ചിന്തിക്കുന്ന മനുഷ്യനും മത്സ്യകന്യകയും
ദൈവം പറഞ്ഞു: മനുഷ്യന് ഏകനായിരിക്കുന്നത് നന്നല്ല. അവന് ഞാനൊരു ഇണയെ നല്‍കും. അനന്തരം അവന്റെ വാരിയെല്ലില്‍ നിന്നും ഒരെണ്ണമെടുത്ത് ദൈവം സ്ത്രീയെ സൃഷ്ടിച്ചു.
ഉല്പത്തിയുടെ പുസ്തകം.
പുതുവര്‍ഷപ്പിറ്റേന്ന്, സായംസന്ധ്യയില്‍ രണ്ട് ഏകാന്തതകള്‍ കണ്ടുമുട്ടി.
പെണ്ണഴകിന്റെ മുഗ്ദ്ധലാവണ്യം പേറി അസ്തമയസൂര്യനെനോക്കി ചിപ്പിക്കുള്ളില്‍ അര്‍ദ്ധനഗ്നയായി കിടക്കുന്ന മത്സ്യകന്യക മലര്‍ന്ന് കൈകള്‍ രണ്ടും തലയ്ക്കുപിറകില്‍ കൊടുത്ത് മടക്കിയ ഇടതുകാലിന്മേല്‍ വലതുകാല്‍വച്ച് ചിന്തിച്ചു കിടക്കുന്ന മനുഷ്യന്.
ഏകാന്തതയുടെ രണ്ട് അപാര ശില്പമുദ്രകള്
സ്ഥലം: ശംഖുകളുടെ കടല്‍ത്തീരം.
തീരമാകെയും മറ്റൊരു കടലായി നിറഞ്ഞ് ആള്‍ക്കൂട്ടം കണ്‍കുളിര്‍ക്കെ കടല്‍ കാണുന്നവര്‍, കാറ്റുകൊള്ളുന്നവര്‍, കമിതാക്കള്‍, പ്രണയികള്‍, തുള്ളിച്ചാടിക്കളിക്കുന്ന കുട്ടികള്‍…
ശബ്ദായമാനം തീരം.
ശബ്ദതരംഗങ്ങളില്നിന്നുമകന്ന് മണല്ത്തിട്ടയിലൊരിടത്ത് ചുമ്മാ ചിരിച്ചുംകൊണ്ട് താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു ഭ്രാന്തന്…
നീ മാത്രം ഇവിടെയിങ്ങനെ ഒറ്റയ്ക്ക് കിടക്കുന്നതെന്ത്? കന്യകയുടെയുള്ളം
നീ ഇവ്വിധം തനിച്ചായിപ്പോയതെന്ത്? മനുഷ്യന്റെ അന്തരാത്മാവ്.
രണ്ടുപേര്‍. എന്നാല്‍ ഒരേ മാനസികാവസ്ഥ.
അവര്‍ പരസ്പരം കണ്ടുവോ? കണ്ടു.
ഇനി നമ്മള് ശിലാപ്രതിമകളല്ല, ജീവനുള്ളവര്‍ ജീവിതത്തെ അഭിമുഖീകരിക്കേണ്ടവര്‍. ഉവ്വ്, അവരുടെ
ഉള്ളുരച്ചു.
ദേ, ഒരു മുഴുപ്പെണ്ണായി ഞാനുയിര്ത്തു.
ദേ, ഒത്തൊരു പുരുഷനായി ഞാനും.
പ്രിയമുള്ളേ…
വിളി കേട്ടു. ഒരു വിളിപ്പാടകലെയായിരുന്നു അവള്.
പ്രിയമുള്ളവനേ…
വിളി കേട്ടു. ഒരു വിളിപ്പാടകലെയായിരുന്നു അവന്.
അന്നേരം ഭ്രാന്തന് പാടാന്‍ തുടങ്ങി; മാനസ മൈനേ വരൂ… മധുരം നുള്ളി തരൂ… നിന്
അരുമപ്പൂവാടിയില്‍ നീ… തേടുവതാരെ ആരേ…
വേഗത്തില്‍ ചുവടുവച്ചു അവന്. കരയിലേക്കു കുതിച്ചുവരുന്ന കടല്‍പോലെ വ്യഗ്രതപുണ്ട് അവളും. കടല്‍വന്നു വാരിപ്പുണരാന്‍ കാത്ത കരപോലെ.
