പരേതൻ
പുട്ടു ചുട്ട മുറം ഒരു വശത്തേയ്ക്ക് ഒതുക്കി വച്ച്, അടുപ്പത്ത് തിളച്ചുമറിയുന്ന കടലക്കറിയേയും, മുട്ടക്കറിയേയും മാറി മാറി നോക്കി വെളുവൻ ഒന്നു നെടുവീർപ്പിട്ടു. തിളച്ചുമറിയുന്ന കറികളിലെ കറിവേപ്പിലയും, ഉണക്കമുളകും അവസാന ശ്വാസത്തിനായി പിടയുന്നതു പോലെ അയാൾക്ക് തോന്നി. കറികളുടെ തകർത്തുയരുന്ന തിളപ്പ് കൂട്ടേക്കാവിലെ അൻപത്തിയൊന്നു മേളക്കാരുടെ ഗരുഡൻ തൂക്കത്തിന്റെ മേളപ്പെരുമ്പറയായി അയാളുടെ മനസിൽ നിറഞ്ഞു. ആ മേളക്കൊഴുപ്പ് മതിയാവോളം ഒന്നാസ്വദിക്കാൻ വെളുവൻ കുറേനേരം ഇരുകറികളെയും തിളയ്ക്കാൻ അനുവദിക്കും.
ഇത് വെളുവന്റെ ചായക്കടയാണ്. മുൻവശം ഗ്ലാസിട്ട് ഇരുവശങ്ങളിലും ഇരുമ്പുഗ്രില്ലു പിടിപ്പിച്ച സാമാന്യം തരക്കേടില്ലാത്ത കടയിൽ വെളുപ്പിന് നാല് മണിയോടെ വെളുവനെത്തും. രാത്രി, കടനോക്കാനേൽപ്പിച്ചു പോന്ന ചുണ്ടെലിക്കൂട്ടങ്ങളുടെ അല്പ മയക്കത്തെ തട്ടിയുണർത്തി, ജോലിയാരംഭിക്കുമ്പോൾ നാലരയോടടുക്കും. പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് നീർപ്പാറ മലയോരത്തു നിന്നും ബന്ധങ്ങളുടെ കുടിയൊഴിപ്പിക്കൽ ഭീഷണിയാൽ രക്ഷപെട്ട് ഇവിടെ ചേക്കേറിയവൻ. അതു കൊണ്ടു തന്നെ വെളുവൻ ഒറ്റയാനാണ്.അയാളുടെ ഭാഷയിൽ പറഞ്ഞാൽ ചോദിക്കാനും, പറയാനും ആരുമില്ലാത്തവൻ.
കറുത്തിരുണ്ട് പൊക്കം കുറഞ്ഞ അൻപത്തിരണ്ടുകാരനാണെങ്കിലും, ഇപ്പോഴും നാൽപ്പതിന്റെ പ്രസരിപ്പാണ് വെളുവന്. ഇടതുകാലിലെ ചെറിയ വേദന ഒഴിച്ചാൽ മറ്റു വ്യാധികളൊന്നും തീണ്ടാത്ത ഉറച്ച ശരീരം. വെളുവന്റെ പേരിലെ വെളുപ്പ് ശരീരഭാഷയ്ക്കില്ലെങ്കിലും, മനസ്സ് സ്ഫടികം പോലെ വെണ്മയാർന്നതാണ്. ഭക്ഷണത്തിനായെത്തുന്ന സ്ഥിരഭോജികളുടെ വയറും, മനവും നിറയുന്നതിലാണ് വെളുവന്റെ സംതൃപ്തി. അതു കൊണ്ടു തന്നെ, ഭക്ഷണശേഷം അവർ പ്രസാദം പോലെ വെളുവന്റെ കയ്യിലേല്പിക്കുന്ന തുച്ഛ സംഖ്യയും നിറഞ്ഞ മനസ്സോടെ തന്നെ.
