റ്റാറ്റൂ
വലതു കൈത്തണ്ടയിലെ ഞരമ്പ് തുളച്ച് കയറിയ സൂചി നോവ് ശരീരത്തെയാകമാനം ഒന്നിളക്കി. വേദന കടിച്ചിറക്കും പോലെ നന്ദിത കണ്ണുകള്‍ ഒരു നിമിഷം മുറുകെ പൂട്ടി.
‘കഴിഞ്ഞു.. ഇത്രേയുള്ളൂ.. ട്രിപ്പ് ഇടുന്നപോലുള്ള ഒരു പ്രോസസ് മാത്രമാണ് കീമോ തെറാപ്പിയും, പക്ഷേ സമയമെടുക്കും. ഇന്‍ട്രാ വീനസ് കീമൊതെറാപ്പി എന്നാണ് ഈ രീതിയെ മെഡിക്കല്‍ സയന്‍സ് പറയുക. അതായത് ഞരമ്പിലൂടെ നേരിട്ട് മരുന്ന് ഇന്‍ജക്ട് ചെയ്യുന്ന രീതി. ഓറല്‍ കീമൊതെറാപ്പി എന്നൊരു രീതിയുമുണ്ട്. ഗുളികരൂപത്തില്‍ മരുന്ന് ഉള്ളിലെത്തിക്കുന്ന രീതിയാണ് ഓറല്‍ കീമൊതെറാപ്പി. ഓറല്‍ കീമൊയെക്കാള്‍ ഇന്‍ട്രാ വീനസ് കീമൊ പ്രിഫര്‍ ചെയ്യാന്‍ കാരണം റിസല്‍ട്ട് വേഗം ലഭിക്കുമെന്നുള്ളതുകൊണ്ടാണ്. മൂന്നുമണിക്കൂറോളം നേരമെടുക്കും ഒരു കോഴ്‌സ് പൂര്‍ത്തിയാവാന്‍. മരുന്നിന്റെ അളവ് നിശ്ചയിക്കലാണ് ഇന്‍ട്രാ വീനസ് കീമൊയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. അളവ് കുറഞ്ഞാല്‍ മെഡിസിന്‍ അര്‍ബുദകോശങ്ങളെ ബാധിക്കില്ല. അളവ് കൂടിയാല്‍ അത് ഏറെ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാലാണ് കൃത്യമായ അളവും, നിയന്ത്രണവും കണക്കാക്കി മരുന്ന് ശരീരത്തിലേക്ക് സമയമെടുത്ത്് പ്രവേശിപ്പിക്കുന്നത്. ആദ്യത്തെ കീമൊയല്ലേ, കഴിയുമ്പോള്‍ കുറച്ച് ക്ഷീണമൊക്കെ അനുഭവപ്പെടുക സ്വഭാവികമാണ് അത് കാര്യമാക്കണ്ട കേട്ടോ. സ്വസ്ഥമായി കിടന്നോളൂ.. ഞാന്‍ ഇടയ്ക്ക് വന്നു നോക്കിക്കോളാം.’
തന്നെക്കാള്‍ ഇളപ്പം തോന്നിക്കുമെങ്കിലും, കൊച്ചുകുട്ടിയോടെന്നവണ്ണമുള്ള നേഴ്‌സിന്റെ പെരുമാറ്റം നന്ദിതയുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. അവള്‍ തലചരിച്ച് ഇടത്തേക്കും വലത്തേക്കും നോക്കി. മേഘനീലിമ പുതച്ച് ഇരുവശങ്ങളിലും നീണ്ടുകിടക്കുന്ന കിടക്കകളില്‍ ഒന്നുപോലും ശൂന്യമല്ല. അരിച്ചിറങ്ങുന്ന എസിയുടെ നേര്‍ത്ത തണുപ്പിനൊപ്പം പതിയെ ഒഴുകിയെത്തുന്ന മനോഹരമായ ഗാനം ആ നീണ്ട ഹാളിനുള്ളിലെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയെ തുരത്തിയോടിക്കുന്നു. മാതൃത്വത്തിന്റെ സ്‌നേഹനീരുറവപ്പിറവിക്കും മുന്നേ, അര്‍ബുദം കാര്‍ന്നുതിന്ന് തരിശ്ശാക്കിയ ഇടതുനെഞ്ചില്‍ അവള്‍ ഇടംകൈയാല്‍ മെല്ലെ തലോടി.