കടപ്പുറത്തിനു നടുവിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴെ അവര്‍ നിന്നു. അടുത്തുവന്നപ്പോഴാണ് അന്യോന്യം തിരിച്ചറിയുക.
ഞാന്‍ അന്വേഷിച്ചവള്‍ എന്നവന്റെ മനസ്സ്.
ഞാന്‍ കാത്തിരുന്നവന് എന്നവളുടെ മനസ്സ്. ഏകാന്തതയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടേയുള്ളൂ.
ഞാനുമതെ, അനുഭവിച്ചു.
വിരഹം തിന്ന് ഞാന്‍ മരിച്ചുപോകും.
ഏകാന്തത കുടിച്ച് ഞാനും.
ഓരോ ദിനവും ഒരു യുഗംപോലെ.
ഓരോ ദിനവും ഒരു പരിത്യാഗം പോലെ.
ലൈറ്റ് തൂണിനപ്പുറം നിന്ന് അവന് അവളുടെ നേര്‍ക്ക് കൈനീട്ടീ. ഇപ്പുറത്തുനിന്നും അവന്റെ നേര്‍ക്ക് അവളും.
തൂണിനു ചുവടെ ഒരു കാര്‍ഡ്ബോര്‍ഡില്‍ എഴുതിവച്ചിരിക്കുന്നു: ‘രണ്ട് ഏകാന്തതകള്‍ കണ്ടുമുട്ടുകയും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അതില്‍ പ്രണയത്തിന്റെ സാന്ദ്രത അടങ്ങിയിട്ടുണ്ട്.’ റെയ്നര്‍ മരിയ റില്‍ക്കെ.
കൈകള്‍ കോര്‍ത്ത് കടല്‍ക്കരയിലേക്കു നടന്നു രണ്ടാളും.
നമ്മുടെ ഈ ഏകാന്തതയ്ക്ക് ഒരു കാരണം വേണ്ടേ?
തീര്‍ച്ചയായും.
അവള് പറഞ്ഞു; നിനക്കു പ്രായം ഇരുപത്തിയഞ്ച്. കെട്ടിയത് നഴ്സിംഗ് പഠിച്ച പെണ്‍കുട്ടിയെ കെട്ടി ആറുമാസം തികയും മുന്നേ ലണ്ടന്‍കാരിയുടെ കെട്ടിയവന് എന്ന വിളിപ്പേര് സമ്മാനിച്ച് അവളങ്ങ് ലണ്ടനില്‍ പോയി. വേറെന്തു ചെയ്യാന്‍ ജോലിയല്ലേ, ജീവിതമല്ലേ. ജീവിതം അങ്ങനെയൊക്കെയല്ലേ എന്ന് നമ്മുടെ കാലം.
അവന് പറഞ്ഞു: നിനക്ക് പ്രായം ഇരുപത്തിയൊന്ന്. ബിരുദം കഴിഞ്ഞപാടെ വിവാഹിതയായി. കെട്ടിയതൊരു പേര്‍ഷ്യാക്കാരന്‍ കെട്ടി രണ്ടുമാസം തികയും മുന്നേ പേര്ഷ്യാക്കാരന്റെ ഭാര്യ എന്ന പരിതോഷികം നല്കി അവന് മടങ്ങിപ്പോയി. വേറെന്തു ചെയ്യാന്‍? ജോലിയല്ലേ. ജീവിതമല്ലേ, ജീവിതം അങ്ങനെയൊക്കെയല്ലേ എന്ന് നമ്മുടെ കാലം.
മറ്റൊരു കാരണംകൂടി കണ്ടെത്തിയാലോ?
ആവാം.
അവര്‍ പറഞ്ഞു. നമ്മള് പരസ്പരം പ്രണയിച്ചിരുന്നു. കടലിനോളം ആഴമുള്ള പ്രണയം ആയിരുന്നു. എന്നാല്‍ വ്യത്യസ്ഥ മതസ്ഥരായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹം നമ്മെ ഒരുമിക്കാന്‍ അനുവദിച്ചില്ല.
കണ്ടുമുട്ടാനും കണ്ടെത്താനും ഓരോരോ കാരണങ്ങള്‍…
കടലിന്റെ വിളുമ്പിലേക്കു വന്നു അവര്‍. കടല്‍ അവരെ ഹര്‍ഷാരവത്തോടെ വരവേറ്റു.