രാവിലെ ആറരയ്ക്കുള്ള ഹരിശ്രീ ബസിൽ തൊട്ടൂര് നിന്നും ഉറുമീസ് എത്തിയാൽ വെളുവൻ അടുക്കളയിൽ നിന്നും മുൻവശത്തേയ്ക്ക് പോവും. കടയിൽ ആകെയുള്ള ഒരു പണിക്കാരനാണ് ഉറുമീസ്. കണ്ണുകളിലെ നേരിയ ഒരു കോണിപ്പ് ഒഴിച്ചാൽ അൻപത്തിയാറുകാരനായ ഉറുമീസും അരോഗദൃഡഗാത്രൻ തന്നെ. കച്ചവടം ആരംഭിക്കുന്നതിനു മുൻപേ കടയിലെത്തും. അടയ്ക്കും വരെ കടയിലുണ്ടാവും.കടയിലെ പണികൾ നേരത്തേ കഴിഞ്ഞാൽ കഴുകി വച്ച പാത്രങ്ങളിൽ കറിച്ചാറ് കോരിയൊഴിച്ച് വീണ്ടുമത് കഴുകും. കാരണം, ഉറുമീസിന് വെറുതെയിരിക്കുന്നതിഷ്ടമല്ല. മറന്നു ,ഉറുമീസ് ഇന്നു ലീവ് പറഞ്ഞിട്ടുണ്ട്. മകളുടെ കുട്ടിയുടെ മാമ്മോദീസ.
ഉറുമീസ് ഇല്ലാത്ത ദിവസങ്ങളിൽ വെളുവൻ രാവിലെയുള്ള കച്ചവടം കഴിഞ്ഞ് കടയടയ്ക്കും. ഇന്നും അങ്ങനെ തന്നെയാവാനാണ് സാധ്യത.
നെടുംകുളങ്ങരക്കാവിൽ നിന്നും അഞ്ചരയ്ക്കുള്ള സുപ്രഭാതമുയർന്നു.
വെളുവൻ കാതു കൂർപ്പിച്ചു.ഒരു മൂളക്കം കേൾക്കുന്നില്ലേ… കാലടി ശബ്ദവും?
” ഒവ്വ്… വന്ന്.. “
ഗ്രില്ലിനു പുറകിലായി നേരിയ വെളിച്ചത്തിൽ കേളികൊട്ട് പോലെ വരവിന്റെ വിളംബരമറിയിച്ച് പരേതൻ….!
വെളുവൻ പരേതനെ കണ്ടു. ഒരു ആറ് – ആറരയടി പൊക്കത്തിലുള്ള ഒരു വികൃതരൂപമാണ് പരേതന്റേത്.നീണ്ടു വളർന്ന നരച്ച മുടിയും,താടിരോമങ്ങളും. ചുണ്ടുകൾക്കു ചുറ്റുമുള്ള രോമങ്ങളിൽ മുറുക്കാൻ കറപുരണ്ട്, ഒരു നരഭോജിയുടെ രൗദ്രഭാവാകാരമായി ആരെയും അത് ഭീതിപ്പെടുത്തും. മുഷിഞ്ഞ ഒറ്റമുണ്ടും, നീളൻ കയ്യുള്ള ഷർട്ടും. ഷർട്ടിന്റെ കൈ പക്ഷേ, മടക്കിവയ്ക്കാറില്ല. മുണ്ടിന്റെ ഒരു കോന്തല ഇടതു കക്ഷത്തിൽ തോളമർത്തി വച്ച്, ശിരസ്സു കുനിച്ച് വളരെ വേഗത്തിലാണ് പരേതന്റെ നടപ്പ്.
വെളുവൻ ഒരു കഷണം പുട്ട് വാഴയിലയിലെടുത്ത് കുത്തി നിർത്തി, സഞ്ചയനത്തിന് കാർമ്മികൻ നിവേദ്യക്കിണ്ടി കൊണ്ട് തലയിൽ എണ്ണ തളിക്കുന്നതു പോലെ പുട്ടിന്റെ മുകളിലേയ്ക്ക് അല്പം കടലച്ചാറ് തളിച്ച് ഗ്രില്ലിന്റെ വാതിൽ തുറന്ന് പരേതന്റെ കയ്യിലേയ്ക്ക് കൊടുക്കും.പരേതൻ അത് ഇരുകൈകളാലും വാങ്ങി പരുക്കനിട്ട നടയിലിരുന്ന് പതുക്കെ കഴിക്കാനാരംഭിക്കും.
