ഇത് അതു തന്നെ

മരുന്നിന്റെയും ലോഷന്റെയും ഗന്ധം ശ്വസിച്ച് ഇന്റന്‍സീവ് കെയര്‍യൂണിറ്റിന്റെ മുന്നില്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ്. താഴെത്തെ നിലയില്‍ അത്യാഹിതവിഭാഗം എന്നെഴുതിയബോര്‍ഡിന് മുന്നില്‍ അലര്‍ച്ചയോടെ ആബുലന്‍സുകള്‍ വന്നുപോയിക്കൊണ്ടിരുന്നു. അതിന്റെ ആരവം ചെവിക്കുറ്റിയില്‍ മുള്ളുകള്‍ ആഴ്ത്തുമ്പോഴുള്ള അസ്വസ്ഥ ത അവിടെകൂടിനില്‍ക്കുന്ന പലരുടെയും മുഖത്ത് ഇടയ്ക്കിടെ ചുളുവുകള്‍ വീഴ്ത്തികൊണ്ടിരുന്നു.
ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ ചില്ലുവാതില്‍ ഞരക്കത്തോടെ പാതി തുറന്നു. വെള്ളക്കുപ്പായമിട്ട നേഴ്‌സ് സരോജം ഉറക്കച്ചെവിടോടെ പുറത്തേക്ക് തലനീട്ടി ചോദിച്ചു.

കീരാട്ടുകുഴി ഗംഗാധരന്റെ കൂടെവന്ന ആരെങ്കിലുമുണ്ടോ?
പതിവിന് വിരുദ്ധമായി ഒളിപ്പിച്ചുവച്ചനാണത്തോടെയും ശബ്ദം അല്‍പ്പം മയപ്പെടുത്തിയുമാണവര്‍ അങ്ങനെ വിളിച്ചുചോദിച്ചത്.അവിടെ നിരത്തിയിട്ടിരുന്ന ഇരിപ്പടങ്ങളിലൊന്നിലിരിക്കുകയായിരുന്ന അയാളുടെ ഭാര്യ ശാരദയും സഹോദരന്‍ പ്രകാശനും ഒന്നിച്ചാണ് ഉണ്ട് എന്നുമറുപടിപറഞ്ഞത്.കൈയ്യിലെ മരുന്നുകുറുപ്പടിയിലേക്ക് നേഴ്‌സ്‌ സരോജം ഒന്നുകൂടി കണ്ണോടിക്കുന്ന സമയംകൊണ്ട് ശാരദയും പ്രകാശനും തങ്ങളുടെ ഇരിപ്പടങ്ങളില്‍നിന്ന് ഒരുപോലെ എണീറ്റു.
ഇച്ചേയി ഇരിക്ക്..
പ്രകാശന്‍ പറഞ്ഞു.

അങ്ങനെ പറഞ്ഞതിന് പിന്നില്‍ ഒരു കരുതല്‍കൂടിയുണ്ടായിരുന്നു. അവിടെ നിരത്തിയിട്ടിരിക്കുന്ന ഏതാനും ഇരിപ്പടങ്ങളില്‍നിന്ന് ആരെങ്കിലും എണീക്കുന്നതും കാത്ത് രോഗികളുടെ കൂട്ടിരിപ്പുകാര്‍ അവിടെയും ഇവിടെയും ആകാംക്ഷയോടെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരിടംകിട്ടിയാലവരിലാരെങ്കിലും അവിടേക്ക് കയറിയിരിക്കും. ഉം.. നേഴ്‌സ് സരോജത്തിന്റെ മുഖത്തുവിടരുന്ന ഭാവങ്ങള്‍ സസൂഷ്മം ശ്രദ്ധിച്ചുകൊണ്ട് ശാരദ തന്റെ ഇരിപ്പടത്തിലേക്ക്തന്നെ ചാഞ്ഞുകൊണ്ട് മൂളി. പ്രകാശന്‍ ആകാംക്ഷയോടെ നേഴ്‌സിന്റെ അരുകിലേക്ക് ചെന്നു. ങാ. പ്രകാശനല്ലേ… നേഴ്‌സ് ശബ്ദം മയപ്പെടുത്തി അടുപ്പക്കാരനോടെന്നപോലെ ചോദിച്ചു. അതേ.. ‘ങാ’ അതിശയഭാവത്തില്‍പ്രകാശനൊരുശബ്ദം പുറപ്പെടുവിച്ചു. തന്റെ പേരെങ്ങനെ അവര്‍ക്ക് മനസ്സിലായി എന്നചിന്തയോടെപ്രകാശന്‍ നേഴ്‌സിന്റെടുത്തേക്ക്‌ചെന്ന് ദുഖഭാവത്തില്‍ ചോദിച്ചു. ഗംഗാധരന്‍.. ങ..