കൃത്യമായ ഇടവേളകളില്‍ ബോട്ടിലില്‍ നിന്നും ഇറ്റുവീഴുന്ന തുള്ളികള്‍ ട്യൂബിലൂടെ തന്റെ ശരീരത്തിനുള്ളിലേക്ക് കയറുന്ന പോലെ, ഭൂതകാലം മനസ്സിലേക്ക് ഓര്‍മ്മത്തുള്ളികളിറ്റിക്കുന്നു. ചികിത്സകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയാത്തവിധം മനസ്സിനെ കാര്‍ന്നുതിന്നുന്ന ഓര്‍മ്മകള്‍. കീമൊയുടെ പാര്‍ശ്വഫലമായി തലമുടിയൊക്കെയും കൊഴിഞ്ഞുപോകുമത്രേ. അവയ്‌ക്കൊപ്പം വേട്ടയാടുന്ന ഓര്‍മ്മകള്‍കൂടി കൊഴിഞ്ഞുപോയെങ്കിലെന്ന് വെറുതെ ആശിച്ചുപോകുന്നു. മനസ്സിനേയും, ശരീരത്തേയും ഒന്നുപോലെ കാര്‍ന്നുതിന്നുന്ന തരത്തില്‍ തന്നെ ബാധിച്ചിരിക്കുന്ന അര്‍ബുദത്തെ പ്രണയാര്‍ബുദമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക..? മറക്കാന്‍ ശ്രമിക്കുന്നവയെ മന:പൂര്‍വ്വം ഒര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന മനസ്സിന്റെ ക്രൂരതയ്ക്കുമുന്നില്‍ കീഴ്‌പ്പെടും വിധം നന്ദിതയുടെ ചുണ്ടില്‍ ഒരു നോവൂറും പുഞ്ചിരിതെളിഞ്ഞു.
രഘുനന്ദന്‍.. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളിലൂടെയാണ് ആ പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
സത്യാനന്തരഭാവുകത്വം തങ്ങളിലൂടെയാവണം എന്നതരത്തില്‍ എഴുതിനിറയ്ക്കപ്പെടുന്നവയില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായ രചനകളായിരുന്നു രഘുനന്ദനന്റേത്. കവിത തുളുമ്പുന്ന വരികളോട് തോന്നിയ സ്വഭാവിക ആഭിമുഖ്യം തന്നെയല്ലേ കവിയിലേക്ക് തന്നെ കൈപിടിച്ച് നടത്തിയതും..? ഏറെത്തിരഞ്ഞതിന് ശേഷമാണ് രഘുനന്ദന്‍ എന്നപേരില്‍ ഫെയിസ്ബുക്കില്‍ ഒരു പബ്ലിക് പ്രൊഫൈല്‍ ഉണ്ടെന്നുള്ള കാര്യം മനസ്സിലാക്കിയതും, ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചതും. പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലിന്റെ മനോഹര ചിത്രങ്ങളായിരുന്നു കവര്‍പേജിലും, പ്രൊഫൈലിലും ഉള്‍ക്കൊള്ളിച്ചിരുന്നത്. കവര്‍പേജിലെ ചിത്രത്തോടൊപ്പം കുറിക്കപ്പെട്ട ആ നാലുവരികള്‍.. അതിങ്ങനെയായിരുന്നു.
‘വരിക പ്രണയമേ കാല്‍ത്തള ചാര്‍ത്തി നീ..
പഥികരൊഴിഞ്ഞൊരീ വഴിത്താരയില്‍
കാടുമൂടി ഈ വഴിമരിക്കും മുന്നേ.. നിന്‍
കാലൊച്ച കേള്‍ക്കുവാന്‍ കാത്തിരിക്കുന്നു ഞാന്‍..’
ആനുകാലികങ്ങളില്‍ വായിച്ചവയിലും എത്രയോ ഏറെ കവിതകളാണ് ഫെയിസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടായിരുന്നത്. ഓരോ കവിതയോടുമൊപ്പം പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുകളുടെ വ്യത്യസ്ഥതയാര്‍ന്ന മിഴിവുറ്റചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. പ്രൊഫൈലില്‍ തിരയവേ, ‘മഴയും, മഴവില്ലും, മയിലുകളും, മരണവും ഇല്ലാത്ത ലോകത്ത് പിറക്കാതിരുന്നതിന് നന്ദി..’ എന്നൊരു കുറിപ്പും കണ്ടു. ‘പരുഷപ്രണയം’ എന്നൊരു ചിന്തപോലും മനസ്സിലേക്ക് എത്തുന്നത് രഘുനന്ദന്റെ വരികളിലൂടെയായിരുന്നു. ഒട്ടുംതന്നെ മാര്‍ദ്ദവമില്ലാതെയും, എന്നാല്‍ ഏറെ ആഴത്തിലും പ്രണയത്തെ കവിതകളില്‍ നിറയ്ക്കാനുള്ള അയാളുടെ കഴിവിനെ കുറച്ചുകാണാന്‍ തന്നിലെ അനുവാചക തയ്യാറായില്ല എന്നുവേണം കരുതാന്‍. ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഓരോ കവിതയേയും ഇഴകീറി പരിശോധിച്ചിട്ടും, വിമര്‍ശനാത്മകമായി കമന്റ് ചെയ്തിട്ടും അയാളുടെ സ്വാഭാവിക പ്രതികരണത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി.