കാലങ്ങളായി വെളുവൻ അനുവർത്തിച്ചു വരുന്ന ഒരു ചടങ്ങാണിത്. അയാളെ സംബന്ധിച്ചടുത്തോളം ഇത് ഒരു ഗണപതിക്കൈയാണ്.പരേതൻ വരാത്ത ചുരുക്കം ദിനങ്ങളിൽ യഥാസമയം ഈ പ്രസാദം എടുത്ത് വച്ച് പുലരുമ്പോൾ വെളുവൻ അത് കാക്കകൾക്ക് ദാനം ചെയ്യും.
വെളുവൻ പറയും.
” ആയ കാലത്ത് ഓൻ ഒരു പാട് പേരെ പറ്റിച്ച് .
കൂടെ എന്നേം… ന്നിട്ടെന്താ.. ല്ലാം ദൈവങ്ങട്ട് എടുത്തില്ലേ … ആർക്കും വേണ്ടാത്തവനല്ലേ പ്പോ… കൊടുത്താ എനിക്ക് പുണ്യം കിട്ടും.”
ആ വിശ്വാസം അവിടെ നിലനിൽക്കേ, വെളുവനേയും, ഉറുമീസിനെയും അവരവരുടെ ജോലി ചെയ്യാൻ വിട്ട്, നമുക്ക് പരേതനെ പിന്തുടരാം. കാരണം, പരേതനെ ക്കുറിച്ചറിയാൻ നിങ്ങളെപ്പോലെ എനിക്കും ജിജ്ഞാസയേറുകയാണ്.
രംഗം 1
നേരം പരപരാ വെളുക്കുന്നതേയുള്ളൂ.
കട്ടപ്പട കവലയിൽ ആളനക്കമായിട്ടില്ല.
നാലഞ്ചു തെരുവുപട്ടികൾ കൂട്ടം കൂടി നിന്ന് ഇന്നത്തെ അജണ്ട എഴുതുന്നുണ്ട്.
കവലയിലെ ഒരു പ്രധാന കേന്ദ്രമാണ് മത-രാഷ്ട്രീയ-സാംസ്കാരിക ചർച്ചകൾ നടക്കുന്ന വെളുവന്റെ ചായക്കട .അതിനുള്ളിലെ അരണ്ട വെളിച്ചം കിഴക്കേ മൺ പാതയിൽ മറ്റൊരു ഗ്രില്ല് തീർത്തിരിക്കുന്നു.
കടയിലെ കരിങ്കൽ നടയ്ക്കു മുകളിൽ നിന്നും ഒരാൾ വായും ,മുഖവും കഴുകി, നീട്ടിത്തുപ്പി ഒറ്റമുണ്ടിന്റെ കോന്തല ഇടതു കക്ഷത്തിലാക്കി കുനിഞ്ഞു കുനിഞ്ഞ് മെല്ലെ പടിയിറങ്ങുന്നുണ്ട്.
“വെളുവോ… കാശില്ലേയ്… പുഴയത്ത് മ്യാലിലെ പത്തു പറക്കണ്ടം ങ്ങോട്ട് എഴുതിയെടുത്തോ… ഞാം പോണ്…”
അത് പരേതനാണ്. ഈ നാട്ടിൽ പരേതന് ഭ്രാന്തുണ്ടെന്നു വിശ്വസിക്കുന്ന ഒരേയൊരാൾ പരേതൻ മാത്രമാണ്. അപരിചിതരെ കാണുമ്പോൾ വലതു കൈ ആകാശത്തേയ്ക്കുയർത്തിയുള്ള അസ്പഷ്ടമുദ്രകളും, പരസ്പര വിരുദ്ധ ങ്ങളായ വാക്ധോരണിയും കൂടും.
സൂര്യനു കീഴെയുള്ള എല്ലാമറിയുന്ന, ഈ കവലയുടെ അധിപതിയായ കോണൻ നായർ പറയും.
“പ് രാന്താന്നേ… ആയ കാലത്ത് ആളോൾകളെ പറ്റിച്ച് എന്തോരം ഒണ്ടാക്കി…ല്ലാം നശിച്ചില്ലേ.. ഭാര്യേം മക്കളും ഒക്കെ ഇട്ടേച്ചു പോയി.ഇപ്പ സുഖം.കൂട്ടിനുപ് രാന്തും ..”