ചേട്ടന് കുഴപ്പമൊന്നുമില്ല. അവര്‍തെല്ലധികാരഭാവത്തോടെയാണതിന് മറുപടിപറഞ്ഞത്. ചേട്ടനോ.. മനസ്സില്‍ വരിഞ്ഞുമുറുകിയ ഏതൊക്കെയോ രസചരടുകള്‍ പൊട്ടിച്ചു പ്രകാശന്‍ സ്വയംചോദിച്ചു. നേഴ്‌സ് സരോജം തന്റെ വേണ്ടപ്പെട്ടവരോടെന്ന പോലെ പ്രകാശന്റെ അടുത്തേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്നുകുറുപ്പടിനീട്ടി മൃദുവായി പറഞ്ഞു. അനിയാ ഈ കാണുന്ന മരുന്നുകളൊക്കെ വാങ്ങിവരണം. ഇവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് വലത്തോട്ടു പോയാല്‍ സര്‍ക്കാരിന്റെ കാരുണ്യാമെഡിക്കല്‍ സ്റ്റോറുണ്ട്.അവിടെ വിലക്കിഴിവുകിട്ടും. പ്രകാശന്‍ തലചൊറിഞ്ഞുകൊണ്ട് ചോദിച്ചു. കിഴക്കോട്ട് പോയി വടക്കോട്ട് ചെന്ന്… ങേ.. കിഴക്കും വടക്കുമൊന്നും ഇനിക്കറിയില്ല. നേഴ്‌സ് സരോജം നിസാഹായതയോടെ മറുപടിപറഞ്ഞു.ഉം..പ്രകാശന്‍ കണ്ണുരുട്ടി ചിന്തയിലാണ്ടു. അനിയാ പ്രകാശാ… നേഴ്‌സ് സരോജം ശബ്ദം താഴ്ത്തി അടക്കംപറയുമ്പോലെ വീണ്ടും വിളിച്ചു. അനിയായെന്ന വിളി അത്രയിഷ്ടപ്പെടാത്തതിന്റെ മുഖക്കെറുവുമറച്ചുപിടിച്ചും എന്നാല്‍ എന്തോ എന്നു വിളികേള്‍ക്കുന്ന ഭാവത്തിലും പ്രകാശന്‍ കുറുപ്പടിയില്‍നിന്ന് തലപൊക്കി നേഴ്‌സ് സരോജത്തെ നോക്കി. അവര്‍ സംസാരിക്കുമ്പോള്‍ ഇടത്തേ കവിള്‍ത്തടത്തില്‍ നുണക്കുഴി കുത്തുന്നതും നാണം അതിന് ചുറ്റും രക്തംകൊണ്ട് ചിത്രംവരയ്ക്കുന്നതും പ്രകാശന്‍ ഒരുനിമിഷം നോക്കിനിന്നു. വെളുത്തുതുടുത്ത അവരുടെ മുഖത്ത് നുണക്കുഴി വിരിഞ്ഞുവരുന്നതുകാണാനൊരുഭംഗിയുണ്ട്. മധ്യവയസ്‌കയാണ്. നെറ്റിയിലെ മുടികറുപ്പിക്കാനടിച്ച ഡൈ കുത്തിപൊക്കി നരച്ചമുടി തെളിഞ്ഞുതുടങ്ങിയിരിക്കുന്നു.എങ്കിലുംനല്ലചുറുചുറുക്കും തന്റേടവും ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുംഅവരുടെ യഥാര്‍ത്ഥവയസ്സിനെ മറച്ചുപിടിക്കുന്നു. ങ്.. എന്നൊരു ശബ്ദം പുറപ്പെടുവിച്ചിട്ട് എന്തോപറയാനാഞ്ഞത് മറന്നതുപോലെ അവര്‍ ഒരുനിമിഷം നിന്നു. പിന്നെ ചോദിച്ചു.