അസഹിഷ്ണുതയുടെ പാരമ്യതയില്‍ വിഹരിക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ രഘുനന്ദന്‍ എന്ന കവി വേറിട്ടുനിന്നു. നന്ദി എന്ന ഒറ്റവാക്കിനപ്പുറം ഒരിക്കലും അയാള്‍ പ്രതികരണങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ച് നാളുകള്‍ കാത്തിരുന്നിട്ടും അത് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോഴാണ്, അക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനായി അയാള്‍ക്കൊരു മെസ്സേജ് അയക്കുന്നത്. മറുപടി ഉണ്ടായില്ലെങ്കിലും മെസ്സേജ് കണ്ട ദിവസം തന്നെ സൗഹൃദപ്പട്ടികയില്‍ തന്നേയും ഉള്‍പ്പെടുത്തിയതായിക്കണ്ടു. ചിത്രങ്ങളിലൂടെയല്ലാതെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത രണ്ടുപേര്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദം.
പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകളോട് നാള്‍ക്കുനാള്‍ ഏറിവരുന്ന ഇഷ്ടംമൂലം, കഴുത്തിനു ചുവടെ ഇടത് മാറില്‍ മയിലിന്റെ ചിത്രം പച്ചകുത്താന്‍ തീരുമാനിച്ച കാര്യം ഫെയിസ്ബുക്ക് മെസഞ്ചറിലൂടെ അറിയിച്ചപ്പോള്‍ മാത്രമാണ് രഘുനന്ദനില്‍ നിന്നും ദീര്‍ഘമായ ഒരു മറുപടി ലഭിച്ചത്. കടലിനെ പ്രണയത്തോടും, കായലിനെ സൗഹൃദത്തോടും ഉപമിച്ചുകൊണ്ടുള്ള മറുപടിയില്‍ തിരത്തള്ളലാല്‍ മുറിഞ്ഞുപോകുന്ന പൊഴിയെക്കുറിച്ചുള്ള സൂചനയും ഉണ്ടായിരുന്നു. ആഴവും പരപ്പും ഏറെയാണെങ്കിലും കടലിന്റെ ഉപ്പുകയ്പ്പിനെ പ്രത്യേകം പരാമര്‍ശ്ശിച്ചത് തെല്ലുനിരാശയുളവാക്കിയെങ്കിലും, മെസ്സേജില്‍ ഒപ്പം ചേര്‍ത്തിരുന്ന പത്തക്കങ്ങളും ‘അസ്വസ്ഥയാകുമ്പോള്‍ വിളിക്കുക’ എന്ന വാക്കുകളും സമ്മാനിച്ച സന്തോഷം അതിരറ്റതായിരുന്നു.
ക്ഷമയില്ലായ്മയുടെ പാരമ്യതയിലേറിയ നിമിഷം. ‘ഇപ്പോള്‍ അസ്വസ്ഥയാണ്’ എന്ന മറുപടിക്കൊപ്പം, മൊബൈല്‍ ഡിസ്‌പ്ലേയില്‍ പത്തക്കങ്ങള്‍ ശ്രുതിയുയര്‍ത്തിക്കൊണ്ട് തെളിഞ്ഞുവന്നു. ഉള്ളിടിപ്പോടെ കാള്‍ ബട്ടണില്‍ വിരലമര്‍ത്തിയശേഷം, ഫോണ്‍ ചെവിയോട് അത്രയും ചേര്‍ത്തുപിടിച്ച് കാത്തുനിന്നു. പരുക്കന്‍ ശബ്ദത്തില്‍ മറുതലയ്ക്കല്‍ നിന്നെത്തിയ ഭാഷണത്തില്‍ ഔപചാരികതകള്‍ ഒന്നും ഇല്ലായിരുന്നു. റ്റാറ്റൂ എന്നത് ശരീരത്തിന്റെ ഭാഗമായി നാം ചേര്‍ക്കപ്പെടുന്ന അടയാളമാണെന്നും, ആറാം വിരല്‍പോലെ അത് ഭാവിയില്‍ അലോസരം ഉളവാക്കാന്‍ കാരണമാകുമെന്നും ഒട്ടും ദയയില്ലാതെ പറഞ്ഞപ്പോള്‍, ‘ഇയാളെന്തിന്റെ കുഞ്ഞാണോ..?’ എന്നു ചിന്തിക്കാതിരിക്കാനായില്ല. മറുവാദങ്ങള്‍ക്കുള്ള പഴുതുകള്‍ അടച്ചുകൊണ്ടുള്ള ഭാഷണം റേഡിയോ നിലയത്തെ ഓര്‍മ്മിപ്പിച്ചു. സ്വന്തം പേരുപോലും ചില അവസരങ്ങളില്‍ നമുക്ക് അതൃപ്തി ഉളവാക്കാറില്ലേ..? എന്ന ചോദ്യത്തിനു മുന്നിലും ‘ഉം’ എന്നുമാത്രം മൂളിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. പച്ചകുത്തിയതിന്റെ പേരില്‍ ഖബര്‍ സ്ഥാനില്‍ ഇടമില്ലാതായ ഒരു പെണ്‍കുട്ടിയുടെ കഥയും അയാള്‍ കൂട്ടിച്ചേര്‍ത്തു. മടുക്കുമ്പോള്‍ അഴിച്ചുകളയാന്‍ എളുപ്പമല്ലാത്തതും, ശരീരകോശങ്ങളെ പീഡിപ്പിച്ച് നിറംമാറ്റുന്ന പ്രക്രിയയുമായ പച്ചകുത്തലിന്റെ സങ്കേതിക വശത്തെക്കുറിച്ച് രഘുനന്ദന്‍ സവിസ്തരം വിശദീകരിക്കുമ്പോള്‍ മാത്രമണ് വൈകാരികമായും, കാമനകള്‍ക്ക് വിധേയപ്പെട്ടും റ്റാറ്റൂ ചെയ്യാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ സംഭവിപ്പിക്കാന്‍ ഇടയുള്ള മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും പ്രേരിപ്പിച്ചത്. പക്ഷേ ആ ചിന്തകള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും വിധം തീവൃമായിരുന്നല്ലോ തന്റെ കാമന.