പരേതൻ കിഴക്കോട്ട് വച്ച് പിടിക്കുകയാണ്. ഒന്നിടവിട്ട് വലതുകാൽ നിലത്തൂന്നുമ്പോൾ ഒരു മൂളക്കമായി ഉള്ളിലുള്ള കാർബൺ ഡൈ ഓക്സൈഡിനെ പുറത്തേയ്ക്ക് വിടുന്ന ശബ്ദം അയാളുടെ വരവറിയിക്കും. കോണൻ നായരുടെ ഭാഷ്യത്തിന് വാസ്തവമില്ലാതില്ല. ഒരു കാലത്ത് കട്ടപ്പടയിലെ കെട്ടിട സമുച്ചയങ്ങളുടെ അധിപതിയായിരുന്നു പരേതൻ.ഗിരീശൻ എന്ന പഴയ പേര് ഇന്ന് പരേതനും മറന്നു പോയിരിക്കുന്നു. ലോഹ്യത്തിനു ചെന്നാൽ അവനെ മടക്കിക്കൂട്ടി കക്ഷത്തിലാക്കി അവന്റെ പെരുവിരൽ വരെ ഊറ്റിക്കുടിക്കുമായിരുന്നു ഗിരീശൻ.ഒരു നിരാലംബനു പോലും കൈത്താങ്ങോ, തണലോ, ആലംബമോ നൽകാനറിയാതെ തികച്ചും മരണ തുല്യനായി അയാൾ സമൂഹത്തിൽ ജീവിച്ചു.
അടിയന്തരാവസ്ഥയ്ക്കു ശേഷം നക്സലിസത്തിന് നിഷ്പ്രഭാവം സംഭവിച്ചപ്പോൾ കട്ടപ്പടയിലെ ഒരുപറ്റം പുരോഗമന വക്താക്കൾ ഗിരീശന്റെ ആത്മാവിനെ ഇനി മാവോയ്സ്റ്റായി പുനർജ്ജനിക്കില്ല എന്ന ഉറപ്പോടെ പിഴുതെടുത്തു.അങ്ങനെ ഗിരീശൻ പുതുകാലഘട്ടത്തിന്റെ പരേതനായി മാറി.
ക്യാമറ കോണൻ നായരിലേയ്ക്ക്.
“ജാതീക്കൊറഞ്ഞവനെ പൊങ്ങാൻ വിട്വോ വ്ട്ത്തെ മേലാളൻമാര്… അവന്റെ കാശിന് ജാതിയില്ല. അമ്പലത്തീച്ചെന്നു പോന്നാ അവരവിടെ ശുദ്ധികലശം നടത്തും. അടിവേര് നോക്കി വെട്ടീതല്ലേ….ന്താ സംശയം…!”
ക്യാമറ മുമ്പിലുള്ളതിനാൽ കോണൻ നായർ സോഷ്യലിസ്റ്റായി.
കൊടി നിറങ്ങൾക്ക് രൂപഭേദം വന്നാലും, ബൂർഷ്വാസികൾക്കുള്ള ഇരിപ്പിടത്തിന് ഇളക്കമുണ്ടാവില്ല.കൊടികൾക്കവനെ ആവശ്യമുള്ളതല്ലേ. ദളിതൻ ദരിദ്രനായിത്തുടരുകയെന്നത് പ്രാദേശിക നേതൃത്വങ്ങളുടെ തീരുമാനമല്ല. ദളിതന് കാറും, ബംഗ്ലാവുമായാൽ വയലോരത്തെ തേവന്റെ തേക്കുപാട്ടും, അടിയാന്റെ “റാൻ ” വിളിയുമെല്ലാം ചരിത്രത്തിൽ നിന്നും മാറി, വെറും കഥയായി പരിണമിക്കില്ലേ?
ഇങ്ങനെയൊക്കെയുള്ള വ്യവസ്ഥിതികളെ മറികടക്കാനാവാതെ അങ്ങനെ പരേതൻ ഒരിക്കൽ ദരിദ്രനായിത്തീർന്നു.
ഭാര്യയുടെയും മക്കളുടെയും പേരിൽ പരേതനുണ്ടാക്കിയ വസ്തുവകകൾ എല്ലാം വിറ്റ് അയാളെയുപേക്ഷിച്ച് അവർ ദൂരേയ്ക്ക് യാത്രയായി.
ഈ ഓർമ്മകളും, നഷ്ടങ്ങളും തന്നെ അലട്ടുന്നില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനായിരിക്കുമോ ഇയാൾ ഭ്രാന്തനാവുന്നത്?