പ്രകാശന്‍കവിതഎഴുതാറുണ്ടല്ലേ.. പ്രകാശന്റെ മുഖം പ്രകാശമാനമായി. കണ്ണുകള്‍തിളങ്ങി. ഇതൊക്കെ ഇവരെങ്ങനെയറിഞ്ഞു. കലാപോഷിണി വാരികയില്‍ രണ്ടുലക്കം മുമ്പടിച്ചുവന്ന ‘മഴ’ എന്ന കവിത ഇവര്‍വായിച്ചിട്ടുണ്ടാകുമോ.. തിരക്കുള്ള നേഴ്‌സ്‌ജോലിക്കിടെ ഇതൊക്കെവായിക്കാനിവര്‍ക്ക് സമയമുണ്ടോ.. അതോ ഇനി കൊച്ചാട്ടന്‍ വീട്ടുകാര്യങ്ങളൊക്കെ ഇവരോട് വച്ചുവിളമ്പിയോ എന്നശങ്കയില്‍ പ്രകാശന്‍ നില്‍ക്കുമ്പോള്‍ നേഴ്‌സ് സരോജം തന്റെ തലയില്‍ ചൂടിയിരിക്കുന്ന വെള്ളകിരീടം ഒന്നിളക്കി നുണക്കുഴി വിരിച്ചു. ‘ഒക്കെ ചേട്ടനെന്നോട് പറഞ്ഞു’.- അതുകേട്ട്തന്റെ വരണ്ടതൊണ്ടയിലേക്ക് വായിലൂറിവന്ന ഉമിനീര്‍ വീഴ്ത്തി പ്രകാശന്‍ നനച്ചു. എന്നിട്ട് വാ ചെറുതായൊന്ന് തുറന്ന് അന്തിച്ചുനിന്നു. നേഴ്‌സിന്റെയും പ്രകാശന്റെയും മുഖത്തുമാറിമാറിവരുന്ന ഭാവങ്ങള്‍ സൂഷ്മതയോടെനോക്കികൊണ്ടിരുന്ന ശാരദയുടെ പല്ലുകള്‍ മുറുകാന്‍തുടങ്ങി. ഒരുകിരുകിരിപ്പോടെ തന്റെ ഇരിപ്പടത്തില്‍നിന്നിളകി വീണ്ടുമിരുന്നുകൊണ്ടവര്‍ ആത്മഗതംപോലെ പറഞ്ഞു. ‘ഇത് അതുതന്നെ.’ ശാരദ മനസ്സില്‍ തിളച്ചുവന്ന അമര്‍ഷം കണ്ണുപൂട്ടിഅടക്കിയിരുന്നു. നേഴ്‌സ് സരോജം പ്രകാശനോടുപറഞ്ഞു. രണ്ടുകുപ്പി ബി പോസിറ്റീവ് രക്തം കൂടിവേണം. കൊച്ചാട്ടന്റെ രക്തഗ്രൂപ്പ് എ പോസിറ്റിവാണല്ലോ. നിസംഗതയോടെ പ്രകാശന്‍ പറഞ്ഞു. അതുകേട്ട് ഒരു പുഞ്ചിരിവിടര്‍ത്തി നേഴ്‌സ് സരോജം പറഞ്ഞു. ‘പ്രകാശാ… രക്തം ചേട്ടനല്ല’ പിന്നേ.. ഏങ്ങല്‍പോലെ പ്രകാശന്‍ ചോദിച്ചു. അടുത്തബഡ്ഡില്‍ കിടിക്കുന്ന സിസിലിക്കാ. സിസിലി … അതാരാ.. വയറ്റിലൊരു ഓപ്പറേഷന്‍ കഴിഞ്ഞികിടക്കുന്ന പാവം ഒരു കുട്ടി. അവര്‍ക്ക് ബന്ധുക്കളാരുമില്ലേ? പാറശാലക്കാരാ. ഒരമ്മച്ചിമാത്രമെ അവര്‍ക്കുള്ളു. അവര്‍ വാര്‍ഡിലിരിക്കുകയാ. സിസിലി ടെക്‌നോപാര്‍ക്കിലെ ജോലിക്കാരിയാ. നേഴ്‌സ് സരോജം സഹതാപത്തോടെ പറഞ്ഞു. അവരുടെസഹപ്രവര്‍ത്തകര്‍.. പറഞ്ഞിട്ട് കാര്യമില്ല.