അവളോട് പറയുക എന്നാണ് സൈമണ്‍ ആലോചിക്കുന്നത് .
‘എമിലിയാണ് ഏറ്റവും സുന്ദരി’ എന്ന് ലിവിംഗ്സ്റ്റന് പറയുന്നത് കേട്ടാണ് സൈമണ്‍ വീണ്ടും തന്റെ ശ്രദ്ധ ചര്‍ച്ചയിലേക്ക് തിരിച്ചത്. ഗ്ലാഡ് സന്റെ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അത്.
‘ഡാര്ലിംഗ്ടണിലാണ് അവള് താമസിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തക. ആദ്യം കണ്ടു മുട്ടുമ്പോള്‍ 18 വയസ്സ് .പുനസമാഗമം ആഗസ്റ്റ് 17 ന്.
സൈമണ്‍ കാറ്റിച്ചിന് സംശയങ്ങള്‍ തീരുന്നില്ല. ‘എങ്ങനെയാണ് അവരെയൊക്കെ കാണുന്നത് ?’
സ്കോട് ലാന്‍ഡ് എംബസ്സിയില്‍ ജോലി ചെയ്യുന്ന ഗ്ലാ ഡ് സ ണ് ആണ് ലിവിംഗ്സ്റ്റന്റെ യാത്രയ്ക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്യുന്നത്.
‘അവര്‍ ആരെങ്കിലും കാണാന്‍ വിസമ്മതിച്ചാല്‍ ?’
‘ഒരു ഡയമണ്ട് റിംഗ് ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ ഡിയര്‍ ?’ വീണ്ടും നിലീമയുടെ കരവലയത്തില്‍ കാറ്റിച്ച്.
ലിവിംഗ്സ്റ്റന്റെ കയ്യിലെ ആ റിംഗ് കാണാന്‍ എല്ലവരും അയാളെ പൊതിഞ്ഞു. സൈമണും ഒന്ന് നോക്കി. തിളങ്ങുന്ന വജ്ര മോതിരം അതില്‍ സുന്ദരനായ ആ രാജകുമാരനും.
ഡെല്‍മ കാണുന്ന അവസ്സാനത്തെ സീരിയല്‍ തുടങ്ങുന്നത് അപ്പോഴാണല്ലോ എന്ന് സൈമണ്‍ വാച്ച് നോക്കി തിരിച്ചറിഞ്ഞു. അത് തീരുമ്പോഴേക്കും തന്നെ കണ്ടില്ലെങ്കില്‍ അവള് അക്ഷമയാകും .
ഡെല്‍മയോട് ആക്കാര്യം ഒന്നും പറയേണ്ടതില്ലെന്നു അയാള്‍ തീരുമാനിച്ചു. ഒരു പക്ഷെ തന്നെക്കുറിച്ചും അവള് സംശയിച്ചേക്കാം. കൂടാതെ ലിവിംഗ്സ്റ്റന് തന്നോടുള്ള വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടതുണ്ട് എന്നും സൈമണ്‍ കരുതി
ലിവിംഗ്സ്റ്റന് തന്റെ വിശ്വയാത്ര തുടങ്ങിയിട്ട് 17 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബംഗ്ലാവില്‍ ഇപ്പോഴും ഒത്തുകൂടലിന് തടസമൊന്നുമില്ല. ലിവിംഗ്സ്റ്റന്തന്റെ യാത്ര കഴിഞ്ഞ് എന്തെല്ലാം കൗതുക വിശേഷങ്ങള്‍ കൊണ്ടുവരുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
മഞ്ഞിന് കാഠിന്യം കൂടുകയും മെസ്ക്വിറ്റ് പൂക്കള്‍ മൂപ്പെത്തും മുന്‍പ് വാടുകയുംചെയ്തു.പഴങ്ങളുടെ സുഗന്ധം മഞ്ഞിന്റെ തീവ്രതയില്‍ ശ്വാസം മുട്ടി നിന്നു.
ഒരു ദിവസം സൈമണ്‍ കാറ്റിച്ച് വീട്ടില്‍ എന്തോ തിരയുന്നതിനിടയില്‍ ഒരു ആമാട പ്പെട്ടി കിട്ടി. അത് തുറന്നപ്പോള്‍ ആദ്യം അയാള്‍ ഞെട്ടിപ്പോയി. രണ്ടാമതൊരിക്കല്‍ കൂടി കാണുമ്പോഴുള്ള അത്ഭുതം അയാളിലുണ്ടായി. സത്യത്തില്‍ അയാള്‍ ഒരിക്കല്‍ കൂടി അത് കാണാന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. അത് മറ്റൊന്നുമായിരുന്നില്ല. ഒരു ഡയമണ്ട് ചിരിയുമായി ലിവിംഗ്സ്റ്റന് അതിനുള്ളില്‍.