കനത്ത നിശബ്ദതയ്ക്കുള്ളിൽ തളച്ചിട്ടിരിക്കുന്ന ഭൂതകാലത്തിന്റെ ദ്രവിച്ചു തുടങ്ങിയ അസ്ഥിവാരങ്ങൾ മനസ്സിലൊതുക്കി, ഭൂതലത്തെ അടക്കി പരേതൻ ഇന്നും നടന്നു ജീവിക്കുന്നു .
അന്തിയോടടുക്കുമ്പോൾ പലചരക്കു കടക്കാരൻ രാഘവേട്ടൻ നൽകുന്ന അവിലും, ശർക്കരയും ചേർത്തിളക്കിത്തിന്ന് കടയുടെ പുറകിലെ വരാന്തയിൽ പട്ടിശല്യ മേൽക്കാതിരിക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ ബോർഡുകളും ബാനറുകളും കൊണ്ടൊരു ലക്ഷ്മണരേഖ തീർത്ത് പരേതൻ അവിടെ അന്തിയുറങ്ങുന്നു.
ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം കട്ടപ്പടയിൽ ഒരു രക്ത സാക്ഷി മണ്ഡപം ഉയർന്നു വന്നേക്കാം.
ബാനറുകളും, ബോർഡുകളും സാക്ഷി …!
രംഗം 2
കട്ടപ്പടയിൽ മൂന്നു കിലോമീറ്റർ മാറി ദൃശ്യമാവുന്ന ഷാരു കോവിൽ.കോവിലിന്റെ കരിങ്കൽ ഭിത്തിയിൽ തട്ടി ഒഴുകിപ്പോവുന്ന പിറവം പുഴ. കോവിലിനും പുഴയ്ക്കുമരികെ കാണുന്ന ചെറു മൈതാനം.
വർഷങ്ങൾക്കു മുമ്പ്, കോവിലിന്റെ പുന:പ്രതിഷ്ഠ നടന്നപ്പോൾ പൊളിച്ചുമാറ്റിയ തിടപ്പിള്ളിയുടെ ശേഷിക്കുന്ന കരിങ്കൽക്കെട്ടിൽ പരേതൻ കുന്തിച്ചിരിക്കുന്നു.
ആണ്ടു ബലികൾക്കായി ആളുകൾ എത്തിത്തുടങ്ങി.ദിവസവും നടക്കുന്ന ബലികർമ്മങ്ങൾക്ക് ആദ്യാവസാനം സാക്ഷിയാവുകയെന്നതും പരേതന്റെ ദിനചര്യകളിൽപ്പെടുന്നു.ആളുകളെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുബേരൻ എത്തിയില്ലെങ്കിൽ പരേതൻ താഴേയ്ക്കു നോക്കി അസ്പഷ്ടമായി പിറുപിറുത്തു കൊണ്ടിരിക്കും. താടിരോമങ്ങളിൽ ശക്തിയായി മാന്തി ഈർഷ്യ നടിക്കും.
അവസാനം കുബേരനെത്തി.
ദിവസവും നടക്കുന്ന ആണ്ടു ബലിയുടെയും കൂടാതെ വാവുബലിയുടെയുമെല്ലാം മുഖ്യ കാർമ്മികനാണ് കുബേരൻ.വലതുകാലിന് ചെറിയ നീളക്കുറവുള്ള കുറുകിയ ചിരിക്കാത്ത സ്വരൂപമാണ് കുബേരന്റേത്. അന്തരീക്ഷത്തിലേയ്ക്കുയർന്ന നോട്ടമുള്ളതിനാൽ നടക്കുമ്പോൾ എത്തി നോക്കി നടക്കുന്നതു പോലെ തോന്നും. ജീവിതത്തിന്റെ ജയപരാജയങ്ങളും, പരീക്ഷണങ്ങളും പരമാനന്ദ സ്വരൂപത്തിന് സമർപ്പിച്ച്, വിധിതർപ്പിതമായ ജീവിതത്തിൽ ബ്രഹ്മത്തിന്റെ ഇടറാത്ത വഴികളിലൂടെ പരേതാത്മാക്കൾക്ക് ഉദകം പകരാൻ നിയോഗിക്കപ്പെട്ടവൻ.