കാല്പാദങ്ങള് പാഞ്ഞടുക്കുന്ന തിരമാലകളിലേക്ക് നീട്ടിവച്ചു. കുഞ്ഞലകള്‍ കുസ്യതികളായി കാല്പാദങ്ങളെ തഴുകി. കൈകള്‍ കടലലകളിലേക്ക് വിടര്‍ത്തി. അലകള്‍ അതിന്റെ ശീതത്തുള്ളികള് അവര്‍ക്കു മേല്‍ കുടഞ്ഞു.
കടല്‍ അവരെ സ്നാനം ചെയ്തു.
ഹാ! എന്തൊരു പുഞ്ചിരിയാണ് കടലിന്.
കടല കടലേയ്… കടല വില്പനക്കാരന് അതുവഴി വന്നു.
കൊറിച്ചാലോ?
പിന്നെന്ത്?
സൗഹൃദക്കടല കൊറിച്ച് അവനും അവളും കടല്‍ക്കരയിലൂടെ നടന്നു. കിഴക്കുനിന്നും കുളിരുള്ള കാറ്റ് അവരെ ചുറ്റി ഒഴുകി.
ചക്രവാളത്തില്‍ മുങ്ങാന്‍ ഒരുമ്പെടുന്ന സൂര്യന്. അസ്തമയസൂര്യനോട് അല്പം കൂടി സമയം തരൂ എന്ന്
കടംചോദിക്കുന്ന സന്ധ്യ. സന്ധ്യയുടെ സ്നിഗ്ദ്ധ പൂര്ണതയിലേക്കു പറക്കുന്ന ഇണപ്പക്ഷികള്‍.
വര്‍ണങ്ങളുടെ ഒരു കൊളാഷ്, പ്രണയത്തിന്റെയും.
മണല്‍ത്തിട്ടകളിലൊന്നില്‍ അസ്തമയക്കടലിനെ നോക്കി അവര്‍ ഇരുന്നു. പ്രപഞ്ചത്തിന്റെ പറുദീസയില്‍ ആദമും ഹവ്വയുമിരിക്കുന്നപോലെ. അവര്‍ക്കു സമീപം, കടല്കൊണ്ടുവന്നിട്ട വലംപിരി ശംഖ്.
പ്രണയരാഗങ്ങളുടെ ശംഖ്.
പ്രണയമാനസ്സങ്ങള്ക്ക് കടല്തരുന്ന സമ്മാനം.
എത്ര മനോഹരം ഈ കടല്‍ത്തീരം
കടല്‍ത്തീരം ഇത്രമേല്‍ മനോഹരമായിരിക്കുക, പ്രണയികള്‍ അതിന്മേല് അടയിരിക്കുന്നതു കൊണ്ടാവും.
അവന്: ആരായിരിക്കും ഭൂമിയിലെ ആദ്യത്തെ പ്രണയികള്‍.
അവള്: തീര്‍ച്ചയായും, ആദമും ഹവ്വയും. ഒരു മിത്ത് എന്നാകിലും.
അവന്: ഒപ്പം നടന്ന വാരിയെല്ലിന് കഷണത്തെ കാണാതായ പിടപ്പില്‍ നിന്നാവും ആദ്യത്തെ പ്രണയമന്ത്രം പിറക്കുക.
അവള്: നാം രണ്ടല്ല, ഒന്നാണ് എന്ന സാര്‍വകാലിക മന്ത്രം.
അന്നേരം അതുവഴി പോവുകയായിരുന്ന ഒരു പരുന്ത് അവര്‍ക്കു മുകളിലെ ആകാശത്ത് നിശ്ചലം നിന്നു.
അങ്ങനെ ആ പഴഞ്ചൊല്ലിന് ഒരു അപ്ഡേറ്റഡ് ഉണ്ടായി.
പ്രണയത്തിനു മീതെ പരുന്തും പറക്കില്ല.
ഉള്‍ക്കടലില്‍നിന്നും ഇരമ്പിയാര്ത്തുവന്ന് പതിയെ വളരെപ്പതിയെ ഒരു മൃദുസ്മേരത്തോടെ കരയുടെ മാറിലേക്ക് വീഴുകയും എന്തോ പതം പറയുകയും ചെയ്യുന്ന തിരമാലകളെ നോക്കി മണല്‍ത്തിട്ടയിലിരുന്നു അവര്‍.