അവര്‍ക്കൊന്നും ഇരുന്നിട്ട്എണീക്കാന്‍പോലും നേരമില്ലെന്നേ.. അതിന്… താനെന്തിനിവര്‍ക്ക് രക്തം സംഘടിപ്പിച്ചുകൊടുക്കണമെന്ന് തൊണ്ടയിലേക്ക് ഇരച്ചുകേറിയചോദ്യം പ്രകാശന്‍ ഉമിനരിനൊപ്പം വിഴുങ്ങി. ‘സിസിലിക്ക് അത്യാവശ്യമായി രണ്ടുകുപ്പിരക്തം കൊടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പുറത്ത് പ്രകാശന്‍ നില്‍പ്പുണ്ടെന്നും എന്താവശ്യമുണ്ടെങ്കിലും അവനോട് പറഞ്ഞാല്‍മതിയെന്നും പറഞ്ഞത് ചേട്ടനാ.’ പ്രകാശന്‍ ഒന്നും ചോദിക്കാതെതന്നെ നഴ്‌സ് സരോജംപറഞ്ഞു. ‘ഓഹോ..’ മനസിലേക്ക് ഇരച്ചുകേറിയ എന്തൊക്കോയോ വികാരവിചാരങ്ങളെ ഒരുശബ്ദത്തില്‍ പ്രകാശന്‍ ഒതുക്കി. ‘പ്രകാശന്‍ എല്ലാവര്‍ക്കും ഒരുസഹായിയാണല്ലേ..’ എന്നുചോദിച്ചു നേഴ്‌സ് സരോജം ഏറുകണ്ണിട്ട് ഒന്നുനോക്കി. അല്ലെന്ന് പറയാനാഞ്ഞതാണ്. പക്ഷെ പറഞ്ഞില്ല. കുറുപ്പടിഅരിച്ചുപെറുക്കിപഠിച്ചിട്ട്പ്രകാശന്‍ ചോദിച്ചു. ‘ഈ മരുന്നുകളും സിസിലിക്കുവേണ്ടിയായിരിക്കും അല്ലേ.’ ‘അതേ അനിയാ.. ‘എന്നുപറഞ്ഞുകൊണ്ടവര്‍ തിരികെ നടന്നു. ഗംഗാധരേട്ടന്‍ എന്തുതങ്കപ്പെട്ട മനുഷ്യനാ… എല്ലാവരും ഗംഗാധരേട്ടനെപ്പോലെയായിരുന്നുവെങ്കില്‍ ഈ ലോകം എത്രസുന്ദമായിരുന്നു. സരോജം മനസ്സില്‍ ചിന്തിച്ചു. പ്രകാശന്റെ തൊണ്ടയില്‍കുരുങ്ങിയ ശ്വാസം ഒരേമ്പക്കം പോലെ പുറത്തേക്ക്‌തെറിച്ചു. ‘മരുന്ന് വേഗം വാങ്ങിവരണേ..’ അകത്തുനിന്ന് നേഴ്‌സ് സരോജം തിരക്കിട്ട് പുറത്തേക്ക് വന്ന് വിളിച്ചുപറഞ്ഞു. എന്നിട്ട് നീട്ടിവിളിച്ചു. മൂസാന്‍കുട്ടിയുടെ കൂടെയുള്ളവരാരെങ്കിലുമുണ്ടോ… ശാരദഅമര്‍ഷം പൂട്ടിയകണ്ണുതുറന്ന് പ്രകാശന്റെ അരികിലേക്ക് വന്നുചോദിച്ചു. അവളെന്തുവായിരുന്നു ഇതുവരെ നിന്നോട് ശ്രൃംഗരിച്ചോണ്ടുനിന്നേ. ‘ഓ.. ഒന്നുമില്ല. ‘ പ്രകാശന്‍ തലയാട്ടിഅസ്വസ്ഥതയോടെ പറഞ്ഞു. പ്രകാശന്റെ കൈയ്യിലെ മരുന്നുകുറുപ്പടിയിലേക്ക് നോക്കി ശാദരചോദിച്ചു. ‘ഇതെന്തുവാ? കൊച്ചാട്ടനുള്ള മരുന്നാണോ?’ കുറുപ്പടി തിരിച്ചുംമറിച്ചും നോക്കികൊണ്ട്പ്രകാശന്‍ പറഞ്ഞു. കൊച്ചാട്ടന്‍ ഐ.സി.യുവില്‍കിടന്ന് സാമൂഹ്യസേവനം നടത്തുവാ. ‘അവളെകണ്ടപ്പോഴേ എനിക്ക് തോന്നി ആളത്രശരിയില്ലെന്ന്.’ ശാരദയുടെശബ്ദം അല്‍പ്പം ഉച്ചത്തിലായെന്ന് പ്രകാശന്‍ സംശയിച്ചു. വാ..പ്രകാശന്‍ ചേട്ടത്തിയെവിളിച്ചു. ശാരദപ്രകാശന്റെ ചേട്ടത്തിമാത്രമല്ല.