മേൽവസ്ത്രമുരിഞ്ഞ് മന്ത്രവചസ്സുകളുടെ മായിക ലോകത്തേയ്ക്കിറങ്ങാൻ തുടങ്ങുന്ന കുബേരനു നേരെ പരേതൻ ശിരസ്സുയർത്തി. വെളുത്തു തടിച്ച കുംഭയിൽ തലോടി, മുകളിലേയ്ക്കിഴഞ്ഞു പോവുന്ന ഉപനയന ച്ചരടിൽ നിന്നും ബ്രഹ്മാണ്ഡം തന്നെ നോക്കി പരിഹസിക്കുന്നതായി പരേതനു തോന്നി. സാക്ഷാൽ വിഷ്ണുസമാനം, ചിരിവിതറാത്ത ആ വദനാംബുജത്തിലേയ്ക്കെത്താൻ പരേതന്റെ കണ്ണുകൾക്കായില്ല. എങ്കിലും, നടന്നു തളർന്നു ബലവേഗങ്ങളൊഴിഞ്ഞ ശരീരത്തിൽ നിന്നും ശാശ്വതമായൊരു മുക്തി പരേതൻ അർത്ഥിക്കുന്നുണ്ടായിരുന്നു.
“ഹേ കുബേരനായ വിഷ്ണു …അനന്തശയന ലാസ്യതയിൽ നിന്നുമുണർന്ന് എന്നിലേയ്ക്കെത്തിയാലും… അനന്തകോടി പരേതാത്മാക്കൾ നിന്റെ പാദങ്ങളെ പുണരുമ്പോഴും, ഈ പരേതനിൽ നിന്നും എന്റെ മാത്രം ആത്മാവിനെ നീ മോചിപ്പിക്കാത്തതെന്തേ…..?”
അരുവിതീരത്ത് അനന്തശീർഷനായി മുഖത്തിലൊളിപ്പിച്ച കള്ളച്ചിരിയോടെ അരിയും, പൂവും ,എള്ളും, ദർഭയുമെല്ലാം പാത്രങ്ങളിൽ പകുത്തു വയ്ക്കുകയായിരുന്നു അപ്പോൾ ലക്ഷ്മീപതി. തൂശനിലകളിലെ പിണ്ഡപാർശ്വേ നിന്ന് പരേതനെ സ്വപ്നാടനത്തിൽ നിന്നുമുണർത്തി കുബേരനായി, വൈകുണ്ഠാധിപൻ ചോദിച്ചു.
“ടാ…പരേതാ…ന്താടാ ന്ക്ക് ഒര് ഉഷാറില്ലാത്തെ? കല്യാണല്ലേ… ന്ന്… ഇന്നത്തെ ഊട്ടുപുരേലെ ഊണ് ദാനല്ലാട്ടോ… നെന്റെ ചോറ് തന്നല്ല്യേ നെനക്കിന്ന്…. “
അവസാന ആളുടെ വരെ ബലിതർപ്പണം കഴിഞ്ഞും, ഓരോ ബലിക്കാക്കകളിലൂടെയും ഓരോ ആത്മാക്കളെ തൊട്ടറിഞ്ഞ് അനന്തതയിലൊളിഞ്ഞിരിക്കുന്ന തന്റെ ആത്മസ്വരൂപം തേടി പരേതൻ ഇവിടെ കാത്തിരിക്കുന്നു . പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകൾക്കുള്ളിൽ പ്രാണായാമം കൊള്ളുന്ന ജന്മബന്ധങ്ങളുടെ വേരുകൾ തേടി അയാളുടെ മനസ് അലഞ്ഞ് കൊണ്ടേയിരിക്കുന്നു. ഒരു ബലിക്കാക്കയെങ്കിലും തനിക്കു നേരെ ഒരു ചരിഞ്ഞ നോട്ടം നൽകുന്നുണ്ടോ എന്നയാൾ അന്വേഷിക്കുന്നു.