റ്റാറ്റൂ സ്റ്റുഡിയോയും, ഇരിപ്പിടവും, കിടക്കയുമൊക്കെ മനസ്സിലേക്കെത്തിച്ചത് ഒപ്പറേഷന്‍ തിയേറ്ററിനെ ആയിരുന്നു. ‘അധികം വേദനിപ്പിക്കല്ലേ..’ എന്ന യാചന റ്റാറ്റൂ ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് ചിരി വിടര്‍ത്തിയപ്പോള്‍ ജാള്യത തോന്നി. കഴുത്തിന് താഴെ ഇടതുമാറില്‍ പേനകൊണ്ട് അടയാളപ്പെടുത്തിയ ‘റ്റാറ്റൂഏരിയ’ കണ്ണാടിയിലൂടെ കാണിച്ച് ഉറപ്പാക്കിയശേഷം, ആ ഭാഗമത്രയും പഞ്ഞിയില്‍മുക്കിയ ലായനിയാല്‍ തുടച്ച് വൃത്തിയാക്കി. മൂക്കെരിക്കുന്ന മണമായിരുന്നു ആ ലായനിക്ക്. ‘പുനര്‍ചിന്തനത്തിനുള്ള അവസാന അവസരമാണ് ഇപ്പോള്‍. പീലിവിടര്‍ത്തിനില്‍ക്കുന്ന മയിലിന്റെ ചിത്രമാണ് നമ്മളിപ്പോള്‍ റ്റാറ്റൂ ചെയ്യാന്‍ പോകുന്നത്. അഞ്ചു സെന്റിമീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള സമചതുരത്തിനുള്ളിലാണ് പെര്‍മനെന്റ് ഇങ്ക് ഉപയോഗിച്ച് ചിത്രം പച്ചകുത്തുന്നത്. പീലികള്‍ക്കകം ഫില്ലുചെയ്യുന്നതിനാല്‍ മായ്ക്കല്‍ എളുപ്പമാവില്ല. എപ്പോഴെങ്കിലും മായ്ക്കണമെന്നു തോന്നിയാല്‍ അതിനായി ഒരുവര്‍ഷത്തിലധികം സമയം കാത്തിരിക്കേണ്ടിവരും. ലേസര്‍ രശ്മികള്‍കൊണ്ട്, സ്റ്റേജ് ബൈ സ്റ്റേജായി മാത്രമേ മായ്ക്കല്‍ സാദ്ധ്യമാവുകയുള്ളൂ. ഇപ്പോള്‍ നമ്മള്‍ സെലക്ട് ചെയ്തിരിക്കുന്ന ഇമേജ് മായ്ക്കുവാനായി കുറഞ്ഞത് പത്ത് സ്റ്റേജ് ലേസര്‍ തെറാപ്പി പ്രോസസ് ആവശ്യമായിവരും. ഓരോ സ്റ്റേജിനുമിടയില്‍ നാല്‍പ്പത് ദിവസത്തെ ഇടവേള ആവശ്യമാണ്. അത്തരത്തില്‍ നാനൂറുദിവസം കൊണ്ടു മാത്രമേ പൂര്‍ണ്ണമായും ഇതിനെ മായ്ക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. റ്റാറ്റൂ ചെയ്യുന്ന അധികമാര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. അതാണ് ഇത്രയും വിശദമായി പറഞ്ഞുതരുന്നത്. കൗമാരക്കാരായ കുട്ടികള്‍ അധികമായി റ്റാറ്റൂ ചെയ്യുന്നൊരു കാലമാണിത്. പട്ടാളത്തില്‍ ഉള്‍പ്പടെ നിശ്ചിത മേഖലകളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് റ്റാറ്റൂ അയോഗ്യതയാണ്. സമയബന്ധിതമായി റ്റാറ്റൂ റിമൂവ് ചെയ്യണമെന്ന ആവശ്യവുമായി പലരും ഇവിടെ വരാറുണ്ട്. റ്റാറ്റൂ ചെയ്തതുകാരണം, ലഭിച്ച ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ പോയവരും വിരളമല്ല. പ്രധാനമായും മൂന്നുകാരണങ്ങളാണ് റ്റാറ്റൂ മായ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ചെയ്ത റ്റാറ്റൂ ഇഷ്ടമാകാതെ വരുന്ന സാഹചര്യം, ജോലിസംബന്ധമായ കാരണം, ഇഷ്ടമല്ലാത്ത ഒരാളെയോ, ഒരു സന്ദര്‍ഭത്തേയോ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥ. ഇനി ഞാനെന്റെ ജോലി തുടങ്ങണോ വേണ്ടയോ എന്ന് മാഡത്തിന് തീരുമാനിക്കാം..’