സ്വന്തം അമ്മാവന്റെ മകള്‍കൂടിയാണ്. പ്രകാശനെക്കാള്‍ പ്രായത്തില്‍ എട്ടുപത്ത് വയസ്സ് മൂപ്പ് ശാരദക്കുണ്ട്. പ്രകാശന്‍ ശാരദയെമാറ്റിനിര്‍ത്തിപറഞ്ഞു. ‘കൊച്ചാട്ടന്റെ ഗുണവതിയാരമൊന്നും ഇച്ചേയി ഇവിടെ വിളമ്പാന്‍നിക്കണ്ട.ഇവിടിരിക്കുന്നവരെന്തുവിചാരിക്കും.’ എടാ പ്രകാശാ .. ശാരദഅധികാരസ്വരത്തില്‍ വിളിച്ചു. മരുന്നാര്‍ക്കാന്നാ പറഞ്ഞേ.അടുത്തബഡ്ഡില്‍കിടുക്കുന്ന ഏതോഒരു സിസിലിക്ക്. പ്രകാശാ.. അവരുടെ ശബ്ദം ഉച്ചത്തിലായി. ‘ഉം.’ പ്രകാശന്‍ വിളികേട്ടു. ‘നിന്റെ വായിലെന്താകൊഴക്കട്ടയായിരുന്നോ. നിനക്ക് പറയാന്‍വയ്യായിരുന്നോ എനിക്ക്് മേടിക്കാന്‍ വയ്യെന്ന്.’ ഇതുമാത്രമല്ല.രണ്ടുകുപ്പി ബി പോസിറ്റീവ് രക്തംകൂടിഓര്‍ഡര്‍ചെയ്തിട്ടുണ്ട്. ‘ഹോഹോ..’ ശാരദ ഇടതുകൈതലക്കടിച്ചുകൊണ്ട് വിളിച്ചു. ഈ മനുഷ്യനെക്കൊണ്ടുതോറ്റു.പിന്നെ സംയമനം വീണ്ടെടുത്ത് ചോദിച്ചു. നീ ‘എന്തുചെയ്യാന്‍പോകുന്നു.’ ‘ഇനിയെന്തുചെയ്യാന്‍. മരുന്നുവാങ്ങിക്കൊടുക്കാം.രക്തത്തിന് ആ ശ്യാമളനെ വിളിച്ചുപറയാം. ശാസ്ത്രിനഗര്‍റസിഡന്‍സ് അസോസിയേഷന്‍കാര്‍ നടത്തിയരക്തനിര്‍ണ്ണയക്യാമ്പിന്റെ ലിസ്റ്റ് പരിശോധിച്ച് ആരെയെങ്കിലും രണ്ടാളെ കൂട്ടിവരാന്‍ പറഞ്ഞുനോക്കാം. അല്ലാതെന്തുചെയ്യും.’ മരുന്ന് വാങ്ങാന്‍ നിന്റെ കൈയ്യില്‍കാശുണ്ടോ.. ഉം… പ്രകാശന്‍ അര്‍ദ്ധമാനസ്സോടെമൂളി. എന്നിട്ട് ചോദിച്ചു. ‘ഇങ്ങനെയൊരവസരത്തില്‍ കൊച്ചാട്ടന്‍ പറഞ്ഞാല്‍ നിഷേധിക്കുന്നത് ശരിയാണോ.’ എന്നിട്ട്ശബ്ദം താഴ്ത്തി സ്വയംപറഞ്ഞു. ‘ഇന്നോ നാളെയോഎന്നുപറഞ്ഞുകിടക്കുന്നമനുഷ്യനാ.’ എന്തോ ആലോചിട്ടുകൊണ്ടിരുന്ന ശാരദഎടുത്തടിച്ചതുപോലെ ചോദിച്ചു. ‘ ജനറല്‍ ആശുപത്രിയില്‍ കിടന്നസമയത്ത് പരിചയപ്പെട്ടഡോക്ടര്‍ഭാമിനിയെ നിനക്കോര്‍മ്മയില്ലേ..’ ‘അവളെകണ്ടടത്തൊക്കെകൊണ്ടുനടന്ന് എന്നെയുംമക്കളേയും നാറ്റിച്ചു. എന്നെക്കൊണ്ടൊന്നും പറയിക്കരുത്.’ എന്നിട്ട് ശാരദപല്ലിറുമികൊണ്ട് വിളിച്ചു. ‘പ്രകാശാ സത്യംപറ. നീകണ്ടിട്ടില്ലിയോ അവളേയും കാറില്‍കേറ്റി പാളയത്തൂടെയും ഈസ്റ്റ് ഫോര്‍ട്ടിലൂടെയും അങ്ങേര് കാറങ്ങിനടക്കുന്നത്.’ ‘ഉം.’ പ്രകാശന്‍ മൂളി. ‘എന്നിട്ടാണോ അതൊന്നും ഓര്‍ക്കണ്ടാന്ന് നീയിപ്പോ എന്നെ ഉപദേശിക്കുന്നേ.