ദിവസവും നിരാശനായി എഴുന്നേറ്റ്, കുബേരന്റെ മന്ത്ര വചസ്സുകളുടെ ശിഷ്ടദ്രവ്യങ്ങൾ ഓരോന്നായി പെറുക്കിയെടുത്ത് ,പുഴയിലെറിഞ്ഞ് മുങ്ങി നിവർന്ന് മൂന്ന് വട്ടം കൈകൊട്ടി പിന്തിരിയുമ്പോഴും, ശേഷിപ്പുകൾ ഭക്ഷിക്കാനായി ഒരു ബലിക്കാക്കയെപ്പോലും ഒരിക്കലും പരേതൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ദുഃഖങ്ങളെ കഴുകിപ്പിഴിഞ്ഞ് ഇന്നും ഊട്ടുപുരയ്ക്കു പുറകിലെ അയിത്തം കൊണ്ട തറയിൽ പരേതൻ ഇരുന്നു. എത്രയോ നേരം ആ ഇരുപ്പ് തുടർന്നുവെന്നത് അയാൾക്കറിയാനായില്ല. അവസാനം, ആളൊഴിഞ്ഞു തുടങ്ങിയ ഊട്ടുപുരയിൽ വാർപ്പുകളും, ചെമ്പുകളും മുക്തരായി പൊട്ടിച്ചിരിയുടെ സ്വാതന്ത്ര്യത്തിലേയ്ക്കമർന്നപ്പോൾ, ഉടുമുണ്ടിന്റെ മുൻതലപ്പിനുള്ളിലേയ്ക്ക് വീഴുന്ന എച്ചിൽച്ചോറിലേയ്ക്ക് അയാളുടെ കണ്ണുനീരിന്റെ ഉപ്പുകൾ അലിഞ്ഞു ചേർന്നു.
ചോറ് പകർന്നയാൾ അയാളുടെ സമീപം തെല്ലുനേരം നിന്നിരുന്നു.അത് സ്ത്രീയോ, പുരുഷനോ എന്ന് അയാൾക്ക് തിരിച്ചറിയാനായില്ല. ശിരസ്സുയർത്താൻ അയാൾ അശക്തനായിരുന്നു.
കോന്തലയ്ക്കുള്ളിൽ നിന്നും ഒരു മണി പോലും കളയാതെ തനിക്കു കിട്ടിയ ഭിക്ഷ മുഴുവനും അയാൾ കഴിച്ചു.പിന്നെ കയ്യും, വായും, മനസ്സും കഴുകാനായി അയാൾ പുഴയിലേയ്ക്കിറങ്ങി.
പുഴയുടെ കല്പടവുകൾ അവസാനിക്കുന്നില്ലെന്നു പരേതനു തോന്നി.
വിഷ്ണുപാദമായ ആകാശം പൂർണ്ണ കുംഭ കലശത്തിലേയ്ക്കൊരുങ്ങുന്നു, ഊട്ടുപുരയിലെ ജനനിബിഡം കുബേരന്റെ മന്ത്രവചസ്സുകൾ ഏറ്റുചൊല്ലുന്നു.
പരേതൻ ആനന്ദത്തിന്റെ അളവില്ലാത്ത ഒരു തൂർമ്മയിലാണിപ്പോൾ.
അയാൾ കേൾക്കുന്നുണ്ട്. ”മുത്തശ്ശാ ” എന്ന ഒരു വിളി മാത്രം.
രംഗം 3
കട്ടപ്പടയിലെ വെളുവന്റെ ചായക്കട തുറന്നിരിക്കുന്നു. സമയം രാവിലെ ആറര മണി.
വെളുവൻ വാഴയിലയിൽ കുത്തി നിർത്തി, കടലച്ചാറ് ഒഴിച്ച് ഒരു കഷണം പുട്ട് ഗ്രില്ലിനു പുറത്തേയ്ക്കു വയ്ക്കുന്നു.
പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകൾക്കെവിടെയോ നിന്ന് ജന്മബന്ധങ്ങളെ അറുത്തെറിഞ്ഞ്, വെളുവനായി… കർമ്മബന്ധുവായി… ഭൂതലത്തിലേയ്ക്ക് ഒരു മഴ നിപതിക്കുകയായി. അതു വകവയ്ക്കാതെ വെളുവന്റെ ഗണപതിക്കൈയ്ക്കരികേ ഒരു ബലിക്കാക്ക….!
കർമ്മബന്ധങ്ങളുടെ ആറു ചക്രങ്ങളുമായി കട്ടപ്പട കവലയിൽ ഹരിശ്രീ ബസ്സ് വന്നു നിന്നു…..!