സര്‍ജ്ജറിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ രോഗിയില്‍ ഉളവാക്കുന്ന ഡോക്ടറെപ്പോലെ റ്റാറ്റൂ ആര്‍ട്ടിസ്റ്റ് കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ ഒരു നിമിഷം മനസ്സിനൊരു ചാഞ്ചാട്ടം ഉണ്ടായപോലെ. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷം ‘എന്തെങ്കിലും പറയാനുണ്ടോ’ എന്ന ന്യായാധിപന്റെ ഔപചാരിക ചോദ്യം പോലെയാണ് റ്റാറ്റൂ ആര്‍ട്ടിസ്റ്റിന്റെ വിശദീകരണം ഉള്ളിലുളവാക്കിയ വികാരം. ‘ഞാനുറപ്പിച്ചു.. എനിക്ക് വരയ്ക്കണം.. പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലിന്റെ ചിത്രം തന്നെ എനിക്ക് വരയ്ക്കണം. താങ്കള്‍ പറഞ്ഞ മൂന്നു കാരണങ്ങളും എന്നെ ബാധിക്കുന്നവയല്ല. ഇനിയൊന്നും പറഞ്ഞ് എന്നെ കണ്‍ഫ്യൂഷനാക്കണ്ട.. തുടങ്ങിക്കോളൂ.’ അനുവാദം നല്‍കുമ്പോള്‍ രഘുനന്ദന്റെ മുഖം മാത്രമായിരുന്നു മനസ്സില്‍.
റ്റാറ്റൂവിന്റെ ആദ്യചിത്രം പകര്‍ത്തി രഘുനന്ദന് പങ്കുവെക്കുമ്പോള്‍ മനസ്സില്‍ ആശങ്കയുടെ നിഴലാട്ടമായിരുന്നു. ‘ഇഷ്ടമായതൊക്കെയും വരച്ചുചേര്‍ക്കാന്‍ തുടങ്ങിയാല്‍ ശരീരത്തില്‍ ഇടമുണ്ടാവില്ലല്ലോ..’ എന്ന തണുപ്പന്‍ പ്രതികരണം ശരിക്കും അരിശമുണ്ടാക്കിയെങ്കിലും, ചിറികോട്ടി നില്‍ക്കുന്ന ഇമോജിയാല്‍ മറുപടി നല്‍കി സമാധാനിച്ചു. സൗഹൃദത്തിന്റെ തടയണ ഭേദിച്ച് പ്രണയത്തിന്റെ സാഗരനീലിമയിലേക്ക് താനൊഴുകുന്നത് രഘുനന്ദന് മനസ്സിലാവാഞ്ഞിട്ടല്ല, മന:പൂര്‍വ്വം അയാളത് തന്നില്‍നിന്നും മറയ്ക്കുന്നതാണ്. അല്ലെങ്കില്‍ ത്തന്നെ ഒരാളെ പ്രണയിക്കാന്‍ അയാളുടെ അനുവാദം തനിക്കെന്തിനാണ്..? രഘുനന്ദന്റെ അദൃശ്യസാമീപ്യം.. അതായിരുന്നു പച്ചകുത്തപ്പെട്ട ചിത്രം സമ്മാനിച്ചത്.
തളര്‍ച്ചയുടെ വേരോട്ടം ശരീരത്തിലാകമാനം അനുഭവപ്പെട്ടപ്പോള്‍ നന്ദിത മെല്ലെ കണ്ണുകള്‍ തുറന്ന് സ്റ്റാന്റില്‍ തൂക്കിയിരിക്കുന്ന ബോട്ടിലിലേക്ക് നോക്കി. ബോട്ടില്‍ പകുതിയോളം ശൂന്യമായിരിക്കുന്നു. ഓര്‍മ്മമുത്തുകള്‍ പോലെ ഇറ്റുവീഴുന്ന തുള്ളികളില്‍ കണ്ണുനട്ട് അവള്‍ കിടന്നു. ഓര്‍മ്മക്കൊളുത്തുകള്‍ ഭൂതകാലത്തിലേക്ക് ആഞ്ഞുവലിക്കുന്നു. ചൂണ്ടയില്‍ കൊരുക്കപ്പെട്ട മീനിനെപ്പോലെ ഓര്‍മ്മകള്‍ നയിക്കുന്ന വഴിയേ നന്ദിതയുടെ മനസ് പിന്നെയും സഞ്ചരിച്ചു.