കൂടെപഠിച്ച സുഹ്‌റയേയുംകൊണ്ട് പണ്ട് കുറെ നടന്നതാ. കോവളത്തും ശഖുമുഖത്തും കനകക്കുന്നിലും … അതൊക്കെ ഞാനങ്ങ് സഹിച്ചതാ… ‘അതൊക്കെ ഇപ്പോപറഞ്ഞിട്ടെന്തുകാര്യം. ഡോക്ടര്‍ ഭാമിനി ഇവിടുന്ന് സ്ഥലം മാറിപോയില്ലേ. സുഹ്‌റ ഭര്‍ത്താവിന്റെകൂടെ ഇപ്പോള്‍ ഗള്‍ഫിലാണ്. ‘ പ്രകാശന്‍ ദേഷ്യവും വേദനയുംകലര്‍ത്തി പറഞ്ഞു. ‘ഭാമിനി അങ്ങനെ സ്ഥലമാറിയൊന്നും പോയതല്ല. ‘ ‘പിന്നേ..’ അവരുടെഭര്‍ത്താവ് വന്ന് നിര്‍ബന്ധിച്ച്സ്ഥലമാറ്റം വാങ്ങി അവരുടെ നാട്ടിലേക്ക് വല്ലവിധേനേം വിളിച്ചോണ്ടുപോയതാ. ‘ഇച്ചേയി..’ -പ്രകാശന്‍ അരിശത്തോടെയും വിഷമത്തോടെയും വിളിച്ചു. അതുകേള്‍ക്കാത്തപോലെ ശാരദപറഞ്ഞു. ‘ഇത് അതുതന്നെ.’ ‘എന്തോന്ന്’ തെല്ലമ്പരപ്പോടെ പ്രകാശന്‍ ചോദിച്ചു. ‘ആ നേഴ്‌സിനെ അങ്ങേര് കറക്കിയെടുത്തു.’ ശാരദരോക്ഷത്തോടെപറഞ്ഞു. ച്ഛേ..ച്ഛേ… പ്രകാശനത് നിഷേധിക്കുന്ന ഭാവത്തില്‍തലയാട്ടികൊണ്ടുപറഞ്ഞു. ‘ഉംഉം.. നീ കണ്ടോ പ്രകാശാ’ എന്തോരഹസ്യംകണ്ടുപിടിച്ചഭാവത്തില്‍ ശാരദ പറഞ്ഞു. ഇതിലൊന്നുമത്രതാല്‍പര്യമില്ലാത്തതുപോലെ പ്രകാശന്‍ കാരുണ്യമെഡിക്കല്‍ സ്റ്റോര്‍ തപ്പിമുന്നോട്ടുനടന്നു.കൂട്ടത്തിൽശ്യാമളനെ മൊബൈലില്‍വിളിച്ച് രണ്ടുകുപ്പി ബി പോസിറ്റീവ് രക്തത്തിന്റെ കാര്യം ഓര്‍മ്മിപ്പിക്കാനും മറന്നില്ല. നേഴ്‌സ് സരോജം വീണ്ടും പുറത്തേക്ക് വന്നു. നടന്നകലുന്ന പ്രകാശനെ ഉറക്കെവിളിച്ചു. ‘പ്രകാശാ..’ പ്രകാശന്‍ തിരിഞ്ഞുനോക്കിയപ്പോള്‍അവര്‍ കൈകാട്ടി വിളിച്ചു. ‘ഇങ്ങ് വാ..’ വേറെയന്തെങ്കിലും കുണ്ടാമണ്ടി കൊച്ചാട്ടനൊപ്പിച്ചോയെന്ന ആവലാതിയോടെ പ്രകാശന്‍ തിരികെ നടന്നു. ഇത് നോക്കിയും കണ്ടുമിരിക്കുകയായിരുന്ന ശാരദകോപത്തോടെ എണീക്കുന്നതുനോക്കി പ്രകാശന്‍ പറഞ്ഞു. ‘ഇച്ചേയി അവിടിരുന്നാല്‍ മതി.’ ‘ഓ.. ഇതാണാശാരദ…’ നേഴ്‌സ് സരോജം ഒരു കുറ്റവാളിയെ നോക്കുമ്പോലെ ശാരദയെനോക്കി പുറുപുറുത്തു. അമ്മാവന്റെ മകള്‍. ശംഗാധരേട്ടന് ഒരു സൈ്വരവം കൊടുക്കാത്തമുശ്ശേട്ട.