അവന്: നോക്കൂ, ഒരേ കടലല്ല, ഒരേ കരയുമല്ല. കരയെ വാരിപുണര്‍ന്നുകൊണ്ട് കടല്‍ പിന്‍വാങ്ങുന്നു.
അവള്: പിന്നെ വരുന്നത് മറ്റൊരു കടല്‍. വേറൊരു രൂപത്തില്‍ വേറൊരു ഭാവത്തില്‍, വേറൊരു താളത്തില്‍.
അവന്: തന്നെ വാരിപ്പുണര്‍ന്നു പോകുന്ന കടലിനെ കരയ്ക്കറിയാം. കരയ്ക്ക് അതേ വേണ്ടൂ.
അവള്: കര പ്രസരിപ്പോടെ പിന്നെയും കിടക്കുന്നു. മറ്റൊരു കരയായി.
കടലും കരയും ഉടല്കോര്ക്കുന്ന ആ പ്രതിഭാസത്തെ എന്തു പേരിട്ടു വിളിക്കും?
ഉപാധികളില്ലാത്ത പ്രണയം.
കടലേ… അവള് അവന്റെ ചെവിയില്‍ മന്ത്രിച്ചു.
കരയേ… അവന് അവളുടെ ചെവിയില്‍ മന്ത്രിച്ചു.
കടലും കരയും. ഹാ! എന്തൊരു ഉപമാനം. ഒന്നായി മന്ത്രിച്ചു.
മണല്‍ത്തിട്ടയിലിരുന്ന ഭ്രാന്തന് ഉച്ചത്തില്‍ പാടുകയാണ്; കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ലാ…
സന്ധ്യ മയങ്ങി. ഇരുട്ടുവീണ്ടുതുടങ്ങി. പതിയെപ്പതിയെ വിനോദത്തിനെത്തിയ ആളുകള്‍ തീരം വിടാന്‍ തുടങ്ങി.
വിജനം, മൂകം കടല്‍ത്തീരം.
നീ ശ്രദ്ധിച്ചോ? നാലുപേരുടെ ഒരു സംഘം പതിഞ്ഞ കാൽവയ്പുകളോടെ വന്ന് നമ്മളെ തുറിച്ചു നോക്കിക്കൊണ്ടുപോയത്.
പക്ഷേ, സാധ്യതയുണ്ട്. ആറാട്ടുമണ്ഡപത്തിനുകീഴെ ഏറെയായി നമ്മളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടു നില്ക്കുന്ന ഒരു സംഘത്തെ കുറച്ചുമുന്നേ കണ്ടപോലെ.
കണ്ടു എന്നതും വന്നു എന്നതും ശരിയാണ് എങ്കില്‍?
ഗസ്റ്റ് ലോസ്റ്റ്.
അവര്‍ എഴുന്നേറ്റു. മണല്‍പ്പുറം പിന്നിട്ട് നിരത്തിലേക്കു വന്നു. നിരത്തിലാകെയും പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന കൊടിതോരണങ്ങള്‍… അലങ്കാരങ്ങള്‍… പുതുവര്‍ഷത്തിനു സ്വാഗതമാശംസിച്ചുകൊണ്ട് പോസ്റ്ററുകള്‍…
നിരത്തിനരുകിലെ ജ്യൂസ് കട കണ്ടോ?
കണ്ടു.
നമ്മള് ജ്യൂസ് കടയിലേക്കു കയറി.
കയറി.
കണ്ണാടി ഷെല്‍ഫില്‍ പലതട്ടുകളിലായി വ്യത്തിയിലും ഭംഗിയിലും അടുക്കിവച്ചിരിക്കുകയാണ് പലഹാരങ്ങള്‍. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട…
സുഖിയന്‍ ഞാന്‍ പറഞ്ഞു.
ചെറുപയറും ശര്‍ക്കരമധുരവും അരിമാവില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുന്ന സ്വാദിഷ്ടമായ പലഹാരം. ഇഷ്ടത്തോടെ ഞാന്‍ നിന്നോട് തലകുലുക്കി.
സുഖിയന്‍ ഞാന്‍ ആവശ്യപ്പെട്ടു.
എത്ര എന്ന് കടക്കാരന് ചോദിച്ചു?