കവിതകളോടു തോന്നിയ ആഭിമുഖ്യം കവിയോടുള്ള തീവ്രാനുരാഗമായി പരിണമിച്ച കാലം. ശബ്ദസന്ദേശങ്ങളായൊഴുകിയ പ്രണയപ്പുഴയില്‍ പരല്‍മീനുകളായി പരിലസിച്ച നാളുകളില്‍ കാലത്തിന് എന്തൊരു വേഗമായിരുന്നു. സന്ദേശങ്ങള്‍ക്ക് വൈകിയെത്തിത്തുടങ്ങിയ മറുപടികളും, റിങ്ങ് ടോണില്‍ തുടങ്ങിയൊടുങ്ങുന്ന ഫോണ്‍ വിളികളിലും മനസ്സ് മടുക്കാതെയും ‘നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ’ എന്ന വാക്കുകളില്‍ ആശ്വാസം കണ്ടെത്തിയും കഴിഞ്ഞ നാളുകളില്‍ കാലത്തിന്റെ മെല്ലെപ്പോക്ക് അലോസരമുളവാക്കിയിരുന്നു. ഘടികാരക്കാലുകളുടെ ചലന വേഗം സമമായിരുന്നെങ്കിലും, ദിവസങ്ങളുടെ പ്രയാണ വേഗത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത് എങ്ങനെയാണ്..? സന്തോഷനിമിഷവാഹകര്‍ മുയലുകളും, സമ്മര്‍ദ്ദനിമിഷ വാഹകര്‍ ഒച്ചുകളുമാകുന്ന സമയവേഗതയുടെ മഹാമാന്ത്രികത..
‘അത്രമേല്‍ ആഴത്തില്‍ പ്രണയിക്കുന്ന ഒരുവളോടൊപ്പം യാത്രയാകുന്നു. കാത്തിരിപ്പുകളുടെ കഴുത്തുഞെരിക്കാന്‍ കാലത്തിനും കഴിയുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍, മടങ്ങിവരവെന്നത് മരീചിക മാത്രം..’ രഘുനന്ദന്‍ തനിക്കയച്ച അവസാന സന്ദേശം ഇതായിരുന്നു. ‘താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ പരിധിക്ക് പുറത്താണ് അല്ലെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല..’ എന്ന ആശ്വാസത്തില്‍ നിന്നും ‘താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ നിലവിലില്ല’ എന്ന ആഘാതത്തിലേക്ക് അധിക ദൂരമില്ലായിരുന്നു. താന്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന നോവിലേറെ, ഒഴിവാക്കാനുണ്ടായ കാരണം അറിയാനുള്ള ജിജ്ഞാസയായിരുന്നല്ലോ മനസ്സില്‍ ഇരുട്ട് നിറച്ചത്. പ്രതീക്ഷയുടെ അവസാന തളിരിലയേയും ആഹരിക്കുന്ന ഇത്തിള്‍പോലെ ദിവസങ്ങള്‍ ആഴ്ചകളായും, മാസങ്ങളായും തഴച്ചുവളര്‍ന്നു.
പച്ചകുത്തപ്പെട്ട മയില്‍ കഴുകനായി കൂടുവിട്ട് കൂടുമാറി ഹൃദയവും, തലച്ചോറും കൊത്തിപ്പറിക്കുന്ന കാഴ്ചകള്‍ സ്വപ്‌നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് പറന്നടുക്കവേ, റ്റാറ്റൂ ആര്‍ട്ടിസ്റ്റിന്റെ വാക്കുകള്‍ ഉള്ളില്‍ പ്രകമ്പനമായി ഉയിര്‍കൊണ്ടു. ആ ചിത്രം ഒരോ നിമിഷവും തന്റെ മനസ്സിനെ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. തന്റെ മനസ്സിനെ അരുമയോടെ തഴുകി തരളിതയാക്കിയിരുന്ന പീലികളില്‍ നിന്നും മുളപൊട്ടുന്ന കൂര്‍ത്ത മുള്ളുകള്‍ ഹൃദയഭിത്തികളെ ആഴത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നു. തന്റെ മനസ്സിനേറ്റ രഘുനന്ദന്‍ എന്ന മുറിവിനെ കാലം ഉണക്കാന്‍ ശ്രമിച്ചാലും, മുറിവിൻമേൽ മുള്ളുകളെന്നവണ്ണം, പച്ചകുത്തപ്പെട്ട മയിലിന്റെ കൂര്‍ത്ത നഖങ്ങള്‍ തന്നിലേക്ക് ആഴ്ന്നിറങ്ങി ക്കൊണ്ടേയിരിക്കും. ഒരുവേള ലക്ഷ്യത്തിലേക്കെത്താതെ പാതിവഴിയില്‍ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവരുന്ന സഞ്ചാരിണിയാക്കി തന്നെ മാറ്റാന്‍തക്ക പ്രാപ്തി പോലും ആ റ്റാറ്റുവിന് ഉണ്ടെന്ന് താന്‍ ഭയപ്പെടുന്നു.