കാഴ്ചയില്‍ വലിയതരക്കേടില്ല. പക്ഷെ അതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. മനസ്സ് കൂടി നന്നാവേണ്ടേ. പാവം ഗംഗാധരേട്ടന്‍ ഇവരെകൊണ്ട് എന്തുമാത്രം സഹിച്ചു. ‘ നേഴ്‌സ് സരോജം മനസ്സില്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ട് ശാരദയെനോക്കിയൊന്നുചിറികോട്ടി. ‘ഉംഉം ‘എന്ന മൂളലോടെ ശാരദതലവെട്ടിച്ചു. നേഴ്‌സ് സരോജം അതത്രകാര്യമാക്കാതെ പ്രകാശന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്നു. നേഴ്‌സ് സരോജത്തിന്റെ ദേഹത്തിന് എതോമണത്ത്മറന്ന മരുന്നിന്റെ ഗന്ധമായിരുന്നു. അതേത് മണമാണെന്നാലോചിച്ചുകൊണ്ട് എന്തേ…എന്ന ചോദ്യഭാവത്തില്‍അവരുടെ മുഖത്തേക്ക് പ്രകാശന്‍ നോക്കി. രക്തബാങ്കില്‍ ചെന്ന് ഇതുകാണിച്ചാലവര് രക്തം തരും. പിന്നീടാരെങ്കിലും വന്ന് പകരം രക്തം കൊടുത്താല്‍മതി. അവരൊരുകുറുപ്പടികൂടി പ്രകാശന്റെ കൈയ്യിലേക്ക് കൊടുത്തു. പ്രകാശനൊന്നുമൂളി തലകുലുക്കി കുറുപ്പടിയും വാങ്ങി മുന്നോട്ട്‌നടന്നു. അതുനോക്കി ഇവനുമൊരുപെങ്കോന്തനായിപ്പായല്ലോയെന്ന് ചിന്തിച്ചുകൊണ്ട് ശാരദ വീണ്ടും പല്ലിറുമി. പ്രകാശന്‍ ആലോചിക്കുകയായിരുന്നു. കീരാട്ടുകുഴി പ്രകാശന്‍ എന്ന പേരില്‍ തന്റെ ആദ്യകവിത മനോലോകം വാരികയില്‍ അച്ചടിച്ചുവന്നപ്പോള്‍എ ന്തുസന്തോഷത്തോടെയാണ് ഞാനതുമായിവീട്ടിലേക്ക് ചെന്നത്. എന്നാല്‍ കീരാട്ടുകുഴിപ്രകാശനെന്ന പേര് കണ്ട് ഗംഗാധരനേട്ടന്‍ പൊട്ടിത്തെറിച്ചു. കീരാട്ടുകുഴിയെന്ന കുടുംബപ്പേര് തന്റെ പേരിനൊപ്പം വച്ചസ്ഥിതിക്കിനി മറ്റൊരാളത് വയ്ക്കരുതെന്ന് പറഞ്ഞ് വീട്ടില്‍ ഒച്ചവച്ചു. ഇനി മേലാല്‍ കീഴാട്ടുകുഴിയെന്ന് പേര് വച്ചെവിടെയെങ്കിലും എഴുതിയതുകണ്ടാല്‍ തലയടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. അമ്മയത് കേട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. കൊച്ചാട്ടന് ദേഷ്യംവന്നാല്‍ മേല്‍കീഴ് നോക്കില്ലെന്ന് അമ്മക്ക് നന്നായറിയാം. അമ്മയുടെ കണ്ണ് നിറഞ്ഞു. സാരിയുടെ കോന്തലുകൊണ്ട് കണ്ണീര്‍ തുടച്ചുകൊണ്ട് അമ്മ ഒന്നും ഉരിയാടാതെ അടുക്കളയിലേക്ക് പോയി, തന്റെ ആദ്യകവിതയ്ക്ക് വീട്ടില്‍ ലഭിച്ച സ്വീകരണം അങ്ങനെകണ്ണീരില്‍കുതിര്‍ന്നു. ഇനി കവിത എഴുതേണ്ടതില്ലെന്ന് ഉറപ്പിച്ചതാണ്. പക്ഷെ പരാജയപ്പെട്ടു. കീരാട്ടുകുഴി പ്രകാശന്‍ അങ്ങനെ കെ.കെ.പ്രകാശനായിമാറി.