ഒരുനിമിഷം നമ്മള് പരസ്പരം നോക്കി.
ഒന്ന് എന്ന് ഒന്നായി പറഞ്ഞു.
പാതി മുറിച്ച് ഞാന്‍ നിനക്കു തന്നു.
ആരാ ഇയാള്‍? മുമ്പൊന്നും കണ്ടിട്ടില്ല. കടക്കാരന് നിന്നോടു ചോദിച്ചു.
ഫ്രണ്ട് എന്ന് ഞാന്‍ മറുപടി പറഞ്ഞു. മുമ്പ് എന്നെയും കണ്ടിട്ടില്ലല്ലോ എന്ന് കടക്കാരനോട് ചോദിക്കണമെന്ന് തോന്നി. പക്ഷേ, ചോദിച്ചില്ല.
ഓരോ കാര്യകാരണങ്ങള്‍!
പ്രധാന പാതയിലേക്കു നടന്നു അവര്‍. പാതയോരത്ത് കൂറ്റന്‍ പരസ്യബോര്‍ഡുകള്‍. ശ്രദ്ധിച്ചു. വസ്ത്രശേഖരങ്ങളുടെ പരസ്യമാണ്. ഒന്നിലെ പരസ്യം ഇങ്ങനെ: വസ്ത്രങ്ങളുടെ വര്‍ണപ്രപഞ്ചം. മറ്റൊന്നില്‍ വസ്ത്രങ്ങളുടെ പറുദീസ. രണ്ടിലും അണിഞ്ഞൊരുങ്ങിയ പെണ്ണിന്റെ ചിത്രം.
ഇത്രയധികം വസ്ത്രങ്ങള്‍ അണിഞ്ഞിട്ടും മലയാളിപ്പെണ്ണിന് നാണം മാറാത്തതെന്ത്? സ്വയമെന്നോണം അവന് ചോദിച്ചു.
മലയാളിപ്പെണ്ണേ നിന്റെ മനസ്സ്… സ്വയമെന്നോണം അവള് പാടുകയും ചിരിക്കുകയും ചെയ്തു.
നിരത്തിന്റെ ഓരത്തെത്തി അവര്‍.
നിരത്തിലൂടെ ഭ്രാന്തെടുത്തു പായുകയാണ് വാഹനങ്ങള്‍.
ഉടനെ ചെന്നില്ലെങ്കില്‍ ജീവിതത്തെ ആരെങ്കിലും കട്ടെടുത്തുകൊണ്ടുപോകും എന്നാവും. ഹൊ!
എന്തൊരു മനുഷ്യര്‍.
പുതിയ മനുഷ്യര്‍.
പിന്നില്‍, നേര്‍ത്ത ഇരുട്ടില്‍, ഉറച്ച കാല്‍വയ്പുകള്‍ കേട്ടു.
കടല്‍ത്തീരത്തുവച്ച് തുറിച്ചുനോക്കിയ ആ നാൽവര്‍ സംഘമാകും.
സൂക്ഷിച്ചുനോക്കി. ഇല്ല, ആരുമില്ല. ആകാശക്കടലിലൂടെ തെക്കുനിന്നും വടക്കോട്ട് ആയത്തില്‍ തുഴഞ്ഞു പോവുന്ന വവ്വാലുകളുടെ ശ്വാസോച്ഛ്വാസം.
അവര്‍ നമ്മെ പിന്തുടര്ന്നു എന്നതും നമ്മള് കണ്ടു എന്നതും ശരിയാണ് എങ്കില്‍?
നെവര്‍ മൈന്‍ഡ്.
കൈകള്‍ കൊരുത്ത് പാത മുറിച്ചു കടന്നു അവര്‍.
നീളെ നിരനിരയായി കായ്ച്ചു നില്ക്കുന്ന തെങ്ങുകള്‍.
തെങ്ങിന്തോപ്പ് പിന്നിട്ട് പച്ചപ്പുല്‍ പാകിയ കുന്നിന്റെ കയറ്റം കയറി. പലനിറത്തിലുള്ള പൂക്കള്‍ കൊണ്ടലങ്കരിച്ച ഉദ്യാനം. അവര്ക്കായെന്ന പോലെ ഉദ്യാനത്തിനു നടുവില്‍ ഒറ്റപ്പെട്ട് ഒരു കുടീരം. അഥവാ കുടീരം അവരെ കൈകാട്ടി വിളിച്ചു; പ്രിയമുള്ളവരേ വരിക…
വിളിച്ചിടത്തേക്ക് അവര്‍ നടന്നു.