പാടില്ല.. അതിനനുവദിക്കാന്‍ പാടില്ല. എന്തുവിലകൊടുത്തും തനിക്ക് ഈ ചിത്രത്തെ തന്റെ ശരീരത്തില്‍നിന്നും ഒഴിവാക്കിയേ മതിയാവൂ. രഘുനന്ദന്‍ എന്ന ചിത്രം മനസ്സില്‍ നിന്നും മായുന്നതിന് മുന്നേതന്നെ ഈ ചിത്രം തന്റെ ശരീരത്തില്‍ നിന്നും മാഞ്ഞുപോകണം. നേര്‍ത്ത പാടുപോലും അവശേഷിക്കാതെ മാഞ്ഞുപോകണം. അകാരണമായി നിഷ്‌കരുണം ഓര്‍മ്മകളില്‍ നിന്നുപോലും തന്നെ മായ്ച്ചുകളയാന്‍ കഴിഞ്ഞ ഒരുവന്റെ പ്രതീകം.. അതിനി തന്റെ ശരീരത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്ന വാശിയായിരുന്നു ഒരുവര്‍ഷത്തോളം നീണ്ടുനീല്‍ക്കുന്ന പ്രക്രിയയിലൂടെ മാത്രം മായ്ച്ചുകളയാന്‍ കഴിയുമായിരുന്ന റ്റാറ്റൂവിനെ കേവലം ഒന്നരമാസക്കാലത്തിനുള്ളില്‍ ലേസര്‍ റിമൂവിങ്ങ് പ്രോസസ്സിലൂടെ തന്റെ ശരീരത്തില്‍ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കാന്‍ പ്രേരിപ്പിച്ചത്. നഗരത്തിനകത്തും പുറത്തുമുള്ള പത്തോളം റ്റാറ്റൂ സ്റ്റുഡിയൊകളെയാണ് അതിനായി സമീപിക്കേണ്ടിവന്നത്. ഓരോനുണകള്‍ പറഞ്ഞാണ് നാല്‍പ്പത് ദിവസ വ്യത്യാസങ്ങളില്‍ മാത്രം ചെയ്യേണ്ടുന്ന ലേസര്‍ റിവൂവിങ്ങ് പ്രോസസ്സ് നാലുനാളുകളുടെ ഇടവേളകളില്‍ സ്റ്റുഡിയോകള്‍ മാറി മാറി പൂര്‍ത്തീകരിച്ചത്.
സെന്‍സിറ്റീവ് സ്‌കിന്നാണ് ഇടവേളകളുടെ ദൈര്‍ഘ്യം പരമാവധി വര്‍ദ്ധിപ്പിച്ചുമാത്രമേ ഓരോ സ്റ്റേജും പൂര്‍ത്തീകരിക്കാവൂ എന്ന ഉപദേശം ഓരോ സ്റ്റുഡിയോയില്‍ നിന്നും ലഭിച്ചത് കാര്യമാക്കിയതേയില്ല. സമാധാനം നഷ്ടപ്പെടുത്തുന്ന ആ ചിത്രം എത്രയും വേഗം തന്നില്‍നിന്ന് ഒഴിഞ്ഞുപോണം എന്ന ചിന്തമാത്രമായിരുന്നല്ലോ മനസ്സില്‍. സ്റ്റേജുകള്‍ ഓരോന്നായി പിന്നിടുമ്പോള്‍ ചിത്രത്തിന്റെ നിറം മങ്ങുന്നതും, പത്താമത് സ്റ്റേജ് പൂര്‍ത്തീകരിക്കുമ്പോള്‍ നേര്‍ത്തപാടുപോലും ബാക്കിയാക്കാതെ ആ ചിത്രം പൂര്‍ണ്ണമായും തന്നില്‍നിന്നിറങ്ങിപ്പോകുന്ന കാഴ്ചയും സമ്മാനിച്ച സന്തോഷത്തിന്റെ ആയുസ്സ് വളരെക്കുറവായിരുന്നു.
