പിൻഗാമി
നടുത്തളത്തില്‍ കത്തിച്ചുവച്ച നിലവിളക്കിന്റെയും, ചന്ദനത്തിരികളുടെയും മുന്നില്‍ ഞാന്‍ വെള്ള പുതച്ചു നിത്യനിദ്രയില്‍ നിശ്ചലം കിടക്കുന്നു.
വീടും പരിസരവും പരിചയമുള്ളവരേയും അപരിചിതരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് ജനനിബിഡമായിരുന്നു. എന്നെ അവസാനമായി കാണുവാന്‍ പിന്നെയും പിന്നെയും ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു.
അവരെയൊക്കെ നോക്കി കയ്യുയര്‍ത്തി അഭിവാദ്യം ചെയ്യാനും ചിരിക്കാനും ശ്രമിച്ചെങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല. അപ്പോഴാണ് ഞാന്‍ ജഡമാണല്ലോ എന്ന തിരിച്ചറിവ് എനിക്കുണ്ടായത്. എങ്കിലും ഞാന്‍ അകതാരില്‍ അവരെയൊക്കെ അഭിവാദ്യം ചെയ്തു.
എന്റെ ജഡത്തിനരുകില്‍ ഇരുന്ന ഭാര്യയുടേയും മകളുടേയും മനസ്സില്‍ ദുരിതക്കയത്തില്‍ നിന്നും കരകയറിയ ആശ്വാസമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും പ്രത്യക്ഷത്തില്‍ ദുഃഖത്തിന്റെ പരിവേഷമായിരുന്നു പ്രതിഫലിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചു കിടപ്പിലായപ്പോള്‍ മുതല്‍ അവര്‍ക്ക് കഷ്ടപ്പാടുകള്‍ ആയിരുന്നല്ലോ. അതില്‍ നിന്നും എന്നന്നേക്കുമായുള്ള മോചനം കൊടുക്കാന്‍ കഴിഞ്ഞതില്‍ എനിക്കും ആത്മസംതൃപ്തി തോന്നി.
എനിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്നവരെയെല്ലാം ഞാന്‍ ശ്രദ്ധിച്ചു. പലര്‍ക്കും പല ഭാവങ്ങള്‍ ആയിരുന്നു. എന്റെ തണലില്‍ കഴിഞ്ഞവര്‍ക്ക് ഒരു രക്ഷകന്‍ നഷ്ടപ്പെട്ട ദുഃഖമായിരുന്നു. അവരുടെ മിഴികളില്‍ നിന്നും അശ്രുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു. ഉള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നിയന്ത്രണം വിട്ട് ഇടയ്ക്കിടെ പുറത്തേക്ക് അണപൊട്ടിയൊഴുകുന്നതും ഞാന്‍ കണ്ടു.
എന്റെ ജഡത്തിനരുകില്‍ ഇരുന്ന ഭാര്യയുടേയും മകളുടേയും മനസ്സില്‍ ദുരിതക്കയത്തില്‍ നിന്നും കരകയറിയ ആശ്വാസമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും പ്രത്യക്ഷത്തില്‍ ദുഃഖത്തിന്റെ പരിവേഷമായിരുന്നു പ്രതിഫലിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചു കിടപ്പിലായപ്പോള്‍ മുതല്‍ അവര്‍ക്ക് കഷ്ടപ്പാടുകള്‍ ആയിരുന്നല്ലോ. അതില്‍ നിന്നും എന്നന്നേക്കുമായുള്ള മോചനം കൊടുക്കാന്‍ കഴിഞ്ഞതില്‍ എനിക്കും ആത്മസംതൃപ്തി തോന്നി.
നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാതെ പാതിവഴിക്ക് ഉപേക്ഷിച്ചാണ് ഞാന്‍ ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നത്. ഇതൊക്കെ ആര് പൂര്‍ത്തീകരിക്കും എന്ന ചിന്ത എന്ന അലട്ടി. ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ ഒരു പിന്‍ഗാമിയെ തിരഞ്ഞു.
ഉമ്മറത്ത് മേശപ്പുറത്തു അടുക്കി വച്ചിരിക്കുന്ന ഫയലുകളിലേക്ക് ആരും ഒന്ന് തിരിഞ്ഞു നോക്കുന്നുപോലുമില്ല.
ആരെങ്കിലും വരും… വരാതിരിക്കില്ല… ഞാന്‍ പ്രതീക്ഷയോടെ കാത്തുകിടന്നു. അപ്പോളാണ് തിരക്കിനിടയിലൂടെ ആളുകളെ വകഞ്ഞുമാറ്റി ഒരാള്‍ എന്റെ ശവമഞ്ചത്തിന്റെ സമീപത്തേക്ക് വന്നത്. അയാള്‍ എന്നെ നോക്കി കൈകള്‍ കൂപ്പി നിന്നു.
അയാളുടെ കണ്ണുകളില്‍ നിന്ന് പൊടിഞ്ഞ അശ്രുകണങ്ങള്‍ എന്റെ ദേഹത്ത് വീണ് ചിന്നിച്ചിതറി. എത്ര ആലോചിച്ചിട്ടും എനിക്ക് ആ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അയാള്‍ എനിക്ക് തീര്‍ത്തും അപരിചിതന്‍ ആയിരുന്നു. അയാളുടെ മുഖത്ത് ഒരു നഷ്ടബോധം തളംകെട്ടി കിടക്കുന്നു. എന്റെ പാദങ്ങള്‍ തൊട്ട് വന്ദിച്ച് അയാള്‍ ഉമ്മറത്തിരുന്നിരുന്ന മേശക്കരികിലേക്ക് നടന്നു. മേശപ്പുറത്തു നിന്നും ഫയലുകള്‍ എല്ലാം എടുത്തു മാറോടു ചേര്‍ത്തുപിടിച്ചു.
എനിക്ക് ഒരു പിന്‍ഗാമി വന്നിരിക്കുന്നു. സന്തോഷം കൊണ്ട് എനിക്ക് വീര്‍പ്പുമുട്ടി. ആ ഫയലുകളും കൊണ്ട് അയാള്‍ എന്റെ അന്ത്യയാത്രയില്‍ പങ്കുചേര്‍ന്നു.
അഗ്നിജ്വാലകളിള്‍ ഞാന്‍ വലയം പ്രാപിക്കുമ്പോള്‍ അയാള്‍ നിശ്ചയദാര്‍ഢ്യത്തോടെ ആ ഫയലുകളുമായി നടന്നു നീങ്ങുകയായിരുന്നു.
എന്റെ ഭ്രമണപഥത്തില്‍ മറ്റൊരു സൂര്യനായി അയാള്‍ മാറട്ടെ എന്ന് അനുഗ്രഹിച്ചു കൊണ്ട് ഞാന്‍ അഗ്നിനാളങ്ങളില്‍ എരിഞ്ഞടങ്ങി.