ദൈവത്തിന്റെ ഛായയുള്ള ഒരു കലാകാരന്റെ കരവിരുതില്‍ തീര്‍ത്ത, നീലാകാശനിറം പൂശിയ മനോഹരമായ കുടീരം. കൂട്ട് എന്ന് കുടീരത്തിന് പേര്.
പൂമുഖത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് ഒരു നാരകമരം. മരക്കൊമ്പില്‍ അവരെ സ്വാഗതമാശംസിക്കാനെന്നോണം അണ്ണാറക്കണ്ണന്. കൂടീരത്തിനു മുന്നിലെത്തിയതും അണ്ണാന് അവരെ നാക്കി ചിലച്ചു; ചിയേഴ്സ്.
നാരകം നട്ടിടം നാരിക്ക് കേട് എന്ന് നാട്ടുചൊല്ല്. പുല്ല് നീ വാ… അവള് അവനെ വാതില്ക്കലേക്കു നയിച്ചു. മുട്ടാതെ തുറന്ന വാതിലിലൂടെ മുട്ടിയൂരുമ്മിക്കയറി അവര്‍. മുറിക്കുള്ളില്‍ ഒരു പ്രസാദാത്മകത വിരുന്നുവന്നപോലെ,
മഴവില്ലിന്റെ എഴുനിറങ്ങള് കൊണ്ടലങ്കരിച്ച മുറി. ഒരു വാതില്‍, ഒരു ജനാല, ചൂരല്‍ കൊണ്ടു മെടഞ്ഞ രണ്ടു കസേര, കട്ടില്, പനിനീര്‍പ്പൂവ് വരച്ച വിരിപ്പ്.
മുറിക്കുള്ളിലേക്ക് ആദ്യം കണ്ണെത്തുക ചുവരില്‍ തൂക്കിയ ചിത്രത്തിലേക്കാണ്; ‘ലവേഴ്സ്.’ റെനെമഗ്രിറ്റെയുടെ വിഖ്യാതമായ പെയിന്റിംഗ്.
തോളോടു തോളുരുമ്മി ചിത്രത്തെ കണ്ടുനിന്നു അവര്‍.
അവള് : പ്രണയികളാണ്, മുഖം ചാരനിറമാര്‍ന്ന തുണിയില്‍ മൂടിക്കെട്ടിയിരിക്കുകയാണ്.
അവന്: ബൂര്‍ഷ്വാസികള്‍ മറശ്ശീലയിട്ട ആണും പെണ്ണും.
അവള്: അവര്‍ക്ക് പരസ്പരം കാണാന്‍ കഴിയുന്നില്ല. പരസ്പരം അനുഭവിക്കാനാകുന്നില്ല. ചുംബിക്കാന്‍പോലും കഴിയുന്നില്ല.
അവന്: നമ്മുടെ കാലത്തോടു സംവദിക്കുന്ന അപൂര്‍വചിത്രം.
അവള്: ലൈംഗിക നിരാശയുടെ ഒരു മാസ്റ്റര്‍പീസ്.
ചൂരല്ക്കസേരയിലിരുന്നു അവര്‍. രണ്ടു മിഠായികളില്‍ ഒന്ന് അവള് അവനു നല്കി. മിഠായി നുണഞ്ഞ് അന്യോന്യം മിഴികളില്‍ നോക്കിയിരുന്നു.
നമ്മള് സോള്‍മേറ്റ് എന്നു സങ്കല്പ്പിച്ചാലോ?
സങ്കല്പമാണ് ഭാവിയെ നിര്‍ണയിക്കുക.
എങ്കില്‍, നമുക്കു നമ്മുടെ ബാല്യത്തിലേക്കുതന്നെ തിരിച്ചുചെല്ലാം.
അതെ, പണ്ടത്തെ നമ്മുടെ ആ കുട്ടിക്കാലം.
കടലിന്റെ അരുകിലിരുന്ന് മണ്ണുകൊണ്ട് കളിവീടുണ്ടാക്കിയത്.
ഒതുക്കുകല്ലിന്റെ മറവിലിരുന്ന് ഒളിച്ചുകളിച്ചത്.