കുട്ടിക്കാലംമുതല്‍ കൊച്ചാട്ടന്‍ ഓരോ ഓരോകാരണംകണ്ടെത്തി തന്നെ ഉപദ്രവിക്കും.തനിക്ക് ചക്കര ഇഷ്ടമാണെന്നറിയാവുന്ന കൊച്ചാട്ടനതില്‍ ചാണകം പുരട്ടി തരും. ചക്കര തിന്നുകഴിയുമ്പോള്‍ ചാണകം തീറ്റിച്ചേന്ന് പറഞ്ഞ് കൂകി വിളിക്കും. ഊണിന് എല്ലാവര്‍ക്കും പൊരിച്ചമീനിന്റെ കഷണം ഒന്നുവീതം വച്ചാല്‍ കൊച്ചാട്ടന് രണ്ടെണ്ണം വേണം.ഓണത്തിന് പുത്തനുടുപ്പെടുക്കുമ്പോള്‍ കൊച്ചാട്ടന്റെ ഉടുപ്പിനോളം വില തന്റെ ഉടുപ്പിന് വരാന്‍ പാടില്ലെന്ന് ശാഠ്യം പിടിക്കും. ഇങ്ങനെ ഓര്‍ത്തെടുക്കാനാണെങ്കില്‍ നല്ലഓര്‍മ്മകള്‍ വളരെ കുറച്ചേയുള്ളു. ശാരദഇച്ചേയിയും ഒരുപാട്‌സഹിക്കുന്നു.അവരുടെ രണ്ടുപെണ്‍മക്കളും.
അച്ഛന്‍ പോയശേഷം ആ സ്ഥാനനത്ത് കണ്ടആളാ. എന്താ ഇങ്ങനെയായിപ്പോയേ.. പ്രകാശന്റെ ഹൃദയംവിങ്ങി. പ്രകാശന്‍മരുന്നുവാങ്ങിവന്നു. മൂവായിരത്തിയ ഞ്ഞൂറു രൂപയില്‍ അഞ്ഞൂറുരൂപ കുറച്ചുകിട്ടി. രണ്ടുകുപ്പി രക്തവും വാങ്ങി. നേഴ്‌സ് സരോജത്തെ അതൊക്കെ ഏല്‍പ്പിച്ച് വാതുക്കല്‍ കാത്തുനിന്നു. നേഴ്‌സ് സരോജം വെപ്രാളപ്പെട്ട് അകത്ത് നടക്കുന്നതും ഡോക്ടര്‍ വന്നുപോകുന്നതുമെല്ലാം പ്രകാശന്‍ കാണുന്നുണ്ടായിരുന്നു.
സിസിലിക്കെന്തെങ്കിലും സംഭവിച്ചുകാണുമോ..പ്രകാശന്‍ ആലോചിച്ചു. നേഴ്‌സ് സരോജം ഏങ്ങലോടെ കണ്ണീര്‍തുടച്ച് പുറത്തേക്കിറങ്ങിവന്നു.
അതുകണ്ട് ശാരദ പ്രകാശന്റെ അരികിലേക്ക് വന്നുചോദിച്ചു.
എന്താ..
ആ..ങ്,,
പ്രകാശന്‍ അറിയില്ലെന്ന ഭാവത്തില്‍ ഒരുശബ്ദം പുറപ്പെടുവിച്ചു. കൊച്ചാട്ടനിനി അവരോടെന്തെങ്കിലും മോശമായി പെരുമാറിക്കാണുമോ?
ശാരദ അറച്ചറച്ച് പ്രകാശനോട് ചോദിച്ചു.
‘ഓ..പിന്നേ’
പ്രകാശനത് കേട്ട് ദേഷ്യംവന്നു. നേഴ്‌സ് സരോജം പ്രകാശനെനോക്കി.പിന്നെ വേദനയോടെ വിളിച്ചു പ്രകാശാ. എന്റെ ചേട്ടന്‍ പോയി പ്രകാശാ..
ഏതു…ചേട്ട..ന്‍…പ്രകാശന്‍ ചോദിച്ചു. എന്റെ ഗംഗാധരേട്ടന്‍..ങേ പ്രകാശനത് കേട്ട്ഏങ്ങി.
ങേ ..
എല്ലാം കണ്ടും കേട്ടും നിന്ന ശാരദപല്ലിറുമി.പിന്നെ ഇറ്റിവീണ കണ്ണീര്‍ കൈപ്പത്തികൊണ്ടുതുടച്ചു. .
9447400161

Author

Scroll to top
Close
Browse Categories