ഇടത് മാറിടത്തിനു മുകളില്‍ പച്ചകുത്തിയിരുന്ന ഭാഗത്ത് തെളിഞ്ഞ നിറവ്യത്യാസം ആദ്യമൊന്നും കാര്യമാക്കിയില്ല. ഒറ്റനോട്ടത്തില്‍പ്പോലും തിരിച്ചറിയാന്‍ തക്കവണ്ണം അത് തെളിഞ്ഞപ്പോഴാണ് സഹപാഠികൂടിയായിരുന്ന സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് മെര്‍ലിനെ കാണാന്‍ തീരുമാനിച്ചത്. സ്‌കാനിംഗ് റിപ്പോര്‍ട്ടിലൂടെ കണ്ണുകളോടിക്കുന്ന മെര്‍ലിന്റെ മുഖത്ത് തെളിഞ്ഞ അമ്പരപ്പിന്റെ ഉത്തരം തെളിഞ്ഞത് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലൂടെയായിരുന്നു. അര്‍ബുദത്തിന്റെ വേരുകള്‍ തന്റെ ഇടതുമാറിലൂടെ ആഴ്ന്നിറങ്ങാന്‍ തുടങ്ങിയത്രേ. സമയക്രമം പാലിക്കാതെയുള്ള റ്റാറ്റൂ റിമൂവിങ്ങ് ലേസര്‍ പ്രോസസ് തള്ളിക്കളയാന്‍ കഴിയാത്ത കാരണമായി ആര്‍.സി.സി-യിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍, ഒരിക്കലും മായ്ക്കാന്‍ കഴിയാത്തവിധം പീലിവിടര്‍ത്തിനില്‍ക്കുന്ന മയിലിന്റെ റ്റാറ്റൂ തന്റെ ശരീരത്തെയാകമാനം പൊതിഞ്ഞ് തെളിഞ്ഞുവരുന്നതായും, പീലിക്കണ്ണുകളില്‍ നിന്നും പുറത്തേക്കിഴയുന്ന ഞണ്ടുകള്‍ തന്റെ ഇടതുമാറുതുളച്ച് ഹൃദയരക്തം ഊറ്റിക്കുടിക്കുന്നതായുമുള്ള ചിത്രങ്ങള്‍ മനസ്സിലും, കണ്ണുകളിലും ഇരുട്ടുനിറച്ചു.
മുറിച്ചുമാറ്റപ്പെട്ട ഇടതുമാറിന്റെ സ്ഥാനത്ത് തെളിഞ്ഞ തുന്നല്‍പ്പാടുകള്‍ രഘുനന്ദന്‍ എന്ന പേര് ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിസ്മൃതിയിലേക്ക് പറത്തിവിടാന്‍ കൊതിച്ച മയില്‍ സ്മൃതിപഥങ്ങളില്‍ പീലിവിരിച്ചാടുന്നു. ജീവിതാന്ത്യം വരെ രഘുനന്ദന്റെ ഓര്‍മ്മകള്‍ തന്നെ പിന്‍തുടരുകതന്നെ ചെയ്യും.
തരിശ്ശായ ഇടതുനെഞ്ചിൻമേല്‍ വിശ്രമിച്ചിരുന്ന ഇടതുകൈത്തണ്ടയില്‍ പതിഞ്ഞ കരസ്പര്‍ശ്ശം നന്ദിതയെ വര്‍ത്തമാനത്തിലേക്ക് തിരിച്ചുനടത്തി. കീമോ കഴിഞ്ഞിരിക്കുമെന്ന കാര്യം തന്നെ ഓര്‍മ്മിപ്പിക്കാനായി സിസ്റ്റര്‍ എത്തിയിരിക്കുന്നു എന്ന മുന്‍ധാരണയോടെ നന്ദിത കണ്ണുകള്‍ മെല്ലെത്തുറന്ന് ഇടത്തേക്ക് നോക്കി. തന്റെ കൈത്തണ്ടമേല്‍ പതിഞ്ഞിരിക്കുന്ന കൈപ്പുറത്ത് ഒട്ടിച്ചുവെച്ചിരിക്കുന്ന നീഡിലില്‍ നിന്നും നോട്ടം മുകളിലേക്ക് തിരിഞ്ഞു. കീമോ തെറാപ്പിക്ക് വിധേയരാകുന്നവര്‍ അണിയുന്ന മേഘനീലിമയാര്‍ന്ന ഗൗണ്‍ ധരിച്ചുനില്‍ക്കുന്നയാളെ നന്ദിതയ്ക്ക് തിരിച്ചറിയാനായില്ല. ഹാളിലെ എല്‍.എ.ഡി വെട്ടം അയാളുടെ തലയില്‍ പ്രതിഭലിക്കുന്നു. നന്ദിത അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. ര..ഘു..ന..ന്ദ..ന്‍, അവളുടെ ചുണ്ടുകള്‍ അക്ഷരങ്ങളെ ഓരോന്നായി ശബ്ദമില്ലാതെ പുറത്തെത്തിച്ചു. അപ്പോള്‍ ആഴത്തില്‍ പ്രണയിച്ച അവള്‍..? ചോദ്യങ്ങളില്ലാതെതന്നെ ഒരുപാടുത്തരങ്ങള്‍ നന്ദിതയുടെ മനസ്സില്‍ തെളിഞ്ഞുവന്നു.
ഒന്നും ചോദിക്കാനോ പറയാനോ കഴിയാത്ത അവസ്ഥയില്‍ രണ്ടുമനുഷ്യര്‍. തുളുമ്പി നില്‍ക്കുന്ന നാലുമിഴികള്‍. കണ്ണുകള്‍ മുറുകെ അടച്ചുതുറന്ന് കാഴ്ചയ്ക്ക് വ്യക്തതവരുത്തിക്കൊണ്ട് നന്ദിത ചോദിച്ചു.
‘പീലിവിരിച്ചുനില്‍ക്കുന്ന മയിലിന്റെ ചിത്രം ഞാന്‍ പച്ചകുത്തിക്കോട്ടെ..?’
95670 97833.