ആകാശത്തിന്റെ അനന്തവിഹായസിലേക്ക് പട്ടം പറത്തിയത്.
പറങ്കിമാവിന്‍ ചോട്ടിലിരുന്ന് കുഞ്ഞുകുഞ്ഞു കഥകള്‍ പറഞ്ഞത്.
കുയിലിന്റെ നീണ്ട കൂക്കിന് മറുകൂക്കിട്ടത്.
വഴിയിറമ്പിലൂടെ നടന്നുനടന്ന് നമ്മള് എന്നും ഇങ്ങനെ ഒന്നായിരുന്നാല്‍ മതിയായിരുന്നു എന്ന് മോഹിച്ചത്.
മുള്ളുവേലിക്കപ്പുറമിപ്പുറം നിന്ന് നമ്മള് ഉമ്മവച്ചത്.
ഉപാധികളില്ലാത്ത അന്നത്തെ നമ്മുടെ കൂട്ട്.
എന്തൊരുജ്ജ്വല ബാല്യം.
എത്ര സുന്ദര കാലം,
ഹൊഹോയ്… ആര്‍പ്പുവിളിച്ചുകൊണ്ട് അവര്‍ എഴുന്നേറ്റു. മുറിക്കകം ചുറ്റി നൃത്തംവച്ചു. അപ്പോഴാണ് അവര്‍ ശ്രദ്ധിക്കുക. ജനാലയുടെ കീഴെ മുളങ്കമ്പുകൊണ്ടു പണിത ചെറുപീഠത്തില് ഒരു കുപ്പി, രണ്ട് ഗ്ലാസ്,
ഒരു ബോക്സ്.
കുപ്പിയില്‍ വിസ്കിയാണ്, രണ്ട് മദ്യഗ്ലാസ്സാണ്, ഐസ്ക്യൂബ് ബോക്സാണ്.
ഒക്കെയും നമുക്കായി നമ്മുടെ കാലം കരുതിവച്ചപോലെ.
എങ്കില്‍ അല്പം ലഹരി ആയാലോ?
ആകാമല്ലോ!
അവന് രണ്ടു ഗ്ലാസ്സിലും ഒരോ പെഗ്ഗ് ഒഴിച്ചു. അതിലേക്ക് അവള് ഒരു പീസ് ഐസ്ക്യൂബ് വീതം ഇട്ടു.
ഒരു സിപ് എടുത്തു അവന്; എന്റെ മതം നിന്റെ മതം. ഫ!
അവളും ഒരു സിപ് എടുത്തു; നിന്റെ മതം എന്റെ മതം. ഫ!
അവനും അവളും: മതമില്ലാത്ത രണ്ടു മനുഷ്യര്‍.
ഒരു സിപ് കൂടി എടുത്തു അവന്; അപ്പോള്‍ നീ നേരത്തെ വിചാരിച്ചപോലെ, ഞാന്‍ എന്റെ മുറപ്പെണ്ണിനെ കെട്ടി. അവളങ്ങ് ലണ്ടനില്‍ പോയി.
അവളും ഒരു സിപ് കൂടി എടുത്തു; അപ്പോള്‍ നീ നേരത്തെ പറഞ്ഞപോലെ, ഞാനൊരു പേര്ഷ്യാക്കാരനെ കെട്ടി. അവധി കഴിഞ്ഞ് അവനങ്ങുപോയി.
എന്റെയോള് അങ്ങ് ദൂരെ ലണ്ടനില്‍.
എന്റെയാള് അങ്ങ് ദൂരെ പേര്‍ഷ്യയില്‍.
ഒരുവന് അല്ലെങ്കില്‍ ഒരുവള്‍ ഇങ്ങനെ വീടും നാടും വിട്ട് പരദേശത്തേക്ക് പോകാനെന്ത്?
അവനവള് ജീവിക്കുന്ന നാടും അവരുടെ കാലവും എന്നുത്തരം.
നമ്മള് ഇവ്വിധം ചേരാന്‍ ഒരു നിമിത്തവും.
ജോലിതേടി വിദേശത്തുപോയ പുരുഷന് അഥവാ സ്ത്രീ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് ലീവിനു വരുന്നതും കാത്ത് അകലേക്ക് കണ്ണും നട്ടിരിക്കുന്ന വിരഹിയായ സ്ത്രീപുരുഷന്മാരുടെ അക്കാലമൊക്കെ പോയി.
സമൂഹം നിശ്ചയിക്കുന്ന സംബന്ധം ചെയ്ത് കാലംകഴിക്കണമെന്ന നിലപാടും മാറി.
അപ്പോള്‍, ഇക്കാലം അവശ്യപ്പെടുന്നത്?
വ്യക്തി, സ്വത്വം. സ്വാതന്ത്ര്യം.
ജീവിതം എന്നത് ഇന്നാണ്. നാളേക്കുള്ളതല്ല.
ഇന്നിനെ കണ്ടെത്തുകയാണ് പ്രാമുഖ്യം.
സംഭവിക്കുന്ന മുറയ്ക്ക് ജീവിക്കുക.
മോഡേണ്‍?
ഒഫ്കോഴ്സ്.
ഒരു സിപ് കൂടി എടുത്തു അവന്. അവളും.
ഒടുവില്‍ നീതിപീഠവും സമ്മതിച്ചു.
അതെ, ഉഭയസമ്മതപ്രകാരം…
പുറത്തൊരു ചെത്തം, മഴ ചാറുന്ന പോലെ.
കാറുന്ന ശബ്ദമാണ്. നമ്മളെ പിന്തുടര്‍ന്ന ആ നാല്‍വര്‍സംഘം.
പ്രാകി അവന്: പുരാതനജീവികള്.
അവളും പ്രാകി: അടഞ്ഞലോക സന്തതികള്‍.
ഒരു പായും കൂക്കിട്ടാലോ?
കു കു കുകും തീവണ്ടി…
കൂകിപ്പായും തീവണ്ടി…
മുറിയുടെ ജനല്‍പാളി തുറന്നു. പുറത്തേക്കുനോക്കി എറിഞ്ഞു ഒരു കുക്കേറ്.
കണ്ടു, ജനലഴിക്കുള്ളിലൂടെ മുറിക്കുള്ളിലേക്ക് ഒരു കള്ളനെപ്പോലെ എത്തിനോക്കുകയാണ് നിലാവ്.
നിലാവേ നീ ഒളിഞ്ഞുനോക്കുന്നതെന്ത്? ഞങ്ങളിതാ നിന്നിലേക്കു വരുന്നുവല്ലോ. ഒരുമയോടെ ഉരുവിട്ടു.
നീ വാ… അവള് അവനെ പൂഖത്തേക്ക് കൈപിടിച്ചു.
ഇന്നാ കണ്‍കുളിര്‍ക്കെ കണ്ടോളു… നിലാവിനു കീഴെ നിന്നു അവര്‍.
ആ വിവസ്ത്രശരീരങ്ങള്ക്കുചുറ്റും നിലാവ് നൃത്തംവച്ചു.
ഒരു സെല്‍ഫിയെടുത്താലോ?
ക്ലിക്.
എഫ്ബിയില്‍ പോസ്റ്റാം.
അതുമൊരു വിപ്ലവം.
ഹായ്! നല്ല സുഗന്ധം, അവള്.
നാരകം പൂത്ത മണം. അവന്.
മണത്തുമണത്ത് പൂമുഖപ്പടിയില്‍ ഇരുന്നു അവര്‍.
രാവ് അതിന്റെ മൂന്നാംയാമത്തിലേക്ക്.
നോക്കൂ, ഏകാന്തരാവില്‍ കടലും കടലിനെ കാത്തുകിടക്കുന്ന കരയും.
എന്തൊരു വിലയനം. എത്ര നയനാഭിരാമമായ കാഴ്ച.
വ്യത്യസ്ഥ മതസ്ഥരായ രണ്ടുപേര്‍, ആണും പെണ്ണും .
സ്ത്രീപുരുഷബന്ധത്തിന്റെ പുതിയ അല്‍ഗോരിതം.
ഒരു പുത്തന്‍ പരിപ്രേക്ഷ്യം.
അവള് ചിരിച്ചു. അവനും കൂടെച്ചിരിച്ചു. ചിരിച്ചു ചിരിച്ച് അവര്‍ എഴുന്നേറ്റു.
അപ്പോഴാണ് മുന്‍വാതില്‍ തുറന്നു കിടക്കുന്ന കാര്യം അവര്‍ ഓര്‍ക്കുക.
നമ്മള് വാതില്‍ അടച്ചില്ല
അതങ്ങനെ തുറന്നു കിടക്കട്ടെ.